View in English | Login »

Malayalam Movies and Songs

എസ് ജാനകി

ജനനം1938 ഏപ്രില്‍ 23
പ്രവര്‍ത്തനമേഖലആലാപനം (778 സിനിമകളിലെ 1298 പാട്ടുകള്‍)
ആദ്യ ചിത്രംമിന്നുന്നതെല്ലാം പൊന്നല്ല (1957)


1938 ഏപ്രിൽ 23നു ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിലുള്ള പാലപട്ട്ലയിൽ ഒരു തെലുഗു ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു. മൂന്നു വയസ്സു തൊട്ടേ പാടുവാൻ തുടങ്ങി. രാജമന്ദ്രിയിലുള്ള നാദസ്വര വിദ്വാൻ ശ്രീ പൈദിസ്വാമിയായിരുന്നു സംഗീതഗുരു. പത്തു വയസ്സു വരെ അദ്ദേഹത്തിന്റെ കീഴിൽ സംഗീതമഭ്യസിച്ചു. പിന്നീട് ജാനകിയമ്മയുടെ ഭർത്താവായ വി രാമപ്രസാദിന്റെ പിതാവ് ഡോ. വി. ചന്ദ്രശേഖരന്റെ അഭിപ്രായപ്രകാരം ചെന്നൈയിലേക്ക് താമസം മാറ്റി. ജാനകിയമ്മയുടെ പാടാനുള്ള കഴിവിനെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചിട്ടുള്ളത് ഡോ ചന്ദ്രശേഖരനാണ്. ആൾ ഇന്ത്യ റേഡിയോ സംഘടിപ്പിച്ച സംഗീതമത്സാരത്തിൽ പങ്കെടുത്ത് അന്നത്തെ പ്രസിഡന്റ് ഡോ രാജേന്ദ്രപ്രസാദിന്റെ പക്കൽ നിന്ന് രണ്ടാം സമ്മാനം കരസ്ഥമാക്കി. ഡോ. ചന്ദ്രശേഖരന്റെ അഭിപ്രായപ്രകാരം ഏ വി എം സ്റ്റുഡിയോയിൽ സ്റ്റാഫ് ഗായിക തസ്തികയിലേക്ക് അപേക്ഷിച്ചു. ആ സമയം ഗായിക പി. സുശീലയുമായുള്ള ഏ വി എമ്മിന്റെ കോൺ‌ട്രാക്റ്റ് അവസാനിച്ചിരിക്കുകയായിരുന്നു. ഒരു പുതിയ ഗായികയെ പകരം കണ്ടെത്തുവാനുള്ള ശ്രമത്തിലായിരുന്നു ഏ വി എം സ്റ്റൂഡിയോക്കാർ. അവിടെ വെച്ചു നടന്ന ഓഡിഷൻ ടെസ്റ്റിൽ ജാനകിയമ്മ ലതാ മങ്കേഷ്കർ ആലപിച്ച “രസിക് ബല്‍മാ” എന്ന ഗാനം സംഗീതസംവിധായകരായ ആർ. സുദർശനം, ഗോവിന്ദം എന്നിവരുടെ മുന്നിൽ പാടി അവതരിപ്പിച്ചു. ജാനകിയമ്മയുടെ സ്വരമാധുരിയിൽ ആകൃഷ്ടരായി അവർ ജാനകിയമ്മയെ ഏ വി എമ്മിലെ സ്റ്റാഫ് ഗായികയായി നിയമിച്ചു. 1957 ഏപ്രിൽ 4ന് ഏ വി എം പ്രൊഡകഷന്റെ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ്പടത്തിൽ ടി. ചലപതി റാവുവിന്റെ സംഗീതസംവിധാനത്തിൽ ഒരു ഗാനം പാടിക്കൊണ്ട് സിനിമാസംഗീതരംഗത്ത് ആദ്യചുവടുവെച്ചു. പക്ഷെ പടം പുറത്തുവന്നില്ല. തൊട്ടടുത്ത ദിവസം 'എം. എൽ എ' എന്ന തെലുഗുപടത്തിൽ അരുദ്ര രചിച്ചു പണ്ട്യാല നാഗേശ്വരറാവുവിന്റെ സംഗീതസംവിധാനത്തിൽ ‘നീ ആശ ആദിയാശ” എന്ന ഗാനം ആലപിച്ചു കൊണ്ട് സ്വന്തം മാതൃഭാഷയിലും തുടക്കം കുറിച്ചു. ആത് ഘണ്ഡശാല വെങ്കടേശ്വരറാവുവിനോടൊപ്പം ആലപിച്ച ഒരു ദുഃഖഗാനം ആയിരുന്നു. ഈ ഗാനം ഇന്നും തെലുഗു സിനിമാഗാനങ്ങളിൽ ക്ലാസ്സിക് ഗാനങ്ങളിൽ ഉൾപ്പെടുന്നു‌. അദ്യകാലത്ത് ദുഃഖഗാനങ്ങളാണ് കൂടുതലും ലഭിച്ചിരുന്നത്. തികച്ചും വ്യത്യസ്തമായ ഗാനം ലഭിക്കുന്നത് 1958ൽ ആണ്. അത് ‘കൊഞ്ചും ശലങ്കൈ’ എന്ന പടത്തിലെ ‘ശിങ്കാരവേലനേ ദേവാ' എന്ന ഗാനമായിരുന്നു. പ്രസിദ്ധ നാദസ്വര വിദ്വാൻ കരൈക്കുറിച്ചി അരുണാചത്തിന്റെ നാദസ്വരത്തോടൊപ്പം മത്സരിച്ചു പാടിയ ഗാനമായിരുന്നു അത്. ആ ഗാനത്തിന്റെ സംഗീതസംവിധായകൻ എസ് എം സുബ്ബയ്യ നായിഡു ഒരു പാട് ഗായികമാരെ പരീക്ഷിച്ചതിനു ശേഷമാണ് ജാനകിയമ്മയെ തെരഞ്ഞെടുത്തത്. ആ ഗാനം ജാനകിയമ്മയെ അഖിലേന്ത്യതലത്തിൽ പ്രസിദ്ധയാക്കി. തുടർന്ന് ഈ ഗാനത്തിന്റെ തെലുഗു പതിപ്പും പാടി. മലയാളത്തിൽ ‘അനുരാഗനർത്തനത്തിൻ അരങ്ങേറ്റം” എന്ന ഗാനം നാമഗിരിപ്പേട്ടൈ കൃഷ്ണന്റെ നാദസ്വരക്കച്ചേരിക്കൊപ്പം ജാനകിയമ്മ മത്സരിച്ചു പാടിയതാണ്. ബിസ്മില്ല ഖാൻ (ഷെഹ്‌നായ് - കന്നടസിനിമ ), എം എസ് ഗോപാലകൃഷ്ണൻ (വയലിൻ - കന്നടസിനിമ), ഹരിപ്രസാദ് ചൌരസ്യ (പുല്ലാംകുഴൽ - മലയാളം, തെലുഗു സിനിമകൾ) തുടങ്ങിയ പ്രഗൽഭരോടൊത്ത് അവരുടെ വാദോപകരണങ്ങൾക്കൊപ്പം മൽസരിച്ചു പാടിയിട്ടുണ്ട്. "ശിങ്കാരവേലനേ ദേവാ" എന്ന പ്രസിദ്ധഗാനത്തിനു ശേഷം രണ്ട് കൊല്ലം കഴിഞ്ഞ് 1961ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന മലയാളപടത്തിൽ "ഇരുൾ മൂടുകയോ എൻ വാഴ്വിൽ" എന്ന ദുഃഖഗാനം ആലപിച്ചുകൊണ്ട് മലയാള സിനിമാഗാനരംഗത്തേക്ക് തുടക്കം കുറിച്ചു. ഈ ഗാനം ഏ വി എം സ്റ്റുഡിയോവിൽ വെച്ചാണ് റെക്കാർഡ് ചെയ്തത്. മലയാളം ഉച്ചരിക്കാൻ അക്കാലത്ത് വളരെ ബുദ്ധിമുട്ടിയിരുന്നു. ഗാനരചയിതാക്കളുടെയും സംഗീതസംവിധായകരുടെയും സഹായത്താൽ അതെല്ലാം വിജയകരമായി മറികടന്നു. ജാനകിയമ്മയുടെ ആരാധികയായ ലീല ചാക്കോ ഏതു സമയത്തും ജാനകിയമ്മയെ ഫോണിൽ വിളിച്ചു മലയാളത്തിൽ സംസാരിക്കാറുണ്ടായിരുന്നു. ആ ടെലഫോൺ സംസാരം ജാനകിയമ്മയ്ക്ക് നല്ലൊരു പരിശീലനമായിരുന്നു. ജാനകിയമ്മയുടെ മലയാള ഉച്ചാരണം നല്ലവണ്ണം മെച്ചപ്പെടാൻ സഹായിച്ചു. പിൽക്കാലത്ത് ലീല ചാക്കോ ജാനകിയമ്മയുടെ നല്ല സുഹൃത്തായി മാറി.


കഥാപാത്രത്തിനനുസരിച്ചു സ്വന്തം ശബ്ദം ക്രമീകരിക്കാൻ ജാനകിയമ്മയ്ക്ക് കഴിവുണ്ടായിരുന്നു. ഒരു കുഞ്ഞിന്റെ ശബ്ദം മുതൽ ഒരു വൃദ്ധയുടെ ശബ്ദം വരെ പാടാൻ കഴിയും. എന്തിനേറെ ഒരു കുടിയന്റെ ശബ്ദം വരെ അനുകരിച്ചു പാടിയിട്ടുണ്ട്. മാത്രമല്ല പാടുന്നതിനിടയ്ക്കു പാട്ടിൽ സ്പെഷ്യൽ ഇഫ്ഫെട് വരുത്താൻ ജാനകിയമ്മയോളം മിടുക്ക് വേറെ ഗായികമാർക്കുണ്ടോ എന്ന കാര്യം സംശയമാണ്. "നാഥാ നീ വരും കാലൊച്ചകേൾക്കുവാൻ" എന്ന ഗാനം നല്ലൊരുദാഹരണമാണ്. താൻ നല്ലൊരു ഗായിക മാത്രമല്ല നല്ലൊരു ഗാനരചയിതാവും സംഗീതസംവിധായികയും കൂടിയാണെന്ന് ജാനകിയമ്മ തെളിയിച്ചിട്ടുണ്ട്. 1988ൽ പുറത്തിറങ്ങിയ രാമോജിറാവുവിന്റെ ‘മൌനപ്പോരാട്ടം’ എന്ന തെലുഗു പടത്തിലായിരുന്നു സംഗീതസംവിധായികയായി ജാനകിയമ്മയുടെ അരങ്ങേറ്റം. തെലുഗു സിനിമയിലെ മൂന്നാമത്തെ വനിത മ്യൂസിക് ഡയറക്ടർ ആയിരുന്നു ജാനകിയമ്മ. ആദ്യത്തെ രണ്ട് വനിതകൾ ഭാനുമതിയും പി ലീലയുമായിരുന്നു. ഏതാനും തമിഴ്, തെലുഗു സിനിമകൾക്കു വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.


2007ൽ ജാനകിയമ്മ കാരിയറിൽ 50 കൊല്ലം തികച്ചു. തന്റെ ശബ്ദം ദൈവദത്തമാണെന്നാണ് ജാനകിയമ്മ പറയുന്നത്. ശബ്ദം മെച്ചപ്പെടുത്താൻ ഒന്നും ചെയ്യാറില്ല. ഐസ് ക്രീം, കൂൾഡ്രിംഗ്സ് ഇവ ഒഴിവാക്കും അത്രമാതം. റിക്കാർഡിംഗ് ആകട്ടെ സ്റ്റേജ് പ്രോഗ്രാം ആകട്ടെ പോയി പാടുന്നു ബാക്കിയെല്ലാം ദൈവത്തിനു വിട്ടുകൊടുക്കുന്നു. ഏതാണ്ട് പതിനഞ്ചായിരത്തോളം ഗാനങ്ങൾ വിവിധ ഭാഷകളിയായി പാടിയിട്ടുണ്ട്. കടുത്ത ആസ്ത്മ രോഗം 50 കൊല്ലത്തോളം അലട്ടിക്കൊണ്ടിരുന്നപ്പോളാണ് ഈ നേട്ടം കൈവരിച്ചത്. അതു ചെറിയ കാര്യമല്ല.


അവാർഡുകൾ:


1956 - ആൾ ഇന്ത്യ റേഡിയോ സംഘടിപ്പിച്ച അഖിലേന്ത്യാസംഗീതമത്സരത്തിൽ രണ്ടാം സമ്മാനം. അന്നത്തെ ഇന്ത്യൻ പ്രസിഡന്റെ ഡോ. രാജേന്ദ്രപ്രസാദ് സമ്മാനിച്ചു.
1986 - തമിഴ്നാടു സർക്കാരിന്റെ കലൈമാമണി അവാർഡ്
1987 - സുർ സിംഗർ അവാർഡ്
2002 - കേരളസർക്കാരിന്റെ സിനിമ അച്ചീവർ അവാർഡ്
2005 - സിനിമാസംഗീതത്തിലെ സമഗ്രസംഭാവനയ്ക്കു സ്വരലയ യേശുദാസ് അവാർഡ്


നല്ല ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നാലു തവണ നേടി.
"സെന്ദൂരപ്പൂവേ" (പതിനാറു വയതിനിലെ - തമിഴ് -1976),
"ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്" (ഓപ്പോൾ - മലയാളം - 1981),
"വെണ്ണെല്ലൊ ഗോദരി അന്ധം" (സിത്താര - തെലുഗു - 1984),
ഇഞ്ചി ഇടിപ്പഴഗാ (തേവർമകൻ - തമിഴ് - 1992)
എന്നിവയാണവ. നല്ല ഗായികയ്ക്കുള്ള കേരളസർക്കാരിന്റെ പുരസ്കാരം 14 തവണ, തമിഴ്നാടുസർക്കാരിന്റെ പുരസ്കാരം ഏഴുതവണ, ആന്ധ്രസർക്കാരിന്റെ പുരസ്കാരം പത്തു തവണ നേടി. ഇത് ഒരു സർവ്വകാലറിക്കാർഡാണ്.


ശ്രീ വി രാമപ്രസാദ് ആണ് ഭർത്താവ്. ഏതാനും കൊല്ലങ്ങൾക്ക് മുൻപ് അന്തരിച്ചു. ഭാർത്താവിന്റെ മരണശേഷം ജാനകിയമ്മ സിനിമാ പിന്നണിഗാനരംഗത്തു നിന്നു പിന്മാറി. തികഞ്ഞ കൃഷ്ണഭക്തയായ ജാനകിയമ്മ ഇപ്പോൾ ഭക്തിഗാനങ്ങളിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഏകമകൻ വി മുരളീകൃഷ്ണ, മരുമകൾ ഉമ, പേരക്കുട്ടികൾ അമൃതവർഷിണി, അപ്സര എന്നിവരോടൊപ്പം ചെന്നൈയിൽ താമസിക്കുന്നു.


സോഴ്സ്:
വിക്കീപീഡിയ
ബ്ലോഗ്സ്
വിവിധ വെബ്ബ്സൈറ്റുകൾ



തയ്യാറാക്കിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
ലഭ്യമല്ല3 -
19571 -
19593 -
19601 -
19613 -
19628 -
196313 -
196420 -
196543 -
196649 -
196758 -
196840 -
196935 -
197048 -
197149 -
197249 -
197340 -
197434 -
197528 -
197637 -
197738 -
197864 -
197965 -
198056 -
198180 -
198297 -
1983107 -
198480 -
198540 -
198625 -
19878 -
19884 -
19897 -
19904 -
19926 -
199310 -
19945 -
19959 -
19967 -
19973 -
19983 -
19991 -
20001 -
20018 -
20022 -
20051 -
20082 -
20152 -
20161 -