View in English | Login »

Malayalam Movies and Songs

പി ലീല

ജനനം1934 മെയ് 19
മരണം2005 ഒക്റ്റോബര്‍ 31
പ്രവര്‍ത്തനമേഖലആലാപനം (261 സിനിമകളിലെ 632 പാട്ടുകള്‍), അഭിനയം (1)
ആദ്യ ചിത്രംനിര്‍മ്മല (1948)


മലയാളിയുടെ ഗാനസംസ്കാരത്തിന്റെ വക്താവാണ് പി ലീല. പതിമൂന്നാം വയസ്സു മുതല്‍ പാടിത്തുടങ്ങിയ മലയാളത്തിന്റെ പൂങ്കുയിലാണ് പി ലീല. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി പലചിത്രങ്ങളില്‍ അയ്യായിരത്തിലധികം ഗാനങ്ങള്‍. ഒരു സിംഹള ചിത്രത്തിനും ഒരു ബംഗാളി ചിത്രത്തിനും കൂടിപ്പാടി ലീല തന്റെ ആലാപനമധുരിമ കടലിനപ്പുറവുമെത്തിച്ചു. സുമധുര ഗാനാലാപവും ശാസ്ത്രീയസംഗീതത്തിന്റെ ഉറച്ച അടിത്തറയും - അതായിരുന്നു ലീലയുടെ ആലാപന സവിശേഷതകള്‍. പി ലീല, 1934 ല്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ വി കെ കുഞ്ഞന്‍ മേനോന്റെയും മീനാക്ഷി അമ്മയുടേയും മകളായി ജനിച്ചു. ശാരദയും ഭാനുമതിയുമാണ് ലീലയുടെ മൂത്ത സഹോദരിമാര്‍. താന്‍ ഒരു ഗായികയാവാനുള്ള ഒരേ ഒരു കാരണം തന്റെ അച്ഛന്‍ സംഗീതത്തോടുള്ള അഭിനിവേശമായിരുന്നു എന്ന് ലീല പറയുന്നു. മൂന്നുമക്കളെയും ആ അച്ഛന്‍ ശാസ്ത്രീയസംഗീതമഭ്യസിപ്പിച്ചു. എറണാകുളത്തായിരുന്നു ലീലയുടെ അച്ഛന്‍ ജോലി. പ്രശസ്ത സംഗീതജ്ഞന്‍ റ്റി വി ഗോപാലകൃഷ്ണന്റെ അമ്മാവനായിരുന്ന ത്രിഭുവനമണിഭാഗവതരായിരുന്നു ആദ്യത്തെ ഗുരു. ചെമ്പൈ വൈദ്യനാഥ ഭാഗവതരും, ദക്ഷിണാമൂര്‍ത്തിസ്വാമിയുമുള്‍പ്പെടെ നിരവധി പ്രമുഖ സംഗീതജ്ഞരുടെ ശിഷ്യയായിരുന്നു ലീല.

വടക്കാഞ്ചേരി രാമഭാഗവതര്‍ ലീലയുടെ അച്ഛന്റെ സുഹൃത്തായിരുന്നു. മദിരാശിയില്‍ നിന്ന് വരുമ്പോഴൊക്കെ എറണാകുളത്തെത്തി സുഹൃത്തിനെ കാണുവാനും സംഗീതത്തില്‍ തല്പരയായ മകളെ മദിരാശിയില്‍ കൊണ്ടുചെന്ന് പഠിപ്പിക്കുവാനും അദ്ദേഹം കുഞ്ഞന്മേനോനെ നിര്‍ബന്ധിക്കുമായിരുന്നു. അങ്ങനെ ഭാഗവതരുടെ നിര്‍ബന്ധമാണ്‍ 1944 ല്‍ കുഞ്ഞന്മേനോന്‍ ജോലി രാജിവച്ച് തന്റെ പത്തുവയസ്സുകാരി മകളെയും കൊണ്ട് മദിരാശിയിലെത്താന്‍ കാരണമായത്. ലീല അവിടെ മൈലാപ്പൂരിലെ ഭാഗവതരുടെ വസതിയില്‍ ഗുരുകുലസമ്പ്രദായത്തില്‍ സംഗീതമഭ്യസിക്കാനാരംഭിച്ചു. മദിരാശിയിലെ താമസം ലീലയ്ക്ക് കര്‍ണ്ണാടക സംഗീതത്തിലെ നിരവധി കുലപതികളുടെ കച്ചേരികള്‍ തുടര്‍ച്ചയായി കേള്‍ക്കുവാന്‍ അവസരം നല്‍കി. അരിയക്കുടി രാമാനുജം, എസ് രാമനാഥന്‍, ജി എന്‍ ബാലസുബ്രഹ്മണ്യം, ചെമ്പൈ തുടങ്ങിയവരുടെ കച്ചേരികള്‍ ലീലയില്‍ കേള്‍വിജ്ഞാനം വളര്‍ത്തി. ധാരാളം മത്സരങ്ങളില്‍ നിന്ന് സമ്മാനങ്ങളും ലീലയ്ക്ക് ലഭിച്ചു തുടങ്ങി. 1946 ല്‍ ആന്ധ്ര മഹിളാ സഭയിലാണ്‍ ആദ്യത്തെ കച്ചേരി അവതരിപ്പിക്കുന്നത്.

സിനിമയിലേക്ക്

കൊളംബിയ റെക്കോഡിങ് കമ്പനി ഒരു പുതിയ സ്ത്രീശബ്ദം അന്വേഷിച്ചു നടക്കുന്ന സമയം അതിന്റെ മാനേജര്‍ ആയ ഗണപതിരാമ അയ്യരാണ്‍ ലീലയുടെ പേര് പറയുന്നത്. നടീനടന്മാര്‍ തന്നെ ഗാനങ്ങള്‍ ആലപിച്ചിരുന്ന ഒരു കാലമായിരുന്നു അത്. തമിഴില്‍ നന്ദകുമാര്‍ എന്ന സിനിമയാണ് പിന്നണി പാടല്‍ എന്ന സങ്കേതവുമായി ആദ്യം പുറത്തുവന്നത്. 1938 എ വി മയ്യപ്പ ചെട്ടിയാര്‍ (എ വി എം) ആണ് തമിഴില്‍ നിരവധി ഗായകര്‍ക്ക് അവസരമൊരുക്കിയ പിന്നണി പാടലിന്‍ കളമൊരുക്കിയത്.

1948 ല്‍ ലീല ആദ്യമായി പിന്നണി പാടി. കങ്കണം എന്ന സിനിമയിലെ ശ്രീ വരലക്ഷ്മി എന്ന ഗാനമായിരുന്നു അത്. 48 ല്‍ തന്നെ നിര്‍മ്മലയിലെ പാടുക പൂങ്കുയിലേ എന്ന ഗാനം പാടി ലീല മലയാളത്തിനും പൂങ്കുയിലായി. ജി ശങ്കരക്കുറുപ്പിന്റെ വരികള്‍ക്ക് പി എസ് ദിവാകര്‍ സംഗീതം നല്‍കിയ നിര്‍മ്മലയിലെ ഗാനങ്ങളോടെ മലയാളസിനിമയില്‍ ഗാനങ്ങള്‍ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു.

1949 ല്‍ മൂന്നു സിനിമകളില്‍ ഒരുമിച്ചു പാടിക്കൊണ്ട് ലീല തെലുങ്കിലും പ്രശസ്തയായി. മനദേശം, കീലു ഗുറ് റം ,ഗുണസുന്ദരികഥ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഗായകനും സംഗീതസംവിധായകനുമായ ഘണ്ഡശാല ആയിരുന്നു ലീലയെ മനദേശത്തില്‍ പാടിച്ചത്. ലീല ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളതും ഘണ്ഡശാലയോടൊപ്പം തന്നെ.

തെലുങ്ക് പിന്നണിഗാനരംഗത്ത് അന്‍പതുകളിലെ റാണിയായിരുന്നു പി ലീല. 57 ല്‍ ഇറങ്ങിയ മായാ ബസാറിലെ കല്യാണ ശമയല്‍ എന്ന ഗാനമുള്‍പ്പടെ അനവധി വമ്പന്‍ ഹിറ്റുകളുള്‍പ്പടെ ലീലയുടെ ശബ്ദം അനശ്വരമാക്കിയ ഒട്ടേറെ ഗാനങ്ങള്‍ പിറന്നു. 1968 ല്‍ ഇറങ്ങിയ ചിന്നരി പാപ്പുലു എന്ന തെലുങ്കു ചിത്രത്തിന്‍ സംഗീതസംവിധായികയായും അവര്‍ പ്രവര്‍ത്തിച്ചു.

ലീല കൃഷ്ണഭക്തര്‍ക്ക് തങ്ങളുടെ ഭക്തിയുടെ സാക്ഷാത്കാരമാണ്. നാരായണീയവും ജ്ഞാനപ്പാനയും ഹരിനാമകീര്‍ത്തനവും കേട്ടുണരുന്നത് ഗുരുവായൂരപ്പനോടൊപ്പം ഭക്തരും ശീലമാക്കിയിരിക്കുന്നു.

അന്‍പതു വര്‍ഷമാണ് ലീല മലയാളസിനിമാ പിന്നണിയില്‍ നിറഞ്ഞു നിന്നത്. നിര്‍മ്മലയില്‍ പാടിത്തുടങ്ങിയ ആ പൂങ്കുയില്‍ 1998 ലെ തിരകള്‍ക്കപ്പുറം എന്ന സിനിമയില്‍ ജോണ്‍സന്റെ സംവിധാനത്തില്‍ യേശുദാസിനോടൊപ്പമുള്ള യുഗ്മഗാനത്തോടെ മലയാളത്തില്‍ നിന്നും വിടപറഞ്ഞു. 89 നു ശേഷം ലീല വിരലിലെണ്ണാവുന്ന ഗാനങ്ങളേ മലയാളത്തില്‍ ആലപിച്ചിട്ടുള്ളൂ.

ഓടയില്‍ നിന്ന് - അമ്പലക്കുളങ്ങരെ, തച്ചോളി ഒതേനന്‍ - കന്നിനിലാവത്ത്, ഡോക്ടര്‍ - വിരലൊന്നു മുട്ടിയാല്‍ , ചിലമ്പൊലി - പ്രിയമാനസാ, മണവാട്ടി- അഷ്ടമുടിക്കായലിലെ, ചെമ്മീനിലെ പാട്ടുകള്‍, രമണന്‍ - കാനനച്ഛായയില്‍ , യക്ഷി - സ്വര്‍ണ്ണചാമരം, ഡേഞ്ചര്‍ ബിസ്കറ്റ് - തമസാ നദിയുടെ , കടല്പാലം - ഉജ്ജയിനിയിലെ ഗായിക, ചുക്ക്- സംക്രമവിഷുപ്പക്ഷി, ഗുരുവായൂര്‍ കേശവന്‍ - സുന്ദരസ്വപ്നമേ എന്നിവ ലീലയുടെ ആലാപന സിദ്ധി വെളിച്ചപ്പെടുത്തുന്ന ഗാനങ്ങളില്‍ ചിലത് മാത്രം.

1994 ല്‍ തമിഴ് നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം ലഭിച്ചു. ഇതുകൂടാതെ നിരവധി പുരസ്കാരങ്ങള്‍ തമിഴ് നാട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഉജ്ജയിനിയിലെ ഗായിക എന്ന ഗാനത്തിന്‍ 1969 ലെ കേരള സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. ജ്ഞാനപ്പാന, ഹരിനാമകീര്‍ത്തനം, നാരായണീയം എന്നിവയുടെ ആലാപനത്തെ പ്രകീര്‍ത്തിച്ച് 2003 ല്‍ ജന്മാഷ്ടമി പുരസ്കാരവും ലഭിച്ചു. വിവാഹിതയായെങ്കിലും വിവാഹജീവിതം പരാജയമായിരുന്നു. അവസാനകാലത്ത് ലീല സഹോദരിയുടെ മക്കളോടൊപ്പം മദിരാശിയിലായിരുന്നു. ഗായിക ശാന്താ പി നായരുമായി ഗാഢ സൗഹൃദം പുലര്‍ത്തിയിരുന്നു.

2005 ഒക്ടോബര്‍ 31 ന്‍ ആ പൂങ്കുയില്‍ സംഗീതലോകത്തെയും ഈ ലോകത്തെത്തന്നെയും വിട്ടുപോയി.

2006 ല്‍ പത്മഭൂഷണ്‍ ബഹുമതി മരണാനന്തരം നല്‍കി രാജ്യവും ആ മഹല്‍ക്കലാകാരിയുടെ ഓര്‍മ്മയെ ആദരിച്ചു.

കടപ്പാട് : വിക്കിപ്പീഡിയ



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംഅഭിനയം
19485 - -
195010 - -
19519 - -
195224 - -
195325 - -
195413 - -
195518 - -
195612 - -
195711 - -
19588 - -
19597 - -
196010 - -
196158 - -
196254 - -
196339 - -
196455 - -
196547 - 1
196628 - -
196731 - -
196829 - -
196920 - -
197028 - -
197119 - -
197213 - -
197323 - -
19746 - -
19755 - -
19768 - -
19779 - -
19781 - -
19791 - -
19801 - -
19883 - -
19911 - -
19981 - -