View in English | Login »

Malayalam Movies and Songs

കമുകറ

യഥാര്‍ത്ഥ പേര്കമുകറ പുരുഷോത്തമൻ
ജനനം1930 ഡിസംബര്‍ 04
മരണം1995 മെയ് 26
സ്വദേശംതിരുവട്ടാര്‍ (കന്യാകുമാരി)
പ്രവര്‍ത്തനമേഖലആലാപനം (68 സിനിമകളിലെ 177 പാട്ടുകള്‍)
ആദ്യ ചിത്രംപൊന്‍കതിര്‍ (1953)


മലയാളസിനിമയിലെ പിന്നണിഗായകരുടെ ഇടയിലെ ഉന്നതശീര്‍ഷനായ ശ്രീ കമുകറ പുരുഷോത്തമന്‍ 1930 ഡിസംബര്‍ 4 -നു കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലാണ് ജനിച്ചത്‌.

ശാസ്ത്രീയ സംഗീതത്തിലും നാടന്‍ സംഗീതത്തിലും നല്ല പ്രാവീണ്യമുണ്ടായിരുന്നു മാതാപിതാക്കള്‍ക്ക്. വളരെ ചെറിയ പ്രായം മുതല്‍ പുരുഷോത്തമനും സഹജ ശ്രീമതി ലീല ഓം ചേരിയും ശാസ്ത്രീയ സംഗീതത്തില്‍ പരിശീലനം നേടി. വെറും പതിമൂന്നാം വയസ്സില്‍ ആദ്യമായി തിരുവട്ടാറിലെ ആദികേശവ ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി. പതിനഞ്ചാം വയസ്സില്‍ അന്നത്തെ തിരുവിതാംകൂര്‍ പ്രക്ഷേപണ നിലയത്തില്‍ കര്‍ണാടക സംഗീതം പാടിക്കൊണ്ട് തന്റെ ഗായക ജീവിതത്തിനു തുടക്കം കുറിച്ചു. കര്‍ണാടക സംഗീതത്തിലായിരുന്നു കൂടുതല്‍ താല്പര്യം എങ്കിലും 1950 -ല്‍ ആകാശവാണി രൂപീകരിക്കപ്പെട്ടപ്പോള്‍ അദ്ദേഹം അനേക ലളിത ഗാനങ്ങള്‍ നിലയത്തിന് വേണ്ടി ആലപിച്ചു. അദ്ദേഹം സിനിമാ രംഗത്ത് നാന്ദി കുറിച്ചത് 1953 യില്‍ പൊന്‍കതിര്‍ എന്ന ചിത്രത്തിന് വേണ്ടി തിരുനയിനാര്‍ക്കുറിച്ചി മാധവന്‍ നായര്‍ രചിച്ചു ബ്രദര്‍ ലക്ഷ്മണ്‍ സംഗീതം നല്‍കിയ നാലുവരി പാടിക്കൊണ്ടായിരുന്നു.

'ആശങ്കാതിമിരം പടര്‍ന്നൊരിടിമേഘം
പോയ്മറഞ്ഞംബരേ
ആശാചന്ദ്രനുയര്‍ന്നു മണ്ണിടമതില്‍
വീശുന്നിതാ പൊന്‍കതിര്‍.....'

അതിനുശേഷം മലയാളഗാനങ്ങളില്‍ പൊന്‍കതിര്‍ വീശിക്കൊണ്ട് അനേകമനേകം അനശ്വരഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. ഹരിശ്ചന്ദ്ര (1955) എന്ന സിനിമയ്ക്കുവേണ്ടി പാടിയ 'ആരുണ്ട്‌ ചൊല്ലാന്‍', 'ആത്മവിദ്യാലയമേ' തുടങ്ങിയ മിക്കഗാനങ്ങളും അന്നത്തെ സൂപ്പര്‍ഹിറ്റുകളായിരുന്നു. പാടിയ ഒട്ടുമിക്ക ഗാനങ്ങളും അന്നത്തെയും ഇന്നത്തെയും കേരളീയര്‍ക്ക് പ്രിയങ്കരങ്ങളായി. 'സംഗീതമീ ജീവിതം' ,'വെള്ളി നിലാവത്ത്' (ജയില്‍പ്പുള്ളി,1957); 'മായമീ ലോകം മായുമീ ശോകം' (മറിയക്കുട്ടി, 1958); 'നാളെയാണ് കല്യാണം', 'തുമ്പപ്പൂ പെയ്യണ പൂനിലാവേ' (രണ്ടിടങ്ങഴി, 1958); 'ഈശ്വരചിന്തയിതൊന്നേ' , 'നാളെ നാളെയെന്നായിട്ടു' (ഭക്തകുചേല, 1961); 'ഏകാന്തതയുടെ അപാരതീരം' (ഭാര്‍ഗ്ഗവീ നിലയം, 1964);'മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നു' (തറവാട്ടമ്മ, 1966); 'മധുരിക്കും ഓര്‍മ്മകളേ' (ലേഡി ഡോക്ടര്‍, 1967) 'അധ്യാപിക' (1968) യുടെ ഹൃദയസ്പര്‍ശിയായ അവസാന രംഗത്തിനു പശ്ചാത്തലമായി പാടിയ 'മന്നിടം പഴയൊരു മണ്‍വിളക്കാണതില്‍' ...എന്ന് തുടങ്ങി നിരവധി മറക്കാനാവാത്ത ഗാനങ്ങള്‍ മലയാളത്തിനു വേണ്ടി അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കിളിവാതില്‍ (1993)എന്ന ചിത്രത്തിന് വേണ്ടി യൂസഫലി എഴുതി മോഹന്‍ സിതാര സംഗീതം നല്‍കിയ 'കാഷെ നീയാണ് ദൈവം' എന്ന ഗാനമാണ് പാടിയത്.

1995 മേയ് 26 -നു അദ്ദേഹം അനേകം ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഈ ലോകത്തുനിന്ന് യാത്രയായി.



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19531 -
19549 -
195516 -
195610 -
195712 -
195811 -
19605 -
196120 -
19628 -
196313 -
19648 -
196514 -
196615 -
196712 -
19687 -
19696 -
19702 -
19711 -
19751 -
19843 -
19852 -
19931 -