View in English | Login »

Malayalam Movies and Songs

കാലായ്ക്കൽ കുമാരൻ

പ്രവര്‍ത്തനമേഖലഅഭിനയം (17)
ആദ്യ ചിത്രംരക്ത ബന്ധം (1951)




ഹാസ്യാഭിനയത്തില്‍ മലയാള നാടകവേദിയിലെ ചാര്‍ലി ചാപ്ലിന്‍ എന്നറിയപ്പെടുന്ന വൈക്കം കാലായ്‌ക്കല്‍ കുമാരന്‍ ഓര്‍മയായിട്ട്‌ 17 വര്‍ഷം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഗോപുര മതിലിനു പുറത്ത്‌, വടക്കു പടിഞ്ഞാറായി സ്‌ഥിതിചെയ്യുന്ന കാലായ്‌ക്കല്‍ ക്ഷേത്രം ഐതിഹ്യപരമായി വൈക്കത്തപ്പന്റെ കാവല്‍ക്കാരന്റേതാണ്‌. കാവലാക്കല്‍ എന്ന പദം ലോപിച്ച്‌ പിന്നീട്‌ കാലായ്‌ക്കല്‍ ആയി. ക്ഷേത്രത്തിന്റെ സമീപമുള്ള കാലായ്‌ക്കല്‍ തറവാട്ടില്‍ നാരായണന്റേയും, ഗൗരിയുടേയും മകനായി 1918 ജൂലൈ 14-ാം തീയതി കുമാരന്‍ ജനിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ എത്തിയിരുന്ന കലാകാരന്‍മാര്‍ കാലാക്കല്‍ തറവാട്ടിലെത്തി വിശ്രമിച്ചിരുന്നു. അവരില്‍നിന്നാണു കുമാരന്‍ കലയുടേയും ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌.
പിന്നീടു ചേര്‍ത്തല രാമന്‍ കുട്ടി പണിക്കരുടെ ബാലനടനസഭയില്‍ ചേര്‍ന്ന്‌ അഭിനയ രംഗത്തു പ്രവേശിച്ചു. പുരാണ നാടകങ്ങളില്‍ അദ്ദേഹത്തിന്റെ ഹനുമാന്‍ വേഷം ഏറെ പ്രശംസ പിടിച്ചുപറ്റി. സ്വാതന്ത്ര്യസമര കാലത്ത്‌ മഹാത്മാഗാന്ധി, ഭഗത്‌ സിങ്‌ എന്നിവരെ സ്‌തുതിച്ചുകൊണ്ട്‌ ഗാനങ്ങള്‍ രചിക്കുകയും, ഈണത്തില്‍ പാടുകയും ചെയ്‌ത് അവധൂതനെപ്പോലെ അദ്ദേഹം നാടെങ്ങും സഞ്ചരിച്ചു.
ഉത്തരവാദ സമരപ്രക്ഷോഭത്തില്‍ പങ്കെടുത്ത്‌ ജയില്‍ വാസം അനുഭവിച്ചു. പി. കൃഷ്‌ണപിളളയെ പരിചയപ്പെട്ടതോടെയാണു കുമാരനിലെ വിപ്ലവകാരി ഉണര്‍ന്നത്‌. പിന്നീട്‌ അയിത്തം, ജാതി വിവേചനം തുടങ്ങിയവയ്‌ക്കെതിരേ പോരാടുന്ന കമ്മ്യൂണിസ്‌റ്റായി. കലാ പ്രവര്‍ത്തനം വളമാക്കി കമ്യൂണിസ്‌റ്റു പ്രസ്‌ഥാനങ്ങള്‍ വളര്‍ന്നു തുടങ്ങിയ കാലം. കേരളാ തീയേറ്റേഴ്‌സ്, കെ.പി.എ.സി കാളിദാസ കലാകേന്ദ്രം, പ്രതിഭാ തീയേറ്റേഴ്‌സ് എന്നിവയില്‍ കുമാരന്‍ തിളങ്ങി.
കൊല്ലം കാളിദാസകലാകേന്ദ്രത്തിനു വേണ്ടി വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എഴുതിയ 'ഡോക്‌ടര്‍' എന്ന നാടകത്തിലെ കാലായ്‌ക്കല്‍ കുമാരന്റെ കൗമ്പൗണ്ടര്‍ കേശവന്‍ ഇപ്പോഴും പഴയ തലമുറയുടെ മനസ്സില്‍ ഒളിമങ്ങാതെയുണ്ട്‌. നൂറിലേറെ നാടകങ്ങളിലായി പതിനായിരക്കണക്കിനു വേദികളില്‍ കുമാരന്‍ നിറഞ്ഞാടി. ചിരിക്കാനും, ചിന്തിക്കാനും, കരയാനുമുള്ളതാണ്‌ ഹാസ്യാഭിനയം എന്ന്‌ അദ്ദേഹം തെളിയിച്ചു.
60 ല്‍ ഏറെ സിനിമയില്‍ അഭിനയിക്കുന്നതിനുള്ള അവസരവും അദ്ദേഹത്തെ തേടിയെത്തി. അരപ്പവന്‍, രക്‌തബന്ധം, അവന്‍ വരുന്നു, വിശപ്പിന്റെ വിളി, കാട്ടുപൂക്കള്‍, ശകുന്തള, നിങ്ങള്‍ എന്നെ കമ്മ്യൂണിസ്‌റ്റാക്കി, പുന്നപ്ര വയലാര്‍, യൗവ്വനം, വണ്ടിക്കാരി എന്നീ സിനിമകളില്‍ അഭിനയിച്ചു. കാഴ്‌ച ശക്‌തി കുറഞ്ഞുവന്നതോടെയാണ്‌ അദ്ദേഹം അഭിനയം നിര്‍ത്താന്‍ നിര്‍ബന്ധിതനായത്‌. മലയാള നാടകവേദിക്കു മികച്ച സംഭാവനചെയ്‌ത വ്യക്‌തി എന്ന നിലകളില്‍ കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. സംഗീത നാടക അക്കാദമിയില്‍ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. അനവധി കലാസാംസ്‌കാരിക സംഘടനകളുടെ അവാര്‍ഡുകളും, പുരസ്‌കാരങ്ങളും, അംഗീകാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്‌.
കാലായ്‌ക്കല്‍ കുമാരന്റെ അഭിനയ ശൈലി പകര്‍ന്നുകിട്ടിയ മകള്‍ മാല കാലാക്കല്‍ സംവിധാനവും നാടകപ്രവര്‍ത്തനവും നടത്തിവരുന്നു. മലയാള നാടകവേദിക്ക്‌ ഒരിക്കലും മറക്കാന്‍ കഴിയാത്ത കാലായ്‌ക്കല്‍ കുമാരന്‍ 1998 ആഗസ്‌റ്റ് 8-ാം തീയതി 79-ാം വയസില്‍ അരങ്ങൊഴിഞ്ഞു.

സുബ്രഹ്മണ്യന്‍ അമ്പാടിയുടെ
കാലായ്‌ക്കല്‍ കുമാരന്‍ മലയാളത്തിന്റെ ഹാസ്യചക്രവര്‍ത്തി എന്ന ലേഖനത്തിൽനിന്ന്



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19512
19521
19531
19542
19551
19571
19611
19621
19631
19653
19682
19691