View in English | Login »

Malayalam Movies and Songs

കുതിരവട്ടം പപ്പു

യഥാര്‍ത്ഥ പേര്പദ്മദളാക്ഷൻ
ജനനം1936
മരണം2000 ഫിബ്രവരി 25
സ്വദേശംകോഴിക്കോട്
പ്രവര്‍ത്തനമേഖലഅഭിനയം (414), ആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംമൂടുപടം (1963)
അവസാന ചിത്രംനരസിംഹം (2000)
മക്കള്‍ബിനു പപ്പു


അഷ്ടിക്കു വകയില്ലാത്ത ഒരു കൌമാരക്കാരന്‍ കോഴിക്കോട്ടെ നാടകക്യാമ്പുകളിലൊന്നില്‍ എത്തിപ്പെടുന്നു. കുഞ്ഞാണ്ടിയും, നെല്ലിക്കോട് ഭാസ്കരനും, ബാലന്‍ കെ നായരുമെല്ലാം അഭിനയിച്ചു തകര്‍ക്കുന്ന നാടകക്യാമ്പുകളില്‍ ചായയും ബീഡിയും മേടിച്ചു കൊടുക്കാനും, നാടകവേദികളില്‍ കര്‍ട്ടനുയര്‍ത്താനുമൊക്കെ സഹായിച്ച് അവിടെ കൂടുന്നു. വയറിന്റെ വിശപ്പു മാറുമ്പോള്‍ അവന് അഭിനയത്തിന്റെ മര്‍മ്മങ്ങളും കൂടി തെളിഞ്ഞുകിട്ടുകയായിരുന്നു. പിന്നീടു മലയാള സിനിമ കണ്ട അന്‍പതോളം വര്‍ഷങ്ങളില്‍ പകരം വയ്ക്കാനാളില്ലാത്ത കുതിരവട്ടം പപ്പു എന്ന മഹാനടനായിരുന്നു ആ കൌമാരക്കാരന്‍ .

ഫറോക്കില്‍ നിന്ന് കുതിരവട്ടം എന്ന സ്ഥലത്തേക്ക് കുഞ്ഞായിരുന്ന പദ്മദലാക്ഷനേയും കൊണ്ട് മാറിത്താമസിക്കുമ്പോള്‍ അച്ഛനായ പനങ്ങോട് രാമനും അമ്മ ദേവിയും അറിഞ്ഞിട്ടുണ്ടാവില്ല ആ സ്ഥലവും, തങ്ങളുടെ ചൂടുപറ്റിക്കിടക്കുന്ന കൊച്ചുകുഞ്ഞും ചരിത്രത്തിന്റെ ഭാഗമാകാന്‍ നിയോഗിക്കപ്പെട്ടതാണെന്ന്. 1936 ലായിരുന്നു പപ്പുവിന്റെ ജനനം. കോഴിക്കോട് സെന്റ് ആന്റണീസ് സ്കൂളില്‍ വിദ്യാഭ്യാസം. 'താനാരാണെന്ന് തനിക്കറിയാന്‍ മേലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്. ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്...........' തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ പപ്പുവിന്റെ സംഭാഷണം ഒരുപക്ഷേ ജീവിതം സ്വയം അന്വേഷിച്ചു കണ്ടെത്തിയ ഒരു പച്ചമനുഷ്യന്റെ മനസ്സിന്റെ പ്രതിബിംബം കൂടിയാവണം.

കുപ്പയിലൂടെ എന്ന നാടകത്തിലൂടെയായിരുന്നു പപ്പു എന്ന പദ്മദലാക്ഷന്റെ അരങ്ങേറ്റം. തയ്യാറെടുപ്പുകളൊന്നുമില്ലാതെ തത്സമയം തമാശ അഭിനയിക്കുവാനുള്ള പപ്പുവിന്റെ ജന്മസിദ്ധമായ കഴിവ് ഈ നാടകത്തിലൂടെ ആസ്വാദകരിലെത്തി. അറുപതുകളുടെ അവസാനം വരെ കോഴിക്കോടന്‍ നാടക രംഗത്തെ അനിഷേദ്ധ്യ സാന്നിദ്ധ്യങ്ങളിലൊന്നായി പപ്പു.

എല്ലാരുമെത്തുന്നിടം എന്നു പറഞ്ഞതുപോലെ നാടകരംഗത്തുനിന്നെത്തിയ മറ്റുള്ളവരെ പിന്തുടര്‍ന്ന് പപ്പുവും സിനിമയില്‍ എത്തുന്നു. 1963 ല്‍ മൂടുപടം എന്ന സിനിമയിലാണ് ആദ്യമായി മുഖം കാണിക്കാനവസരം കിട്ടുന്നത്. രാമു കാര്യാട്ടും എ വിന്‍സന്റുമാണ് 'മുടിയനായ പുത്രന്‍' എന്ന നാടകത്തില്‍ നിന്ന് പപ്പുവിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് ക്ഷണിക്കുന്നത്. പിന്നീട് ഭാര്‍ഗ്ഗവീനിലയ (1964) ത്തില്‍ അഭിനയിക്കാനെത്തുമ്പോഴാണ് ഇന്ന് ജനമനസ്സില്‍ ഇടംനേടിയ ‘കുതിരവട്ടം പപ്പു’ എന്ന പേര് അദ്ദേഹത്തിന് ലഭിക്കുന്നത്.ഭാര്‍ഗ്ഗവീനിലയത്തിന്റെ സ്രഷ്ടാവായ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറാണ് ഈ പേര് അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുക്കുത്തത്. ഓര്‍ത്തുവയ്ക്കാന്‍ പാകത്തിനുള്ള ആദ്യത്തെ റോളും ഭാര്‍ഗ്ഗവീനിലയത്തില്‍ തന്നെ.

അവസാനമഭിനയിച്ച നരസിംഹ (2000) ത്തിലെത്തുമ്പോഴേക്കും കുതിരവട്ടം പപ്പു ഒരു ലജന്‍ഡ് ആയി മാറിയിരുന്നു. (നരസിംഹത്തിന്റെ ഫൈനല്‍ പ്രിന്റില്‍ നിന്ന് പപ്പുവിന്റെ കഥാപാത്രത്തെ നിശ്ശേഷം നീക്കിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം)

1100ഓളം സിനിമകളിലഭിനയിച്ച ആ മഹാപ്രതിഭ എന്താണ് ഇന്ന് ബാക്കി വച്ച പോയത്? തനതായ കോഴിക്കോടന്‍ ശൈലിയിലുള്ള സംഭാഷണം. അതിനെ വെല്ലാനോ, കിടപിടിക്കാനോ എന്തിന് ഒന്നു മാറ്റുരച്ചു നോക്കാന്‍ പോലുമോ ഈ ശൈലി സംസാരിക്കുന്ന ഒരു നടന്‍ ഇന്നു വരെ മലയാളത്തിനുണ്ടായിട്ടില്ല. ഇനി ഉണ്ടാവുമോ എന്നും വളരെ സംശയം തന്നെ.

വെറും വിലകുറഞ്ഞ തമാശ സീനുകള്‍ ഒട്ടൊക്കെ ഉണ്ടെങ്കിലും, പപ്പുവിനെ ഇന്ന് ആസ്വാദകര്‍ ആദരവോടെ നോക്കിക്കാണുന്നത് വെറും ഒരു കൊമേഡിയനായിട്ടല്ല. പപ്പുവിനെ എന്തുകൊണ്ടിഷ്ടപ്പെടുന്നു എന്നു ചോദിച്ചാല്‍ ആദ്യ ഉത്തരം "വെള്ളാനകളുടെ നാട്ടിലെ" "താമരശ്ശേരി ചൊരം" ക്വോട്ട് ചെയ്തുകൊണ്ടാവും. പിന്നീട് "ടാസ്കി വിളിയെടാ..." (തേന്മാവിന്‍ കൊമ്പത്ത്). മണിച്ചിത്രത്താഴിലെ വെളിച്ചപ്പാടിനെ ആര്‍ക്ക് മറക്കാന്‍ പറ്റും? "ഇപ്പ ശരിയാക്കിത്തരാം" എന്ന പപ്പുവിന്റെ ഡയലോഗ് മലയാളികളെല്ലാവരും തന്നെ ഒരു ശൈലിയായി ഉപയോഗിച്ചു കഴിഞ്ഞു എന്നുള്ളത് ആ നടന്‍ എത്ര ആഴത്തില്‍ ആസ്വാദകരുടെ ബോധമണ്ഡലത്തെ സ്വാധീനിച്ചിരിക്കുന്നു എന്നതിന് തെളിവാണ്. പ്രേക്ഷകര്‍ക്ക് പപ്പുവിന്റെ അഭിനയത്തില്‍ ഒരു തന്മയീഭാവം അനുഭവപ്പെടുന്നു.

വീണ്ടും ചില വീട്ടുകാര്യങ്ങ (1999) ളിലെ മെക്കാനിക്ക് ആശാനെ അവതരിപ്പിക്കുമ്പോള്‍ പപ്പുവിന്റെ ശാരീരികസ്ഥിതി എന്താണെന്ന് പ്രേക്ഷകര്‍ക്ക് ഒട്ടൊക്കെ ബോദ്ധ്യമാവും. എന്നാല്‍ അധിക സീനുകളിലൊന്നുമില്ലാത്ത ആ കഥാപാത്രത്തെ തന്റെ സംഭാഷണശൈലിയായ മന്ത്രവടികൊണ്ടൊന്നുഴിഞ്ഞ് മുഴുനീളകഥാപാത്രങ്ങളെയൊക്കെ നിഷ്പ്രഭരാക്കുന്നതാണ് അവിടെ നാം കാണുന്നത്.

പപ്പുവിലെ സ്വഭാവനടനെ തിരിച്ചറിയാന്‍ അധികം കഥാപാത്രങ്ങളൊന്നും പ്രേക്ഷകര്‍ക്ക് ആവശ്യമില്ല. അങ്ങാടി (1980)യിലെ പാവാടവേണം എന്ന ഗാനവും അതവതരിപ്പിക്കുന്ന കഥാപാത്രവും ഇന്നും ജനമനസ്സില്‍ ജീവിച്ചിരിക്കുന്നതിന് ഏക അവകാശി ആ മഹാനടന്‍ തന്നെ. വാര്‍ത്ത (1986), കിങ് മുതലായ ചിത്രങ്ങളും ആ സ്വഭാവനടന്റെ സ്വാഭാവികാഭിനയത്തിന് സാക്ഷ്യപത്രങ്ങളാണ്.

ആള്‍ക്കൂട്ടത്തില്‍ തനിയെയിലെ കഥാപാത്രമാണ് പപ്പുവിന്റെ അഭിനയത്തിലെ ഏറ്റവും മികച്ച കഥാപാത്രമായി നിലകൊള്ളുന്നത്. ആള്‍ക്കാരെ 'മരിപ്പിക്കാന്‍' നടക്കുന്ന നാട്ടിന്‍ പുറത്തുകാരനായ കഥാപാത്രം. മരിക്കാന്‍ കിടക്കുന്നവര്‍ക്കും അവരുടെ വീട്ടിലുള്ളവര്‍ക്കും വേണ്ട കാര്യങ്ങള്‍ അയാള്‍ ചെയ്തുകൊടുക്കും. നാളും പക്കവും നോക്കി കിടപ്പായ ആള്‍ മരിക്കുമോ ഇല്ലയോ എന്ന് ഉറപ്പിക്കും. മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യിപ്പിക്കും. പക്ഷേ ഒരിക്കല്‍ അയാള്‍ക്കൊരു തിരിച്ചറിവുണ്ടാവുന്നത് ആരോരുമില്ലാത്ത താന്‍ മരിച്ചാല്‍ ആരുണ്ടാവും എന്നതാണ്. അനാഥശവമായി അമ്പലക്കുളപ്പടവില്‍ മലര്‍ന്നു കിടക്കുന്നത് അയാള്‍ സ്വയം കാണുകയാണ്. ജീവിതത്തിലെ ഒരു വലിയ യാഥാര്‍ഥ്യം അനാവരണം ചെയ്യപ്പെടുകയാണ് കുതിരവട്ടം പപ്പു എന്ന നടനിലൂടെ. ഒരു നിമിഷം ആ കഥാപാത്രം താന്‍ തന്നെയാണോ എന്ന് പ്രേക്ഷകന് സംശയമുണ്ടാവുന്നു. ഒരുതുള്ളി കണ്ണീരിറ്റുന്നു. അവിടെ നടന്‍ ജേതാവാകുന്നു.

2000 ഫിബ്രവരി 25 ന് അറുപത്തി നാലാം വയസ്സില്‍ ഈ ലോകം വിട്ടു പോകുമ്പോള്‍ സമ്പാദ്യമായി പ്രേക്ഷകമനസ്സുകളിലെ കുറെകഥാപാത്രങ്ങളും, കുറച്ചു സൗഹൃദങ്ങളും മാത്രമായിരുന്നു മുപ്പത്തിയേഴുവര്‍ഷത്തെ സപര്യക്കുശേഷം ആ നടന്‍ കലാവേദിക്കായി ബാക്കിവച്ചു പോയത്.

ഭാര്യ പദ്മിനി. മക്കള്‍: ബിന്ദു, ബിജു, ബിനു.

കടപ്പാട്: വിക്കിപ്പീഡിയ, വിവിധ ഓണ്‍ലൈന്‍ ലേഖനങ്ങള്‍ .



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
19632 - -
19644 - 1
19671 - -
19691 - -
19711 - -
19724 - -
19734 - -
19746 - -
197516 - -
197618 - -
197717 - -
197828 - -
197923 - -
198022 - -
198117 - -
198215 - -
198317 - -
198418 - -
198519 - -
198623 - -
198713 - -
198813 - -
198919 - -
199014 - -
199112 - -
199213 - -
199316 - -
19949 - -
199515 - -
19965 - -
19979 - -
199810 - -
19994 - -
20002 - -
20011 - -
20021 - -
20031 - -
20101 - -