View in English | Login »

Malayalam Movies and Songs

നിലമ്പൂർ അയിഷ

പ്രവര്‍ത്തനമേഖലഅഭിനയം (36)


നാടക രംഗത്തെ അതികായ എന്ന് വരെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം ആണ് നിലമ്പൂര്‍ ആയിഷ. ജാതി മത ആചാരങ്ങള്‍ കര്‍ക്കശമായിരുന്ന ഒരു കാലത്ത് സകല എതിര്‍പ്പുകളെയും ഭേദിച്ചു അതിര്‍വരമ്പുകള്‍ കടന്നു നാടക വേദിയിലെത്തി അവിടം കീഴടക്കിയ നടി. കഴിഞ്ഞ അറുപതിലേറെ വര്‍ഷങ്ങളായി മലയാള നാടക വേദിയും അഭിനയ സ്നേഹികളും അഭിമാനപൂര്‍വം ഏറ്റു പറയുന്ന നാമം.



ആയിഷയുടെ ജീവിത കഥ ഒരു സിനിമാ കഥയെക്കാളോ നാടക ക്ലൈമാക്സിനെക്കാളോ ഒക്കെ ഉദ്വേഗം നിറഞ്ഞത്. നിലമ്പൂരിലെ ഒരു ഉന്നത കുടുംബത്തിലാണ് ആയിഷയുടെ ജനനം. ചെറുപ്പം മുതല്‍ തന്നെ ഗ്രാമഫോനെ റെക്കോഡുകള്‍ കേട്ട് അതിനൊപ്പം പാട്ട് പാടുമായിരുന്നു ആയിഷ. ചെറുപ്പത്തില്‍ തന്നെ ബാപ്പയെയും അതോടൊപ്പം ബാപ്പയുടെ സ്വത്തുക്കളും നഷ്ടപ്പെട്ടു. ദാരിദ്ര്യത്തില്‍ പെട്ടുഴന്ന ആയിഷയെ പതിമൂന്നാം വയസ്സില്‍ ബാപ്പയുടെ സുഹൃത്ത് വിവാഹം കഴിച്ചു.

അന്‍പതുകളില്‍ ആയിരുന്നു അത്. അന്നത്തെ കാലത്ത് ശൈശവ വിവാഹങ്ങള്‍ സര്‍വ സാധാരണമായിരുന്നല്ലോ. എങ്കിലും അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ ആ ബന്ധം അവസാനിച്ചു. എന്നാല്‍ അതിന്റെ ഓര്‍മ്മയ്ക്കായി ആയിഷയ്ക്ക് വെറും പതിനാലാം വയസ്സില്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മ ആകേണ്ടി വന്നു. വിവാഹ മോചനവും കഴിഞ്ഞു അമ്മയുമായി ജീവിതത്തിന്റെ മുന്‍പില്‍ പകച്ചു നിന്ന ആയിഷയെ നാടക രംഗത്തേക്ക് എത്തിക്കുന്നത് ഇ കെ അയമു എന്ന പ്രശസ്ത നാടകകൃത്താണ് . അദ്ദേഹം സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കി എടുക്കാനും സ്വന്തം കഴിവുകള്‍ കണ്ടു പിടിച്ചു തേച്ചു മിനുക്കി എടുക്കാനും ആയിഷയെ പ്രാപ്തയാക്കി. ആയിഷയുടെ സഹോദരന്‍ മാന്‍ മുഹമ്മദും സഹോദരിക്ക് സര്‍വാത്മനാ എല്ലാ സഹകരണവും നല്‍കി. അങ്ങനെയാണ് 1953 ല്‍ 'ഇജ്ജ് നല്ല മനിസനാവാന്‍ നോക്ക് ' എന്ന നാടകത്തില്‍ പ്രശസ്തനായ നിലമ്പൂര്‍ ബാലനോടൊപ്പം ആയിഷ അഭിനയിക്കുന്നത്. ജമീല എന്ന കഥാപാത്രം നാടകരംഗത്തെ ഒരു വലിയ സംസാരമായി.

നാടകരംഗത്തെ സഹകരണം ഒന്നും സാമൂഹ്യ രംഗത്തുണ്ടായില്ല. മറ്റു ജാതികളിലെ പെണ്‍കുട്ടികള്‍ നാടകത്തില്‍ അഭിനയിക്കുന്നത് തന്നെ വലിയ കോലാഹലം ആയിരുന്നു. അപ്പോള്‍ പിന്നെ ഒരു മുസ്ലിം പെണ്‍കുട്ടിയുടെ കഥ പറയണോ? കല്ലേറും ഭീഷണികളും, അപവാദങ്ങളും, എന്തിനു ആക്രമണം വരെ ആയിഷയ്ക്ക് നേരെ ഉണ്ടായി. ഒരിക്കല്‍ ആക്രമണത്തില്‍ പരിക്കേറ്റു വളരെ നാള്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു. എങ്കിലെന്ത് 'ഇജ്ജ് നല്ല മനിസനാകാന്‍ നോക്ക് ' എന്ന ആ നാടകം 2500 ല്‍ അധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. അപവാടങ്ങല്‍ക്കപ്പുരം ഒരു മുസ്ലിം പെണ്‍കുട്ടി എങ്ങനെ നാടകത്തില്‍ അഭിനയിക്കുന്നു എന്നറിയാനുള്ള കൌതുകമായി ജനവികാരം വളര്‍ന്നു. നാടക വേദികളില്‍ ഒരു വലിയ തരംഗമായിത്തീര്‍ന്നു ജന പിന്തുണയോടെ 'ഇജ്ജ് നല്ല മനിസനാകാന്‍ നോക്ക് '.


മതമൌലികവാദികള്‍ രണ്ടു വര്ഷം ആയിഷയ്ക്ക് ഊര് വിലക്ക് ഏര്‍പ്പെടുത്തി. എങ്കിലും ആക്രമണത്തില്‍ പരിക്കേറ്റ ആയിഷ വര്‍ധിത വീര്യത്തോടെ വേദികളില്‍ നിറഞ്ഞാടി.

നാടകം സമൂഹത്തിന്റെ ഒരു വികാരമായിരുന്ന കാലമായിരുന്നു അത്. കെ പി എ സി യുടെ നാടകങ്ങള്‍ കേരള സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ചരിത്രപരമാണ്. കേരള ഭരണം തന്നെ മാറ്റി എടുത്ത നാടകങ്ങള്‍ ആയിരുന്നു കെ പി എ സിയുടേത്. അന്ന് ആദ്യ മുഖ്യ മന്ത്രി ആയ ഇ എം എസ നമ്പൂതിരിപ്പാട്‌ മുസ്ലിം യുവതികളോട് ധാരാളമായി നാടക പ്രസ്ഥാനങ്ങളില്‍ പങ്കെടുക്കുവാന്‍ ആഹ്വാനം നല്‍കി. ആയിഷയെപ്പോലെ നാടകം ജീവിതമായി തിരഞ്ഞെടുത്തവര്‍ക്ക് കര്‍ണ്ണാമൃതം ആയി ആ ആഹ്വാനം.

നിലമ്പൂര്‍ യുവജന സമിതിയുടെ നാടകത്തില്‍ നിന്നും തുടങ്ങിയ അഭിനയ യാത്ര അറുപതു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും അവിരാമം തുടരുന്നു. ഇബ്രാഹിം വേങ്ങര, കെ ടി മുഹമ്മദ്‌, ഖാന്‍ കാവില്‍ , പി ജെ ആന്റണി, മൊയ്തു പടിയത്ത് തുടങ്ങി സാക്ഷാല്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ വരെയുള്ളവരുടെ നാടകങ്ങളില്‍ ആയിഷ അഭിനയിച്ചു. ഖാന്‍ കാവിലിന്റെ 'കരിങ്കുരങ്ങ്' എന്ന നാടകത്തിലെ അഭിനയത്തിന് കേരള സംസ്ഥാനത്തെ മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ 'കൂട്ടുകൃഷി' എന്ന സംരംഭത്തിലും അവര്‍ പങ്കാളി ആയിരുന്നു. 2008 ല്‍ ആയിഷയ്ക്ക് നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എസ എല്‍ പുരം പുരസ്കാരം ലഭിച്ചു.

ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് നാടകസമിതി വിടേണ്ടി വന്ന ആ അനുഗ്രഹീത നടി സൌദിഅറേബ്യ യിലെ റിയാദില്‍ പതിനാറു വര്‍ഷക്കാലം വീട്ടു ജോലിക്കാരിയായി ജീവിതവൃത്തി കഴിച്ചു.

ഇപ്പോള്‍ നാട്ടിലെത്തിയ ആയിഷ സിനിമാ രംഗത്ത് സജീവമാണ്. 'കുട്ടിക്കുപ്പായം' എന്ന ചിത്രത്തിലാണ് ആയിഷ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. അന്ന് കറുപ്പും വെള്ളയും മാത്രമുണ്ടായിരുന്ന സിനിമയ്ക്ക് ഇപ്പോള്‍ ഏഴും എഴുപതും നിറങ്ങള്‍ ലഭിച്ചിരിക്കുന്നു. ആയിഷ കൂടുതലും അഭിനയിക്കുന്നത് കെ ടി കുഞ്ഞുമുഹമ്മദിന്റെയും ടി വി ചന്ദ്രന്റെയും ഒക്കെ സിനിമകളില്‍ ആണ്. കച്ചവട സിനിമയ്ക്ക് ആയിഷയെ താല്പര്യം ഇല്ലായിരിക്കാം എന്ന് ആയിഷ പറയുന്നു. എങ്കിലും പാലേരി മാണിക്യം, കയ്യൊപ്പ്, ദൈവനാമത്തില്‍ , വിപ്ലവങ്ങള്‍ക്ക്അപ്പുറം, ചന്ദ്രോത്സവം എന്നീ സിനിമകളില്‍ പ്രാധാന്യമുള്ള വേഷങ്ങളില്‍ നമുക്ക് ആയിഷയെ കാണാം. മകള്‍ക്ക്, അമ്മക്കിളിക്കൂട് എന്നീ ചിത്രങ്ങളിലും ആയിഷയെ കാണാം.

ആയിഷ സാമൂഹ്യപ്രശ്നങ്ങളില്‍ തന്റേതായ അഭിപ്രായം പ്രകടിപ്പിച്ചു സ്ത്രീകളുടെ നിരയ്ക്ക് മുന്നില്‍തന്നെ ഉണ്ട്. സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരെ അവര്‍ നിരവധി തെരുവുനാടകങ്ങളില്‍ അഭിനയിച്ചു.

നാടകമാണ് ആയിഷയ്ക്ക് ഇപ്പോഴും തന്റെ ലോകം. ആ ലോകത്തില്‍ തന്റെ സ്വരം നിലയ്ക്കുന്നതുവരെ നിലനില്‍ക്കാനാണ് ആയിഷയ്ക്ക് മോഹം.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19611
19641
19657
19661
19701
19741
19781
19792
19811
20053
20072
20081
20091
20121
20131
20141
20152
20182
20193
20201
20221
20231