View in English | Login »

Malayalam Movies and Songs

കെ ജെ യേശുദാസ്

ജനനം1940 ജനുവരി 10
പ്രവര്‍ത്തനമേഖലആലാപനം (2466 സിനിമകളിലെ 5215 പാട്ടുകള്‍), സംഗീതം (12 സിനിമകളിലെ 49 പാട്ടുകള്‍), അഭിനയം (13)
ആദ്യ ചിത്രംകാല്‍പ്പാടുകള്‍ (1962)
പിതാവ്അഗസ്റ്റിന്‍ ജോസഫ്‌
മക്കള്‍വിജയ്‌ യേശുദാസ്‌


മലയാളികളുടെയെല്ലാം പ്രിയങ്കരനായ ദാസേട്ടന്‍. മലയാളക്കരയുടെ അഭിമാനവും പുണ്യവും. ഏകദേശം അഞ്ചു പതിറ്റാണ്ടുകളായി മലയാളികള്‍ ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ കേള്‍ക്കുന്ന, വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ശബ്ദ മാധുര്യത്തിന്നുടമയായ കാട്ടാശേരില്‍ ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസ്. അദ്ദേഹത്തെപ്പറ്റി ചുരുങ്ങിയ വാചകങ്ങളില്‍ എഴുതുക എന്നത് കടലിനെ ഒരു മുത്തുച്ചിപ്പിയില്‍ അടയ്ക്കുന്നതിനേക്കാള്‍ ദുഷ്ക്കരമാണ്.

ജനനം

പ്രസിദ്ധ സംഗീത-നാടക നടനായ ശ്രീ അഗസ്റ്റിന്‍ ജോസഫിനും ശ്രീമതി എലിസബത്ത് ജോസഫിനും മൂത്ത മകനായി 1940 ജനുവരി പത്താം തീയതി ജനിച്ചു. അഞ്ചു മക്കളില്‍ മൂത്തവനായിരുന്നു യേശുദാസ്. ഇളയവര്‍ ആന്റപ്പന്‍, മണി, ജയമ്മ, ജസ്റ്റിന്‍ എന്നിവരും.

സംഗീതജീവിതത്തിന്റെ തുടക്കം

സംഗീതത്തോടുള്ള കൊച്ചു മകന്റെ അഭിരുചി നേരത്തെ ശ്രദ്ധിച്ച അഗസ്റ്റിന്‍ ജോസഫ് യേശുദാസിന്റെ ആദ്യ ഗുരുവായി. വെറും എട്ടു വയസ്സുള്ളപ്പോള്‍ ഒരു പ്രാദേശിക സംഗീത മത്സരത്തില്‍ ഒന്നാമനായി ഒരു കപ്പും സ്വര്‍ണ്ണ മെഡലും നേടിയതാണ് യേശുദാസിന് കിട്ടിയ ആദ്യ സമ്മാനം .

1949 –ല്‍ ഒന്‍പതു വയസ്സുകാരനായ യേശുദാസ് അച്ഛന്‍ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരോടൊപ്പം എറണാകുളത്തെ സെന്റ്‌ ആല്‍ബെര്‍ട്ട് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഒരു ശാസ്ത്രീയ സംഗീത കച്ചേരിയില്‍ പങ്കെടുത്തു സദസ്യരെ അത്ഭുതപ്പെടുത്തി. അതായിരുന്നു അരങ്ങേറ്റം.

സെന്റ്‌ സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ 1957 –ല്‍ അദ്ദേഹം കര്‍ണാടക സംഗീതത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാമനായിരുന്നു. 1958 –ല്‍ സംസ്ഥാന തലത്തിലുള്ള സ്കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തിന് ഒന്നാം സമ്മാനം മലയാളത്തിന്റെ ഭാവഗായകനായിത്തീര്‍ന്ന പി ജയചന്ദ്രനും വായ്പ്പാട്ടിന് ഒന്നാം സമ്മാനം യേശുദാസിനുമാണ് ലഭിച്ചത്. അന്ന് മുതല്‍ പദ്മഭൂഷന്‍, പദ്മശ്രീ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര സമ്മാനങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിരിക്കുന്നു.

വിദ്യാഭ്യാസം

1945 ജൂണില്‍ ഫോര്‍ട്ട്‌ കൊച്ചിയിലെ ജോണ് ഡി ബ്രിട്ടോ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു. പിന്നീട് പള്ളുരുത്തി സെന്റ്‌ സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. 1958 മാര്‍ച്ചില്‍ SSLC യില്‍ വിജയം വരിച്ച യേശുദാസ്, തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ആര്‍ എല്‍ വി മ്യൂസിക്‌ അക്കാദമിയില്‍ ചേര്‍ന്നു പഠിച്ചു. 1960 -ല്‍ മറ്റെല്ലാ വിദ്യാര്‍ഥികളെയും പിന്തള്ളി ഗാനഭൂഷണത്തിനു ഒന്നാം സ്ഥാനത്തു വിജയിച്ചു . സംഗീതത്തില്‍ കാണിച്ച പ്രാഗത്ഭ്യം മുന്‍നിര്‍ത്തി സാധാരണ നാല് വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഗാനഭൂഷണം കോഴ്സ് ഡബിള്‍ പ്രമോഷനോട് കൂടി വെറും മൂന്നു വര്ഷം കൊണ്ട് പൂര്‍ത്തിയാക്കിയാണ് യേശുദാസ് വിജയിച്ചത്. ഈ വര്‍ഷങ്ങളില്‍ അഗസ്റ്റിന്‍ ജോസഫ് രോഗബാധിതനായി. വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം തുടര്‍ന്നുള്ള പഠനം യേശുദാസിന് അപ്രാപ്യമായ ഒരു സ്വപ്നമായിരുന്നെങ്കിലും, തിരുവനന്തപുരത്തെ ശ്രീ സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ അച്ഛന്റെ നിര്‍ബന്ധപ്രകാരം 'സംഗീതഭൂഷണ' ത്തിനു ചേര്‍ന്നു. മകന്റെ കഴിവില്‍ അച്ഛന് അത്രകണ്ട് വിശ്വാസമായിരുന്നു. പക്ഷെ വിധി അനുകൂലമായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒരു വര്‍ഷത്തിനകം പഠനം ഇടയ്ക്കുവച്ചു നിര്‍ത്തി തിരിച്ചു വീട്ടില്‍ പോകേണ്ടി വന്നു.

പിന്നണിഗായകന്‍

1960 –ല്‍ വൈക്കം ചന്ദ്രനും കെ എസ് ആന്റണിയും യേശുദാസിനോട് ശ്രീ നാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി ചെയ്യുന്ന ഒരു സിനിമയെപ്പറ്റി സംസാരിച്ചു. കുറെ മാസങ്ങള്‍ക്ക് ശേഷം എം ബി ശ്രീനിവാസനുമായി ഒരു കൂടിക്കാഴ്ചയ്ക്ക് പുറപ്പെടാന്‍ പറഞ്ഞുള്ള കെ എസ് ആന്റണിയുടെ കമ്പി വന്നു.

മകന്റെ നല്ല വാര്‍ത്ത കേട്ടുണ്ടായ ആവേശത്തില്‍ ഇല്ലവല്ലായ്മകള്‍ മറന്നു അഗസ്റ്റിന്‍ ജോസഫും യേശുദാസിനൊപ്പം തൃശ്ശൂരിനടുത്ത പീച്ചി ഹൌസില്‍ എത്തി. അവിടെ എം ബി ശ്രീനിവാസനെന്ന മഹാസംഗീതജ്ഞന്‍, തന്റെ മുന്‍പില്‍ ഹിന്ദി ഗാനങ്ങളും കര്‍ണാടക ശാസ്ത്രീയ കീര്‍ത്തനങ്ങളും അനായാസം ആലപിക്കുന്ന മെലിഞ്ഞ ചെറുപ്പക്കാരനെക്കണ്ട് ആശ്ചര്യഭരിതനായി .

അങ്ങനെ 1962 –ല്‍ പുറത്തിറങ്ങിയ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍

“ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് ”

എന്ന നാല് വരി ആലപിച്ചു കൊണ്ട് തുടങ്ങിയ ആ ജൈത്ര യാത്ര ഇന്നും അഭംഗുരം തുടരുന്നു. ആ നാല് വരികള്‍ തന്റെ ജീവിതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായി അദ്ദേഹം സ്വീകരിച്ചിരിക്കുന്നു. വരദാനമായി ലഭിച്ച ശബ്ദസൌകുമാര്യം അദ്ദേഹം കഠിന പ്രയത്നവും നിരന്തരമായ പരിശീലനവും കൊണ്ട് ഊതിക്കാച്ചി പൊന്നാക്കി.

മലയാളത്തില്‍ ഇതുവരെ അദ്ദേഹം 5000ലധികം സിനിമാഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതത്തിലെ അസ്സമിയ, കാശ്മീരി, കൊങ്കണി എന്നിവ ഒഴിച്ച് മറ്റെല്ലാ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. വിദേശ ഭാഷകളില്‍ ഇംഗ്ലീഷ്, അറബി , റഷ്യന്‍, ലാറ്റിന്‍ ഇവയിലും ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 2001 –ല്‍ “അഹിംസ” എന്ന് പേരുള്ള ഒരു ആല്‍ബം റിക്കാര്‍ഡോ ബാരന്റെ സോളാര്‍വിന്‍ഡ് മ്യൂസിക്കിനു വേണ്ടി നിര്‍മ്മിച്ചു പുറത്തിറക്കി. ഈ ആല്‍ബത്തില്‍ യേശുദാസ് സംസ്കൃതം, ലാറ്റിന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ വിവിധ സംഗീത ശൈലികളില്‍ ആലപിച്ചു.

കുടുംബജീവിതം

1970 ഫെബ്രുവരി ഒന്നാം തീയതി, മല്ലപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തു വന്നു താമസമാക്കിയ വലിയവീട്ടില്‍ കുരിയന്‍ എബ്രഹാമിന്റെയും അമ്മിണിയുടെയും പുത്രി പ്രഭയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം കൊച്ചിയിലെ സാന്റാ ക്രൂസ് കത്തീഡ്രലില്‍ വച്ച് നടന്നു. ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അവര്‍ക്ക് ജനിച്ച മൂന്നു ആണ്‍ മക്കള്‍ക്ക്‌ വിനോദ്, വിജയ്‌, വിശാല്‍ എന്ന് പേരിട്ടു. ഇപ്പോള്‍ അമേയ എന്ന് ഒരു ഓമന കൊച്ചുമകളും അദ്ദേഹത്തിനുണ്ട് . മൂന്നു മക്കളില്‍ വിജയ്‌ മാത്രമാണ് അച്ഛന്‍ തെളിയിച്ച സംഗീതത്തിന്റെ പാത പിന്‍തുടര്‍ന്നത് .

ജീവിതയാത്രയില്‍ പല പല പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നിട്ടും സ്വന്തം കഴിവുകളില്‍ ഉള്ള പൂര്‍ണ്ണ ആത്മവിശ്വാസം കൈവിടാതെ, അച്ഛന്‍ ഏല്‍പ്പിച്ചു പോയ ചുമതലകള്‍ എല്ലാം ഏറ്റെടുത്തു സ്തുത്യര്‍ഹമായി നിര്‍വഹിച്ചതില്‍ അദ്ദേഹത്തിനു അഭിമാനിക്കാം.

അഭിനയവും സംഗീത സംവിധാനവും

ഗാനങ്ങള്‍ ആലപിക്കുക മാത്രമല്ല, യേശുദാസ് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. “അനാര്‍ക്കലി ” എന്ന ചിത്രത്തില്‍ പ്രസിദ്ധ സംഗീത സംവിധായകന്‍ LPR വര്‍മ്മയോടോപ്പമുള്ള ഒരു ഗാനരംഗത്തില്‍ അദ്ദേഹം താന്സെനായി വേഷമിട്ടു. വയലിന്‍ ആണ് അദ്ദേഹത്തിന്‍റെ ഇഷ്ട വാദ്യോപകരണം.

നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തെ തിരഞ്ഞെത്തിക്കൊണ്ടിരിക്കുന്നു. ദേശീയതലത്തില്‍ അദ്ദേഹത്തിനു ഏഴു തവണ ഏറ്റവും നല്ല ഗായകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിനു ഇരുപത്തിമൂന്ന് തവണയാണ് ലഭിച്ചത് . അംഗീകാരങ്ങള്‍ കുന്നുകൂടുമ്പോഴും കൂടുതല്‍ വിനയാന്വിതനാകുന്ന അദ്ദേഹം തന്റെ സംഗീത സപര്യ ഇപ്പോഴും തുടരുന്നു.

1960 –ല്‍ തന്റെ ശബ്ദം പ്രക്ഷേപണയോഗ്യമല്ല എന്ന് വിധിയെഴുതിയ ആകാശവാണി മാത്രമല്ല, ഇന്ത്യയിലെ എല്ലാ റേഡിയോ നിലയങ്ങളും യേശുദാസിന്റെ ഗാനങ്ങള്‍ ഇന്ന് ഇടതടവില്ലാതെ പ്രക്ഷേപണം ചെയ്യുന്നു. ഏഷ്യ, മോസ്കോ റേഡിയോ, ബി ബി സി, വോയ്സ് ഓഫ് അമേരിക്ക, ശ്രീലങ്കാ പ്രക്ഷേപണ നിലയം തുടങ്ങിയുള്ള അന്താരാഷ്‌ട്ര നിലയങ്ങളിലൂടെയും ആ സുന്ദര നാദവീചികള്‍ അന്തരീക്ഷത്തിലൂടെ ഒഴുകി നടന്നു . ഇന്ന് ഇന്റര്‍നെറ്റ്‌ വഴി ഇന്ത്യക്കാരുള്ള, മലയാളികളുള്ള, ലോകത്തിന്റെ ഓരോ കോണിലും മൂലയിലും യേശുദാസിന്റെ മധുരസ്വരം മുഴങ്ങുന്നു . ഏവരിലും ഗൃഹാതുരത്വം ഉണര്‍ത്തുന്നു .

തരംഗിണി സ്റ്റുഡിയോ

1980 –യില്‍ അദ്ദേഹം തിരുവനന്തപുരത്തു തരംഗിണി സ്റ്റുഡിയോ തുടങ്ങി. തരംഗിണി സ്റ്റുടിയോയും തരംഗിണി റെക്കോര്‍ഡ്സ് -ഉം ചേര്‍ന്നു ഓഡിയോ കാസെറ്റ് സ്റ്റീരിയോ -യില്‍ ഇറക്കി . ജനങ്ങള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റുകളായ 176 -ഓളം കാസറ്റുകളും തരംഗിണി പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോള്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തു “തരംഗ നിസരി സ്കൂള്‍ ഓഫ് മ്യൂസിക്" എന്ന പേരില്‍ ഒരു സംഗീത വിദ്യാലയവും അദ്ദേഹം നടത്തിയിരുന്നു .

പൊതു പ്രവര്‍ത്തനം

ക്രിസ്തീയ, ഹൈന്ദവ, ഇസ്ലാം തുടങ്ങിയ എല്ലാ മതവിഭാഗങ്ങളും വിശ്വസിക്കുന്നത് ഒരേ ദൈവത്തില്‍ തന്നെയാണെന്ന് കരുതുന്ന യേശുദാസ് മതസൌഹാര്‍ദ്ദത്തിന്റെ ഒരു തികഞ്ഞ വക്താവാണ്‌. കലാകാരന്മാര്‍ക്ക് സാമൂഹിക ബോധം ആവശ്യമാണ്‌ എന്ന് വിശ്വസിക്കുന്ന ആളാണ്‌ യേശുദാസ്. ആ വിശ്വാസം അദ്ദേഹം സ്വന്തം ജീവിതത്തില്‍ ദൈനംദിനം പ്രാവര്‍ത്തികമാക്കി വരുന്നു. 1971 -ല്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധ സമയത്ത് പ്രധാനമന്ത്രിയുടെ പ്രതിരോധ ഫണ്ടിലേക്ക് ധനശേഖരണാര്‍ത്ഥം അദ്ദേഹം കേരളം ഉടനീളം ഗാനമേളകള്‍ നടത്തി. 1999 നവംബറില്‍ UNESCO അദ്ദേഹത്തിനു സംഗീതത്തിനും സമാധാനത്തിലും ഉണ്ടാക്കിയ നേട്ടങ്ങള്‍ക്കായി അവാര്‍ഡ് സമ്മാനിച്ചു. 2002 -ല്‍ തലശ്ശേരിയിലുണ്ടായ ലഹളയെ തുടര്‍ന്ന് അദ്ദേഹം സുഗതകുമാരിയോടൊപ്പം അവിടം സന്ദര്‍ശിക്കുകയും സമാധാന സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഇന്ത്യയുടനീളം നടത്താനുദ്ദേശിക്കുന്ന തീവ്രവാദത്തിനെതിരെയുള്ള സംഗീതയജ്ഞത്തിനു 2009 -ല്‍ തിരുവനന്തപുരത്തു തുടക്കമിട്ടു.

മലയാള സിനിമാ സംഗീത മേഘലയില്‍ നൂതന വഴിത്താരകള്‍ വെട്ടിത്തുറന്ന ഈ ഗന്ധര്‍വ്വ ഗായകന്റെ നേട്ടങ്ങള്‍ വളരെയധികമാണ്. അതെല്ലാം ഇവിടെ പ്രതിപാദിക്കാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. മലയാളികളുടെ നെഞ്ചിലെ അഭിമാനമായ യേശുദാസിന് ആയുരാരോഗ്യ സന്തോഷ സൌഖ്യങ്ങള്‍ നേരുന്നു.



കടപ്പാട്

മാത്തുക്കുട്ടി ജെ കുന്നപ്പള്ളി എഴുതിയ "യേശുദാസിന്റെ കഥ"
വിക്കിപ്പീഡിയ
Saptarshi Bhattacharya “Melodies from a mystical realm”: The Hindu, 15 February 2001. (http://www.hinduonnet.com/2001/02/15/stories/09150705.htm)
വിവിധ വാര്‍ത്താമാധ്യമങ്ങള്‍
MSI, MMDB



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംസംഗീതംഅഭിനയം
ലഭ്യമല്ല35 - - - -
196225 - - - -
196321 - - - -
196434 - - - -
196551 - - 1 -
196644 - - 2 -
196765 - - - -
196882 - - - -
196963 - - - -
197079 - - - -
1971100 - - - -
1972107 - - - -
1973126 - 91 -
1974108 - - - -
1975158 - - - -
1976149 - 5 - -
1977208 - - 3 -
1978220 - 5 - -
1979174 - 31 -
1980165 - - - -
1981177 - 221 -
1982235 - - - -
1983208 - 5 - -
1984187 - - - -
1985185 - - - -
1986164 - - 1 -
1987105 - - - -
198879 - - - -
198966 - - - -
199099 - - - -
1991121 - - - -
1992156 - - - -
1993138 - - - -
1994116 - - - -
199589 - - - -
199678 - - - -
1997140 - - - -
1998126 - - - -
1999114 - - - -
2000124 - - - -
200186 - - - -
200260 - - 1 -
200353 - - - -
200434 - - - -
200539 - - 1 -
200636 - - - -
200713 - - - -
200815 - - - -
200924 - - - -
201019 - - - -
201124 - - - -
201225 - - 1 -
201313 - - - -
201412 - - - -
201510 - - - -
20167 - - - -
20173 - - - -
20189 - - - -
20192 - - - -
20207 - - - -
20211 - - - -
20221 - - - -