View in English | Login »

Malayalam Movies and Songs

ശീര്‍കാഴി ഗോവിന്ദരാജന്‍

ജനനം1933 ജനുവരി 19
മരണം1988 മാര്‍ച്ച് 24
സ്വദേശംചിദംബരം, തമിഴ് നാട്
പ്രവര്‍ത്തനമേഖലആലാപനം (2 സിനിമകളിലെ 2 പാട്ടുകള്‍)
ആദ്യ ചിത്രംനീലിസാലി (1960)


കര്‍ണ്ണാടകസംഗീതത്തിലും ഭക്തിസംഗീതത്തിലും അഗ്രഗണ്യനായിരുന്നു ശീര്‍കാഴി ഗോവിന്ദരാജന്‍. എട്ടാം വയസ്സില്‍ ചെന്നൈയിലെ ത്രിപുരസുന്ദരി ക്ഷേത്രത്തില്‍ ആദ്യമായി കച്ചേരി അവതരിപ്പിച്ചു. മദിരാശി സംഗീത കോളേജില്‍ നിന്ന് 1949 ല്‍ ബിരുദം നേടി. തിരുപ്പം‌പുരം സ്വാമിനാഥപിള്ളയുടെ ശിഷ്യനായി സംഗീതം അഭ്യസിച്ചു.

തമിഴ്, തെലുഗു, കന്നട സിനിമകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചു. മലയാളത്തില്‍ രണ്ട് ഗാനങ്ങള്‍ ശീര്‍കാഴി ഗോവിന്ദരാജന്‍ ആലപിച്ചിട്ടുണ്ട്. ശീര്‍കാഴിയുടെ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ സ്വരശുദ്ധിയുടേയും, അത്ഭുതാവഹമായ ആലാപനപാടവത്തിന്റെയും പ്രതീകങ്ങളാണ്. ഉച്ചാരണത്തിലെ കൃത്യത, ഭാവപൂര്‍ണ്ണത എന്നിവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. മനസ്സും ഹൃദയവും തുളച്ചുകയറുന്ന സുവര്‍ണ്ണ ശബ്ദമാധുരി, അതായിരുന്നു ഡോ.ശീര്‍കാഴി ഗോവിന്ദരാജന്‍.

സിനിമാഗാനങ്ങള്‍ക്കുപുറമെ എണ്ണമില്ലാത്തഗാനങ്ങള്‍ അദ്ദേഹം ആകാശവാണിയ്ക്കും ദൂരദര്‍ശനും വേണ്ടി ആലപിച്ചു. എല്ലാ പ്രമുഖ റെക്കോഡിങ് കമ്പനികള്‍ക്കും വേണ്ടി അദ്ദേഹം ഗാനങ്ങളാലപിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങളുടേയും കര്‍ണ്ണാടകസംഗീതക്കച്ചേരികളുടേയും ഡിസ്കുകള്‍ എന്നും ജനപ്രിയങ്ങളായിരുന്നു. ഏറ്റവും കൂടുതല്‍ ഡിസ്കുകള്‍ വിറ്റുപോയതിനുള്ള ഗോള്‍ഡന്‍ ഡിസ്ക് പുരസ്കാരം ലഭിച്ച ആദ്യഗായകനും അദ്ദേഹമായിരുന്നു.

1971 ല്‍ തിരുമലൈ തേന്‍‌കുമരി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് അദ്ദേഹത്തിന് മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചു. ‘ദേവന്‍ കോവില്‍ മണിയോശൈ, അമുദും തേനും എതര്‍ക്ക്, തിരുപ്പതി മലൈ വാഴും വെങ്കടേശാ, ഓടും നദിയിനിലൈ എന്നു തുടങ്ങി നിരവധി ഹിറ്റുപാട്ടുകള്‍ അദ്ദേഹത്തിന്റെതാണ്. 1975 ല്‍ മദിരാശി സംസ്ഥാനത്തിന്റെ കലൈമാമണി പുരസ്കാരവും, 1983 ല്‍ പദ്മശ്രീയും ഈ മഹാഗായകന് ലഭിച്ചു. 83 ല്‍ തന്നെ മദിരാശി സര്‍വ്വകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റും സമ്മാനിച്ചു. 1987 ല്‍ സ്വിറ്റ്സര്‍ലന്റില്‍ നടന്ന ലോകസമാധാന സമ്മേളനത്തില്‍ പീസ് അംബാസഡറായിരുന്നു ശീര്‍കാഴി ഗോവിന്ദരാജന്‍ .

മലയാളത്തില്‍ ‘നീലിസാലി’ എന്ന ചിത്രത്തിലെ ‘കരകാണാത്തൊരു’, ‘മഹാബലി’ എന്ന ചിത്രത്തിലെ ‘ആശ്രിതവത്സലനെ’ എന്നീ ഗാനങ്ങളാണ് ഡോ.ഗോവിന്ദരാജന്‍ പാടിയിട്ടുള്ളത്. എങ്കിലും മലയാളികള്‍ ശീര്‍കാഴി എന്ന പേരിനോടൊപ്പം ചേര്‍ത്തുവയ്ക്കുന്നത് ‘ശരണം ശ്രീ ഗുരുവായൂരപ്പാ’ എന്നാ ഭക്തിഗാനമാണ്. 1988 മാര്‍ച്ച് 24 ന്, അന്‍പത്തിഅഞ്ചാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. മകന്‍ ശീര്‍കാഴി ജി ശിവചിദംബരം പ്രമുഖ കര്‍ണ്ണാടകസംഗീതജ്ഞനാണ്.

കടപ്പാട്: http://www.sirkali.org



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
1960 - 1
1983 - 1