View in English | Login »

Malayalam Movies and Songs

ശോഭ

യഥാര്‍ത്ഥ പേര്മഹാലക്ഷ്മി മേനോൻ
ജനനം1962 സെപ്റ്റമ്പര്‍ 23
മരണം1980 മെയ് 01
പ്രവര്‍ത്തനമേഖലഅഭിനയം (42)
ആദ്യ ചിത്രംഉദ്യോഗസ്ഥ (1967)
മാതാവ്പ്രേമ


തന്റെ അതീവ ഹ്രസ്വമായ ജീവിതത്തിനിടയില്‍ പ്രശസ്തിയുടെ അത്യുന്നതങ്ങളിലേക്കുയരുകയും അനിതര സാധാരണമായ അഭിനയപാടവം പരിപൂര്‍ണ്ണമായി ഉപയോഗിക്കപ്പെടാന്‍ അവസരം ലഭിക്കാതെ പെട്ടെന്ന് കാലയവനികയ്ക്കുള്ളില്‍ മറയുകയും ചെയ്ത ഒരു താരമായിരുന്നു ശോഭ.

പഴയകാല നടി പ്രേമയുടെയും കെ പി മേനോന്റെയും മകള്‍ മഹാലക്ഷ്മിയായി ശോഭ 1962 സെപ്റ്റംബര്‍ 23-നു മദിരാശിയില്‍ ജനിച്ചു. തന്റെ അഭിനയജീവിതത്തില്‍ തനിക്ക് എത്താന്‍ കഴിയാതെ പോയ സ്ഥാനത്തു മകളെ എത്തിക്കുക എന്നതായിരുന്നു പ്രേമയുടെ ആഗ്രഹം. അതിനായി അഭിനയത്തിന്റെ ബാലപാഠങ്ങള്‍ അമ്മ മകളെ പഠിപ്പിച്ചു. നൃത്തവും പരിശീലിപ്പിച്ചു. എം കൃഷ്ണമൂര്‍ത്തി 1966 -ല്‍ നിര്‍മ്മിച്ച "തട്ടുങ്കള്‍ തിറക്കപ്പെടും " എന്ന തമിഴ് സിനിമയില്‍ ബേബി മഹാലക്ഷ്മിയായി അരങ്ങേറി. ഉദ്യോഗസ്ഥ (1967) ആയിരുന്നു “ബേബി ശോഭ ” എന്ന പേരില്‍ അഭിനയിച്ച ആദ്യ മലയാള ചിത്രം. 1971 -ല്‍ ഏറ്റവും മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ബേബി ശോഭയ്ക്ക് ലഭിച്ചു. ഇക്കാലത്ത് (1971-1973) ബേബി ശോഭ പ്രത്യക്ഷപ്പെട്ട എല്ലാ സിനിമകളിലും മികച്ച അഭിനയം ആണ് കാഴ്ച വച്ചത്.
മുതിര്‍ന്ന ശേഷം "ശോഭ" എന്ന പേരില്‍ ആദ്യമായി നായികയായി അഭിനയിച്ചത് ജി എസ് പണിക്കരുടെ "ഏകാകിനി" എന്ന സിനിമയില്‍ ആയിരുന്നു. പക്ഷെ ആദ്യം പുറത്തിറങ്ങിയത് "കോകില' എന്ന കന്നഡ ചിത്രമാണ്. ഈ ചിത്രത്തിന്റെ സംവിധായകന്‍ ബാലു മഹേന്ദ്ര ആയിരുന്നു. അവര്‍ തമ്മില്‍ അന്ന് ആരംഭിച്ച സൗഹൃദം പിന്നീട് വിവാഹത്തില്‍ കലാശിച്ചു.
തുടര്‍ന്നു "നിഴല്‍ നിജമാകിറത്‌" എന്ന സിനിമയിലാണ് ശോഭ നായികയായത്. 1977 മുതല്‍ 1980 വരെ മലയാളം , തമിഴ് , കന്നഡ , തെലുങ്ക്‌ ഭാഷകളില്‍ തിരക്കുള്ള നടിയായിത്തീര്‍ന്നു ശോഭ. അവതരിപ്പിച്ച കഥാപാത്രങ്ങളെയെല്ലാം ശോഭ തനതായ ശൈലിയില്‍ അനശ്വരങ്ങളാക്കി. നായികയായി അഭിനയിച്ചു തുടങ്ങി രണ്ടു വര്‍ഷത്തിനകം ജനസഹസ്രങ്ങളുടെ കണ്ണിലുണ്ണിയായി തീര്‍ന്നു അവര്‍. അഭിനയത്തിന്റെ ഉന്നതികള്‍ കയ്യടക്കാന്‍ അതിര് കവിഞ്ഞ മേക്കപ്പോ നാടകീയതയോ ആവശ്യമില്ലെന്നു ശോഭ തെളിയിച്ചു. ആ ശാലീനസൗന്ദര്യം ജനങ്ങളെ വല്ലാതെ വശീകരിച്ചു.

1979 –ല്‍ അഭിനയിച്ച തമിഴ് സിനിമ “പശി ” 1980 –ല്‍ ശോഭയ്ക്ക് ദേശീയ തലത്തില്‍ ഏറ്റവും നല്ല നടി എന്ന അംഗീകാരം വെറും 18 വയസ്സുള്ളപ്പോള്‍ നേടിക്കൊടുത്തു. ആ അംഗീകാരം ആഘോഷിക്കുന്നതിനിടയില്‍ ശോഭയുടെ ഞെട്ടിക്കുന്ന മരണവാര്‍ത്ത കേട്ട് ജനങ്ങള്‍ പകച്ചു നിന്നു. ഭര്‍ത്താവ് ബാലുമഹേന്ദ്രയുമായുള്ള ബന്ധത്തിലെ അപസ്വരങ്ങള്‍ ശോഭയുടെ മനസ്സിന് താങ്ങാവുന്നതിലും അധികമായിരുന്നു. 1980 മെയ്‌ ഒന്നാം തീയതി ശോഭയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇനിയും ഉയരത്തിലേക്ക് പറക്കേണ്ടിയിരുന്ന ആ പ്രതിഭ നമ്മളെ വിട്ടകന്നു.



കടപ്പാട്:
ബി വിജയകുമാര്‍
Wikipedia



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19672
19682
19692
19716
19723
19733
19753
19762
19774
19785
19795
19805