View in English | Login »

Malayalam Movies and Songs

ഉഷാ ഖന്ന

പ്രവര്‍ത്തനമേഖലസംഗീതം (5 സിനിമകളിലെ 29 പാട്ടുകള്‍)
ആദ്യ ചിത്രംമൂടല്‍ മഞ്ഞ് (1970)


ഗാനരചയിതാവും പാട്ടുകാരനുമായ മനോഹര്‍ ഖന്നയുടെ മകളായി 1942 -ല്‍ ഗ്വാളിയറില്‍ ഉഷ ഖന്ന ജനിച്ചു. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ പ്രധാന സ്ത്രീ സംഗീത സംവിധായികയായി പ്രശസ്തി നേടി. കഴിഞ്ഞ നാലു ദശകങ്ങളായി സിനിമ- ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.


ഉഷ ഖന്ന ആദ്യം സംഗീതം നല്‍കിയത്‌ ഹിന്ദിയില്‍ 1959 -ലെ "ദില്‍ ദേക്കെ ദേഖോ" ആണ്. പ്രശസ്ത സംഗീത സംവിധായകന്‍ ഓ പി നയ്യാര്‍ ആണ് സംഗീത രംഗത്തേക്ക് ഉഷയെ പിടിച്ചു കയറ്റിയത്. പക്ഷെ കടുത്ത മത്സരത്തില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഈ രംഗത്ത് അവസരങ്ങള്‍ ലഭിക്കാനുണ്ടായ സ്വന്തം കഷ്ടപ്പാടുകള്‍ പല പുതിയ പാട്ടുകാര്‍ക്കും അവസരം കൊടുക്കാന്‍ ഉഷയ്ക്ക് പ്രചോദനം കൊടുത്തു.


മലയാളം സിനിമയില്‍ ഉഷ സംഗീതം നല്‍കിയ അഞ്ചു സിനിമകളിലെയും ഗാനങ്ങള്‍ ഏറെ ജനപ്രിയങ്ങളായി. എങ്കിലും ആദ്യം സംഗീത സംവിധാനം ചെയ്ത മൂടല്‍മഞ്ഞ് (1969) എന്ന സിനിമയിലെ ഗാനങ്ങള്‍ മലയാളികള്‍ക്ക് നൂതനമായ ഒരു അനുഭവ വിരുന്നായിരുന്നു. അവ ഇന്നും ക്ലാസിക്കുകളാണ്. "നീ മധു പകരൂ", "മാനസ മണി വേണുവില്‍", "ഉണരൂ വേഗം നീ" എന്നീ ഗാനങ്ങള്‍ നിത്യഹരിതങ്ങളാണ് .

1979 -ല്‍ യേശുദാസിന് ഫിലിം ഫെയര്‍ അവാര്‍ഡ്‌ ലഭിച്ച ദാദ എന്ന ഹിന്ദി സിനിമയിലെ "ദില്‍ കെ ടുക്ക്ടെ ടുക്ക്ടെ കര്‍ക്കെ"എന്ന ഗാനത്തിന് സംഗീതം കൊടുത്തത് ഉഷ ഖന്ന ആയിരുന്നു.


മൂടല്‍മഞ്ഞ് കൂടാതെ ആദ്യപാപം (1988), അഗ്നിനിലാവ് (1991), ഊമക്കത്ത് (1996), പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച (2002) എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കും ഉഷ ഖന്ന സംഗീതം കൊടുത്തു. എന്തുകൊണ്ടോ ഈ രംഗത്ത് അര്‍ഹമായ അംഗീകാരം ഈ പ്രതിഭയ്ക്ക് ലഭിച്ചില്ല.


പ്രശസ്ത ഗാന രചയിതാവ് സാവന്‍ കുമാറുമായുള്ള വിവാഹബന്ധം ഏതാനം വര്‍ഷങ്ങള്‍ക്കകം അവസാനിച്ചു. ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്നു.



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതം
19707 -
19882 -
19916 -
19964 -
200210 -