View in English | Login »

Malayalam Movies and Songs

ഗുർബച്ചൻ സിംഗ്

പ്രവര്‍ത്തനമേഖലഅഭിനയം (1)


"ഹിസ് ഹൈനസ് അബ്ദുള്ള" കണ്ടിട്ടുള്ളവർ, ക്ലൈമാക്സിലെ 12 മിനിറ്റ് നീളുന്ന സംഘട്ടന രംഗം മറക്കില്ല. മലയാള സിനിമയുടെ ചരിത്രത്തിൽ അത്രയും നീളം കൂടിയ ക്ലൈമാക്സ് ഫൈറ്റ് അധികം കണ്ടിട്ടില്ല.. ഉദയവർമ്മയെ വകവരുത്താനെത്തിയ ബോംബെ അധോലോക ദാദ കബീർ ഭായിയും സംഘവുമായി അബ്ദുള്ളയും ജമാലിക്കയും പൊരുതി നിൽക്കുന്ന ആ രംഗത്തിൽ, കബീർ ഭായിയായി വേഷമിട്ട നടനെ ഇന്ന് എത്ര പേർ ഓർക്കുന്നുണ്ട്! എത്ര പേർക്ക് അയാളുടെ പേരറിയാം? അരനൂറ്റാണ്ടോളമായി ഹിന്ദി - പഞ്ചാബി സിനിമകളിൽ നിറസാന്നിധ്യമായി നിൽക്കുന്ന ഗുർബച്ചൻ സിങ് എന്ന നടനാണ് കബീർ ഭായിയെ അവതരിപ്പിച്ചത്. 1950ൽ പഞ്ചാബിലെ ഗുർദാസ്‌പൂരിൽ തഹസിൽദാർ അവ്താർ സിംഗിന്റെ മകനായി ജനിച്ച ഗുർബച്ചൻ സിങ് നന്നേ ചെറുപ്പം മുതലേ ഗുസ്തി അഭ്യാസിയായിരുന്നു. അതോടൊപ്പം സിനിമാമോഹവും മനസ്സിൽ കൊണ്ടുനടന്നിരുന്ന. 1969ൽ, ധാരാസിംഗിന്റെ അനിയനും അഭിനേതാവും സർവോപരി രാജ്യത്തെ മികച്ച ഗുസ്തിക്കാരനുമായിരുന്ന റൺധ്വയുമായി 36 മിനിറ്റ് നേരം ഗോദയിൽ പൊരുതി നിന്ന അന്നത്തെ പത്തൊമ്പതുകാരനായ ഗുർബച്ചൻ വാർത്തകളിൽ ശ്രദ്ധനേടി. ആ ഗുസ്തിയിൽ ഗുർബച്ചൻ തോറ്റെങ്കിലും, ജയത്തിന് സമാനമായ പരാജയം എന്നായിരുന്നു പത്രങ്ങളിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്! ഗുർബച്ചന്റെ സിനിമാമോഹം അറിയാമായിരുന്ന പിതാവ്, ബോംബെയിൽ പോകാൻ അനുവാദവും അതോടൊപ്പം ബോംബെയിലെ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായ തന്റെ പരിചയക്കാരന് നൽകാനൊരു കത്തും ഗുർബച്ചന് നൽകി.
ഗുർബച്ചന്റെ നാട്ടുകാരായ നിത്യഹരിത നായകൻ ദേവാനന്ദ്, സംവിധായകൻ രാജ് ഖോസ്ല, ധാരാസിങ് എന്നിവർ ബോംബെയിൽ ഉള്ളതായിരുന്നു ഗുർബച്ചന്റെ പ്രതീക്ഷ. ധാരസിംഗിന്റെ ബോംബെയിലെ ഗാരേജിലായിരുന്നു ഗുർബച്ചൻ ആദ്യമെത്തിയത്. ധാരാസിങ് അവിടുണ്ടായിരുന്നില്ല. പക്ഷെ ഗാരേജിൽ ഗുർബച്ചന്റെ ലഗേജ് മറ്റും വയ്ക്കാൻ ധാരാസിങ് അനുവാദം നൽകിയിരുന്നു. പിറ്റേന്ന് ഗുർബച്ചൻ അവസരം തേടി ആദ്യം കാണാൻ പോയത് ദേവാനന്ദിനെയായിരുന്നു.. എന്നാൽ സ്വന്തം നാട്ടുകാരനായ ആ പയ്യനോട് ദേവാനന്ദ് അത്ര മമത കാണിച്ചില്ല.. മാത്രമല്ല, ദേവാനന്ദ് തന്നോട് പെരുമാറിയ രീതിയും ഗുർബച്ചനെ വേദനിപ്പിച്ചു. പിന്നീട് ഗുർബച്ചൻ രാജ് ഖോസ്ലയെ ചെന്ന് കണ്ടെങ്കിലും അദ്ദേഹവും "അവസരം വരുമ്പോൾ അറിയിക്കാം" എന്നൊരു ഒഴുക്കൻ മട്ടിൽ ഗുർബച്ചനെ മടക്കിയയച്ചു. ധാരസിങ് മടങ്ങി എത്തുന്ന വരെ ഗാരേജിൽ കഴിയണോ അതോ നേരെ നാട്ടിലേക്ക് വണ്ടി വിടണോ എന്നുള്ള ചിന്തയിൽ ഇരിക്കുമ്പോഴാണ്, ദേവാനന്ദിന്റെ അയൽവാസിയും ഹിന്ദി സിനിമയുടെ He-Man ആയ ധർമ്മേന്ദ്രയെ പോയി കാണാൻ, ഗുർബച്ചന്റെ അച്ഛന്റെ സുഹൃത്തായ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പറയുന്നത്. ധർമ്മേന്ദ്രയുടെ സഹോദരൻ അജിത് സിങ് ഡിയോൾ കുറേനാൾ സ്റ്റേഷൻ മാസ്റ്ററായി ജോലി ചെയ്തിട്ടുള്ള ആളാണ്... അവസാന പരീക്ഷണമെന്ന നിലയിൽ അച്ഛന്റെ സുഹൃത്തിന്റെ കത്തുമായി ഗുർബച്ചൻ ധർമ്മേന്ദ്രയുടെ വസതിയിലെത്തി.
ഗുർബച്ചന്റെ ഭാഗ്യത്തിന് ധർമ്മേന്ദ്രയും അജിത് സിങ്ങും അവിടെയുണ്ടായിരുന്നു. ഗുർദാസ്പുരിലെ നിന്നൊരാൾ കാണാൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ധർമ്മേന്ദ്ര ഗുർബച്ചനെ അകത്തേക്ക് വിളിച്ചു. മൂന്നു നിലയുള്ള ബിൽഡിങ്ങായിരുന്നു ധർമ്മേന്ദ്രയുടെ വസതി! ആ കെട്ടിടം പോലെത്തന്നെ വിശാലമായിരുന്നു ധർമ്മേന്ദ്രയുടെ മനസ്സും.. അവസരം തേടി ബോംബെയിൽ എത്തുന്ന പലർക്കും തന്നാൽ കഴിയുന്ന സഹായം ധർമ്മേന്ദ്ര നൽകിയിരുന്നു. അവരിൽ പലർക്കും താമസത്തിനുള്ള സൗകര്യം വരെ ധർമ്മേന്ദ്ര തന്റെ വസതിയിൽ താഴത്തെ നിലയിൽ ഒരുക്കിയിരുന്നു. ധർമ്മേന്ദ്രയുടെ കെട്ടിടത്തിന്റെ താഴത്തെ നില, സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ വരുന്നവർക്കായി മാറ്റിവച്ചിരിക്കുകയാണ് എന്നൊരു സംസാരം തന്നെ അന്നുണ്ടായിരുന്നു. കള്ളുകുടിക്കാത്ത സിഗരറ്റ് വലിക്കാത്ത ചായ പോലും കുടിക്കാത്ത ഗുസ്തിക്കാരനായ ഗുർബച്ചൻ സിങ് എന്ന അന്നത്തെ ഇരുപതുകാരനോട് ധർമ്മേന്ദ്രയ്ക്ക് അനുകമ്പ തോന്നി. പതിവുപോലെ താഴത്തെ നിലയിൽ ഒരിടം ഗുർബച്ചന് വേണ്ടി ധർമ്മേന്ദ്ര ഒരുക്കി. പിറ്റേന്ന് ഷൂട്ടിങ് സെറ്റിലെത്തി, അന്നത്തെ പ്രശസ്ത സംഘട്ടന സംവിധായകനും എക്സ്ട്രാ നടനുമായിരുന്ന രവി ഖന്നയുടെ അടുത്ത് സ്റ്റണ്ട് സഹായിയായി ഗുർബച്ചനെ നിർത്തി. മാത്രമല്ല, ചില സാഹസിക രംഗങ്ങളിൽ തന്റെ ബോഡി ഡബിളായി ഗുർബച്ചനെ നിയോഗിക്കാനും ധർമ്മേന്ദ്ര അനുവദിച്ചു. രവി ഖന്നയുടെ അന്നത്തെ പ്രധാന സഹായി വീരു ദേവ്ഗണുമായി (നടൻ അജയ് ദേവ്ഗണിന്റെ പിതാവ്) സൗഹൃദത്തിലായ ഗുർബച്ചൻ, പിന്നീട് വീരു ദേവ്ഗൺ സ്വതന്ത്ര സംഘട്ടന സംവിധായകനായപ്പോൾ വീരുവിന്റെ ടീമിലെ പ്രധാന സഹായിയായി. മറ്റൊരു പ്രധാന സഹായിയായ ഫൈറ്റ് മാസ്റ്റർ മോഹൻ ബഗ്ഗാദുമായി ഗുർബച്ചൻ പരിചയപ്പെടുന്നത് അവിടെ വച്ചായിരുന്നു.
ധർമ്മേന്ദ്ര തന്നെയാണ് ഗുർബച്ചനെ രാജേഷ് ഖന്നയ്ക്ക് പരിചയപ്പെടുത്തുന്നത്. പ്രണയ ചിത്രങ്ങളിൽ നിന്നും മാറി വല്ലപ്പോഴുമെങ്കിലും ആക്ഷൻ സിനിമകളും ഖന്ന ചെയ്തിരുന്ന സമയമായിരുന്നു അത്. മൻമോഹൻ ദേശായിയുടെ സംവിധാനത്തിൽ ROTI എന്ന ചിത്രത്തിൽ തന്റെ ഡ്യൂപ്പ് ആകാൻ രാജേഷ് ഖന്ന ഗുർബച്ചനെ അനുവദിച്ചു. ഈ സിനിമയുടെ സെറ്റിൽ രാജേഷ് ഖന്നയെ കാണാനെത്തിയ നടനും സംവിധായകനും മനോജ് കുമാറിന്റെ ശ്രദ്ധ ഗുർബച്ചനിൽ പതിയുകയും അദ്ദേഹം ROTI KAPADA AUR MAKAN എന്ന തന്റെ അടുത്ത ചിത്രത്തിലേ സ്റ്റണ്ട് ടീമിലേക്കും അതിൽ ഒരു ചെറിയ റോൾ ചെയ്യാനും ഗുർബച്ചനെ ക്ഷണിച്ചു. അങ്ങനെ Roti എന്ന വാക്കിലുള്ള രണ്ടു സിനിമകളിലൂടെ ഗുർബച്ചന്‌ സിനിമയിൽ റൊട്ടി ഉറപ്പാക്കി. 1977ൽ റിലീസായ INKAR എന്ന വിനോദ് ഖന്ന ചിത്രത്തിൽ ഹെലൻ നൃത്തം ചെയ്യുന്ന Mungda Mungda.. എന്ന ഗാനത്തിൽ മസിൽ പിടിച്ച് നിൽക്കുന്ന ഗുണ്ടയുടെ റോളിലാണ് ഗുർബച്ചന്റെ മുഖം ആദ്യമായി പ്രേക്ഷകർ ശ്രദ്ധിച്ചതെന്ന് പറയാം. ആ ഗാനരംഗത്തിനു ശേഷമുള്ള അംജദ് ഖാനുമായി ഗുർബച്ചന്റെ സ്റ്റണ്ടും ശ്രദ്ധിയ്ക്കപ്പെട്ടു. സ്റ്റണ്ട് സീനുകളിലെ സ്ഥിരം തല്ലുകൊള്ളി സംഘത്തിൽ നിന്നും ഗുർബച്ചന് മോചനം കൊടുത്തതും മനോജ് കുമാർ തന്നെ.. അദ്ദേഹത്തിന്റെ Kranthi എന്ന ചിത്രത്തിലെ ബ്രിട്ടീഷ് സൈന്യത്തിന്റെ മേധാവിയുടെ, സ്‌ക്രീനിൽ സംഭാഷണവും ക്ലോസപ്പും ആവശ്യത്തിനുള്ള, ഒരു റോളിൽ ഗുർബച്ചന്റെ മുഖം അന്നത്തെ പ്രേക്ഷകരുടെ മനസ്സിൽ ശരിക്കും പതിഞ്ഞു.
Kranthiയുടെ റിലീസിന് മുമ്പേ പുറത്തിറങ്ങിയ Mr.Natwarlal എന്ന അമിതാബ് ബച്ചൻ ചിത്രത്തിൽ വില്ലൻ അംജദ് ഖാന്റെ വലംകൈയായി ഗുർബച്ചൻ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു റോൾ കൂടി ചെയ്തിരുന്നു.. മാത്രമല്ല, വില്ലൻ സംഘത്തിലെ ആളുകൾ ചേർന്ന് ആടിപ്പാടുന്ന ഒരു ഗാനരംഗത്തിൽ പാട്ടിന് നേതൃത്വം കൊടുത്തതും ഗുർബച്ചന്റെ കഥാപാത്രമായിരുന്നു. പിന്നീടങ്ങോട്ട് അമിതാബ് ബച്ചന്റെ സിനിമകളിൽ ഗുർബച്ചൻ ഒരു സ്ഥിരം സാന്നിധ്യമായിരുന്നു. 1984ലെ Sharaabi എന്ന ചിത്രത്തിൽ ബച്ചനും ഗുർബച്ചനും ചേർന്നുള്ള രംഗങ്ങൾ ഏറെ രസകരമായിരുന്നു.. Mahaan എന്ന ബച്ചൻ ചിത്രത്തിലെ ടോണി ദാദ, Mr.Indiaയിലെ മൊഗംബോയുടെ സൈന്യത്തലവന്റെ റോളും എല്ലാം ഗുർബച്ചനായിരുന്നു അവതരിപ്പിച്ചത്. തൊണ്ണൂറുകളിൽ സുനിൽ ഷെട്ടി നായകനായ Raghuveer എന്ന ചിത്രത്തിൽ ഗുർബച്ചൻ അവതരിപ്പിച്ച കൈക്കൂലിക്കാരനായ പോലീസ് ഇൻസ്‌പെക്ടർ കഥാപാത്രത്തിന് ഗുർബച്ചൻ സിംഗ് എന്ന സ്വന്തം പേര് തന്നെയായിരുന്നു. ആ റോളിലൂടെ അല്പസ്വല്പം കോമേഡിയും തന്റെ മുഖത്ത് വഴങ്ങുമെന്ന് ഗുർബച്ചൻ തെളിയിച്ചു. അവസരം ചോദിച്ച് ആദ്യമെത്തിയപ്പോൾ തന്നെ അവഗണിച്ച ദേവാനന്ദിന്റെ കൂടെ അഭിനയിക്കാനും ഗുർബച്ചന് യോഗമുണ്ടായി. ആ സെറ്റിൽ വച്ച് പഴയ സംഭവം ഗുർബച്ചൻ ദേവാനന്ദിനെ ഓർമ്മിപ്പിച്ചപ്പോൾ, "Thats cinema for you.. ആരൊക്കെ എന്തൊക്കെ ആകുമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്.. അന്ന് നിന്നെ മടക്കിയയച്ചതും ഇപ്പോൾ എന്റെ സിനിമയിൽ നീ അഭിനയിക്കുന്നതും എല്ലാം സിനിമയുടെ സ്വഭാവമാണ്.." എന്നായിരുന്നു ദേവാനന്ദിന്റെ മറുപടി.
ഗുർബച്ചന്റെ മലയാള സിനിമ ബന്ധം ഹിസ് ഹൈനസ് അബ്ദുള്ളയിൽ ആയിരുന്നു തുടങ്ങിയതെന്നാണ് എന്റെ ഓർമ്മ. വേറെ മലയാളം സിനിമയിൽ ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ എന്നറിയില്ല. സിനിമയുടെ തിരക്കിൽ നിന്നെല്ലാം വിട്ടൊഴിഞ്ഞ ഗുർബച്ചൻ തന്റെ എഴുപതാം വയസ്സിൽ ഗുർദാസ്പൂരിൽ കുടുംബസമ്മേതം വിശ്രമ ജീവിതം നയിക്കുന്നു. ഇടയ്ക്ക് പഞ്ചാബി സിനിമകളിൽ അഭിനയിക്കുന്ന അദ്ദേഹം, ധർമ്മേന്ദ്രയും മോഹൻ ബഗ്ഗാദുമായുള്ള സൗഹൃദം ഇന്നും തുടരുന്നു. ധർമ്മേന്ദ്രയുടെ നല്ല മനസ്സ് ഇല്ലായിരുന്നെങ്കിൽ താൻ പഞ്ചാബിൽ ഏതെങ്കിലും ഒരു മൂലയിൽ ഒതുങ്ങിയേനെ എന്നാണ് ഗുർബച്ചന്റെ അഭിപ്രായം.. ഗുർബച്ചനെ പോലെ നായകന്റെ തല്ലുകൊള്ളാൻ വിധിയ്ക്കപ്പെട്ട ഒരുപാടു എക്സ്ട്രാ നടൻമാർ എല്ലാക്കാലത്തും സിനിമയിലുണ്ട്.. അവരിൽ ഭൂരിഭാഗത്തേയും പിന്നീട് ആരും ഓർക്കാറില്ല. ഗുർബച്ചനെ പോലെ ചില മുഖങ്ങളെങ്കിലും ആ ദൗർഭാഗ്യത്തിൽ നിന്നും മോചിതരാകുന്നു. പഴയ ഹിന്ദി സിനിമാപ്രേമികൾക്ക് ഏറെ സുപരിചിതമായ എക്സ്ട്രാ നടന്മാരിൽ ഒരാളായിരുന്ന ഗുർബച്ചനെ കുറിച്ച് നിങ്ങളുടെ ഓർമ്മകളും പങ്കുവെക്കുക..(സമ്പാദനം : ഗോപാല കൃഷ്ണൻ ജി)



തയ്യാറാക്കിയത് : ജയ് മോഹന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19901