View in English | Login »

Malayalam Movies and Songs

അശോക് കുമാര്‍

ജനനം1944
മരണം2014 ഒക്റ്റോബര്‍ 22
സ്വദേശംഅലഹാബാദ്
പ്രവര്‍ത്തനമേഖലഛായാഗ്രഹണം (46)
ആദ്യ ചിത്രംജന്മഭൂമി (1969)


ഉത്തരേന്ത്യന്‍ സ്വദേശിയായ അശോക് കുമാര്‍ അഗര്‍വാള്‍, തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകന്‍ ആയിരുന്നു. മലയാളം ഉള്‍പ്പെടെ തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി 125 ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അശോക് കുമാര്‍, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ആറ് ചിത്രങ്ങള്‍ സ്വന്തമായി സംവിധാനം ചെയ്തിട്ടുണ്ട്.

"നെഞ്ചത്തെ കിള്ളാതെ" എന്ന തമിഴ് ചിത്രത്തിലെ ഛായാഗ്രഹണത്തിന് 1980 ല്‍ ദേശീയ പുരസ്കാരം ലഭിച്ചു. ജന്മഭൂമി (1969), സ്വപ്നം (1973), ടാക്സി ഡ്രൈവര്‍ (1977) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ഛായാഗ്രാഹകനുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. "നെഞ്ചത്തെ കിള്ളാതെ", "അന്‍റു പെയ്ത മഴയില്‍" എന്നീ ചിത്രങ്ങളിലൂടെ മികച്ച ഛായാഗ്രാഹകനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പുരസ്കാരവും, "അഭിനന്ദന" എന്ന തെലുങ്ക് ചിത്രത്തിന് ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ പുരസ്കാരവും അശോക് കുമാറിനെ തേടിയെത്തി.

മലയാളത്തിലെ ചലച്ചിത്ര ജ്യോതിസ്സുകളായിരുന്ന പി എന്‍ മേനോന്‍, ഭരതന്‍, പദ്മരാജന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴിലെ പ്രശസ്ത സംവിധായകന്‍ ജെ മഹേന്ദ്രന്റെ സ്ഥിരം ഛായാഗ്രാഹകനായിരുന്നു. ഇന്ത്യയിലെ ആദ്യ 3D ചലച്ചിത്രം "മൈ ഡിയര്‍ കുട്ടിച്ചാത്തന്‍" എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആയിരുന്നു. മലയാളത്തിലും തമിഴിലും തൊട്ടതെല്ലാം പൊന്നാക്കിയ അശോക് കുമാര്‍ അഭിനന്ദന എന്ന ചിത്രത്തിലൂടെ തെലുങ്കിലും, കാമാഗ്നി, സച്ച പ്യാര്‍ എന്നീ ചിത്രങ്ങളിലൂടെ ഹിന്ദിയിലും ബ്ലാക് വാട്ടേഴ്‌സ് എന്ന ചിത്രത്തിലൂടെ ഇംഗ്ലീഷിലും സാന്നിധ്യമറിയിച്ചു. മൂന്നു ദശാബ്ദങ്ങളിലായി എക്കാലവും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന നിരവധി ചിത്രങ്ങളിലാണ് ഈ പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞിട്ടുള്ളത്. അശോക് കുമാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച സുഹാസിനി നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തിലൂടെയാണ് നടിയായി അരങ്ങേറ്റം കുറിച്ചത്. ഒരു പുതുമുഖത്തിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്ന സംവിധായകനോട് അശോക് കുമാര്‍ സുഹാസിനിയുടെ പേര് പറയുകയായിരുന്നു.

ആറ് മാസത്തോളം രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നെങ്കിലും ചെന്നൈയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. ഭാര്യ: ജ്യോതി. മക്കള്‍: പ്രശാന്ത്, വിശാഖ്, ആകാശ്, സമീര്‍.

കടപ്പാട്: മാതൃഭൂമി



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഛായാഗ്രഹണം
19691
19701
19712
19722
19736
19742
19751
19773
19789
19792
19804
19822
19832
19843
19851
19861
19871
19881
19901
19971