View in English | Login »

Malayalam Movies and Songs

ജെ സി ഡാനിയേല്‍

ജനനം1900 നവംബര്‍ 28
മരണം1975 മെയ് 07
സ്വദേശംഅഗസ്തീശ്വരം
പ്രവര്‍ത്തനമേഖലകഥ (2), അഭിനയം (1), ഛായാഗ്രഹണം (1), സംവിധാനം (1), നിര്‍മ്മാണം (1), തിരക്കഥ (1)
ആദ്യ ചിത്രംവിഗതകുമാരന്‍ (1928)
അവസാന ചിത്രംവിഗതകുമാരന്‍ (1928)


മലയാളസിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയല്‍ 1893 ഏപ്രില്‍ 19ന്‍ പണ്ടത്തെ തിരുവിതാംകൂര്‍ രാജ്യത്ത് ഇന്ന് തമിഴ് നാട് സംസ്ഥാനത്തിന്റെ ഭാഗമായ നാഗര്‍കോവിലിനടുത്ത അഗസ്തീശ്വരത്ത് ജനിച്ചു. അച്ഛനമ്മമാര്‍ മദ്ധ്യതിരുവിതാംകൂറിലെ ചങ്ങനാശ്ശേരിക്കാരായിരുന്നു. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ വിദ്യാഭ്യാസം ചെയ്തു. ആയോധനകലകളിലും കളരിപ്പയറ്റിലും അതീവതല്പരനായിരുന്ന ഡാനിയല്‍ തികഞ്ഞ അഭ്യാസിയുമായിരുന്നു. 1915 ല്‍ 22 വയസ്സുള്ളപ്പോള്‍ 'ഇന്‍ഡ്യന്‍ ആര്‍ട്ട് ഓഫ് ഫെന്‍സിങ് ', 'സ്വോഡ് പ്ലേ' എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു.
സിനിമ ഭാരതത്തില്‍ പച്ചപിടിച്ചു വരുന്ന കാലമായിരുന്നു അത്. ഡാനിയലിലെ സൂക്ഷ്മദൃക്കായ കലാകാരന്‍ സിനിമയുടെ പ്രസക്തിയും ഒരു ജനപ്രിയ മാദ്ധ്യമമെന്ന നിലയില്‍ സിനിമയുടെ ഭാവിയും തിരിച്ചറിഞ്ഞു. തന്റെ തട്ടകമായ കളരിപ്പയറ്റിനും സിനിമയിലൂടെത്തന്നെ ജനപ്രീതി നേടിക്കൊടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. സിനിമയെക്കുറിച്ച് പഠിക്കാനും സാങ്കേതികജ്ഞാനം നേടാനുമായി ആദ്യം അദ്ദേഹം പോയത് മദിരാശിയിലേക്കാണ്. 1912 ല്‍ സ്ഥാപിച്ച ‘ഗെയ്‌റ്റി‘ എന്ന ഒരൊറ്റ കൊട്ടകയുമായി സിനിമാചരിത്രത്തിന്റെ ശൈശവദശയിലായിരുന്ന മദിരാശി നഗരം പക്ഷേ ഡാനിയലിന്റെ സിനിമാസ്വപ്നങ്ങള്‍ക്ക് ഒട്ടും നിറം പകര്‍ന്നില്ല. ഒരു സ്റ്റുഡിയോയില്‍പ്പോലും ഒന്നു കടന്നുകയറാന്‍പോലും പറ്റാതെ ഡാനിയല്‍ ഒട്ടു ഹതാശനായെങ്കിലും അദ്ദേഹം നേരെ മുംബയിലേക്ക് വണ്ടികയറി. കേരളത്തില്‍ നിന്നുള്ള അദ്ധ്യാപകനാണെന്നും സിനിമയെക്കുറിച്ച് കേരളത്തിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുവാനാണെന്നും കാരണം പറഞ്ഞ് അദ്ദേഹം ബോംബെയിലെ സ്റ്റുഡിയോകളില്‍ തന്റെ ഇതിഹാസയാത്ര ആരംഭിച്ചു. മലയാളസിനിമയുടെ പിതാവെന്ന് പില്‍ക്കാലത്തറിയപ്പെടാനുള്ള പടവുകളില്‍ ആദ്യത്തേതായിരുന്നു അത്.
ബോംബെയിലെ അനുഭവസമ്പത്തും സാങ്കേതികജ്ഞാനവുമായി ജെ സി ഡാനിയല്‍ വീണ്ടും തിരുവനന്തപുരത്ത് തിരിച്ചെത്തി. തന്റെ വസ്തുവകകള്‍ വിറ്റുകിട്ടിയ നാലുലക്ഷം രൂപയാണ് തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യ സ്റ്റുഡിയോ സ്ഥാപിക്കുവാനായി ആ കലാസ്നേഹി വിനിയോഗിച്ചത്. അന്നത്തെക്കാലത്ത് നാലുലക്ഷം രൂപ മുതല്‍മുടക്കുന്നയാളിന്റെ ആസ്തി എത്രയുണ്ടാവുമെന്ന് ഊഹിക്കാവുന്നതേ ഉള്ളു.
1926 ല്‍ തന്റെ സ്വപ്നസാക്ഷാത്കാരമായ ‘ദി ട്രാവന്‍‌കോര്‍ നാഷനല്‍ പിക്ചേഴ്സ്‘ സ്ഥാപിതമായി. ഡാനിയല്‍ തന്റെ ആദ്യചിത്രത്തിന്‍ കഥയും തിരക്കഥയും തയ്യാറാക്കി ‘വിഗതകുമാരന്‍ ‘ എന്ന് പേരും നല്‍കി. ഡാനിയല്‍ തന്നെയായിരുന്നു സംവിധാനവും കാമറയും. വിഗതകുമാരന്‍ ഒരു നിശ്ശബ്ദചിത്രമായിരുന്നു. അതിലെ നായകനും അദ്ദേഹം തന്നെയായിരുന്നു. വിഗതകുമാരന്റെ എഡിറ്റിങ് ഉള്‍പ്പടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും എല്ലാം അദ്ദേഹം തന്നെ ചെയ്തുതീര്‍ത്തു. ആദ്യകാലത്തിറങ്ങിയ സാമൂഹ്യപ്രാധാന്യമുള്ള സിനിമകളിലൊന്നായിരുന്നു വിഗതകുമാരന്‍ . പുരാണകഥകളുമായി ഇറങ്ങിയിരുന്ന അന്നത്തെ സിനിമകളില്‍ നിന്ന് വിഗതകുമാരന്‍ വേറിട്ടു നിന്നു.
1928 നവംബര്‍ 7 ന് വിഗതകുമാരന്‍ തിരുവനന്തപുരത്തെ കാപ്പിറ്റോള്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചു. റോസി എന്ന വനിതയായിരുന്നു വിഗതകുമാരനിലെ നായിക. അന്നത്തെക്കാലത്തെ യാഥാസ്ഥിതിക സമൂഹത്തിന്‍ ഒട്ടും സഹിക്കാന്‍ പറ്റാത്തതായിരുന്നു ഒരു സ്ത്രീ നായികയായും മറ്റും സിനിമയില്‍ അഭിനയിക്കുന്നത്. സിനിമാഭിനയത്തിലും മറ്റും എത്തുന്ന സ്ത്രീകളെ വേശ്യകളായി ചിത്രീകരിച്ച് അവരെ സമൂഹത്തില്‍ നിന്നും തികച്ചും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. വിഗതകുമാരന്റെയും അതില്‍ അഭിനയിച്ച റോസിയുടെയും ഗതിയും തിരുവനന്തപുരത്ത് മറ്റൊന്നായിരുന്നില്ല. കാപ്പിറ്റോള്‍ തീയറ്ററിന്റെ വെള്ളിത്തിര യാഥാസ്ഥിതിക കല്ലേറില്‍ കീറി. റോസിയെയും ജനം കല്ലെറിഞ്ഞ് നാടുകടത്തി. തമിഴ്നാട്ടിലെവിടെയോ ജീവിച്ചു മരിച്ച ഹതഭാഗ്യയായ മലയാളത്തിലെ ആദ്യനായികയെപ്പറ്റി ഇന്നും അധികം വിവരങ്ങളില്ല.
വിഗതകുമാരന്‍ ആലപ്പുഴയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ തിരുവനന്തപുരത്തെ അത്ര മോശം പ്രതികരണമായിരുന്നില്ല. തൊഴിലാളിപ്രസ്ഥാനങ്ങളിലൂടെയും മറ്റും ആലപ്പുഴയും പരിസരങ്ങളും പുരോഗമനാശയങ്ങളെ സ്വാഗതം ചെയ്തിരുന്ന കാലമായിരുന്നു അത്. ആലപ്പുഴയിലെ സ്റ്റാര്‍ തീയറ്ററിലാണ് വിഗതകുമാരന്‍ പ്രദര്‍ശിപ്പിച്ചത്.
നിശ്ശബ്ദ സിനിമയായതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ കഥയും സന്ദര്‍ഭങ്ങളും വിളിച്ചു പറഞ്ഞ് വിശദീകരിക്കുവാനായി ഒരു അനൌണ്‍സര്‍ ഉണ്ടായിരുന്നു. ചിലപ്പോള്‍ സിനിമ മങ്ങിപ്പോകുമ്പോള്‍ ആദ്യസിനിമയായതുകൊണ്ട് ക്ഷമിക്കണമെന്നും തീര്‍ച്ചയായും അടുത്തപടങ്ങള്‍ ഗംഭീരമാകുമെന്നുമുള്ള അനൌണ്‍സറിന്റെ വാക്ചാതുര്യത്തിന് ജനത്തിന്റെ ഹൃദയംഗമമായ കയ്യടി കിട്ടി.
ആകെ ഒരു പ്രിന്റ് ഉള്ള വിഗതകുമാരനുമായി ജെ സി ഡാനിയല്‍ തന്നെയാണ് ആലപ്പുഴയില്‍ പ്രദര്‍ശനത്തിനായി എത്തിയത്. കൊല്ലത്തും തൃശ്ശൂരിലും നാഗര്‍കോവിലിലും വിഗതകുമാരന്‍ പ്രദര്‍ശിപ്പിച്ചു.
സാമ്പത്തികമായി പരാജയപ്പെട്ട് കടം കയറിയ ജെ സി ഡാനിയലിന് തന്റെ കടം വീട്ടാനായി സ്റ്റുഡിയോയും സകലസാധനങ്ങളും വില്‍ക്കേണ്ടി വന്നു. അതോടെ ഒരു മഹത് സ്വപ്നത്തിന്റെ ശവമടക്കലും നടന്നു. ജെ സി ഡാനിയല്‍ എന്ന കലാകാരന്‍ ഒരു ദന്തവൈദ്യനായി പിന്‍‌വാങ്ങി അഗസ്ത്യീശ്വരത്ത് തന്റെ ശിഷ്ടകാലം കഴിച്ചു.
പ്രശസ്ത സിനിമാ ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണനാണ് ആരോരുമറിയാതെ ജീവിതം കഴിച്ചുകൂട്ടിയ മലയാളസിനിമയുടെ പിതാവിന്റെ കഥ 1960 കളില്‍ വിവിധ ലേഖനങ്ങളിലൂടെ ജനഹൃദയങ്ങളിലെത്തിച്ചത്. പണ്ടത്തെ തിരുവിതാംകൂറില്‍ ആയിരുന്നിട്ടും, മലയാളത്തിലെ ആദ്യസിനിമ നിര്‍മ്മിക്കാന്‍ ഒരു ജീവിതം തുലച്ചിട്ടും തമിഴ്‌നാട്ടില്‍ താമസമായതുകൊണ്ട് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ തമിഴ് നാട് സര്‍ക്കാരിനെ സമീപിക്കാനാണ് കേരള ഗവണ്‍മെന്റ് അദ്ദേഹത്തോട് പറഞ്ഞത്. വളരെയധികം ശ്രമങ്ങള്‍ക്കു ശേഷം കേരള ഗവണ്‍മെന്റ് ജെ സി ഡാനിയലിനെ മലയാളിയായി അംഗീകരിക്കുകയും അദ്ദേഹത്തെ മലയാളസിനിമയുടെ പിതാവെന്ന സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്തു.
1975 മെയ് 7 ന് ആ മഹാനായ കലാകാരന്‍ മണ്മറഞ്ഞു.
ജെ സി ഡാനിയല്‍ പുരസ്കാരം മലയാളസിനിമയ്ക്കുള്ള സമഗ്രസംഭാവനയ്ക്കായി നല്‍കുന്നു. 1992 മുതല്‍ കേരള ഗവണ്മെന്റിന്റെ സാംസ്കാരിക വകുപ്പാണ് ഈ അവാര്‍ഡ് നല്‍കുന്നത്. സാംസ്കാരിക വകുപ്പില്‍ നിന്നും ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ്‍ 1998 മുതല്‍ ഈ അവാര്‍ഡ് ദാനത്തിന്റെ ചുമതല.
ജെ സി ഡാനിയലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ജെ സി ഫൌണ്ടേഷനും സിനിമാരംഗത്തെ സംഭാവനകള്‍ക്കായി വിവിധങ്ങളായ പുരസ്കാരങ്ങള്‍ നല്‍കി വരുന്നു.

അവലംബം : വിക്കിപ്പീഡിയ



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംകഥഅഭിനയംഛായാഗ്രഹണംസംവിധാനംനിര്‍മ്മാണംതിരക്കഥ
1928111111
20031 - - - - -