View in English | Login »

Malayalam Movies and Songs

ജെ ഡി തോട്ടാൻ

പ്രവര്‍ത്തനമേഖലസംവിധാനം (14), നിര്‍മ്മാണം (4), കഥ (3)
ആദ്യ ചിത്രംകൂടപ്പിറപ്പ്‌ (1956)


മലയാള ചലച്ചിത്ര സംവിധായകനും നിര്‍മാതാവും. 1944-ല്‍ സിനിമാരംഗത്തു പ്രവേശിച്ച ജെ.ഡി. തോട്ടാന്‍ അഞ്ച് ദശകക്കാലം ഈ രംഗത്തു പ്രവര്‍ത്തിച്ച സംവിധായകനാണ്. ഒരു വര്‍ഷം മൂന്നോ നാലോ ചിത്രങ്ങള്‍ ഇറങ്ങുന്ന കാലഘട്ടം മുതല്‍ നൂറ്റി ഇരുപത്തേഴ് ചിത്രങ്ങള്‍ ഇറങ്ങുന്ന കാലഘട്ടം വരെ സിനിമാരംഗത്തു നിലയുറപ്പിച്ച അപൂര്‍വം ചിലരിലൊരാളാണ് തോട്ടാന്‍. 1946-ല്‍ മൈസൂറിലെ നവജ്യോതി ഫിലിം കമ്പനിയില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 1950-ല്‍ മദിരാശിയിലെത്തിയ ഇദ്ദേഹം വീണ്ടും രണ്ടരവര്‍ഷക്കാലം പല കമ്പനികളിലായി വിവിധ ഭാഷാചിത്രങ്ങളില്‍ സഹസംവിധായകനായി. അങ്ങനെ സിനിമയെപ്പറ്റി കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. 1952-ല്‍ അസോസിയേറ്റഡ് ഫിലിംസില്‍ ചേര്‍ന്ന തോട്ടാന്‍ ആശാദീപം, സ്നേഹസീമ തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി ജി.ആര്‍. റാവുവിന്റെയും എസ്.എസ്. രാജന്റെയും സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 1955-ല്‍ സ്വന്തം ഭാഷയില്‍ തിരിച്ചെത്തി ചിറയിന്‍കീഴ് ഖദീജാ പ്രൊഡക്ഷന്‍സിന്റെ കൂടപ്പിറപ്പ് സംവിധാനം ചെയ്തു. ഇദ്ദേഹത്തിന്റെ പ്രഥമ സംഭാവനയായ കൂടപ്പിറപ്പ് അന്നത്തെ ഒരു പരീക്ഷണ ചിത്രമായിരുന്നു. പുതുമുഖങ്ങളായ അംബികയും പ്രേംനവാസും ആണ് ഇതിലെ നായികാനായകന്മാര്‍. മറ്റു പ്രവര്‍ത്തകരും ഏറിയ പങ്കും പുതുമുഖങ്ങളായിരുന്നു. അനുഗൃഹീത കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ കൂടപ്പിറപ്പിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നത്. പ്രസിദ്ധ കഥാകാരന്‍ പോഞ്ഞിക്കര റാഫി ഇതിലൂടെ തിരക്കഥാകൃത്തായി. പുതുമുഖങ്ങളെ കണ്ടെത്തുന്നതിലുള്ള വൈഭവം പില്ക്കാലത്തും തോട്ടാന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശന വിജയം നേടിയതിനോടൊപ്പം ഇദ്ദേഹത്തിന്റെ പ്രഥമചിത്രം പുരസ്കാരങ്ങളും നേടുകയുണ്ടായി. തോട്ടാന്‍ സംവിധാനം നിര്‍വഹിച്ച സാമൂഹ്യപ്രസക്തിയുള്ള രണ്ടാമത്തെ ചിത്രമായ ചതുരംഗം ജനശ്രദ്ധ ആകര്‍ഷിക്കുകയും റീജിയണല്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. സ്ത്രീഹൃദയവും നാടോടികളും പുറത്തുവന്നതോടെ സിനിമാരംഗത്ത് നല്ലൊരു സംവിധായകനെന്ന പദവി തോട്ടാന് നേടാന്‍ കഴിഞ്ഞു. സംവിധായകനും നിര്‍മാതാവുമായ പി.സുബ്രഹ്മണ്യത്തിനോടൊപ്പം കുറച്ചുകാലം മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു. 1963-ല്‍ പ്രശസ്ത നടന്‍ രാജ്കുമാറിനെ നായകനാക്കി കന്യാരത്നം എന്ന കന്നഡ ചിത്രം സംവിധാനം ചെയ്തു. രാജ്കുമാര്‍ ആദ്യമായി സാമൂഹ്യ പ്രസക്തിയുള്ള ഒരു കഥാചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് കന്യാരത്നത്തിലാണ്. തുടര്‍ന്ന് കല്യാണഫോട്ടോ, സര്‍പ്പക്കാട്, അനാഥ, വിവാഹം സ്വര്‍ഗത്തില്‍, വിവാഹസമ്മാനം, ഓമന, ചെക്ക്പോസ്റ്റ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. പതിനഞ്ചു ചിത്രങ്ങളാണ് ആകെ സംവിധാനം ചെയ്തിട്ടുള്ളത്. പ്രമേയപരമായി ഏറെ സവിശേഷത പുലര്‍ത്തിയ, എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയും സംഭാഷണവും എഴുതിയ അതിര്‍ത്തികള്‍ ആണ് ഇദ്ദേഹം നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച അവസാന ചിത്രം. 1997 സെപ്. 23-ന് ഇദ്ദേഹം അന്തരിച്ചു.
ഈ വിവരങ്ങള്‍ ലഭിച്ചത് : http://mal.sarv.gov.in നിന്നുമാണ്



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംവിധാനംനിര്‍മ്മാണംകഥ
19561 - -
1959111
19601 - 1
19652 - -
19702 - -
19713 - -
197211 -
1974111
197711 -
19881 - -