View in English | Login »

Malayalam Movies and Songs

അപ്പന്‍ തച്ചേത്ത്‌

ജനനം1937
മരണം2011 ജൂലായ് 02
സ്വദേശംഎറണാകുളം
പ്രവര്‍ത്തനമേഖലഗാനരചന (10 സിനിമകളിലെ 33 പാട്ടുകള്‍)
ആദ്യ ചിത്രംസിന്ദൂരം (1976)


എറണാകുളം എളംകുളം തച്ചേത്ത് വീട്ടില്‍ അച്യുതന്‍ പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മൂത്തമകനായി 1937 ല്‍ തച്ചേത്ത് നില്ലകണ്ഠമേനോന്‍ എന്ന അപ്പന്‍ തച്ചേത്ത് ജനിച്ചു. കലൂര്‍ മുസ്‌ലിം മുനവ്വിറുല്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും മഹാരാജാസ് കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റിയും മലയാള വിദ്വാനും മദ്രാസ് മൈഥിലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്‌കോഴ്‌സും പൂര്‍ത്തിയാക്കി. ബിസിനസ്സ് മാനേജ്‌മെന്റില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. ചെന്നൈയില്‍ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയില്‍ സിവില്‍ എന്‍ജിനീയറായിരുന്നു.

സ്‌കൂള്‍കാലത്ത് തന്നെ എഴുത്തിലേക്ക് തിരിഞ്ഞ അപ്പന്‍ തച്ചേത്ത് കവിതയിലും ബാലസാഹിത്യത്തിലുമാണ് ശ്രദ്ധേയനായത്. പൂപ്പാലിക, അപ്‌സരസ്സുകള്‍, ഉദയാസ്തമയങ്ങള്‍, നിറങ്ങള്‍ നിഴലുകള്‍, ഏകാകിയുടെ വീണ, നിന്നെക്കുറിച്ച് വീണ്ടും, ഗോപുരത്തിലെ കുരുവി, കളിവീട് തുടങ്ങിയവയാണ് പ്രധാന കാവ്യസമാഹാരങ്ങള്‍. പത്ത് സിനിമകള്‍ക്ക് പാട്ടെഴുതിയിട്ടുണ്ട്. 1975 ല്‍ ജേസിയുടെ 'സിന്ദൂരം' എന്ന ചിത്രത്തിലൂടെയാണ് സിനിമാഗാനരംഗത്തെത്തിയത്. രാജപരമ്പരയിലെ ദേവീ... നിന്‍ ചിരിയില്‍... കുളിരോ പാലൊളിയോ... ആണ് ഇദ്ദേഹത്തിന്റെ ഹിറ്റുഗാനങ്ങളിലൊന്ന്. നൂറോളം ഭക്തിഗാനകാസറ്റുകള്‍ക്ക് പാട്ടെഴുതിയ അപ്പന്‍ തച്ചേത്ത് 120 ഓളം നാടകങ്ങള്‍ക്കും ഗാനരചയിതാവായി. 10 ലളിതഗാനക്കാസറ്റുകളും അഞ്ച് കവിതാകാസറ്റുകളും ഇദ്ദേഹത്തിന്റേതായുണ്ട്. എഴുപതാം പിറന്നാളിന് കുടുംബം പ്രസിദ്ധീകരിച്ച 'സ്‌നേഹതീരങ്ങള്‍' അപ്പന്‍ തച്ചേത്തിന്റെ ജീവിതത്തിന്റെ സ്മരണികയാണ്.

വൃക്കരോഗത്തേ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന അപ്പന്‍ തച്ചേത്ത് 2011 ജൂലൈ 2 ന് പുലര്‍ച്ചെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.


കടപ്പാട്: മാതൃഭൂമി



തയ്യാറാക്കിയത് : രാജഗോപാല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
19767 -
19771 -
19782 -
19814 -
19964 -
20009 -
20026 -