എം കുഞ്ചാക്കോ
| പ്രവര്‍ത്തനമേഖല | നിര്‍മ്മാണം (52), സംവിധാനം (40), കഥ (2) |
| ആദ്യ ചിത്രം | വെള്ളിനക്ഷത്രം (1949) |
| മക്കള്‍ | ബോബന് കുഞ്ചാക്കോ |
മണിചാക്കോ-ഏലിയാമ്മ ദമ്പതികളുടെ പുത്രനായി കുഞ്ചാക്കോ 1912 ഫെബ്രുവരി 19 ന് പുളിങ്കുന്നിൽ ജനിച്ചു.
കേളത്തിലെ ആദ്യത്തെ ഫിലിംസ്റ്റുഡിയോ ആയ‘ ട്രാവങ്കൂർ നാഷണൽ പിക്ക്ച്ചേഴ്സ്’ 1926ൽ തിരുവനന്തപുരത്ത് സ്ഥാപിച്ച ജെ.സി.ഡാനിയലിനെ മാതൃകയാക്കിക്കൊണ്ട് 1942ൽ ‘ഉദയാ’സ്റ്റുഡിയോ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം സ്വന്തന്ത്ര സിനിമാജീവിതം ആരംഭിച്ചു.സുഹൃത്തുക്കളായ ടി.വി.തോമസ്സും അഭിനേതാവ് ‘ആലപ്പി വിൻസെന്റ്’ഉം ഒപ്പമുണ്ടായിരുന്നു.ആദ്യത്തെ നാലു സിനിമകളായ ‘വെള്ളിനക്ഷത്രം’‘നല്ല തങ്ക’‘ജീവിതനൌക’ ‘വിശപ്പിന്റെ വിളി’ എന്നിവ നിർമ്മിച്ചത് കെ&കെ.പ്രൊഡക്ക്ഷൻസ് എന്ന ബാനറിൽ ആയിരുന്നു .
മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് പടം എന്ന ബഹുമതി 250 ദിവസം ഓടിയ ‘ജീവിതനൌക’കയ്യടക്കിയതോടെ ആലപ്പുഴയിലെ ഈ സിനിമാനിർമ്മാതാക്കൾ മലയാളികളുടെ ശദ്ധപിടിച്ചുപറ്റി.
ഒപ്പമുണ്ടായിരുന്നവർ പല കാരണങ്ങളാൽ വേർ പിരിഞ്ഞതോടെ ‘ഉദയ’കുഞ്ചാക്കോ സ്വന്തമായെടുത്തു.1960 ൽ ‘ഉമ്മ’യിലുടെ കുഞ്ചാക്കോ സംവിധാനരംഗത്തേക്കും കടന്നു.
മലയാളസിനിമയുടെ അണിയ പ്രവർത്തനങ്ങളെ മദ്രാസിൽ നിന്ന് കേരളത്തിലേക്ക് വലിയൊരളവോളം മാറ്റിസ്ഥാപിച്ചത് കുഞ്ചാക്കോ ആയിരുന്നു.
കച്ചവടസിനിമയുടെ നാഡിമിടിപ്പ് അളക്കുന്ന രസതന്ത്രമാപിനി കയ്യിലൊതുക്കിയ കുഞ്ചാക്കോയുടെ സിനിമകൾ വൻവിജയം കണ്ടെത്തിയ കഥകളാണ് അതിനുശേഷമുള്ള ഉദയായുടെ ചരിത്രം.
അടുത്ത സുഹൃത്തായിരുന്ന പ്രേംനസീറിന്റെ വിജയഗാഥ ഉദയായുടെയും കുഞ്ചാക്കോയുടെയും അസൂയാവഹമായ വളർച്ചയുമായി ഇഴചേർന്നുകിടക്കുന്നു.
’പ്രേംനസീർ കോട്ടേജ്’ എന്നൊരു കോട്ടേജ് തന്നെ ഉദയാസ്റ്റൂഡിയോയിൽ അദ്ദേഹതിന്റേതായുണ്ടായിരുന്നു.
സാമാന്യജനത്തിന്റെ അഭിരുചിയ്ക്കനുസരിച്ചുള്ള കുടുംബകഥകളും,വടക്കൻ പാട്ടുകളും,സാമൂഹ്യചിത്രങ്ങളും ‘ഉദയാ’ഒന്നൊന്നായി പുറത്തിറക്കിത്തുടങ്ങിയ കാലത്ത് തന്നെ ജനപ്രിയ സിനിമയിൽ സംഗീതത്തിനുള്ള പ്രാധാന്യം തിരിച്ചറിയാനുള്ള വാസനാബലം നേടിയിരുന്നു അദ്ദേഹം.
അങ്ങിനെയാണ് മലയാളിയുടെ പ്രീയപ്പെട്ട യേശുദാസിന്റെ വളർച്ചയുടെ ആദ്യപടവുകൾ ഉദയാസ്റ്റുഡിയോയിൽ ഒരുക്കാനുള്ള നിയോഗം കുഞ്ചാക്കോ ഏറ്റെടുത്തത്. ആക്കാലത്ത് സിനിമാസംഗീതരംഗത്തൊന്ന് തലകാണിച്ചു മാത്രം നിന്നിരുന്ന യേശുദാസിന്,1962 ൽ ഉദയായുടെ ‘ഭാര്യ’ എന്ന ഹിറ്റ് സിനിമയിൽ ഒരവസരം കൊടുത്ത കുഞ്ചാക്കോയുടെ പിന്നീടുള്ള ഒട്ടുമിക്ക ചിത്രങ്ങളും യേശുദാസ്-വയലാർ-ദേവരാജൻ ത്രിത്വം തീർത്ത സംഗീതവസന്തോത്സവം തന്നെയായി മാറി .
ഈ നാലുപേരും മലയാളസിനിമാ ചരിത്രത്തിലെ താളുകൾ സ്വന്തമാക്കിയ വർഷങ്ങളായിരുന്നു പുറകേ വന്നത്.
അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയിൽ നിറഞ്ഞുനിന്ന ഒരുപാട് നടീനടന്മാർ
സത്യൻ,ശാരദ,അടൂർഭാസി,ഉമ്മർ,ജയഭാരതി,വിജയശ്രീ,തുടങ്ങിയവരെപ്പോലെയുള്ള അതിപ്രശസ്തർ-പലരും കുഞ്ചാക്കോ സ്ക്കൂളിൽ പയറ്റിത്തെളിഞ്ഞവരായിരുന്നു.
സ്വയം സംവിധാനം ചെയ്തുകൊണ്ടിരുന്ന കാലത്ത് തന്നെ മറ്റ് പ്രമുഖസംവിധായകർക്ക് വേണ്ടിയും ഉദയാ സിനിമകൾ നിർമ്മിച്ചു.അങ്ങിനെയാണ് വിൻസെന്റ്,എം.കൃഷ്ണൻനായർ,തോപ്പിൽഭാസി എന്നിവരെപ്പോലെയുള്ളവർ ഉദയയുടെ ബാനറിൽ തിളങ്ങിയത്.
കലയും കച്ചവടവും തമ്മിലുള്ള അനുരഞ്ജനമായിരുന്നു കുഞ്ചാക്കോ ചിത്രങ്ങളുടെ വിജയരഹസ്യം.
നിർമ്മാണവും വിതരണവും സ്വയം നിയന്ത്രിച്ചതിനൊപ്പം.പ്രമുഖനടീനടന്മാരും അണിയറപ്രവർത്തകരും സാങ്കേതികവിദഗ്ദ്ധരും അടങ്ങിയ ഒരു വലിയ സിനിമാകുടുംബം കുഞ്ചാക്കോയുടെ നേതൃത്തത്തിൽ സിനിമയിൽ നിന്ന് സിനിമയിലേക്ക് സഞ്ചരിച്ചു.പിന്നീട് പേരെടുത്ത പല സാങ്കേതികവിദഗ്ദ്ധരും ഉദയായുടെ കളരിവിട്ടിറങ്ങിയവരായിരുന്നു.
മലയാളസിനിമയുടെ വളർച്ചയിലും വികാസത്തിലും വ്യാവസായിക വിപണനത്തിലും കുഞ്ചാക്കോ വെട്ടിത്തുറന്ന വഴികളിലൂടെത്തന്നെയാണ് പിന്നീട് വന്നവർ മുന്നേറിയത്.
നാൽപ്പത് ചിത്രങ്ങൾ സ്വയം സംവിധാനം ചെയ്ത കുഞ്ചാക്കോ,ഉദയയുടെ ബാനറിലെ എഴുപത്തിയഞ്ചാം സിനിമയായ ‘കണ്ണപ്പനുണ്ണി’യാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്തത്.
1976 ൽ ‘മല്ലനും മാതേവനും’ എന്ന സിനിമയുടെ പാട്ടുകളുടെ റിക്കോഡിങ്ങിനായി കെ.രാഘവനുമൊത്ത് തമിഴ്നാട്ടിൽ പോയസമയത്താണ് കുഞ്ചാക്കോ നിര്യാതനാകുന്നത്-15 ജുലൈ 1976ൽ.
ഭാര്യ അന്നമ്മ ചാക്കൊ.നാലുമക്കൾ.
മകൻ ബോബൻ കുഞ്ചാക്കോ ചലച്ചിത്രസംവിധായകനായപ്പോൾ ബോബന്റെ മകൻ കുഞ്ചാക്കോ ബോബൻ പ്രശസ്തനടനായി തുടരുന്നു.
കുഞ്ചാക്കോയുടെ സഹോദരൻ നവോദയ അപ്പച്ചൻ സ്വന്തം നിലയിൽ മലയാളസിനിമാചരിത്രത്തിന്റെ ഭാഗമായിമാറിക്കഴിഞ്ഞു.
കടപ്പാട്-വിക്കിപ്പീഡിയ
ചിത്രഭൂമി
തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്
സ്ഥിതിവിവരക്കണക്കുകള്‍
| വര്‍ഷം | നിര്‍മ്മാണം | സംവിധാനം | കഥ |
|---|---|---|---|
| 1949 | 1 | - | - |
| 1950 | 1 | - | - |
| 1951 | 1 | - | - |
| 1952 | 2 | - | - |
| 1954 | 1 | - | 1 |
| 1955 | 1 | - | 1 |
| 1960 | 3 | 3 | - |
| 1961 | 2 | 2 | - |
| 1962 | 2 | 2 | - |
| 1963 | 2 | 2 | - |
| 1964 | 2 | 2 | - |
| 1965 | 3 | 2 | - |
| 1966 | 3 | 3 | - |
| 1967 | 2 | 2 | - |
| 1968 | 3 | 3 | - |
| 1969 | 1 | 1 | - |
| 1970 | 5 | 3 | - |
| 1971 | 2 | 1 | - |
| 1972 | 3 | 2 | - |
| 1973 | 3 | 3 | - |
| 1974 | 2 | 2 | - |
| 1975 | 4 | 4 | - |
| 1976 | 2 | 2 | - |
| 1977 | 1 | 1 | - |