View in English | Login »

Malayalam Movies and Songs

പി പത്മരാജന്‍

ജനനം1946 മെയ് 23
മരണം1991 ജനുവരി 24
സ്വദേശംമുതുകുളം, ആലപ്പുഴ
പ്രവര്‍ത്തനമേഖലസംഭാഷണം (36), തിരക്കഥ (36), കഥ (32), സംവിധാനം (18), എഡിറ്റിങ്ങ് (1), ആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംപ്രയാണം (1975)
അവസാന ചിത്രംഞാന്‍ ഗന്ധര്‍വ്വന്‍ (1991)
മക്കള്‍മാധവിക്കുട്ടി , പി അനന്തപദ്മനാഭന്‍


അതീവ ഹൃസ്വമായ തന്റെ ജീവിത കാലത്തിനിടയ്ക്കു പല വ്യത്യസ്ത രംഗങ്ങളില്‍ തിളങ്ങുന്ന പ്രതിഭ പ്രദര്‍ശിപ്പിച്ച ഒരു കലാകാരനായിരുന്നു പദ്മരാജന്‍. ഒരു സാഹിത്യകാരന്‍, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍, എന്നീ രംഗങ്ങളില്‍ പ്രത്യേകിച്ചും.

ആലപ്പുഴ മുതുകുളത്ത് തുണ്ടത്തില്‍ അനന്തപദ്മനാഭന്‍ പിള്ളയുടെയും ഞവരയ്ക്കല്‍ ദേവകിയമ്മയുടെയും എട്ടു മക്കളില്‍ ആറാമനായി 1945 മേയ് 23 -നു ജനിച്ചു. പ്രാരംഭ പഠനം മുതുകുളത്തെ സ്കൂളില്‍ വെച്ചായിരുന്നു. ഉപരിപഠനം തിരുവനന്തപുരത്തു എം ജി കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും ആയിരുന്നു. 1963 ല്‍ രസതന്ത്രത്തില്‍ ബാച്ചിലര്‍ ബിരുദം നേടി. 1965 - ല്‍ തൃശ്ശൂര്‍ ആകാശവാണിയില്‍ അനൌണ്‍സറായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് തിരുവനന്തപുരം ആകാശവാനിയിലേക്ക് മാറ്റമായ അദ്ദേഹം ന്യൂസ് റീഡറായും അനൌണ്‍സറായും ജോലി നോക്കി. തനതായ സംസാര ശൈലിയും വേറിട്ട സൌമ്യമായ ശബ്ദവും അദ്ദേഹത്തെ ജനപ്രിയനാക്കി. അദ്ദേഹം തിരുവന്തപുരത്തുള്ള പൂജപ്പുരയില്‍ താമസമാക്കി. സിനിമകളില്‍ തിരക്കേറിയത്‌ കാരണം 1986 -ല്‍ റിട്ടയര്‍മെന്റ് എടുക്കും വരെ അദ്ദേഹം അവിടെ ജോലി ചെയ്തു.

ജോലി സംബന്ധമായി തൃശ്ശൂരില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹത്തിനു രാമു കാര്യാട്ട് , എം ടി വാസുദേവന്‍‌ നായര്‍, സേതു തുടങ്ങി അനേകം പ്രശസ്ത സാഹിത്യകാരന്മാരുമായി പരിചയപ്പെടാന്‍ സാധിച്ചു. പദ്മരാജന്റെ ആദ്യ നോവലായ "നക്ഷത്രങ്ങളെ കാവല്‍" 1972 -ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. അന്നദ്ദേഹത്തിന് 26 വയസ്സായിരുന്നു. രാമു കാര്യാട്ടുമായുള്ള സൌഹൃദം പദ്മരാജന് സിനിമയില്‍ താല്പര്യമുണ്ടാകാന്‍ കാരണമായി. ഇരുപത്തിയോന്പതു വയസ്സാകുമ്പോഴേക്കും പൂര്‍ണ്ണമായി സിനിമകളില്‍ അദ്ദേഹം മുഴുകിയിരുന്നു. സിനിമകളുണ്ടാക്കുന്നതിനിടയ്ക്കു കിട്ടുന്ന അല്പം സമയം കൊണ്ടാണ് അദ്ദേഹത്തിന്‍റെ മുഖ്യമായിട്ടുള്ള രചനകള്‍ അദ്ദേഹം നടത്തിയത്. ആകെ ഏകദേശം 15 നോവലുകളും 120 ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കഥകള്‍ വായനക്കാര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. മനുഷ്യബന്ധങ്ങളെപ്പറ്റി ഒരു പുതിയ കാഴ്ചപ്പാട് വായനക്കാര്‍ക്ക് തുറന്നു കൊടുത്ത് അദ്ദേഹം.

പ്രയാണം എന്ന ഭരതന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥയെഴുതിക്കൊണ്ട് 1975 -ല്‍ തന്റെ സിനിമാജീവിതത്തിനു പദ്മരാജന്‍ തുടക്കം കുറിച്ചു. ഇത് ഭരതന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായിരുന്നു. അന്ന് മുതല്‍ അദ്ദേഹം ആകെ 35 സിനിമകള്‍ക്ക്‌ തിരക്കഥയും സംഭാഷണവും എഴുതിയിട്ടുണ്ട്. തന്റെ തിരക്കഥകളില്‍ വളരെ കൃത്യവും വിശദവുമായി ഓരോ സീനും അദ്ദേഹം എഴുതിയിരുന്നു. സാധാരണക്കാരുടെ ഭാഷയായിരുന്നെങ്കില്‍ പോലും അതില്‍ വ്യതസ്തമായ ഒരു കാവ്യാത്മകത നിറഞ്ഞു നിന്നിരുന്നു. ഭരതന്‍-പദ്മരാജന്‍ ടീമിന്റെ എല്ലാ സിനിമകളും വളരെയധികം ജനപ്രീതി നേടുകയും, അതെ സമയം നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തവയാണ്. മറ്റു സംവിധായകര്‍ക്ക് വേണ്ടിയും പദ്മരാജന്‍ തിരക്കഥ എഴുതിയിട്ടുണ്ട്. ഐ വി ശശി (ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, കാണാമറയത്ത്), കെ ജി ജോര്‍ജ്ജ് (രാപ്പാടികളുടെ ഗാഥ), കെ എസ് സേതുമാധവന്‍ (നക്ഷത്രങ്ങളെ കാവല്‍), എന്‍ ശങ്കരന്‍ നായര്‍ (സത്രത്തില്‍ ഒരു രാത്രി), മോഹന്‍ (ശാലിനി എന്റെ കൂട്ടുകാരി), ജോഷി (ഈ തണുത്ത വെളിപ്പാന്‍ കാലത്ത്) എന്നിവരോടൊത്ത് ചെയ്ത ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു.

മറ്റു സംവിധായകര്‍ക്ക് വേണ്ടി തിരക്കഥ എഴുതുന്നതില്‍ നിന്ന് സ്വാഭാവികമായി താമസം കൂടാതെ അദ്ദേഹം അടുത്ത പടിയായ സിനിമാ സംവിധാനത്തിലേക്ക് പ്രവേശിച്ചു. സ്വന്തം കഥകളെ ആധാരമാക്കി എഴുതിയ തിരക്കഥകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ പദ്മരാജന്‍. അതുകൊണ്ട് തന്നെ ഓരോ കഥാപാത്രത്തിനും തനതായ ശക്തിയും വ്യക്തിത്വവും ഉണ്ടായിരുന്നു. സാധാരണ ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന സ്ത്രീകളും പുരുഷന്മാരും പദ്മരാജന്റെ തൂലികയില്‍ക്കൂടി പുനര്‍ജ്ജനിക്കുമ്പോള്‍ ഒരു വശ്യ സൌന്ദര്യം ആവാഹിക്കുന്നു.

അദ്ദേഹം ആദ്യം സംവിധാനം ചെയ്ത സിനിമ "പെരുവഴിയമ്പലം" (1979) ആയിരുന്നു. അതുള്‍പ്പെടെ സംവിധാനം ചെയ്ത 18 ചിത്രങ്ങളും മലയാള സിനിമ എക്കാലവും ഓര്‍മ്മിക്കുന്ന ക്ലാസിക്കുകളാണ്. അക്കാലത്ത് പദ്മരാജന്റെ അടുത്ത സിനിമ പുറത്തിറങ്ങുന്നത് പ്രതീക്ഷയോടെ കാത്തിരുന്ന അനേകം ആരാധകര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവരെ ഒരില്ലലും അദ്ദേഹം നിരാശപ്പെടുത്തിയില്ല. ഓരോ സിനിമയും കെട്ടുറപ്പുള്ള കഥകളും കഥാപാത്രങ്ങളും കാവ്യഭംഗിയാര്‍ന്ന ചിത്രീകരണവും കൊണ്ട് പ്രേക്ഷകര്‍ക്ക്‌ കണ്ണിനു വിരുന്നായി.

ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രമാണ് അദ്ദേഹം ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്തത്. ചിത്രീകരണ വേളയില്‍ ഉടനീളം അപശകുനങ്ങള്‍ ഉണ്ടായിരുന്നതായി പിന്നീട് പലരും പറഞ്ഞു. ഈ സിനിമ എടുക്കരുതെന്ന് പലരും വിലക്കിയിട്ടും പ്രതിബന്ധങ്ങളെ വകവയ്ക്കാതെ അദ്ദേഹം ചിത്രവുമായി മുന്നോട്ടു പോയി. പക്ഷെ ഈ സിനിമ പ്രേക്ഷകരുടെ ഇടയില്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. കേരളത്തിലുടനീളം ഞാന്‍ ഗന്ധര്‍വന്‍ പ്രദര്‍ശിപ്പിക്കുന്ന തീയെറ്ററുകളില്‍ നിര്‍മ്മാതാക്കളും ഗന്ധര്‍വ്വനായി അഭിനയിച്ച നിതീഷ് ഭരദ്വാജും പദ്മരാജനും സന്ദര്‍ശനം നടത്തി. അങ്ങനെ കോഴിക്കോട്ടെത്തിയ അദ്ദേഹം പെട്ടെന്നുണ്ടായ അസുഖം മൂലം അപ്രതീക്ഷിതമായി ഹോട്ടല്‍ പാരമൌണ്ട് റ്റവേഴ്സിലെ മുറിയില്‍ 1991 ജനുവരി 23 നു മരണമടഞ്ഞു.

കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്ന പുതുമുഖങ്ങളെ തിരഞ്ഞെടുക്കാന്‍ പദ്മരാജന് ഒരു പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. പദ്മരാജന്‍ മലയാളത്തിനു പരിചയപ്പെടുത്തിയ മുഖങ്ങളില്‍ അശോകന്‍, റഷീദ്, റഹ്മാന്‍, സുരേഷ് ഗോപി, ശോഭന, സുമലത, ജയറാം, അജയന്‍, നിതിഷ് ഭരദ്വാജ്, സുഹാസിനി, ശാരി എന്നിവര്‍ മലയാള സിനിമയുടെ അഭിമാനങ്ങളായി. മോഹന്‍ലാല്‍, മമ്മൂട്ടി, നെടുമുടി വേണു, തിലകന്‍ തുടങ്ങി എല്ലാ പ്രമുഖ നടന്മാരില്‍ നിന്നും അല്ഭുതാവഹങ്ങളായ പ്രകടനങ്ങള്‍ നേടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ സഹ സംവിധായകരായി പ്രവര്‍ത്തിച്ചിരുന്ന ബ്ലെസി, സുരേഷ് ഉണ്ണിത്താന്‍ എന്നിവര്‍ പിന്നീട് സ്വയം സംവിധായകരായി.

ഭാര്യ രാധാലക്ഷ്മി, മക്കള്‍ അനന്തപദ്മനാഭന്‍, മാധവിക്കുട്ടി. പെരുവഴിയമ്പലത്തില്‍ അനന്തപദ്മനാഭനും മാധവിക്കുട്ടിയും മുഖം കാണിക്കുന്നുണ്ട്. മാധവിക്കുട്ടി പിന്നീട് തിങ്കളാഴ്ച നല്ല ദിവസത്തിലും അഭിനയിക്കുകയുണ്ടായി.

അവാര്‍ഡുകളും അംഗീകാരങ്ങളും

ദേശീയ അവാര്‍ഡുകള്‍
ഏറ്റവും നല്ല മലയാള ചിത്രം
പെരുവഴിയമ്പലം, 1979
തിങ്കളാഴ്ച നല്ല ദിവസം 1985

കേരള സംസ്ഥാന അവാര്‍ഡുകള്‍
ഏറ്റവും മികച്ച ചിത്രം രണ്ടാം സ്ഥാനം (1979) പെരുവഴിയമ്പലം
ഏറ്റവും നല്ല തിരക്കഥാകൃത്തിനുള്ള അവാര്‍ഡ്‌ 1978, 1979, 1984. 1988
ഏറ്റവും ജനപ്രീതി നേടിയ സിനിമ (1983) കൂടെവിടെ

ഫിലിം ഫെയര്‍ അവാര്‍ഡുകള്‍
കൂടെവിടെ, അപരന്‍, ഇതാ ഇവിടെ വരെ, രതി നിര്‍വേദം, തകര

ഇന്ത്യന്‍ പനോരമ സെലെക്ഷന്‍
പെരുവഴിയമ്പലം, കൂടെവിടെ, തിങ്കളാഴ്ച നല്ല ദിവസം

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്
ഇതാ ഇവിടെ വരെ, പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, നവംബറിന്റെ നഷ്ടം, കൂടെവിടെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ്.

അന്താരാഷ്ട്രീയ അംഗീകാരങ്ങള്‍
ഏഷ്യന്‍ ഫിലിം ഫെസ്റ്റി വല്‍, ക്വാലാലംപൂര്‍ 1982
ഏറ്റവും മികച്ച സിനിമ, തിരക്കഥ - ഒരിടത്തൊരു ഫയല്‍വാന്‍


കടപ്പാട്

മലയാളചലച്ചിത്രം
വികിപീഡിയ
രാജേഷ് മേനോന്റെ "കടല്ക്കാറ്റിലൊരു ദൂത് " എന്ന ഡോക്യുമെന്ററി



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംതിരക്കഥകഥസംവിധാനംഎഡിറ്റിങ്ങ്ആലാപനം
197511 - - - - -
1977111 - - - -
1978555 - - - -
19792221 - - -
1980333 - - - -
198122221 - -
19822221 - - -
19833321 - - -
19842221 - - -
19853331 - - -
19864424 - - -
19872222 - - -
19882222 - - -
19891111 - - 1
19902211 - - -
19911111 - - -
2017 - - 1 - - - -