View in English | Login »

Malayalam Movies and Songs

അഗസ്റ്റിന്‍ ജോസഫ്‌

ജനനം1912
മരണം1965 ഫിബ്രവരി 01
പ്രവര്‍ത്തനമേഖലആലാപനം (2 സിനിമകളിലെ 8 പാട്ടുകള്‍), അഭിനയം (2)
ആദ്യ ചിത്രംനല്ലതങ്ക (1950)
മക്കള്‍കെ ജെ യേശുദാസ്



മട്ടാഞ്ചേരിയില്‍ കര്‍ഷകരായിരുന്ന ആഗസ്തിയുടെയും ത്രേസ്യാമ്മയുടെയും ഏക മകനായി 1912 –ലാണ് അഗസ്റ്റിന്‍ ജോസഫ് എന്ന് പിന്നീട് പ്രഖ്യാതനായ ജോസഫ് ജനിച്ചത്‌. ചെറുപ്പത്തില്‍ തന്നെ ആ ബാലന്‍ നല്ല സംഗീതവാസന പ്രകടമാക്കിയിരുന്നു . മാതാപിതാക്കള്‍ ഇത് മനസ്സിലാക്കി കലാരംഗത്ത് സ്വന്തം സമൂഹത്തിലെയും സമുദായത്തിലെയും എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് മകനെ പ്രോത്സാഹിപ്പിച്ചു. ആരെയും ആകര്‍ഷിക്കാന്‍ പോന്ന രൂപസൌന്ദര്യവും ശബ്ദസൌകുമാര്യവും സ്വന്തമായുണ്ടായിരുന്ന അഗസ്റ്റിന്‍ ജോസഫ് വളരെ പെട്ടെന്ന് തന്നെ നടനായും ഗായകനായും പ്രശസ്തി നേടി.

1934-1936 കാലഘട്ടത്തില്‍ അദ്ദേഹം മിശിഹാചരിത്രം, സത്യവാന്‍ സാവിത്രി, ഹരിശ്ചന്ദ്രന്‍ എന്നീ നാടകങ്ങളില്‍ അഭിനയിച്ചു കേരളം ആസകലം പ്രശസ്തി നേടി. ഘനഗംഭീര ശബ്ദത്തിനുടമയായിരുന്ന അഗസ്റ്റിന്‍ ജോസഫിന് അരങ്ങില്‍ അഭിനയിക്കുമ്പോഴും ഗാനങ്ങള്‍ പാടുമ്പോഴും ഉദ്ദേശിച്ച വികാരവിക്ഷോഭങ്ങള്‍ പ്രതിഫലിപ്പിക്കാനുള്ള അപാരമായ കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങള്‍ വളരെ ജനപ്രീതി നേടിയവയായിരുന്നു. ഒരുകാലത്ത് അദ്ദേഹം പാടിയ "മരക്കുരിശ്ശേ..." എന്ന ഗാനം അതിരാവിലെയും വൈകുന്നേരവും പള്ളികളില്‍ ദിവസവും മുഴങ്ങിക്കേള്‍ക്കാമായിരുന്നു.

1937 -ഫോര്‍ട്ട്‌ കൊച്ചിയിലെ സാന്റാ ക്രൂസ് കത്തീഡ്രലില്‍ വച്ച് അദ്ദേഹം മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ എലിസബത്തിനെ വിവാഹം കഴിച്ചു .

വിവാഹശേഷം 1937-1938 -ല്‍ ശ്രീ വേലുക്കുട്ടിയുടെ “കരുണ” എന്നാ നാടകത്തില്‍ അഭിനയിച്ചു . അക്കാലത്ത് കേരളത്തിലെ നാടക നടന്മാരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന ഒരാളായിരുന്നു അഗസ്റ്റിന്‍ ജോസഫ്.

1938 ജൂലൈ മൂന്നാം തീയതി പുഷ്പ എന്ന ഒരു പെണ്‍കുഞ്ഞാണ് ആദ്യം അഗസ്റ്റിന്‍ ജോസഫ് – എലിസബത്ത് ദമ്പതിമാര്‍ക്ക് പിറന്ന കുഞ്ഞ്‌ . പുഷ്പയുടെ ജനന ശേഷം അദ്ദേഹം സബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുമായി ചേര്‍ന്ന് സ്വന്തമായി ഒരു കമ്പനിയുണ്ടാക്കി . ഈ കൂട്ടുകെട്ട് 1942 വരെ നീണ്ടു നിന്നു . അതിനു ശേഷം അദ്ദേഹം ഓച്ചിറ പരബ്രഹ്മോദയം നാടക സഭയുടെ പ്രമുഖ നടനായി.

1940 ജനുവരി 10 -ന് അഗസ്റ്റിന്‍ ജോസഫ് – എലിസബത്ത് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായി കേരളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ജനിച്ചു . യേശുദാസിന് ഇളയവരായി ആന്റപ്പന്‍ , ബാബു , മണി , ജയമ്മ , ജസ്റ്റിന്‍ എന്നിവരും ആ കുടുംബത്തില്‍ പിറന്നു . ഇവരില്‍ പുഷ്പയും ബാബുവും പെട്ടെന്നുണ്ടായ അസുഖങ്ങളെ തുടര്‍ന്ന് കുഞ്ഞും നാളിലേ ഈ ലോകത്തോട്‌ വിട പറഞ്ഞു.

ഈ കാലഘട്ടത്തില്‍ അഗസ്റ്റിന്‍ ജോസഫ് ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്ന് തോപ്പുംപടിയിലേക്ക് താമസം മാറി. ആദ്യകാല മലയാള ശബ്ദചിത്രങ്ങളായ “നല്ല തങ്ക”, “വേലക്കാരന്‍ ” എന്നിവയില്‍ അഭിനയിച്ചത് മാത്രമല്ല, ഗാനങ്ങള്‍ പാടുകയും ചെയ്തു . അദ്ദേഹം പാടിയ ആദ്യ സിനിമാഗാനം "നല്ല തങ്ക" യിലെ "മനോഹരമീ മഹാരാജ്യം" എന്ന ഗാനമായിരുന്നു. "വേലക്കാരന്‍" എന്ന സിനിമയില്‍ അദ്ദേഹം പാടിയ "പാഹിമാം ജഗദീശ്വരാ" എന്ന അയ്യപ്പ ഭക്തിഗാനം ഏറെ ജനപ്രീതി നേടിയ അദ്ദേഹത്തിന്‍റെ ഭക്തിഗാനങ്ങളില്‍ ഒന്നാണ്. അത്യന്തം വശ്യതയാര്‍ന്ന ആ ശബ്ദഭംഗി പക്ഷെ അധികമാരും പ്രയോജനപ്പെടുത്തിയില്ല. അദ്ദേഹത്തിന്‍റെ ശബ്ദലേഖനങ്ങള്‍ ഇന്ന് വളരെ വിരളമായി മാത്രമേ ലഭ്യമായുള്ളൂ.

അന്‍പതുകളുടെ അവസാനത്തോടെ രോഗബാധിതനായ അദ്ദേഹം ചികിത്സയും കുടുംബ പ്രാരാബ്ധങ്ങളും കാരണം സാമ്പത്തിക തളര്‍ച്ച നേരിട്ടുകൊണ്ടിരുന്നു . നാടകവേദിയുടെ മുടിചൂടാമന്നനായിരുന്ന അഗസ്റ്റിന്‍ ജോസഫിന് ഈ വിഷമ സന്ധിയില്‍ സഹായിക്കാന്‍ ആരുമുണ്ടായില്ല. അഭിമാനിയായ അദ്ദേഹം സഹായത്തിനു ആരുടേയും മുന്‍പില്‍ കൈ നീട്ടിയതും ഇല്ല. എങ്കിലും ഈ അവസ്ഥയിലും അദ്ദേഹം യേശുദാസിന്റെ സംഗീത ശിക്ഷണത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു. മകന്റെ കഴിവില്‍ അങ്ങേയറ്റത്തെ വിശ്വാസവുമുണ്ടായിരുന്നു.

രോഗാവസ്ഥ കാരണം അദ്ദേഹത്തിനു അഭിനയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരിക്കല്‍ ചേര്‍ത്തല വാസുദേവക്കുറുപ്പിന്റെ "ചിലമ്പൊലി" എന്ന നാടകത്തില്‍ അഭിനയിക്കാന്‍ ചെറുപ്പക്കാരനായ യേശുദാസിനെ ഏറ്റുമാനൂര്‍ സോമദാസനെയും കൂട്ടി വിട്ടു. ഒരു ഡോക്ടറായി അഭിനയിക്കാനുള്ള പക്വത തോന്നിക്കുന്നില്ല എന്ന കാരണം പറഞ്ഞു യേശുദാസിനെ മടക്കിയയച്ചു. പ്രതികൂലങ്ങള്‍ അനവധി നേരിടേണ്ടി വന്നെങ്കിലും അദ്ദേഹം മനോധൈര്യവും ആത്മവിശ്വാസവും കൈവെടിഞ്ഞില്ല.

യേശുദാസിന്റെ എം ബി ശ്രീനിവാസനുമായുള്ള ആദ്യത്തെ ഓടിഷനുവേണ്ടി എല്ലാ അസുഖങ്ങളും മറന്നു അദ്ദേഹം മകനെ അനുഗമിച്ചു . ചരിത്രപ്രധാനമായ ആ കൂടിക്കാഴ്ച വികാരനിര്ഭരവും വിജയപ്രദവും ആയിരുന്നു. മകന് “കാല്‍പ്പാടുകള്‍” എന്ന ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച്‌ കെ എസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ നാല് വരി പാടാന്‍ അവസരം കിട്ടി. അഗസ്റ്റിന്‍ ജോസഫിന്റെ മാത്രമല്ല, മലയാള സിനിമയുടെ തന്നെ ഒരു വഴിത്തിരിവായിരുന്നു ആ ദിവസം.

യേശുദാസ് സിനിമാലോകത്ത് പേരെടുക്കുന്നതും , അംഗീകാരങ്ങള്‍ നേടുന്നതും ആ പിതാവ് കണ്ടു സന്തോഷിച്ചു . 1962-ല്‍ “കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍” എന്ന ഗാനം ആകാശവാണി പ്രക്ഷേപണം ചെയ്തു. സ്വന്തമായി ഒരു റേഡിയോ ഇല്ലാതിരുന്ന അഗസ്റ്റിന്‍ ജോസഫും കുടുംബവും അടുത്ത വീടിന്റെ ഉമ്മറത്തിരുന്നു ആ ഗാനം നിര്‍ന്നിമേഷരായി കേട്ടു. അവരുടെ ഹൃദയങ്ങള്‍ ആഹ്ലാദ ഭരിതങ്ങളായി. ആ മാതാപിതാക്കള്‍ ജന്മസാഫല്യം അനുഭവിച്ചു. അത് അഗസ്റ്റിന്‍ ജോസഫ് - എലിസബത്ത് ദമ്പതികളുടെ വിവാഹത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികമായിരുന്നു.

അസുഖങ്ങള്‍ അദ്ദേഹത്തെ വിട്ടുപിരിയാതെ നിരന്തരമായി പിന്തുടര്‍ന്നു. 1964 മധ്യത്തോടെ അദ്ദേഹം യേശുദാസിനൊപ്പം മാംബലത്തുള്ള വീട്ടില്‍ എത്തി, അവിടെ താമസിച്ചു ചികിത്സ തുടര്‍ന്നു. 1965 ഫെബ്രുവരി ഒന്നാം തീയതി ഒരു ഓപ്പറേഷനെ തുടര്‍ന്നു ആ മഹാ കലാകാരന്‍ എന്നെന്നേക്കുമായി നമ്മെ വിട്ടു പിരിഞ്ഞു. മൃതദേഹം മദ്രാസിലെ കില്‍പ്പൊക്ക് സെമിത്തേരിയില്‍ അടക്കം ചെയ്തു. ആകാര സൌകുമാര്യവും ശബ്ദഗാംഭീര്യവും അഭിനയമികവും ഒത്തിണങ്ങി നാടകരംഗത്ത് മിന്നിത്തിളങ്ങിയിരുന്ന അഗസ്റ്റിന്‍ ജോസഫിന് അന്നത്തെ ഉന്നതരും പത്രങ്ങളും വാര്‍ത്താമാധ്യമങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.



കടപ്പാട് :

മാത്തുക്കുട്ടി ജെ കുന്നപ്പള്ളിയുടെ "യേശുദാസിന്റെ കഥ "
ബി വിജയകുമാര്‍
പിക്സെല്‍ ബ്ലൂ
വിക്കിപ്പീഡിയ
MSI/MMDB



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംഅഭിനയം
195061 -
195321 -