View in English | Login »

Malayalam Movies and Songs

പി ബി ശ്രീനിവാസ്‌

യഥാര്‍ത്ഥ പേര്പ്രതിവാദി ഭയങ്കരം ശ്രീനിവാസ്
ജനനം1930 സെപ്റ്റമ്പര്‍ 22
മരണം2013 ഏപ്രില്‍ 14
സ്വദേശംകാക്കിനാട, ആന്ധ്ര പ്രദേശ്
പ്രവര്‍ത്തനമേഖലആലാപനം (88 സിനിമകളിലെ 125 പാട്ടുകള്‍), ഗാനരചന (2 സിനിമകളിലെ 2 പാട്ടുകള്‍), അഭിനയം (1)
ആദ്യ ചിത്രംഅമ്മ (1952)


ഗായകൻ, കവി, സംഗീതപണ്ഡിതൻ, സംഗീതഗവേഷകൻ എന്നീ നിലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു വേറിട്ട ശബ്ദമാണു് പി. ബി. എസ് എന്ന ശ്രീ പി. ബി. ശ്രീനിവാസൻ. പ്രതിവാദി ഭയങ്കര ശ്രീനിവാസ് എന്നാണു് മുഴുവൻ പേരു്. ഒരു സാധാരണകുടുബത്തില്‍ ശ്രീ ഫണീന്ദ്രസ്വാമിയുടേയും ശ്രീമതി ശേഷഗിരി അമ്മാളിന്റെയും മകനായി ഇദ്ദേഹം ജനിച്ചു. അമ്മ ഒരു നല്ല ഗായികയായിരുന്നു. അമ്മയുടെ ഭക്തിഗാനങ്ങള്‍ കേട്ടു വളര്‍ന്ന ഇദ്ദേഹം കുറച്ചുനാൾ കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു. അപ്പൂപ്പൻ കൃഷ്ണമാചാരിയും അതിനു പ്രോത്സാഹനം നൽകി. സിനിമയിൽ പാടണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മകനെ ഒരു അഭിഭാഷകൻ ആക്കണം എന്ന അച്ഛന്റെ ആഗ്രഹം മുൻ നിർത്തി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ബിരുദപഠനത്തിനു ശേഷം പക്ഷെ പി. ബി. എസ്. തന്റെ ഗായക സ്വപ്നങ്ങൾ സഫലമാക്കാൻ ഉള്ള ശ്രമം തുടങ്ങി. അവസാനം മകന്റെ നിർബ്ബന്ധത്തിനു വഴങ്ങി സ്വന്തം സുഹൃത്തായിരുന്ന പ്രശസ്ത വീണവിദ്വാൻ ഇമണി ശങ്കരശാസ്ത്രികളെ സമീപിച്ചു അദ്ദേഹത്തിന്റെ അച്ഛൻ. ജമിനി സ്റ്റുഡിയോയിലെ സംഗീതവിഭാഗത്തിന്റെ ചുമതലക്കാരൻ കൂടിയായിരുന്ന ശ്രീ ശാസ്ത്രികൾ പി. ബി. എസിന്റെ സിനിമാ സംഗീതരംഗത്തെ ആദ്യചുവടുകൾക്കു് ഒരു താങ്ങായി. ആർ. കെ. നാരായണന്റെ 'മിസ്റ്റര്‍ സമ്പത്ത്' എന്ന നോവൽ ജമിനിസ്റ്റുഡിയോ സിനിമയാക്കിയപ്പോൾ അതിൽ രണ്ടു വരിയുള്ള ഒരു ഹിന്ദികവിത പാടാൻ അദ്ദേഹത്തിനു് അവസരം കിട്ടി. അതായിരുന്നു അദ്ദേഹത്തിന്റെ സിനിമാസംഗീതത്തിന്റെ തുടക്കം. പിന്നെ 1953ൽ ആർ. നാഗേന്ദ്രറാവുവിന്റെ ‘ജാതകഫല’ (ജാതകം) എന്ന ബഹുഭാഷാചിത്രത്തിൽ പാടി. പ്രേമപാശം, 'വീരപാണ്ഡ്യകട്ടബൊമ്മൻ' തുടങ്ങി ഒട്ടേറെ തമിഴ്, തെലുങ്കു, കന്നടച്ചിത്രങ്ങളിൽ അദ്ദേഹം പാടി. ചുരുങ്ങിയ കാലം കൊണ്ടു് പി. ബി. എസ്. തമിഴ് സിനിമയില്‍ ജമിനിഗണേശന്റെയും കന്നടയില്‍ രാജ്കുമാറിന്റെയും സ്ഥിരം ഗായകനായി മാറി. രാജ്കുമാറിനുവേണ്ടി 180 ലേറെ ചിത്രങ്ങളില്‍ ആണദ്ദേഹം പാടിയതു്.

1955-ൽ ഇറങ്ങിയ ഹരിശ്ചന്ദ്രയിലെ (നീലാ പ്രൊഡൿഷൻസ്) മഹൽ ത്യാഗമേ എന്ന പാട്ടാണ് ആദ്യമായി മലയാളത്തിൽ അദ്ദേഹം പാടിയ ഗാനം. പിന്നീടു് 'മാമലകള്‍ക്കപ്പുറത്തു് മരതകപട്ടുടുത്തു്’ (നിണമണിഞ്ഞ കാല്പാടുകള്‍), 'ബലിയല്ല എനിക്കുവേണ്ടത് ബലിയല്ല'(റബേക്ക),' നിറഞ്ഞ കണ്ണുകളോടെ' (സ്കൂള്‍മാസ്റ്റര്‍), 'തുളസീ വിളികേള്‍ക്കൂ’ (കാട്ടുതുളസി)', ‘ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ’ '(കളഞ്ഞു കിട്ടിയ തങ്കം), 'ആകാശത്തിലെ കുരുവികള്‍ വിതയ്ക്കുന്നില്ല' (റെബേക്ക), 'വനദേവതമാരേ വിടനല്‍കൂ' (ശകുന്തള), 'യാത്രക്കാരാ പോവുക പോവുക ജീവിതയാത്രക്കാരാ’ (അയിഷ), 'കിഴക്കു കിഴക്കൊരാന’ (ത്രിവേണി) തുടങ്ങി മലയാളിക്കു് മറക്കാനാവാത്ത ഒട്ടനവധി ഗാനങ്ങളിലൂടെ അദ്ദേഹം തന്റെ സജീവത മലയാളത്തിലും നിലനിർത്തി. ബാബുരാജ്, ആർ. കെ. ശേഖർ എന്നിവരുടെ പ്രിയപ്പെട്ട ഗായകൻ ആയിരുന്നു അദ്ദേഹം.

ഭക്തിഗാനരംഗത്തും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം വളരെ ശ്രദ്ധേയമായിരുന്നു. തിരക്കുപിടിച്ച ഒരു ഗായകനായി തുടരുന്നതിന്റെ ഇടയിലും സംഗീതപഠനവും ഗവേഷണവും തുടരുകയും ചെയ്തു. തന്റെ സംഗീതഗവേഷണത്തിനിടയിൽ 'നവനീതസുമസുധ' എന്ന പുതിയൊരു രാഗംതന്നെ അദ്ദേഹം ഉണ്ടാക്കിയെടുത്തു. തമിഴ്, തെലുങ്ക്, കന്നട, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം എന്നിങ്ങനെ എട്ടു ഭാഷകളില്‍ പ്രാവീണ്യമുള്ള അദ്ദേഹം വിവിധ ഭാഷകളില്‍ ആയിരക്കണക്കിനു് കവിതകളും ഗസലുകളും എഴുതിയിട്ടുണ്ടു്. തമിഴ്‌നാട് സംഗീതനാടക അക്കാദമി ചെയര്‍മാനായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. ധാരാളം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടു്. മലയാളം ഒഴികെയുള്ള ഭാഷകളിലെ സിനിമയിലും ഗാനമേളകളിലും, കവിയരങ്ങുകളിലും, സംഗീതസദസ്സുകളിലും ഒക്കെ ഈ എൺപതാം വയസ്സിലും ഒരു സജീവസാന്നിദ്ധ്യമായിരുന്നു പി. ബി. എസ് എന്ന ഈ ബഹുമുഖപ്രതിഭ.

ചെന്നൈയിൽ സ്ഥിരതാമസം ആക്കിയിരുന്ന പി. ബി. എസ്സിന്റെ കുടുംബം മുഴുവൻ സംഗീതപ്രിയരും ഗായകരുമാണു്. 4 ആൺ‌മക്കളും ഒരു മകളും ആണദ്ദേഹത്തിനു്.
​2013 ഏപ്രിൽ 14 -നു അദ്ദേഹം ഒരു ഹൃദയസ്തംഭനത്തെ തുടർന്ന് സ്വ വസതിയിൽ വച്ച് ഈ ലോകത്ത് നിന്ന് കടന്നു പോയി .



References:

അമൃത റ്റി. വി. - ഇന്നലത്തെ താരം
മാതൃഭൂമി 4ഫ്രെയിംസ്
വീകീപീഡിയ



തയ്യാറാക്കിയത് : കല്ല്യാണി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംഗാനരചനഅഭിനയം
19553 - - - -
19572 - - - -
19595 - - - -
19608 - - - -
196112 - - - -
196212 - - - -
196310 - - - -
19647 - - - -
196512 - - - 1
19667 - - - -
196710 - - - -
19685 - - - -
19696 - - - -
19703 - - - -
19714 - - - -
19724 - - - -
19734 - - - -
19742 - - - -
19751 - - - -
19764 - - - -
19772 - - - -
19781 - - - -
1982 - - - 1 -
19901 - - 1 -