View in English | Login »

Malayalam Movies and Songs

ശ്രീരാമുലു നായ് ഡു

പ്രവര്‍ത്തനമേഖലസംവിധാനം (4), നിര്‍മ്മാണം (2)
ആദ്യ ചിത്രംപ്രസന്ന (1950)


ശ്രീരാമുലു നായിഡു, ഇന്ത്യയില്‍ , അഥവാ ലോകത്താകമാനം നോക്കുമ്പോള്‍ ആദ്യമായി മൂന്നു സിനിമാ നിര്‍മാണ സ്റ്റുഡിയോകള്‍ നടത്തിയിരുന്ന മഹാനുഭാവന്‍ ; ഒന്നിലധികം ഭാഷയില്‍ സിനിമകള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത കലാസ്നേഹി. അത് മാത്രമല്ല, 1954 ല്‍ മാലൈക്കള്ളന്‍ എന്ന ചിത്രം മൂലഭാഷയായ തമിഴ് ഉള്‍പ്പടെ ആറ് ഭാഷകളില്‍ നിര്‍മ്മിച്ച്‌ ചരിത്രം സൃഷ്‌ടിച്ച ആള്‍ .

തെന്നിന്ത്യയില്‍ ചരിത്രം എഴുതിയ ‘മാലൈക്കള്ളന്‍ ‘ ഹിന്ദിയില്‍ ആസാദ് ആയി. ദിലീപ് കുമാറിനെയും മീനാ കുമാരിയേയും സൃഷ്ടിച്ചു.

കോയമ്പത്തൂര്‍ സിനിമാ മുഗള്‍ രാജാവ് എന്നറിയപ്പെട്ട ആ ഉജ്വല പ്രതിഭാധനന്‍ ആണ് എസ് എം ശ്രീരാമുലു നായിഡു. തെന്നിന്ത്യയില്‍ സിനിമയുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനും ചുക്കാന്‍ പിടിച്ച ആളാണ്‌ ശ്രീരാമുലു നായിഡു.

1910 ല്‍ തിരുച്ചിയില്‍ സ്റേഷന്‍ മാസ്റെര്‍ ആയിരുന്ന മുനുസ്വാമി നായിഡുവിന്റെ മകനായി ജനിച്ചു. അന്ന് തൃശ്ശിനാപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സൌത്ത് ഇന്ഡ്യന്‍ റെയില്‍‌വേ കമ്പനി ഉദ്യോഗസ്ഥനായിരുന്നു മുനുസ്വാമി നായിഡു.

ജോലിയില്‍ നിന്നും വിരമിച്ചതിനുശേഷം മുനുസ്വാമി നായിഡു കോയമ്പത്തൂരില്‍ താമസമാക്കി. ഡേവി ആന്‍ഡ് കമ്പനിയുടെ കീഴില്‍ അതേ മാതൃകയില്‍ ഒരു ബേക്കറിയും ഡേവി ഹോട്ടലും കോയമ്പത്തൂര്‍ റെയില്‍‌വേ സ്റ്റേഷന് എതിര്‍വശം സ്ഥാപിച്ചു. ശ്രീരാമുലു നായിഡു ഇന്റര്‍ മീഡിയറ്റ് പഠനശേഷം അച്ഛനെ സഹായിക്കാനെത്തി. ഒരു ജോലിഭ്രാന്തനായ അദ്ദേഹം ബേക്കറിക്കുവേണ്ടി രാപ്പകല്‍ വിയര്‍പ്പൊഴുക്കി. കേക്കുകളുണ്ടാക്കി. ആശാരിപ്പണി ചെയ്തു. കായികാദ്ധ്വാനം ആവശ്യമുള്ള ധാരാളം ജോലികളും ചെയ്തു. കര്‍ശനമായ അച്ചടക്കവും ചിട്ടയുമുള്ള ഒരു മുരട്ടു മനുഷ്യന്‍ തന്നെയായിരുന്നു നായിഡു.

ഒരു ചെറുപ്പക്കാരനെന്ന നിലയില്‍ ധാരാളം സാമൂഹിക ബന്ധങ്ങളുള്ള ആളായിരുന്നു നായിഡു. അദ്ദേഹം തന്റെ ഇരുപതുകളില്‍ത്തന്നെ കോയമ്പത്തൂര്‍ കോസ്മോപോളിറ്റന്‍ ക്ലബില്‍ ചേര്‍ന്നു. 1932 ല്‍ ആയിരുന്നു ഇത്. അദ്ദേഹം തന്നെ സ്വയം ‘ബേക്കര്‍ ‘ എന്നു വിളിച്ചു. തമിഴ് ഭാഷയിലെ ആദ്യ സിനിമ ‘കാളിദാസ്’ ആയിരുന്നു. 1931 ല്‍ എച് എം റെഡ്ഡി എന്ന അതികായനാണ് ഇത് സംവിധാനം ചെയ്തത്. ആര്‍ദേഷിര്‍ എം ഇറാനിയാണ് ബോംബെയില്‍ ഇത് നിര്‍മ്മിച്ചത്. അന്നൊക്കെ തമിഴ് സിനിമകള്‍ വളരെ കുറവായിരുന്നു. ഉള്ളവ തന്നെ ബോംബെ, കല്‍ക്കട്ട, കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ വച്ചായിരുന്നു നിര്‍മ്മിച്ചിരുന്നത്. 1934 വരെ ഇതായിരുന്നു സ്ഥിതി.

1933ല്‍ കല്‍ക്കട്ടയില്‍ നിര്‍മ്മിച്ച ‘വള്ളിത്തിരുമണ’ വുമായി സാമിക്കണ്ണ് വിന്‍സന്റ് എത്തി. നായിഡു ഈ സമയത്താണ് ചലച്ചിത്ര രംഗത്തേക്ക് ചുവടുവയ്ക്കാന്‍ തീരുമാനിക്കുന്നത്. കോയമ്പത്തൂര്‍ പ്രീമിയര്‍ സിനിട്ടോണ്‍ സ്റ്റുഡിയോയില്‍ നിന്ന് അദ്ദേഹം സിനിമാ നിര്‍മ്മാണത്തില്‍ പരിശീലനം നേടി. ഇവിടെ വച്ച് അദ്ദേഹത്തിന് അന്നത്തെ മിക്ക സിനിമാപ്രവര്‍ത്തകരുമായും പരിചയവും ആജീവനാന്ത ബന്ധവുമായി. അവരില്‍ ഒരാളായിരുന്നു ആര്‍ കെ രാമകൃഷ്ണന്‍ ചെട്ടിയാര്‍ (ആര്‍ കെ ഷണ്മുഖം ചെട്ടിയാരുടെ സഹോദരന്‍ ) രാമകൃഷ്ണന്‍ ചെട്ടിയാരുമൊത്താണ് നായിഡുവും മറ്റുള്ളവരും ചേര്‍ന്ന് പ്രശസ്തമായ കോയമ്പത്തൂര്‍ സെന്‍‌ട്രല്‍ സ്റ്റുഡിയോസ് സ്ഥാപിച്ചത്.

നായിഡുവിന്റെ മറ്റൊരു സുഹൃത്തായിരുന്നു മദിരാശിയിലെ കെ എസ് നാരായണ അയ്യങ്കാര്‍ . അദ്ദേഹമാണ് പില്‍ക്കാലത്ത് പക്ഷിരാജ ഫിലിംസ് എന്ന് പ്രശസ്തമായ നാരായണന്‍ ആന്ഡ് കമ്പനി സ്ഥാപിച്ചത്. ആദ്യകാലങ്ങളില്‍ നായിഡും അയ്യങ്കാരുടെ ഏജന്റ് ആയിരുന്നു. ഒപ്പം അദ്ദേഹം കോയമ്പത്തൂരിലെ തന്റെ ബിസിനസ്സും നോക്കി നടത്തിയിരുന്നു. പിന്നീട് അദ്ദേഹം പക്ഷിരാജാ ഫിലിംസിന്റെ പാര്‍ട്ട്ണര്‍ ആയി. എന്നാല്‍ അദ്ദേഹം അവിടെനിന്നും പിരിഞ്ഞ് കന്ധന്‍ സ്റ്റുഡിയോ ഏറ്റെടുത്ത് ‘പക്ഷിരാജാ സ്റ്റുഡിയോ’ സ്ഥാപിച്ചു. തന്റെ ആശയത്തിനും സ്വപ്നത്തിനും അനുസൃതമായി അദ്ദേഹം പക്ഷിരാജാ സ്റ്റുഡിയോ നോക്കി നടത്തി. അന്നുവരെ കണ്ടിട്ടില്ലാത്ത അച്ചടക്കവും, ശുചിത്വവുമായിരുന്നു പക്ഷിരാജാ സ്റ്റുഡിയോയില്‍ കാണാനായത്. ഒരു ബീഡിക്കുറ്റിയോ സിഗരറ്റു കുറ്റിയോ കാണാന്‍ പറ്റാത്ത വിധം അത്ര വൃത്തിയും വെടുപ്പും

1938ല്‍ സെന്‍‌ട്രല്‍ സ്റ്റുഡിയോസ് അവരുടെ ആദ്യ ചിത്രം തുക്കാറാം തമിഴിലും തെലുങ്കിലും നിര്‍മ്മിച്ചു. തമിഴില്‍ തുക്കാറാം ആയി അഭിനയിച്ചത് പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ മുസിരി സുബ്രഹ്മണ്യ അയ്യര്‍ ആയിരുന്നു. തെലുങ്കില്‍ സി എസ് ആര്‍ ആഞ്ജനേയലുവും. 1940 കള്‍ പിറന്നപ്പോള്‍ നായിഡുവും അയ്യങ്കാരും സിനിമാനിര്‍മ്മാണ മേഖലയില്‍ കാലെടുത്തു വച്ചു. അവരുടെ ആദ്യ സിനിമ 1941 ല്‍ ആര്യമാല ആയിരുന്നു. സെന്‍‌ട്രല്‍ സ്റ്റുഡിയോസില്‍ പക്ഷിരാജാ ഫിലിംസ് നിര്‍മ്മിച്ച ആര്യമാലയുടെ മുഴുവന്‍ മേല്‍ നോട്ടവും നായിഡുവിനായിരുന്നു. കാത്തവരായന്‍ നാടോടിക്കഥയാണ് ആര്യമാല ആയത്. പുതുമുഖ ഗായകനായ പി യു ചിന്നപ്പാ ആയിരുന്നു അതിലെ നായകന്‍ . നായിക എം എസ് സരോജിനിയും. തമിഴിലെ മറ്റൊരു നടിയായിരുന്ന എം എസ് മോഹനാംബാളുടെ സഹോദരിയായിരുന്ന എം എസ് സരോജിനി അക്കാലത്ത് ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. സരോജിനിയ്ക്ക് നായിഡു നായികാ വേഷം നല്ല്കി. ടി എസ് ബാലയ്യ, എം ആര്‍ സന്താനലക്ഷ്മി, എന്‍ എസ് കൃഷ്ണന്‍ , ടി എ മധുരം എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.

ആര്യമാല ഒരു വന്‍ വിജയമായിരുന്നു. അതിശയമെന്നു പറയട്ടെ, ഇതില്‍ സംവിധായകന്റെ പേര് കാണിച്ചിരുന്നില്ല. എന്നാല്‍ പാട്ടു പുസ്തകത്തില്‍ അന്നത്തെ പ്രമുഖ ഛായാഗ്രാഹകനായ ബൊമ്മന്‍ ഇറാനിയായിരുന്നു സംവിധായകനെന്ന് അടിച്ചു വന്നു. ഈ ചിത്രത്തിന്റെ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നായിഡു 1943 ല്‍ തന്റെ രണ്ടാമത്തെ ചിത്രം ശിവകവി അവതരിപ്പിച്ചു. എം കെ ത്യാഗരാജഭാഗവതര്‍ ആയിരുന്നു നായകന്‍ . ഈ ചിത്രം സംവിധാനം ചെയ്യാന്‍ തുടങ്ങിയത് രാജാ സാന്‍ഡോ ആയിരുന്നു. അദ്ദേഹം നായിഡുവുമായി തെറ്റിപ്പിരിഞ്ഞപ്പോള്‍ നായിഡു ഈ ചിത്രം സംവിധാനം ചെയ്തു പൂര്‍ത്തിയാക്കി. ശിവകവിയും ഒരു വമ്പന്‍ വിജയം ആയിരുന്നു.

അങ്ങനെ സിനിമാലോകം ഒരു മാന്ത്രികന്റെ കയ്യിലെന്നപോലെ നായിഡുവിന്റെ കൈകളില്‍ ജാലവിദ്യകളിലേര്‍പ്പെട്ടിരിക്കെയാണ് ദൌര്‍ഭാഗ്യം ഒരു കൊലപാതകക്കേസിന്റെ രൂപത്തില്‍ നായിഡുവിനെ പിടികൂടുന്നത്. സി എന്‍ ലക്ഷ്മീകാന്തത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 1944ല്‍ നായിഡു അറസ്റ്റിലായി. എന്തായാലും തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹത്തെ വിട്ടയച്ചു.

ഇതിനു ശേഷമാണ് പക്ഷിരാജാ ഫിലിംസ് വിട്ട് അദ്ദേഹം കന്ധന്‍ സ്റ്റുഡിയോ ഏറ്റെടുത്ത് പക്ഷിരാജാ സ്റ്റുഡിയോ സ്ഥാപിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, സിംഹളം മുതലായ ഭാഷകളില്‍ ഇവിടെനിന്ന് നിരവധി സിനിമകളിറങ്ങി. 1947 ല്‍ പക്ഷിരാജായില്‍ നിര്‍മ്മിച്ച ആദ്യചിത്രം കന്നിക ഒരു പരാജയമായിരുന്നു.

ഏഴൈ പാടും പാട്ട് വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു. 1950 ലെ ഈ ചിത്രത്തില്‍ ചിറ്റൂര്‍ വി നാഗയ്യ ജീന്‍ വാല്‍ ജീനിനെ അവതരിപ്പിച്ചു. തിരുവിതാംകൂര്‍ സഹോദരിമാരായ ലളിതയും പത്മിനിയും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ കുമാരി രാജം അവതരിപ്പിച്ച, രാധാ ജയലക്ഷ്മിമാര്‍ ആലപിച്ച വിധിയില്‍ വിളൈവാല്‍ എന്ന ഗാനം ഒറ്റ ടേക്കില്‍ കട്ടുകളില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്നും ചിത്രസംയോജകര്‍ അത്ഭുതത്തോടെയും ആദരവോടെയും നോക്കിക്കാണുന്നതാണ് ഈ ഗാനചിത്രീകരണം.

കാഞ്ചന (1952- തമിഴ്, മലയാളം), പൊന്നി (1952) ,ദേശഭക്തന്‍ (1952) എന്നിവയ്ക്കു ശേഷമാണ് വിഖ്യാതമായ മാലൈക്കള്ളന്‍ (1954) എന്ന സിനിമ നായിഡു സംവിധാനം ചെയ്യുന്നത്. എം ജി രാമചന്ദ്രന്‍ ഒരു ബോക്സ് ഓഫീസ് നായകനാവുന്നത് ഈ ചിത്രത്തിലൂടെയാണ്. മലയാളത്തില്‍ പിന്നീട് അദ്ദേഹം ‘തസ്കര വീരന്‍ ‘ എന്ന സിനിമയായും ഹിന്ദിയില്‍ ആസാദ് ആയും മാലൈക്കള്ളന്‍ പുനര്‍ജ്ജനിച്ചു. ദിലീപ് കുമാറും മീനാകുമാരിയുമായിരുന്നു ആസാദില്‍ അഭിനയിച്ചത്. അന്ന് കോയമ്പത്തൂരില്‍ സ്റ്റാര്‍ ഹോട്ടലുകളൊന്നും ഇല്ലാതിരുന്നതിനാല്‍ അവര്‍ പക്ഷിരാജാ സ്റ്റുഡിയോയില്‍ തന്നെയാണ് താമസിച്ചത്. രാജേന്ദ്ര കിഷന്റെ ഗാനങ്ങള്‍ക്ക് സി രാമചന്ദ്ര സംഗീതം പകര്‍ന്ന ഗാനങ്ങളായിരുന്നു ആസാദില്‍ .

സെന്‍‌ട്രല്‍ സ്റ്റുഡിയോവില്‍ നായിഡുവിന്റെ ഹാര്‍മോണിയം അസിസ്റ്റന്റ് ആയിരുന്നു ഇന്നത്തെ വിഖ്യാത സംഗീത സംവിധായകന്‍ എം എസ് വിശ്വനാഥന്‍ .

1950 ല്‍ പ്രസന്ന എന്ന ചിത്രവും പിന്നീട് ശബരിമല അയ്യപ്പന്‍ എന്ന ചിത്രവും നായിഡു മലയാളത്തില്‍ സംവിധാനം ചെയ്തു. പലകാരണങ്ങള്‍ കൊണ്ടും അദ്ദേഹത്തിന് കോയമ്പത്തൂര്‍ വിടേണ്ടി വന്നു. ബാംഗളൂരില്‍ അദ്ദേഹം ചാമുണ്ഡേശ്വരി സ്റ്റുഡിയോ ഏറ്റെടുത്തു. പക്ഷേ അദ്ദേഹത്തിന്റെ സുവര്‍ണ്ണകാലം അസ്തമിക്കാന്‍ തുടങ്ങിയിരുന്നു. പ്രായവും അധികരിച്ചു തുടങ്ങിയതോടെ ചാമുണ്ഡേശ്വരി സ്റ്റുഡിയോ അദ്ദേഹം മരുമകനു നല്‍കി. എന്നാല്‍ ആ ശ്രമം വിജയിച്ചില്ല.

നായിഡുവിന്റെ അവസാനകാലം ദുഃഖകരമായിരുന്നു. അറുപത്തിയാറാമത്തെ വയസ്സില്‍ 1976 ല്‍ അദ്ദേഹം അന്തരിച്ചു. ശ്രീരാമുലു നായിഡുവിന്റെ സംഭാവനകള്‍ ആരും മനസ്സിലാക്കിയിട്ടില്ല എന്നുള്ളത് വളരെ ദുഃഖകരമായ ഒരു സത്യമാണ്. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ഇന്‍ഡ്യന്‍ സിനിമാ വിജ്ഞാന കോശത്തില്‍ നായിഡുവിന്റെ പേരില്ലെന്നുള്ളതും, അദ്ദേഹത്തെക്കാള്‍ വളരെ താഴേക്കിടയിലുള്ളവരുടെ പലരുടെയും പേരുകള്‍ ഉണ്ടെന്നുള്ളതുമായ ഒരൊറ്റ കാര്യം മതി ആ മഹാനുഭാവനോട് ഉള്ള അനാദരവിന് ഉദാഹരണമായി.തയ്യാറാക്കിയത് : ശ്രീദേവി പിള്ളസ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംവിധാനംനിര്‍മ്മാണം
19501 -
195211
195711
19611 -