View in English | Login »

Malayalam Movies and Songs

എം ബാലമുരളികൃഷ്ണ

ജനനം1930 ജൂലായ് 06
മരണം2016 നവംബര്‍ 22
പ്രവര്‍ത്തനമേഖലആലാപനം (22 സിനിമകളിലെ 45 പാട്ടുകള്‍), അഭിനയം (1)
ആദ്യ ചിത്രംദേവത (1965)


ആന്ധ്രാപ്രദേശില്‍ ശങ്കരഗുപ്തം എന്ന സ്ഥലത്ത് 1930 ജൂലൈ 6 –നു മുരളികൃഷ്ണ ജനിച്ചു. അച്ഛന്‍ മംഗലംപള്ളി പട്ടാഭിരാമയ്യയും അമ്മ സൂര്യകാന്തമ്മയും. തീരെ ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട മുരളീകൃഷ്ണയെ പിന്നീട് അച്ഛനാണ് നോക്കി വളര്‍ത്തിയത്‌. നല്ല ഒരു സംഗീതജ്ഞനായിരുന്ന അച്ഛന്‍ , മകന്റെ സംഗീതവാസന തിരിച്ചറിഞ്ഞു. അങ്ങനെ പാരുപ്പള്ളി രാമകൃഷ്ണയ്യ പന്ടുലു മുരളീകൃഷ്ണയുടെ ആദ്യഗുരുവായി. എട്ടാം വയസ്സില്‍ നടത്തിയ കച്ചേരിയില്‍ കുട്ടിയുടെ പ്രതിഭ കണ്ടു

ഹരികഥയ്ക്ക് പ്രസിദ്ധനായ മുസുനുരി സുര്യനാരായണ മൂര്‍ത്തി ഭാഗവതര്‍ മുരളീകൃഷ്ണയുടെ പേരിനുമുന്‍പില്‍ "ബാല” എന്ന് കൂട്ടി വിളിച്ചു. അതിനു ശേഷം അദ്ദേഹം “ബാലമുരളീകൃഷ്ണ” എന്നാണ് അറിയപ്പെട്ടത്.

കര്‍ണ്ണാടക സംഗീതത്തില്‍ കച്ചേരികളുടെ എണ്ണം കൂടി വന്നതോടുകൂടി അദ്ദേഹത്തിനു സ്കൂള്‍ വിദ്യാഭ്യാസം ആറാം ക്ലാസ്സില്‍ വെച്ചു നിര്‍ത്തേണ്ടി വന്നു. വെറും പതിനഞ്ചാം വയസ്സില്‍ ഈ പ്രതിഭാധനന്‍ 72 മേളകര്‍ത്താ രാഗങ്ങളും പഠിച്ചു തീര്‍ത്തെന്ന് മാത്രമല്ല, അവയില്‍ കൃതികളും രചിച്ചു. ഇന്ന് അദ്ദേഹം രചിച്ച നാനൂറോളം കൃതികളുണ്ട്‌.

വായ്പ്പാട്ടില്‍ മാത്രമല്ല , കാഞ്ഞിരം , മൃദംഗം , വയലിന്‍ , വയോള എന്നീ വാദ്യോപകരണങ്ങളും വായിക്കാന്‍ പഠിച്ച അദ്ദേഹം പല പുതിയ രാഗങ്ങളും സൃഷ്ടിച്ചിട്ടുണ്ട് . അതില്‍ ഒന്നിന് സ്വന്തം മകളുടെ പേരാണ് നല്‍കിയത് : “മഹതി”.

വിഭിന്ന സംഗീത സരണികളില്‍ അദ്ദേഹത്തിന്‍റെ വൈദഗ്ധ്യം അദ്ദേഹത്തിനു ഭാരത സംഗീതവേദിയില്‍ ഒരു ഉന്നത സ്ഥാനം നേടിക്കൊടുത്തു. കവി, സംഗീതസംവിധായകന്‍, ഗായകന്‍ എന്നീ തുറകളില്‍ അദ്ദേഹത്തിനു നൈപുണ്യം വ്യക്തമാക്കാന്‍ പ്രയാസമുണ്ടായില്ല. ആദ്യമായി പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷി, പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൌരസ്യ എന്നിവരുമായി ചേര്‍ന്നു നടത്തിയ "ജുഗല്‍ബന്ധി" -കള്‍ വന്‍ വിജയങ്ങളായിരുന്നു. ഉത്തര -ദക്ഷിണ ഭാരതങ്ങളെ സംഗീതതില്‍ക്കൂടി സമന്വയിപ്പിക്കാന്‍ ഇതുപകരിച്ചു.

ഭാരതത്തിലെ വിഭിന്ന ഭാഷകളില്‍ (കന്നഡ, തെലുങ്ക്‌, സംസ്കൃതം, തമിഴ്, മലയാളം, ഹിന്ദി,ബംഗാളി, പഞ്ചാബി) അദ്ദേഹം പാടിയിട്ടുണ്ട്. മലയാളം അടക്കം ആകെ ഇരുപതോളം ചിത്രങ്ങളില്‍ പിന്നണി പാടിയ അദ്ദേഹം തെലുങ്കില്‍ “ഭക്ത പ്രഹ്ലാദ ” (1967) എന്ന ചിത്രത്തില്‍ നാരദനായി വേഷമിട്ടു.

മലയാളത്തില്‍ പതിനാലോളം സിനിമകളിലായി അദ്ദേഹം മുപ്പത്താറോളം ഗാനങ്ങള്‍ ആലപിച്ചു. ആദ്യഗാനം 1965 –ല്‍ “ദേവത” എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. അതിനു ശേഷം 1966 –ല്‍ “അനാര്‍ക്കലി” എന്ന ചിത്രത്തിനുവേണ്ടി താന്സേനായി അഭിനയിച്ച മലയാളത്തിന്റെ പ്രശസ്ത ഗായകന്‍ കെ ജെ യേശുദാസിന് വേണ്ടി “സപ്തസ്വരസുധാ സാഗരമേ ” എന്ന ഗാന രംഗത്ത് പിന്നണി പാടിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചു. ഇതേ രംഗത്ത് അഭിനയിച്ച പ്രസിദ്ധ സംഗീതസംവിധായകനായ LPR വര്‍മ്മയ്ക്കുവേണ്ടി പിന്നണി പാടിയത് PB ശ്രീനിവാസ് ആയിരുന്നു. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ഗാനം (1982) എന്നീ ചിത്രങ്ങളിലും , സ്വാതി തിരുനാള്‍ (1987) –ലും 1991 –ല്‍ “ഭരതം” എന്ന ചിത്രത്തിനുവേണ്ടിയും ബാലമുരളീകൃഷ്ണയും യേശുദാസും ചേര്‍ന്നാലപിച്ച ഗാനങ്ങള്‍ ഇരുവരുടെയും മികവുറ്റ കഴിവുകള്‍ പ്രകടമാക്കിക്കൊണ്ട് ഏറെ ശ്രദ്ധേയങ്ങളായി . കര്‍ണ്ണാടക സംഗീതശാഖയുടെ പരമ്പരാഗതമായ ഗുണങ്ങള്‍ കാത്ത്‌ സൂക്ഷിക്കുവാനും അതേ സമയം അതില്‍ നവീകരണത്തിന്റെ ഒരു യുഗം ആനയിക്കാനും ശ്രീ ബാലമുരളീകൃഷ്ണ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് എന്നതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത.

അറുപതുകളില്‍ അദ്ദേഹം വിജയവാഡ, ഹൈദരാബാദ് ആകാശവാണികളില്‍ മ്യൂസിക് പ്രോട്യൂസറായി ജോലി ചെയ്തിട്ടുണ്ട്. തത്സമയം വിജയവാഡയിലെ ഗവണ്മെന്റ് മ്യൂസിക് കോളേജിന്റെ പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചു.

നിരവധി വിദേശ സംഗീതജ്ഞരുമായി ചേര്‍ന്നു പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം എം ബി കെ ട്രസ്റ്റ്‌ എന്ന പേരില്‍ കലയും സംസ്കൃതിയും കാത്തു സൂക്ഷിക്കുവാനും അവയില്‍ പുതിയ തലമുറയ്ക്ക് പരിശീലനം കൊടുക്കുവാനുമായി സ്വയം രൂപീകരിച്ചു. സ്വിറ്റ്സര്‍ലാന്‍ഡില്‍ “Academy of Performing Arts and Research” സ്ഥാപിച്ചു.

പദ്മശ്രീ , പദ്മഭുഷന്‍, തുടങ്ങി അനേകം പുരസ്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട് . പല യൂനിവേഴ്സിറ്റികളും അദ്ദേഹത്തിന് ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നല്‍കിയിട്ടുണ്ട് . 1975 –ല്‍ പുറത്തിറങ്ങിയ “ഹംസഗീതി” എന്ന ചിത്രത്തിന് ഏറ്റവും നല്ല പിന്നനിഗായകനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. ഏറ്റവും നല്ല സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡ് 1987 –ലെ മാധവാചാര്യയ്ക്ക് അദ്ദേഹത്തിനു ലഭിച്ചു.

ഫ്രഞ്ച് ഭരണകൂടവും ബാലമുരളീകൃഷ്ണയെ സമ്മാനം നല്‍കി ആദരിച്ചു.

ഇക്കാലത്ത് അദ്ദേഹം സംഗീത ചികിത്സാക്രമങ്ങളില്‍ അതീവ തല്‍പരനാണ്‌. മദിരാശിയില്‍ താമസമാക്കിയിട്ടുള്ള അദ്ദേഹത്തിനു ആറ് മക്കളാണ്. മൂന്നു ആണും മൂന്നു പെണ്ണും. ഏറ്റവും ഇളയ മകളായ മഹതിയും കച്ചേരികള്‍ നടത്തുന്നുണ്ട്.കടപ്പാട്

വിക്കിപീഡിയ
http://webindia123.com/personal/music/murali1.htm
http://www.youtube.com/artist?a=GxdCwVVULXdNbYLOFgIyC-yL1dRmwIKC&feature=artist#
MSI/MMDBതയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംഅഭിനയം
19654 - -
19662 - -
19671 - -
19683 - -
19692 - -
19711 - -
19721 - -
19773 - -
19827 - -
19842 - 1
19867 - -
19877 - -
19881 - -
19912 - -
20121 - -
20131 - -