View in English | Login »

Malayalam Movies and Songs

ആര്‍ ബാലസരസ്വതി

ജനനം1929 ഓഗസ്റ്റ് 29
സ്വദേശംവെങ്കടഗിരി , ആന്ധ്ര പ്രദേശ്‌
പ്രവര്‍ത്തനമേഖലആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംസ്വര്‍ഗ്ഗരാജ്യം (1962)


റാവു ബാലസരസ്വതീ ദേവി എന്ന ആര്‍ ബാലസരസ്വതി 1929 ആഗസ്റ്റ് 29 ന് പണ്ടത്തെ മദിരാശി പ്രവിശ്യയിലുള്ള വെങ്കടഗിരിയില്‍ ജനിച്ചു. ഇന്ന് ആന്ധ്രാപ്രദേശിലാണ് ഈ സ്ഥലം. ആള്‍ ഇന്‍ഡ്യാ റേഡിയോവിലെ ആദ്യ ലളിതഗാന ഗായിക, തെലുങ്ക് സിനിമയിലെ ആദ്യ പിന്നണിഗായിക എന്നീ റെക്കോഡുകള്‍ക്കുടമ. 1930 മുതല്‍ 1960 വരെ തമിഴ് തെലുങ്ക് സിനിമകളിലെ പ്രശസ്ത അഭിനേത്രിയും ഗായികയുമായിരുന്നു
അല്ലത്തുരു സുബ്ബയായുടെ ശിഷ്യയായി സംഗീതം അഭ്യസിച്ചു. ആറാമത്തെ വയസ്സില്‍ ആദ്യമായി എച് എം വി റെക്കോഡിംഗ് കമ്പനിയുടെ ഗ്രാമഫോണ്‍ റെക്കോഡിനുവേണ്ടി പാടി.തെലുങ്ക് സിനിമയില്‍ ബാലതാരമായി ‘ഗംഗ’ എന്ന പേരില്‍ അഭിനയിച്ചുതുടങ്ങി. ‘സതി അനസൂയ’ ഭക്തധ്രുവ’ എന്നെ തെലുങ്ക് സിനിമകളും, ‘ബാലയോഗിനി’, ‘ഭക്തകുചേല’ എന്നീ തമിഴ് സിനിമകളും പ്രശസ്തങ്ങളാണ്. 1943 ല്‍ കമലാ കോട്നിസിനു വേണ്ടി ബാലസരസ്വതി ഭാഗ്യലക്ഷ്മി എന്ന സിനിമയില്‍ പിന്നണി പാടി ചരിത്രം സൃഷ്ടിച്ചു. തെലുങ്ക് സിനിമയിലെ ആദ്യ പിന്നണിഗായിക എന്ന ബഹുമതിയായിരുന്നു അത്.കോലങ്കയിലെ രാജാവിനെ വിവാഹം കഴിച്ചതോടുകൂടി അഭിനയരംഗത്തുനിന്ന് പതിയെ വിടവാങ്ങി.
പിന്നീട് ഗായികയായി ഒരു വന്‍ തിരിച്ചു വരവുതന്നെ നടത്തി ബാലസരസ്വതി. എല്ലാതരത്തിലുള്ള ഗാനങ്ങളും ആലപിച്ചിട്ടുണ്ടെങ്കിലും ശോകഗാനങ്ങളും താരാട്ടുപാട്ടുകളും ആലപിക്കാന്‍ അവര്‍ക്കുള്ള കഴിവ് ഒന്നു പ്രത്യേകമായിരുന്നു. ‘മങ്കയാര്‍ തിലകം‘ എന്ന ചിത്രത്തിലെ ‘നീലവണ്ണ കണ്ണാ വാടാ’ എന്ന ഗാനം ഇന്നും അനശ്വരമായി നില്‍ക്കുന്നത് ബാലസരസ്വതിയുടെ ആലാപനമികവിന്റെ സാക്ഷ്യമാണ്. മലയാളത്തില്‍ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയിലെ ‘പണ്ടുപണ്ട് പാരിങ്കലാ‘ എന്ന കൃസ്തീയ ഭക്തിഗാനം ഭാസ്കരന്‍ മാസ്റ്ററുടെ രചനയില്‍ , എം ബി ശ്രീനിവാസന്റെ സംഗീതത്തില്‍ അവര്‍ ആലപിച്ചു. 2003 ല്‍ റാമിനേമി ഫൌണ്ടേഷന്‍ അവാര്‍ഡ് നല്‍കി അവരെ ആദരിച്ചിട്ടുണ്ട്. ഭര്‍ത്താവ് മരിച്ചതിനു ശേഷം അവര്‍ ഇപ്പോള്‍ സെക്കന്‍ഡ്രാബാദില്‍ മകന്റെയും ചെറുമക്കളുടെയും കൂടെ താമസിക്കുന്നു.
കടപ്പാട് : വിക്കിപ്പീഡിയ



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
1962 - 1