View in English | Login »

Malayalam Movies and Songs

പുത്തേഴത്ത് രാമന്‍ മേനോന്‍

ജനനം1891 ഒക്റ്റോബര്‍ 19
മരണം1973 സെപ്റ്റമ്പര്‍ 22
പ്രവര്‍ത്തനമേഖലസംഭാഷണം (1), തിരക്കഥ (1)
ആദ്യ ചിത്രംനിര്‍മ്മല (1948)


കൊട്ടയ്ക്കാട്ടു പരമേശ്വര മേനോന്റെയും പുത്തേഴത്ത്‌ പാപ്പു അമ്മയുടെയും മകനായി 1891 ഒക്ടോബര്‍ 19 നു രാമന്‍ മേനോന്‍ ജനിച്ചു.

മലയാള സാഹിത്യ നഭസ്സിലെ തിളങ്ങുന്ന നക്ഷത്രമാണ് പുത്തേഴത്ത്‌ രാമന്‍ മേനോന്‍. വൈവിധ്യമാര്‍ന്ന നൂറോളം കൃതികളിലൂടെ അദ്ദേഹം തന്റെ പ്രതിഭ കൈരളിക്കു നിവേദ്യമായി അര്‍പ്പിച്ചു. ഉപന്യാസകാരന്‍, ചെറുകഥാകൃത്ത് , നോവലിസ്റ്റ്, ജീവചരിത്രകാരന്‍, ഹാസ സാഹിത്യ കാരന്‍ എന്നിങ്ങനെ സാഹിത്യത്തിന്റെ മിക്ക മേഖലകളിലും അദ്ദേഹം തന്റെ കയ്യൊപ്പ് പതിപ്പിച്ചു. ശക്തന്‍ തമ്പുരാന്‍ എന്ന ഗ്രന്ഥത്തിലൂടെ പുത്തേഴത്ത്‌ രാമന്‍ മേനോന്‍ അനിഷേധ്യനായ ഒരു ചരിത്രകാരനായി. ഹിന്ദുമതവും സംസ്കാരവും, സഹസ്രകിരണനായ ടാഗോര്‍ എന്നീ പഠന ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍റെ ഗവേഷണബുദ്ധിയുടെ പ്രത്യക്ഷോദാഹരണങ്ങള്‍ ആണ്. ചതുരാധ്യായി എന്ന നോവലും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തെ അറിയുക, തൃശ്ശൂര്‍ - ട്രിച്ചൂര്‍ എന്നീ ഉപന്യാസങ്ങള്‍ അദ്ദേഹത്തിന്‍റെ ചരിത്ര രചനാ രംഗത്തെ മറ്റു നാഴികക്കല്ലുകലാണ്. ബാലസാഹിത്യത്തില്‍ അദ്ദേഹത്തിന്‍റെ രചന 'കുട്ടികളെ നിങ്ങള്‍ ഈ ആളെ അറിയുമോ ?' എന്ന കൃതിയാണ്.

മലയാള സിനിമാ രംഗത്ത് ശ്രീ രാമമേനോന്റെ സ്ഥാനം അദ്വിതീയമാണ്. 1948 ല ഇറങ്ങിയ നിര്‍മല എന്ന മലയാള ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് അദ്ദേഹമാണ്. നിര്‍മല മലയാളത്തില്‍ ആദ്യമായി പിന്നണി ഗാനങ്ങള്‍ പാടിയ ചിത്രവും, ആദ്യമായി ഒരു മലയാളി നിര്‍മ്മിച്ച ചിത്രവുമായിരുന്നു. മലയാളത്തിലെ നാലാമത്തെ ചിത്രമാണ് നിര്‍മല. ആ ചിത്രത്തിന്‍റെ തിരക്കഥാകൃത്തിന് മലയാള സിനിമാ ചരിത്രത്തില്‍ ഉള്ള സ്ഥാനം ഊഹിക്കാവുന്നതേ ഉള്ളു.

നീണ്ടകാലത്തെ സാഹിത്യ സപര്യയ്ക്കു ശേഷം ശ്രീ പുത്തേഴത്ത്‌ രാമന്‍ മേനോന്‍ 1973 സെപ്തംബര്‍ 22 നു നിര്യാതനായി.

(ശ്രീ പുത്തേഴത്ത്‌ രാമന്‍ മേനോനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന വിവരങ്ങള്‍ ആണിത്. ഇത്രയും വിലപ്പെട്ട വിവരങ്ങളും ശ്രീ രാമന്‍ മേനോന്റെ ചിത്രവും നല്‍കിയ ബഹുമാന്യനായ ശ്രീ രാമചന്ദ്രന്‍ മാഷിനോടുള്ള ആദരവും കൃതജ്ഞതയും പ്രകാശിപ്പിച്ചുകൊള്ളുന്നു.)



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംതിരക്കഥ
194811