View in English | Login »

Malayalam Movies and Songs

ശോഭന പരമേശ്വരന്‍ നായര്‍

യഥാര്‍ത്ഥ പേര്കെ പരമേശ്വരന്‍ നായര്‍
ജനനം1926
മരണം2009 മെയ് 20
സ്വദേശംചിറയിന്‍കീഴ്, തിരുവനന്തപുരം
പ്രവര്‍ത്തനമേഖലനിര്‍മ്മാണം (10)
ആദ്യ ചിത്രംനിണമണിഞ്ഞ കാല്‍പ്പാടുകള്‍ (1963)


ചിറയിൻകീഴ് പാലവിളി നാരായണപ്പിള്ളയുടെയും കുഞ്ഞിയമ്മയുടെയും മകനായി ജനിച്ചു. 1954 ല്‍ തൃശ്ശൂരില്‍ ശോഭന സ്റ്റുഡിയോ തുടങ്ങി. അതോടെ അദ്ദേഹം ശോഭന പരമേശ്വരന്‍ നായര്‍ എന്നറിയപ്പെട്ടു. നീലക്കുയിലില്‍ നിശ്ചലഛായാഗ്രാഹകനായി മലയാളസിനിമയില്‍ അരങ്ങേറ്റം. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായി. മലയാള സിനിമയുടെ തലതൊട്ടപ്പന്മാരില്‍ ഒരാളായി. സ്കൂള്‍ പഠനകാലത്ത് പ്രേം നസീറിന്റെ സഹപാഠിയായിരുന്നു. തൃശ്ശൂരില്‍ ശോഭന സ്റ്റുഡിയോ നടത്തുമ്പോള്‍ രാമു കാര്യാട്ടിനെ പരിചയപ്പെട്ടതാണ് അദ്ദേഹത്തിനെ മലയാള സിനിമയ്ക്ക് ലഭിക്കുവാനുള്ള നിയോഗം. നീലക്കുയില്‍ പ്രസിഡന്റിന്റെ പുരസ്കാരം നേടി. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ വീണ്ടും വെള്ളിമെഡല്‍ നേടി. കള്ളിച്ചെല്ലമ്മ, മുറപ്പെണ്ണ്, നഗരമേ നന്ദി, തുലാവര്‍ഷം, കൊച്ചുതെമ്മാടി,നൃത്തശാല, അമ്മുവിന്റെ ആട്ടിന്‍ കുട്ടി എന്നിങ്ങനെ അന്‍പതോളം സിനിമകള്‍ നിര്‍മ്മിച്ചു.

എം ടി വാസുദേവന്‍ നായര്‍ , മധു, കെ രാഘവന്‍ , വിന്‍സന്റ്, ഗായകന്‍ ജയചന്ദ്രന്‍ എന്നിവരെ സിനിമാരംഗത്ത് പരിചയപ്പെടുത്തുന്നത് പരമേശ്വരന്‍ നായരാണ്.

വെങ്കടേശ്വരന്‍ ‘ദ ഹിന്ദു’ വില്‍ എഴുതിയ ലേഖനത്തിന്റെ ഏകദേശ മലയാള രൂപം താഴെക്കൊടുക്കുന്നു.

“നമ്മുടെ സിനിമ ഇന്ന് കാണുന്നതില്‍ നിന്ന് വ്യത്യസ്തമായിരിക്കണം, അതിലെ കഥാപാത്രങ്ങള്‍ നമ്മള്‍ സംസാരിക്കുന്നതുപോലെ സംസാരിക്കണം, ഉടുക്കണം, നടക്കണം.” 1955 ല്‍ നീലക്കുയില്‍ എന്ന സിനിമ എടുക്കുവാനുള്ള തീരുമാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ശ്രീ ശോഭന പരമേശ്വരന്‍ നായര്‍ പറഞ്ഞു. അന്നത്തെ പ്രതിഭാധനരായ രാമു കാര്യാട്ട്, പി ഭാസ്കരന്‍ , എ വിന്‍സന്റ് , കെ എസ് സേതുമാധവന്‍ , വയലാര്‍ , ദേവരാജന്‍ , റ്റി കെ പരീക്കുട്ടി, സത്യന്‍ , കുമാരി എന്നിവരോടൊപ്പം മലയാള സിനിമയ്ക്ക് തന്റേതായ രൂപവും ഭാവവും ആത്മാവും നല്‍കിയ കലാസ്നേഹിയാണ് ശോഭനാ പരമേശ്വരന്‍ നായര്‍ .

ശോഭന പരമേശ്വരന്‍ നായരുടെ മരണം മലയാള സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യമാണ്. ആയുഗം കൂട്ടായ്മയുടെ യുഗമായിരുന്നു. സ്നേഹത്തിന്റെയും സഹകരണത്തിന്റെയും കാലമായിരുന്നു. അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നും വിടുതല്‍ നേടി, സ്വന്തം രൂപവും ശബ്ദവും നേടിയെടുത്ത മലയാളസിനിമയുടെ സുവര്‍ണ്ണകാലമായിരുന്നു. ശോഭനാ പരമേശ്വരന്‍ നായര്‍ എന്ന നിര്‍മ്മാതാവും ക്രാന്തദര്‍ശിയുമില്ലായിരുന്നെങ്കില്‍ ഇന്നത്തെ പലതാരങ്ങളുമില്ലാതെ മലയാളസിനിമ ദരിദ്രമായിരുന്നേനെ.

ബി എന്‍ റെഡ്ഡിയുടെ ദേവത (1941) എന്ന സിനിമകണ്ടതാണ് അദ്ദേഹത്തെ സിനിമയുടെ അനുരാഗിയാക്കി മാറ്റിയത്. തെന്നിന്ത്യന്‍ സിനിമയില്‍ മാറ്റത്തിന്റെ ശംഖൊലിയയിരുന്നു ദേവത എന്ന പടം. നാടകീയമായിരുന്നു അക്കാലത്ത് സിനിമകള്‍ . ദേവത നാടകത്തില്‍ നിന്നും മുക്തി നേടി ഒരു തനതു സിനിമയായി അവതരിക്കുകയായിരുന്നു. പരമേശ്വരന്‍ നായര്‍ നിര്‍മ്മാണം തുടങ്ങിയ 1960 കളില്‍ മലയാളം സിനിമയും അതിന്റെ നാടകീയതയില്‍ നിന്നും, കൃത്രിമമായുണ്ടാക്കിയ സ്റ്റുഡിയോ സെറ്റുകളില്‍ നിന്നും മോചനം തേടുകയായിരുന്നു. സ്വന്തം മണ്ണില്‍ തനതു രൂപവും ഭാവവും തിരഞ്ഞു മലയാളസിനിമ. ഈ കാലഘട്ടത്തില്‍ യാഥാതഥവും, വിപ്ലവകരവുമായ മുന്നേറ്റമാണ് മലയാള സിനിമയ്ക്കുണ്ടായത്.

ശോഭന പരമേശ്വരന്‍ നായര്‍ ഒരു സ്റ്റില്‍ ഫോട്ടോഗ്രഫര്‍ ആയിരുന്നു. മലയാള സിനിമയില്‍ സമഗ്രമായ പരിവര്‍ത്തനങ്ങള്‍ വരുത്തിയ ഒരുകൂട്ടം കലാകാരന്മാരെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. നടീനടന്മാര്‍ , തിരക്കഥാകൃത്തുക്കള്‍ , നിര്‍മ്മാതാക്കള്‍ , സാങ്കേതികവിദഗ്ധര്‍ , സംഗീതജ്ഞര്‍ തുടങ്ങി ഒട്ടനേകം മേഖലകളില്‍ പരിവര്‍ത്തനദാഹികളായ പുതുമുഖങ്ങള്‍ നിരന്നു. നിര്‍മ്മാതാവാകുന്നതിനു മുന്‍പ് നീലക്കുയില്‍ , ഭാര്‍ഗ്ഗവീനിലയം, രാരിച്ചന്‍ എന്ന പൌരന്‍ എന്നെ സിനിമകളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചു. 1963 മുതല്‍ 78 വരെ വളരെക്കുറച്ചു പടങ്ങളേ അദ്ദേഹം നിര്‍മ്മിച്ചുള്ളുവെങ്കിലും, അവയെല്ലാം ആ കാലഘട്ടത്തിന്റെ മുഖച്ചിത്രങ്ങളായി മാറി. കഥാപരമായും, സാങ്കേതികപരമായും ഈ ചിത്രങ്ങള്‍ മലയാളസിനിമയെ പുതുമണ്ണിലേക്ക് പറിച്ചു നട്ടു. ഭാരതപ്പുഴയുള്‍പ്പടെ മലയാളിക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന നിരവധി ലൊക്കേഷനുകള്‍ വെള്ളിത്തിരയിലേക്കിരങ്ങിവന്നു. ഭാവനയും, സാങ്കേതികതയും സംഗീതവും പുതിയ മണ്ണില്‍ , മേച്ചില്‍പ്പുറങ്ങളില്‍ ആര്‍ത്തിയോടെ മേഞ്ഞു നടന്നു. ജീവിതത്തിന്റെ ഗന്ധം ചലച്ചിത്രങ്ങള്‍ നേരിട്ട് പ്രേക്ഷകമനസ്സിലെത്തിച്ചു. വളരെപ്പെട്ടന്ന് നമ്മുടെ ദാഹവും മോഹവും സ്വപ്നവും സ്വന്തവുമായി മലയാളസിനിമ.

അദ്ദേഹം നല്ലൊരു വായനക്കാരനായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ , എം റ്റി വാസുദേവന്‍ നായര്‍ എന്നിവരുമായുള്ള അദ്ദേഹത്തിന്റെ സൌഹൃദം മരണം വരെ തുടര്‍ന്നു. എം ടി യെ മുറപ്പെണ്ണിന്റെയും (1965) നഗരമേ നന്ദി (1967) യുടേയും തിരക്കഥകളെഴുതാന്‍ പ്രേരിപ്പിച്ചത് അദ്ദേഹമാണ്. അങ്ങനെ മലയാള സിനിമയുടെ പുതുമുഖം അദ്ദേഹം അനാവരണം ചെയ്തു. എം ടി യെയും ഉറൂബിനെയും അവരുടെ തിരക്കഥകള്‍ മലയാള സിനിമാരംഗത്തെ അതികായന്മാരാക്കി. സമകാലീന സമൂഹവും, ജീവിതവും, ജീവിത വീക്ഷണവും തുറന്നുകാട്ടിയ ഈ സിനിമകള്‍ നവീന മലയാളസിനിമയുടെ ഇരിപ്പിടം അരക്കിട്ടുറപ്പിച്ചു. മലയാളത്തിലെ പ്രാദേശിക ഭാഷകളും, പ്രാദേശിക ബിംബങ്ങളും, സിനിമയിലേക്ക് കയറിച്ചെന്ന് അതിന്റെ അവിഭാജ്യഘടകമായി മാരി. ഭാരതപ്പുഴയും, വള്ളുവനാടന്‍ ഭാഷയും എം ടിയിലൂടെ അന്നുതൊട്ടിന്നുവരെ ഇളക്കമേതും തട്ടാതെ മലയാളസിനിമയ്ക്ക് കൂട്ടായുണ്ട്. പ്രാദേശികാചാരങ്ങളും, നാടന്‍ പാട്ടുകളും, നാടന്‍ ഹാസ്യവും സിനിമയ്ക്ക് കൊഴുപ്പുകൂട്ടി. അന്നുവരെ ഹിന്ദിയില്‍ നിന്നും തമിഴില്‍ നിന്നും കടം കൊണ്ടിരുന്ന സിനിമാക്കഥകള്‍ക്ക് താല്പര്യം കുറഞ്ഞു. സ്വന്തം സംസ്കാരത്തെയും, ജീവിതത്തെയും, ചുറ്റുപാടുകളെയും കുറിച്ച് മലയാളിക്ക് കാഴ്ചപ്പാടുണ്ടായി. പരമേശ്വരന്‍ നായര്‍ മുന്നണിയില്‍ നിന്ന് ആ കാഴ്ചപ്പാടിന് തിളക്കവും, തെളിച്ചവും പകര്‍ന്നു.

ഏറ്റവും പുതുതായി പ്രേക്ഷകന്‍ ആവശ്യപ്പെടുന്നതെന്തെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. ഓരോ സിനിമയിലും അദ്ദേഹം പുതിയ എഴുത്തുകാരെയും സംവിധായകരേയും പരീക്ഷിച്ചു. ആദ്യസിനിമയായി പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ആയിരുന്നു. സംവിധാനം എന്‍ എന്‍ പിഷാരടി. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ക്ക് പ്രസിഡണ്ടിന്റെ വെള്ളിമെഡല്‍ ലഭിച്ചു. അടുത്ത രണ്ടു പടങ്ങള്‍ എം ടി ആയിരുന്നു ചെയ്തത്. അതിനുശേഷം അദ്ദേഹം ‘അഭയ’ ത്തില്‍ പെരുമ്പടവം ശ്രീധരനെ അവതരിപ്പിച്ചു. രാമു കാര്യാട്ട് സംവിധാനം ചെയ്ത ഈ ചിത്രം ഒരു സ്ത്രീ എഴുത്തുകാരിയെപ്പറ്റി ആയിരുന്നു. വള്ളത്തോള്‍ , ചങ്ങമ്പുഴ, സുഗതകുമാരി, ജി ശങ്കരക്കുറുപ്പ് എന്നിവരുടെ കവിതകളാണ് ഈ ചിത്രത്തില്‍ അദ്ദേഹം ഗാനങ്ങളായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അടുത്ത ചിത്രം ജി വിവേകാനന്ദന്റെ നോവല്‍ കള്ളിച്ചെല്ലമ്മ. സംവിധാനം പി ഭാസ്കരന്‍. ഡി കെ പൊറ്റക്കാടിന്റെ അമ്മുവിന്റെ ആട്ടിന്‍ കുട്ടി എന്ന കുട്ടികളുടെ ചലച്ചിത്രം സംവിധാനം ചെയ്തത് രാമു കാര്യാട്ട് ആണ്‍. കഥയിലും, കഥാസന്ദര്‍ഭങ്ങളിലുമുള്ള നവീനതയും മുറുക്കവും കൂടാതെ ഈ ചിത്രങ്ങളെല്ലാം തന്നെ അവിസ്മരണീയ ഗാനങ്ങളുടെ ചെപ്പുകള്‍ കൂടിയാണ്.

എന്താണ് പരമേശ്വരന്‍ നായരെ മറ്റു നിര്‍മ്മാതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്? സിനിമാനിര്‍മ്മാണത്തില്‍ എല്ലാ ഘട്ടങ്ങളിലും ഉല്പ്രേരകമായി പ്രവര്‍ത്തിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവു തന്നെ. വെറും കാശുമുടക്കലും ലാഭം കൊയ്യലും അല്ലായിരുന്നു അദ്ദേഹത്തിനു സിനിമ. അദ്ദേഹത്തിന്റെ മൂലധനം പൈസയല്ല, മറിച്ച് സിനിമയോടുള്ള ഒടുങ്ങാത്ത അഭിനിവേശമായിരുന്നു. ഒരേസമയം സമകാലീകവും അതേസമയം കാലാതീതവുമായ സിനിമകളായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. സിനിമയെന്ന കലയുടെ എല്ലാ വശങ്ങളിലൂടെയും ആ അഭിനിവേശം പടര്‍ന്നൊഴുകി. നടീനടന്മാരെ തിരഞ്ഞെടുക്കുന്നത് - മധു, ജ്യോതിലക്ഷ്മി എന്നിവര്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ്‍.. . സംവിധായകരെ തിരഞ്ഞെടുക്കുന്നത് - നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്‍ എന്‍ പിഷാരടിയുടെ ആദ്യ സംവിധാനമാണ്‍. പരമേശ്വരന്‍ നായരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്നീട് ഒരളവില്‍ മലയാളസിനിമയുടെ വരെ ഇഷ്ടാനിഷ്ടങ്ങളായി. അന്നത്തെ സൌഹൃദങ്ങളും കൂട്ടായ്മകളും സിനിമയുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവുമേകി. വരും കാലങ്ങളില്‍പ്പോലും ‘പരമുഅണ്ണന്‍ ‘ എന്ന് മലയാള സിനിമയും പ്രേക്ഷകരും സ്നേഹത്തോടെ വിളിക്കാന്‍ ശോഭന പരമേശ്വരന്‍ നായര്‍ എന്ന സിനിമാ സ്നേഹി നമുക്ക് തന്നിട്ടു പോയത് കാലാതീതമായ കലാരത്നങ്ങളാണ്.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംനിര്‍മ്മാണം
19631
19651
19671
19691
19701
19721
19761
19771
19781
19861