View in English | Login »

Malayalam Movies and Songs

ടി ഇ വാസുദേവന്‍ (വി ദേവൻ)

ജനനം1917 ജൂലായ് 16
മരണം2014 ഡിസംബര്‍ 30
സ്വദേശംതൃപ്പൂണിത്തുറ
പ്രവര്‍ത്തനമേഖലനിര്‍മ്മാണം (40), കഥ (12), തിരക്കഥ (3)
ആദ്യ ചിത്രംഅമ്മ (1952)


മലയാളത്തിലെ ഏറ്റവും പ്രമുഖരായ ചലച്ചിത്ര വ്യവസായികളിൽ ഒരാളാണ് നിർമാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവൻ. മലയാള ചലച്ചിത്ര മേഖലക്ക് അടിത്തറ പാകിയ ആചാര്യൻമാരിൽ ഒരാളായാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.
1917 ജൂലൈ 16-ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ശങ്കരമേനോൻ-യശോദാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1936 ൽ എറണാകുളത്ത് ഇലക്ട്രിക്കൽ പവർ കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫറായി ജോലിയിൽ പ്രവേശിച്ചു. 1938-ൽ തൃപ്പൂണിത്തുറയിൽ രണ്ടു മാസം താൽകാലിക പ്രദർശനശാല നടത്തി. 1940 ൽ അസോസിയേറ്റഡ് പിക്ചേഴ്സ് എന്ന ചലച്ചിത്രവിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
ചലച്ചിത്ര വിതരണരംഗത്ത് ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. പ്രഗതി ഹരിശ്ചന്ദ്ര എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടാണ് വാസുദേവനും അസോസിയേറ്റഡ് പിക്ചേഴ്സും മലയാളചലച്ചിത്ര വ്യവസായരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലന്റെ നിർമാതാക്കളായിരുന്ന സേലം മോഡേൺ തീയറ്റേഴ്സ് നിർമ്മിച്ച, മലയാളത്തിലെ ആദ്യത്തെ വർണചിത്രമായ കണ്ടം ബച്ച കോട്ട് വിതരണം ചെയ്തത് വാസുദേവന്റെ വിതരണക്കമ്പനിയാണ്‌.
പിൽക്കാലത്ത് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ആയിരത്തോളം ചിത്രങ്ങൾ വിതരണം ചെയ്തു.
1950ൽ അസോസ്സിയേറ്റഡ് പിക്ചേഴ്സ് എന്ന സ്ഥാപനം തുടങ്ങിക്കൊണ്ട് ചലച്ചിത്രനിർമ്മാണ രംഗത്തെത്തിയ വാസുദേവൻ മദ്രാസിലേക്ക് താമസം മാറ്റുകയും ചെയ്തു.കുട്ടിക്കുപ്പായം മുതലാണ് ജയമാരുതി പിക്‍ചേഴ്സ് തുടങ്ങുന്നത്. അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാൽ, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിൻ എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചർ ബിസ്ക്കറ്റ്, കണ്ണൂർ ഡീലക്സ്, സ്ഥാനാർഥി സാറാമ്മ, ഭാര്യമാർ സൂക്ഷിക്കുക, കാവ്യമേള, ഫുട്ബോൾ ചാമ്പ്യൻ, മണിയറ, മൈലാഞ്ചി, മറുനാട്ടിൽ ഒരു മലയാളി, ജിമ്മി, കല്യാണ ഫോട്ടോ, പാടുന്ന പുഴ തുടങ്ങി അൻപതോളം ചിത്രങ്ങൾ നിർമിച്ചു. സ്നേഹസീമ(1954), നായരുപിടിച്ച പുലിവാൽ(1956), പുതിയ ആകാശം പുതിയ ഭൂമി(1964), കാവ്യമേള(1965), ഏഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചു. എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത കാലം മാറി കഥ മാറി(1987) ആണ് ഏറ്റവുമൊടുവിൽ നിർമിച്ച ചിത്രം. കുഞ്ചാക്കോക്കും പി.സുബ്രഹ്മണ്യത്തിനും ശേഷം ഏറ്റവുമധികം ചിത്രങ്ങൾ നിർമിച്ചയാളും വാസുദേവനാണ്.
മറ്റു ഭാഷകളിലും ജയമാരുതി ചിത്രങ്ങൾ നിർമിച്ചു. ജയമാരുതിയുടെ ബാനറിൽ നിർമിച്ചിട്ടുള്ള പല ചിത്രങ്ങൾക്കും വി. ദേവൻ എന്ന പേരിൽ കഥയെഴുതിയിരുന്നതും വാസുദേവനായിരുന്നു. 33 വർഷം മദ്രാസിൽ താമസിച്ച അദ്ദേഹം കേരളത്തിൽ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടങ്ങാൻ മുൻകൈ എടുത്തു. 1983ൽ നാട്ടിലേക്ക് താമസം മാറ്റി.
മലയാള ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജെ.സി ദാനിയേൽ അവാർഡ് ആദ്യ വർഷം ലഭിച്ചത് വാസുദേവനാണ്. 1989ൽ ഇന്ത്യൻ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോൾ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളിൽ വാസുദേവനും ഉണ്ടായിരുന്നു. ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മലയാള ചലച്ചിത്ര പരിഷത്തിന്റെ സ്ഥാപക പ്രസിഡൻറ്, കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെയും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും പ്രസിഡൻറ്, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ തിരുവനന്തപുരം പാനൽ അംഗം, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ തിരക്കഥാസമിതി അംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തിൽ അഞ്ചു വർഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവൻ തയാറാക്കിയ മലയാള സിനിമാ ചരിത്രം കേരള ചലച്ചിത്ര അക്കാദമി സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനമ്പള്ളി നഗറിലാണ് താമസം. അവലംബം :വിക്കിപ്പീഡിയ
----------------------------------------------------------------------------------------------------------------------

2002 ല് എണ്പത്തി അഞ്ചാം വയസ്സ് തികഞ്ഞ അവസരത്തില് ശ്രീ റ്റി ഇ വാസുദേവന് തന്റെ സിനിമാ ജീവിതം നോക്കിക്കാണുന്നത് ഇങ്ങനെ. (പ്രേമാ മന്മഥനുമായുള്ള അഭിമുഖത്തിന്റെ ഏകദേശ മലയാള രൂപാന്തരം)
അന്നൊക്കെ സിനിമ നിര്മ്മാതാവിന്റെ കുഞ്ഞായിരുന്നു. പിന്നീടാണ് സംവിധായകന്റെയും അതിനുശേഷം സൂപ്പര്സ്റ്റാറുകളുടേയുമായത്. വളരെ ആകസ്മികമായാണ് വാസുദേവന് സിനിമാരംഗത്തെത്തുന്നത്. 1938 ല് കൊച്ചിന് സ്റ്റേറ്റ് പവര് ആന്ഡ് ലൈറ്റ് കോര്പ്പറേഷനില് സ്റ്റെനോ ആയിരുന്നു വാസുദേവന്. സിനിമയുമായി പുലബന്ധം പോലുമില്ലാതിരുന്ന ഒരു ലോകം. ഒരു സുഹൃത്താണ് അദ്ദേഹത്തെ സിനിമാലോകത്തെ ഭാഗ്യപരീക്ഷണത്തിന് നയിച്ചത്. ഇന്ന് അറുപത്തിനാലുവര്ഷങ്ങള്ക്കു ശേഷം അദ്ദേഹത്തിന് കയ്പ്പും മധുരവും നിറഞ്ഞ അനേകം ഓര്മ്മകളാണ് സിനിമ. മധുരമാണ് കൂടുതലും. തിരിഞ്ഞുനോക്കുമ്പോള് ചവിട്ടിക്കയറിപ്പോന്ന അനേകം നാഴികക്കലുകള് പിന്നിലുണ്ട്. ഈ എണ്പത്തഞ്ചാം വയസ്സിലും ആ ഓര്മ്മകളില് അഭിരമിച്ച് ഇരിക്കുകയല്ല വാസുദേവന്. മലയാളം സിനിമയുടെ ചരിത്രം എഴുതുകയാണ് അദ്ദേഹം. ചലച്ചിത്ര പരിഷത്ത് അത് പുസ്തകമാക്കുന്നു. കഴിഞ്ഞ അഞ്ചുവര്ഷങ്ങളായി മുടങ്ങാതെ അദ്ദേഹം ഫിലിം ചേംബറില് എത്തി തന്റെ ചരിത്രാഖ്യായികയുടെ രേഖപ്പെടുത്തല് നിര്വഹിക്കുന്നു. ഉച്ചയുറക്കമോ വിശ്രമമോ ഇല്ലാതെ ഈ വന്ദ്യവയോധികന് തന്റെ കര്മ്മമണ്ഡലത്തില് വ്യാപൃതനാണ്.
ആദ്യകാല തെന്നിന്ത്യന് സിനിമയിലേക്കൊരു എത്തിനോട്ടം നടത്തിയാലോ? ഇന്ന് അതിനു തെളിവുകള് തരാന് ജീവിച്ചിരിക്കുന്നവരിലാര്ക്കും അതിനുള്ള കഴിവില്ല, വാസുദേവനൊഴികെ. “ഈ പുസ്തകം മതി”, അദ്ദേഹം പറയുന്നു. അന്നത്തെ നായികാനായകന്മാരെക്കുറിച്ചുള്ള അനേകം കഥകള് ഒരു നിര്മ്മാതാവെന്ന നിലയില് അറിയാമെങ്കിലും, അതൊന്നും പുറത്തുവിടാന് അദ്ദേഹത്തിനു താല്പര്യമില്ല. ആദ്യം അസ്സോസിയേറ്റഡ് പ്രൊഡക്ഷന്സും, പിന്നീട് ജയമാരുതി പ്രൊഡക്ഷന്സും ശേഷം ജയ് ജയ കംബൈന്സും ആയിരുന്നു അദ്ദേഹത്തിന്റെ നിര്മ്മാണശാലകള്

അന്നൊക്കെ നായക്ന്മാരെക്കാള് നായികമാര്ക്കായിരുന്നു പ്രാധാന്യം. അദ്ദേഹത്തിന്റെ ആദ്യ നിര്മ്മാണസംരഭം 1950 ല് പുറത്തിറങ്ങിയ അമ്മ ആയിരുന്നു. തിക്കുറിശ്ശി സുകുമാരന് നായര് നായകനും, ലളിത, ബി എസ് സരോജ എന്നിവര് നായികമാരും. ആറന്മ്മുള പൊന്നമ്മ അക്കാലത്തുതന്നെ അമ്മയായിരുന്നു. അമ്മ മലയാളത്തിലെ പതിനെട്ടാമത്തെ സിനിമയായിരുന്നു. തിക്കുറിശ്ശിക്ക് 10,000 രൂപ പ്രതിഫലം ലഭിച്ചപ്പോള് ലളിതയ്ക്ക് ലഭിച്ചത് 50,000 രൂപയായിരുന്നു! ആശാദീപത്തില് അഭിനയിക്കുന്നതിന് പദ്മിനിയ്ക്ക് 50,000 തന്നെ, നായകനായ സത്യന് 15,000 മാത്രം. നായരുപിടിച്ച പുലിവാലിലെ നായിക രാഗിണിക്കും പ്രതിഫലം 50,000 തന്നെ. അതുകണക്കാക്കി അന്ന് സത്യന്റെ പ്രതിഫലം അദ്ദേഹം 20,000 ആക്കി ഉയര്ത്തി. ലളിതാ പത്മിനി രാഗിണി സഹോദരിമാരായിരുന്നു അന്ന് ഏറ്റവും പ്രതിഫലം പറ്റിയിരുന്ന കലാകാരികള്. അന്ന് സിനിമയില് നൃത്തത്തിന് വളരെ പ്രാധാന്യമുള്ളതും ഇതിനൊരു കാരണമായിരുന്നു. ‘അമ്മ’ യുടെ തമിഴ് പതിപ്പിന് ജമിനി ഗണേശന് ലഭിച്ചത് വെറും 10,000 രൂപ മാത്രമായിരുന്നു. അന്ന് ജമിനിഗണേശന് സൈക്കിളിലായിരുന്നു ദിവസവും സ്റ്റുഡിയോയില് എത്തിയിരുന്നത് എന്നും വാസുദേവന് ഓര്ക്കുന്നു. അന്ന് സംവിധായകന് പ്രതിഫലം 30,000 രൂപയായിരുന്നു. പിന്നീട് വളരെക്കാലം കഴിഞ്ഞതിനു ശേഷം മാത്രമാണ് നായികമാരെ കടത്തിവെട്ടി നായകന്മാര് മുന്നേറിയതും അവരുടെ പ്രതിഫലം ഇന്നത്തെ ഐ റ്റി പ്രഫഷണലുകളെപ്പോലെ ആകാശമേറിയതും.
കേന്ദ്രമന്ത്രിയായിരുന്ന മുരശൊളിമാരന് 1958 ല് എങ്കള് സെല്വി എന്ന ചിത്രത്തിന് തിരക്കഥയെഴുതിയത് അദ്ദേഹം ഓര്ക്കുന്നു. നാഗേശ്വര റാവു ആയിരുന്നു നായകന്, അഞ്ജലി നായികയും. ഡി യോഗാനന്ദ് ആയിരുന്നു സംവിധായകന്. കണ്ണദാസന്റെ വരികള്ക്ക് കെ വി മഹാദേവന് സംഗീതം നല്കിയ ഗാനങ്ങള്.
പ്രേക്ഷകരുടെ പ്രതികരണങ്ങള് പലപ്പോഴും പ്രവചനാതീതമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. ഹിന്ദി ചിത്രമായ ടാര്സന് കീ ബേട്ടി എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി വിതരണത്തിനെടുത്തത്. അതുമുതല് ആയിരത്തോളം ചിത്രങ്ങള് വിതരണം ചെയ്യുകയും അന്പത് ചിത്രങ്ങള് നിര്മ്മിക്കുകയും ചെയ്തു.
‘കാവ്യമേള’ ഒന്നരലക്ഷം രൂപയ്ക്കാണ് നിര്മ്മിച്ചത്. അതിനുപിന്നില് ഒരു രസകരമായ കഥയുണ്ട്. കാവ്യമേളയുടെ മൂലകഥ കന്നടത്തിലായിരുന്നു. ആയിരം രൂപ കൊടുത്ത് ശ്രീ വേലന്റെ കയ്യില് നിന്ന് കഥവാങ്ങി. മലയാളത്തിന് വേണ്ടുന്ന രൂപാന്തരങ്ങള് വരുത്തിയ സിനിമ സൂപ്പര് ഹിറ്റ് ആയി. അപ്പോള് ശ്രീ വേലന് കാവ്യമേള തമിഴില് നിര്മ്മിക്കുന്നതിനുള്ള അവകാശം വാസുദേവന്റെ കയ്യില് നിന്ന് അയ്യായിരം രൂപയ്ക്ക് വാങ്ങി. പക്ഷേ കാവ്യമേളയുടെ തമിഴ് പതിപ്പ് പൂര്ണ്ണ പരാജയമായിരുന്നു. “കാവ്യമേളയിലെ സ്വപ്നങ്ങള് സ്വപ്നങ്ങളേ എന്ന ഗാനം എന്റെ ഒരു ഇഷ്ടഗാനമാണ്.” അദ്ദേഹം പറയുന്നു. “എന്റെ ചിത്രങ്ങളിലെ ഗാനങ്ങള് റിഹേഴ്സലില്ലാതെ ആരും പാടിയിട്ടില്ല. യേശുദാസ് എല്ലാപാട്ടുകളും നന്നായി റിഹേഴ്സല് ചെയ്യുമായിരുന്നു. സിനിമയിലെ സീനുകളും നന്നായി റിഹേഴ്സല് ചെയ്യുമായിരുന്നു. അതുപോലെ സ്ക്രിപ്റ്റ് എല്ലാ നടീനടന്മാരും വായിച്ച് നന്നായി മനസ്സിലാക്കിയ ശേഷമായിരുന്നു ഷൂട്ടിങ് തുടങ്ങുക.” അദ്ദേഹം വിശദീകരിക്കുന്നു. അതായിരിക്കണം അന്ന് ആലേഖനം ചെയ്ത പാട്ടുകള് ഇന്നും അതേ മാസ്മരികതയോടെ നമുക്ക് കേള്ക്കാന് കഴിയുന്നത്.
“വിശ്വാസ്യതയായിരുന്നു എന്റെ ഒരേഒരു മൂലധനം. ഈ വ്യവസായത്തില് പിടിച്ചു നില്ക്കാന് എന്നെ സഹായിച്ചത് അതൊന്നുമാത്രമാണ്.”
1983 വരെ ചെന്നയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. പിന്നീട് കൊച്ചിയിലെത്തി.
അദ്ദേഹം നിര്മ്മിച്ച അഞ്ചു സിനിമകള് ദേശീയ പുരസ്കാരങ്ങള് നേടിയിട്ടുണ്ട്: സ്നേഹസീമ (1954), നായരു പിടിച്ച പുലിവാല് (1956), പുതിയ ആകാശം പുതിയ ഭൂമി (1964), കാവ്യമേള (1965), എഴുതാത്ത കഥ(1970) ഇവയെല്ലാം വന് വിജയങ്ങളുമായിരുന്നു.
“നല്ലസിനിമയുടെ ചേരുവ ഒരു നല്ല കഥതന്നെ“, അദ്ദേഹം പറയുന്നു. ബജറ്റും ഒരു നിര്ണ്ണായക ഘടകമാണ്. “എന്റെ ബജറ്റില് നില്ക്കുന്ന ആര്ട്ടിസ്റ്റുകളെയേ ഞാന് തിരഞ്ഞെടുക്കാറുള്ളു. അതിനപ്പുറം ജാഡകാട്ടിയാല് നമ്മള് പാപ്പരാകും, അതുതന്നെ കാരണം.”
വാസുദേവന്റെ നിര്മ്മാണ യൂണിറ്റ് പല പ്രശസ്ത സംവിധായകരുടേയും പരിശീലനക്കളരിയായിരുന്നു. സംവിധായകര് മാത്രമല്ല, സംഗീതകാരന്മാര്, സാങ്കേതിക വിദഗ്ധര്, എഴുത്തുകാര് എന്നിവരും തങ്ങളുടെ കലാവാസനകള് തേച്ചുമിനുക്കിയെടുത്തത് ഇവിടെനിന്നുതന്നെ. ജഗതി എന് കെ ആചാരി, ഉറൂബ്, നാഗവള്ളി ആര് എസ് കുറുപ്പ്, പൊന്കുന്നം വര്ക്കി എന്നിവരെല്ലാം തങ്ങളുടെ സിനിമാജീവിതം ഇവിടെനിന്നാണ് ആരംഭിച്ചത്. എസ് എല് പുരം സദാനന്ദന് വാസുദേവന്റെ പതിനെട്ട് സിനിമകള്ക്കാണ് തിരക്കഥകള് രചിച്ചത്.


ദക്ഷിണാമൂര്ത്തിസ്വാമി 33 ചിത്രങ്ങള്ക്ക് സംഗീതം നല്കി. ശ്രീകുമാരന് തമ്പി 19 ചിത്രങ്ങളില് പാട്ടുകളെഴുതി. സംവിധായകന് എം കൃഷ്ണന് നായര് 13 ചിത്രങ്ങള് സംവിധാനം ചെയ്തു.
കേരള സര്ക്കാര് അദ്ദേഹത്തിന് 1993 ല് ജെ സി ഡാനിയല് പുരസ്കാരം നല്കി ബഹുമാനിച്ചു. ദാദാ സാഹബ് ഫാല്ക്കെ അവാര്ഡ് തനിക്ക് ലഭിക്കാതെ പോയതില് അദ്ദേഹത്തിന് തെല്ലു വിഷമമുണ്ട്. “എനിക്ക് ആരുടേയും സേവപിടിത്തമോ, രാഷ്ട്രീയ ചായ്വോ ഇലലാത്തതാവും കാരണം” അദ്ദേഹം പറയുന്നു.
അടുത്തിടെ അന്പതാം വാര്ഷികം ആഘോഷിച്ച ‘നായരു പിടിച്ച പുലിവാ’ലിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ :
മലയാളത്തിലെ ആദ്യത്തെ സര്ക്കസ് പശ്ചാത്തലത്തിലുള്ള സിനിമയാണ് നായരു പിടിച്ച പുലിവാല്. ഞങ്ങള് അത് ഗ്രേറ്റ് ഈസ്റ്റേണ് സര്ക്കസിന്റെ ടെന്റുകളിലാണ് ചിത്രീകരിച്ചത്. ഉറൂബിന്റെ ‘പൈതല് നായര് പിടിച്ച പുലിവാല്” എന്ന കഥയാണ് മൂലകഥ. പി ഭാസ്കരനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. എന്റെ ആദ്യസിനിമയായ ‘അമ്മ’യുടെ സെറ്റിലും അന്ന് വളരെ ചെറുപ്പമായിരുന്ന പി ഭാസ്കരന് സഹകരിച്ചിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിലുടനീളം ഞാന് സെറ്റിലുണ്ടായിരുന്നു. നായികയ്ക്ക് നായകനെക്കാള് പ്രതിഫലം നല്കിയിരുന്ന കാലമായിരുന്നു അത്.

സേലത്തെ മോഡേണ് തീയറ്ററിലും, ധര്മ്മപുരിയിലുമായി അഞ്ചുമാസം കൊണ്ടാണ്. ഈ സമയത്ത് സിനിമാ നിര്മ്മാണവുമായി ബന്ധപ്പെട്ട ഒരുപാട് പാഠങ്ങള് ഞാന് പഠിച്ചു. എല്ലാ ദിവസവും സര്ക്കസ് ഷോകഴിഞ്ഞാലുടന് തന്നെ ഷൂട്ടിങ് തുടങ്ങാം എന്നായിരുന്നു കരുതിയത്. എന്നാല് പകല് മുഴുവനും, രാത്രി വൈകും വരെയും ഷോ നടത്തുന്ന സര്ക്കസ്സുകാര് വളരെ ക്ഷീണിതരായിരിക്കുമല്ലോ. അവര് വേണമല്ലോ ഡ്യൂപ്പുകളായി അഭിനയിക്കാന്. രാത്രി ഒരുമണിക്കാണ് അവസാന ഷോ കഴിയുക. അതു കഴിഞ്ഞാല് കഷ്ടിച്ച് ഒരുമണിക്കൂറാണ് ഷൂട്ടിങിനു ലഭിക്കുക. അങ്ങനെ ചിലവുകള് ഒരുപാട് കൂടി. എങ്കിലും രണ്ടര ലക്ഷം രൂപയ്ക്ക് ഞാന് സിനിമ പൂര്ത്തിയാക്കി. ഞാന് ഇതിന്റെ വിതരണാവകാശം നേരത്തെ തന്നെ വിറ്റിരുന്നു. ഈ സിനിമ മലബാറില് ഒരു വന് വിജയമായിരുന്നു. കാരണം തലശ്ശേരിയില് നിന്നും കണ്ണൂരില് നിന്നുമുള്ളവരായിരുന്നു സര്ക്കസ്സുകാരെല്ലാവരും. പക്ഷേ തിരുവിതാംകൂറില് സിനിമയുടെ തലക്കെട്ട് നായന്മാര്ക്കിടയില് വലിയ വിദ്വേഷമുണ്ടാക്കി. ഞാന് കരുതിയത് അവര്ക്ക് സന്തോഷമാകുമെന്നാണ്. എന്റെ ധാരണ തെറ്റിപ്പോയി. അവര് സിനിമയുടെ പോസ്റ്റര് വരെ കീറിക്കളഞ്ഞു.”
സിനിമാനിര്മ്മാണം ശരിക്കും ചരിത്രം സൃഷ്ടിക്കുകയായിരുന്നു. മലയാളത്തില് മാസ്കിങ് ടെക്നിക്ക് ആദ്യമായി ഉപയോഗിച്ചത് ഈ ചിത്രത്തിലാണ്. നടീനടന്മാരും മൃഗങ്ങളും തമ്മിലുള്ള കോംബിനേഷന് സീനുകളില് പകുതി ഫിലിം മാസ്ക് ചെയ്ത് ആദ്യം നടീനടന്മാരെ ചിത്രീകരിച്ച ശേഷം ബാക്കി പകുതിയില് മൃഗങ്ങളെ ഷൂട്ട് ചെയ്യും അങ്ങനെയായിരുന്നു ക്ലോസ് അപ് രംഗങ്ങള് ചിത്രീകരിച്ചത്. സിനിമയില് നായികയായ രാഗിണി ഒരു ചായക്കടക്കാരനായ മുത്തയ്യയുടെ മകളാണ്. അമ്മയായി പങ്കജവല്ലി. രാഗിണിയെ സ്നേഹിക്കുന്ന ധനികനായ വില്ലനായി ജി കെ പിള്ള. ഗ്രാമത്തില് സര്ക്കസ് വരുന്നതോടെ അവരുടെ ജീവിതങ്ങളെല്ലാം മാറി മറിയുകയാണ്.
സത്യനും, ജികെ പിള്ളയും, കൊച്ചപ്പനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് രാഗിണിയെ വിവാഹം കഴിക്കാന് ആഗ്രഹിക്കുന്നത്. (നടന് കൊച്ചപ്പന് ഒരു വക്കീലായിരുന്നു. ഈ സിനിമയ്ക്കു ശേഷം അദ്ദേഹം പുലിവാല് കൊച്ചപ്പന് എന്ന് അറിയപ്പെട്ടു.) ക്ലൈമാക്സ് സീനില് പുലി ഓടി മാനേജര് ജി കെ പിള്ളയുടെ മുറിയില് കയറി അയാളെ കൊല്ലുന്നു. ഈ പടം തമിഴില് പുലി ചെയ്ത കല്യാണം എന്ന് മൊഴിമാറ്റിയിട്ടുണ്ട്. തെലുങ്കിലേക്കും മൊഴിമാറ്റിയിരുന്നു. മുതുകുളം രാഘവന് പിള്ള, എസ് പി പിള്ള, ബഹദൂര്, പ്രേമ എന്നിവരും പ്രധാന റോളുകള് ചെയ്തിരുന്നു.
തന്റെ ആദ്യചിത്രമായ ‘അമ്മ’യെപ്പറ്റി അദ്ദേഹം പറയുന്നതു നോക്കുക. “അറുപതു വര്ഷം മുന്പായിരുന്നു അത്. കഥ എന്റെ തന്നെയായിരുന്നു. എന്റെ അമ്മയ്ക്കും ലോകത്തുള്ള എല്ലാ അമ്മമാര്ക്കുമുള്ള ഒരു പ്രാര്ഥനയായിരുന്നു ആ സിനിമ. ‘കാലം മാറി കഥമാറി’ എന്ന ഞാനെടുത്ത അവസാന ചിത്രത്തിന്റെയും കഥ എന്റെതന്നെയായിരുന്നു.“
പുതിയ തലമുറയ്ക്കുവേണ്ടിയും ഒരു കഥ അദ്ദേഹത്തിന്റെ മനസ്സില് തയ്യാറാവുന്നുണ്ട്.
“സിനിമയുടെ വിജയത്തിന്റെ രഹസ്യം അതിന്റെ കഥയാണെന്ന് പറഞ്ഞല്ലോ. ഒരേ തരത്തിലുള്ള കഥകള് പെട്ടന്ന് ബോറടിക്കും. സര്ക്കസ് കഥ എടുത്ത ശേഷം ഞാന് ട്രെയിന് പശ്ചാത്തലത്തിലുള്ള കഥയാണ് ചെയ്തത്. പിന്നീട് ബോട്ട്, ബസ്സ് എന്നിങ്ങനെ വിവിധ പശ്ചാത്തലങ്ങളിലുള്ള കഥകള് ചെയ്തു. കൊച്ചിന് എക്സ്പ്രസ്, കണ്ണൂര് ഡീലക്സ്, ഡേഞ്ചര് ബിസ്കറ്റ് എന്നിവ അങ്ങനെ ഉണ്ടായതാണ്. ശ്രീകുമാരന് തമ്പി, രാമു കാര്യാട്ട്, ഹരിഹരന്, കെ എസ് സേതുമാധവന്, വി ദക്ഷിണാമൂര്ത്തി, എം ബി ശ്രീനിവാസന് എന്നിവര് തുടക്കം മുതല് തന്നെ എന്റെയൊപ്പം ജോലിചെയ്തിരുന്നു.”
തന്റെ കലാസൃഷ്ടികള് എന്നും സാമാന്യജനത്തിന് എത്തിപ്പിടിക്കാന് കഴിയണം എന്ന ഉദ്ദേശത്തോടെ അദ്ദേഹം തന്റെ സിനിമകളുടെയെല്ലാം പ്രക്ഷേപണാവകാശം ഒരു റ്റി വി ചാനലിനു നല്കിയിരിക്കുകയാണ്. അവര് നമുക്കായി ആ ചിത്രങ്ങള് പ്രക്ഷേപണം ചെയ്യുമ്പോള് മലയാള സിനിമയെ മലയാളസിനിമയാക്കിയ ആ മഹാനുഭാവന് നന്ദി പറയാം. പുത്തന് കലാനുഭവങ്ങള് നല്കിയതിന് നന്ദിയോടെ അദ്ദേഹത്തെ സ്മരിക്കാം.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംനിര്‍മ്മാണംകഥതിരക്കഥ
19521 - -
19531 - -
19541 - -
19581 - -
19611 - -
196221 -
19631 - -
196421 -
19652 - -
19663 - -
196721 -
196821 -
196921 -
197021 -
197111 -
19721 - -
197321 -
19751 - -
197621 -
19772 - -
197821 -
197911 -
19811 - -
19821 - 1
198311 -
19841 - 1
19871 - 1