View in English | Login »

Malayalam Movies and Songs

ഫാദര്‍ നാഗേല്‍

ജനനം1867 നവംബര്‍ 03
മരണം1921 മെയ് 12
പ്രവര്‍ത്തനമേഖലഗാനരചന (2 സിനിമകളിലെ 2 പാട്ടുകള്‍)
ആദ്യ ചിത്രംഅരനാഴികനേരം (1970)


വോല്ബ്രെറ്റ് നാഗേല്‍ 1867 നവംബര്‍ മൂന്നിന് വടക്കന്‍ ജര്‍മ്മനിയിലെ ഹെസ്സെയില്‍ ജനിച്ചു. ദൈവഭക്തിയുള്ള ഒരു കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. മാതാപിതാക്കാള്‍ വളരെ ചെറുപ്പത്തില്‍ തന്നെ മരിച്ചു. പതിനെട്ടാമത്തെ വയസ്സില്‍ ഒരു ചെരുപ്പുകുത്തിയുടെ വിശ്വാസപ്രഭാഷണം കേട്ട ശേഷം പൂര്‍ണ്ണ ദൈവ വിശ്വാസിയായി, ക്രിസ്തുദാസനായി. ഒരു മിഷനറി ആകണം എന്ന ആഗ്രഹത്തില്‍ അദ്ദേഹം സ്വിട്ട്സേര്ലാണ്ടിലെ ബേസലില്‍ എത്തി . അവിടെ ബേസല്‍ മിഷന്‍ ട്രെയിനിംഗ് ഇന്സ്ടിട്യൂട്ടില്‍ 1886 ല്‍ ചേര്‍ന്ന് ആര് വര്‍ഷത്തിനു ശേഷം ബിരുദം നേടി. ഇവാഞ്ചലിക്കല്‍ ലൂതെരന്‍ മിഷനില്‍ 1893 ല്‍ ചേര്‍ന്നു.

അദ്ദേഹം പിന്നീട് മിഷന്‍ പ്രവര്‍ത്തനങ്ങളുമായി കണ്ണൂരില്‍ എത്തി. 1893 ഡിസംബറില്‍ ആയിരുന്നു അത്. വാണിയംകുളത്തെ ബേസല്‍ മിഷന്‍ സെന്ററിന്റെ അധികാരിയായി അദ്ദേഹം സ്ഥാനം ഏറ്റു. അവിടെ അദ്ദേഹത്തിനു പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും എതിര്‍പ്പുകളും നേരിടേണ്ടി വന്നു. തുടര്‍ന്ന് അദ്ദേഹം 1896 ല്‍ ലൂതാരന്‍ ചര്ച്ച് വിട്ടു. കേരളത്തിന്റെ തെക്കുഭാഗത്തേക്ക്‌ അദ്ദേഹം ലക്ഷ്യമില്ലാതെ സഞ്ചരിച്ചു. വഴിക്ക് കുന്നംകുളത്ത് വച്ച് അദ്ദേഹം പാറമേല്‍ ഇട്ടൂപ്പിനെ പരിചയപ്പെട്ടു. കുന്നംകുളം അന്നുതന്നെ ക്രിസ്ത്യാനികളുടെ ഒരു വലിയ കേന്ദ്രമായിരുന്നു. അദ്ദേഹം അവിടെ താമസിച്ചു ആള്‍ക്കാരുമായി ഇടപഴകുകയും മലയാളം പഠിക്കുകയും ചെയ്തു. മലയാളത്തില്‍ എഴുതുകയും വായിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഫാദര്‍ കുന്നംകുളംകാരുടെ സ്വന്തക്കാരനായി.

1897 ല്‍ ഫാദര്‍ അന്ന് കുന്നംകുളത്ത് അധ്യാപികയായിരുന്ന ആംഗ്ലോ ഇന്ത്യന്‍ ഹാരിയറ്റ് മിഷലിനെ വിവാഹം കഴിച്ചു. പിന്നീട് അവര്‍ നീലഗിരിയിലേക്ക് പോയി. 1906 ല്‍ അദ്ദേഹം തൃശൂരില്‍ ഒരു അനാഥാലയവും വിധവകള്‍ക്കായി ഒരു ആലയവും നിര്‍മിച്ചു. ഇന്നും രഹോബോത് എന്ന് പേരുള്ള ആ സ്ഥാപനം തൃശൂരില്‍ പ്രവര്‍ത്തിക്കുന്നു.

1914 ല്‍ അദ്ദേഹം തന്റെ സ്വദേശമായ ജര്‍മനിയിലേക്ക്‌ തിരിച്ചു പോയി. മൂത്ത കുട്ടികളെ ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസത്തിന് അയച്ച ശേഷം ഭാരതത്തിലേക്ക് മടങ്ങാന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടതിനാല്‍ അദ്ദേഹത്തിന് തിരച്ചു വരാന്‍ കഴിഞ്ഞില്ല. ജര്‍മന്‍ ആയതുകൊണ്ട് ബ്രിട്ടീഷ് ഭരണത്തിലുള്ള മലബാറില്‍ കടക്കുവാനും കഴിഞ്ഞില്ല. അക്കൊല്ലം തന്നെ അദ്ദേഹം വീണ്ടും സ്വിറ്റ്സര്‍ലന്‍ഡ് ല്‍ പോയി. ഹാരിയറ്റും ഇളയ മൂന്നു മക്കളും മലബാറില്‍ ആയിരുന്നു. മൂത്ത രണ്ടുപേര്‍ ബ്രിട്ടനിലും. മക്കളെ കാണാന്‍ കഴിയാതെ ഹൃദയ വ്യഥയോടെ നാഗേല്‍ അവിടെ കഴിഞ്ഞു. തളര്‍ച്ച ബാധിച്ചു ശയ്യാവലംബിയായിരുന്നു അദ്ദേഹം. പിന്നീട് ജര്‍മ്മനിയില്‍ ബൈബിള്‍ സ്കൂളില്‍ പഠിപ്പിച്ചിരുന്ന അദ്ദേഹത്തിനു പെട്ടന്ന് ഹൃദയാഘാതം ഉണ്ടായി. 1921 മേയ് 12 നു അന്തരിച്ചു. ഹാരിയറ്റ് ജര്‍മനിയില്‍ എത്തി അദ്ദേഹത്തെ ശുശ്രൂഷിച്ചു . ഹാരിയറ്റ് നാഗേല്‍ 1935 ജനവരി 27 നും അന്തരിച്ചു.

ക്രിസ്ത്യന്‍ മാമോദീസയെപ്പറ്റി അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അത് കൂടാതെ മലയാളത്തില്‍ ഒട്ടനവധി ഭക്തിഗാനങ്ങള്‍ ഫാദര്‍ നാഗേല്‍ എഴുതിയിട്ടുണ്ട്. കേരളത്തിലെ എല്ലാം ക്രിസ്ത്യന്‍ സഭകളും ഈ ഗാനങ്ങള്‍ പാടി വരുന്നു. മലയാളി ക്രിസ്ത്യാനികള്‍ ദൈവവചനം കേരളത്തില്‍ എത്തിച്ചതിന് ഫാദര്‍ നാഗേലിനെ അതീവ ബഹുമാനത്തോടെ ആണ് കാണുന്നത്.

അദ്ദേഹത്തിന്റെ പ്രശസ്തമായ ഗാനങ്ങള്‍ ചിലത്

സ്നേഹത്തിന്‍ ഇടയനാം യേശുവേ
നിന്നോട് പ്രാര്ത്തിപ്പാന്‍ പ്രിയ പിതാവേ
ജയം ജയം കൊളളും നാം
ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍
മരണം ജയിച്ച വീരാ
യേശു വരും വേഗത്തില്‍
എന്റെ ജീവനാം യേശുവേ
സമയമാം രഥത്തില്‍ ഞാന്‍ (ഈ പാട്ട് ഒരു ശവ ഘോഷയാത്ര ഗാനം അല്ല. ഇത് ഒരു ഭക്തിഗാനം മാത്രമാണ്. എങ്കിലും ഈ ഗാനമില്ലാതെ ഒരു ശവ ഘോഷയാത്രയും ഇന്നില്ല .)

ഫാദര്‍ നാഗേലിന്റെ സമയമാം രഥത്തില്‍ എന്ന പാട്ട് ജനകീയമാകുന്നത് 'അരനാഴികനേരം' എന്ന ചലച്ചിത്രത്തിലൂടെ ആണ്. പി ലീലയും മാധുരിയും ചേര്‍ന്നാണ് ഈ ഗാനം അരനാഴികനേരത്തില്‍ പാടിയിരിക്കുന്നത്. അങ്ങനെ ജര്‍മ്മനിയില്‍ ജനിച്ചു മലയാളത്തില്‍ വന്നു മലയാളം പഠിച്ചു മലയാളിയായ ആ പുരോഹിതന്റെ സാമീപ്യം ഇന്നും മലയാളത്തിനു അനുഭവവേദ്യം ആകുന്നു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
1970 - 1
1973 - 1