View in English | Login »

Malayalam Movies and Songs

ആലുമ്മൂടൻ

പ്രവര്‍ത്തനമേഖലഅഭിനയം (164)
ആദ്യ ചിത്രംഅനാര്‍ക്കലി (1966)
മക്കള്‍ബോബൻ ആലുമ്മൂടൻ


1992 ല്‍ മലയാള സിനിമ അതുവരെ കണ്ടിട്ടില്ലാത്ത ഒരു സീന്‍ ആയിരുന്നു അദ്വൈതം എന്ന പ്രിയദര്‍ശന്‍ സിനിമയുടെ സെറ്റില്‍ അരങ്ങേറിയത്. മലയാളസിനിമയുടെ മുതിര്‍ന്ന നടന്മാരിലൊരാളായ ആലുമ്മൂടനും മോഹന്‍‌ലാലും തമ്മിലുള്ള കോംബിനേഷന്‍ സീനില്‍ ആലുമ്മൂടന്‍ മോഹന്‍‌ലാലിന്റെ കൈകളിലേക്ക് കുഴഞ്ഞുവീഴുന്നു. ഏതോ ഒരു വികാരനിര്‍ഭരമായ സീനിന്റെ ക്ലൈമാക്സ് പോലെ. പക്ഷേ അത് ഒരിക്കലും വീണ്ടും ടേക് എടുക്കാന്‍ പറ്റാത്ത ഒരു അവസാന സീന്‍ ആയിരുന്നു. നടന്‍ ആലുമ്മൂടന്‍ മോഹന്‍ലാലിന്റെ കൈകളില്‍ കിടന്ന് മരിച്ചു. ഇനിയൊരിക്കലും മലയാളസിനിമയ്ക്ക് തന്മയീഭാവമാര്‍ന്ന കഥാപാത്രങ്ങളെ കാഴ്ചവയ്ക്കാന്‍ വിസമ്മതിച്ചുകൊണ്ട് വിധി അദ്ദേഹത്തെ എന്നെന്നേയ്ക്കുമായി വിളിച്ചു കൊണ്ടു പോയി. അന്‍പത്തെട്ടുവയസ്സുമാത്രമായിരുന്നു അദ്ദേഹത്തിന് അന്ന് പ്രായം.

ചങ്ങനാശേരി ചെത്തിപ്പുഴയില്‍ ജോസഫിന്റെയും റോസമ്മയുടെയും മകനായി 1934 ല്‍ ഡൊമിനിക് എന്ന പേരില്‍ പിറന്ന മകനാണ് പിന്നീട് മലയാളസിനിമയില്‍ ഹാസ്യത്തിന്റെ നവഭാവമായി നിറഞ്ഞാടിയ ആലുമ്മൂടന്‍ ആയത്. ചെറുപ്പത്തില്‍ ഓമനപ്പേരായി അദ്ദേഹത്തെ തങ്കമണി എന്നാണ് വീട്ടുകാര്‍ വിളിച്ചിരുന്നത്. അഭിനയം ഡൊമിനിക്കിന് ജീവരേഖയായിരുന്നു. പഠനമുപേക്ഷിച്ച് നാടകത്തിന്റെ പിന്നാലെ പോയി. ചെത്തിപ്പുഴയിലെ അമച്വര്‍ നാടകവേദികളില്‍ സ്ഥിരം അഭിനേതാവായി. ഡൊമിനിക് എന്ന പേരിന് ഒരു ഹാസ്യനടന്റെ തലയെടുപ്പില്ലാത്തതു പോലെ തോന്നി. കൂട്ടുകാരുടെയും ഗുരുക്കന്മാരുടേയും ഉപദേശം കൂടിയായപ്പോള്‍ ആലുമ്മൂടന്‍ എന്ന പേര് സ്വീകരിച്ചു. ചങ്ങനാശ്ശേരി ഗീഥാ തീയറ്റേഴ്‌സ്, കെ പി എ സി എന്നീ നാടകശാലകളില്‍ ആലുമ്മൂടന്‍ എന്ന ഹാസ്യനടന്‍ ഉദയതാരകം പോലെ ജ്വലിച്ചു. അദ്ദേഹത്തിന്റെ മെലിഞ്ഞ ശരീരവും നീണ്ട മൂക്കും എല്ലാം ദൈവം ഹാസ്യനടനായിരിക്കട്ടെ എന്ന്‍ ഏല്‍പ്പിച്ചു വിട്ടപോലെ ആ പ്രതിഭയ്ക്ക് അനുഗ്രഹമായി.
1966 ല്‍ ഇറങ്ങിയ ‘അനാര്‍ക്കലി’ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. എങ്കിലും 1969 ല്‍ ഇറങ്ങിയ ‘നദി’യിലെ പൈലി എന്ന കഥാപാത്രത്തിലൂടെയാണ് ആലുമ്മൂടന്‍ എന്ന നടനെ ജനം തിരിച്ചറിയുന്നത്. അടൂര്‍ഭാസിയും ബഹദൂറും അരങ്ങുതകര്‍ത്തിരുന്ന ആക്കാലത്ത് ഒരു ഹാസ്യനടന്റെ പട്ടം കരസ്ഥമാക്കുക വളരെ ശ്രമകരമായിരുന്നു.

താന്‍ അഭിനയിക്കുന്ന സിനിമ തന്റെ ജീവനാണെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്. സ്ക്രിപ്റ്റില്‍ ആവശ്യത്തിനു മാറ്റങ്ങള്‍ വരുത്തി, തന്റെ കഥാപാത്രത്തെ പൊലിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. സംവിധായകരെല്ലാവരും തന്നെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നിസ്സംശയം അനുസരിച്ചു. മുപ്പതുവര്‍ഷക്കാലം മലയാളസിനിമയില്‍ തന്റെ പ്രതിഭ നിലനിര്‍ത്തുവാന്‍ ഈ കഴിവ് അദ്ദേഹത്തെ വളരെയധികം സഹായിച്ചു. അദ്ദേഹത്തിന്റെ ശരീരഭാഷയായിരുന്നു ആ അഭിനയമികവിന്റെ പ്രധാന ഹേതു. സംഭാഷണങ്ങളോടൊപ്പം ശരീരവും മൌലികമായ ഒരു അഭിനയശൈലി പ്രേക്ഷകര്‍ക്ക് കാഴ്ചവച്ചു. ആലുമ്മൂടനെ അനുകരിക്കുന്ന ഇന്നത്തെ മിമിക്രിക്കാര്‍ക്ക് പ്രയാസമനുഭവപ്പെടുന്നതും സംഭാഷണവും അദ്ദേഹത്തിന്റെ ശരീരഭാഷയും സമന്വയിപ്പിച്ചു പ്രതിഭലിപ്പിക്കാനുള്ള ബുദ്ധിമുട്ടുതന്നെ. ഉടുപ്പിലും, നടപ്പിലും, കെട്ടിലും മട്ടിലുമുള്ള ആ ആലുമ്മൂടന്‍ ടച്ച്. അതായിരുന്നു ആലുമ്മൂടനെ വേര്‍തിരിച്ചു നിര്‍ത്തിയത്. അച്ചാരം അമ്മിണി ഓശാരം ഓമന യിലെ ഗോപാലന്‍ , മാമാങ്കത്തിലെ രൈരു, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ കുശലന്‍ , ഇത്തിക്കരപ്പക്കിയിലെ ഹസ്സന്‍ , പഞ്ചവടിപ്പാലത്തിലെ യൂദാസ്, യാത്രയിലെ പരമുനായര്‍ എന്നീ കഥാപാത്രങ്ങളുള്‍പ്പടെ എത്രയോ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റി നടക്കുന്നു. കാലം ചെല്ലും തോറും അഭിനയത്തിന്റെ പൂര്‍ണ്ണതയും കൃത്യതയും തെളിവാര്‍ന്നു വന്നു. തുളസീദാസിന്റെ ‘കാസര്‍കോട് കാദര്‍ഭായി’ യിലെ ടൈറ്റില്‍ റോള്‍ അദ്ദേഹത്തിന്റെ ഒരു സ്വപ്നസാഫല്യം ആയിരുന്നു. ഭീരുവായ ഒരു അധോലോകനേതാവിന്റെ ചിത്രം പ്രേക്ഷകരിലെത്തിയപ്പോഴേക്കും അതിനു ജീവന്‍ നല്‍കിയ ആ കലാകാരന്‍ ഈ ലോകത്തു നിന്നും വിടപറഞ്ഞിരുന്നു.
ഭാര്യ റോസമ്മ. മക്കള്‍ ജോഷി, ജോളി, ഗാലി, ബോബന്‍ , ബീന , ദീപ. ആലുമ്മൂടന്റെ മകന്‍ ബോബന്‍ സിനിമ സീരിയല്‍ രംഗത്തെ അറിയപ്പെടുന്ന ഒരു നടനാണ്.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19661
19671
19681
19693
197012
197114
197211
19737
19745
197512
19768
19776
197810
19798
19805
198114
19828
198311
19844
19853
19863
19872
19881
19903
19911
19927
19931
19971
20111