View in English | Login »

Malayalam Movies and Songs

ജെമിനി ഗണേശന്‍

ജനനം1920 നവംബര്‍ 17
മരണം2005 മാര്‍ച്ച് 25
സ്വദേശംപുതുക്കോട്ടൈ, തമിഴ് നാട്
പ്രവര്‍ത്തനമേഖലഅഭിനയം (13)
ആദ്യ ചിത്രംആശാദീപം (1953)
ഭാര്യസാവിത്രി നിസ്സങ്കാര


തമിഴ് സിനിമയിലെ മൂര്‍ത്തി ത്രയത്തില്‍ ഒരാളാണ് രാമസ്വാമി ഗണേശന്‍ എന്ന ജമിനി ഗണേശന്‍ .(എം ജി ആര്‍ , ശിവാജി ഗണേശന്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍ ) 1920 നവംബര്‍ പതിനേഴിന് തമിഴ് നാട്ടിലെ പുതുക്കോട്ടയില്‍ ജനിച്ചു.അച്ഛന്‍ രാമസ്വാമി. അമ്മ ഗംഗമ്മ. ഗണപതി സുബ്രഹ്മണ്യ ശര്‍മ എന്നാണു ശരിയായ നാമം എന്ന് ചിലര്‍ പറയുന്നു . താന്‍ നടിച്ച എണ്ണമറ്റ കാമുക വേഷങ്ങള്‍ക്ക് സമ്മാനമായി ലഭിച്ച 'കാതല്‍ മന്നന്‍ ' എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ശിവാജി നാടകീയ രംഗങ്ങള്‍ക്കും, എം ജി ആര്‍ സാഹസിക വേഷങ്ങള്‍ക്കും പുകഴ് പെറ്റപ്പോള്‍ ജമിനി ഗണേശന്‍ നിത്യകാമുകനായി പ്രേക്ഷക ഹൃദയങ്ങളില്‍ പരിലസിച്ചു. പുതുക്കോട്ടയിലെ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. ബിരുദം നേടിയശേഷം മറ്റു ജോലികള്‍ക്ക് പോകാതെ സിനിമയില്‍ അഭിനയിക്കുക വിരളമായിരുന്നു അന്ന് . ആ പതിവ് തെറ്റിച്ചു കൊണ്ടാണ് ബിരുദധാരിയായ ഗണേശന്‍ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. മദിരാശി ക്രിസ്ത്യന്‍ കോളേജിലെ അധ്യാപകനായിരുന്ന അദ്ദേഹം അത് വിട്ടു ജമിനി സ്ടുടിയോയിലെ പ്രോടക്ഷന്‍ എക്സിക്യൂട്ടീവ് ആയി. പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞപ്പോള്‍ ജമിനി സ്ടുടിയോയുടെ നാമം സ്വന്തം നാമത്തോടു ചേര്‍ത്ത് ജമിനി ഗണേശന്‍ ആയി.

1947 ല്‍ മിസ്സ്‌ മാലിനിയിലൂടെ ആയിരുന്നു അരങ്ങേറ്റം എങ്കിലും, ശ്രദ്ധിക്കപ്പെട്ടത് അന്‍പത്തി മൂന്നില്‍ തായ് ഉള്ളം എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ആയിരുന്നു. അന്‍പത്തി നാലില്‍ മനം പോലെ മംഗല്യം എന്ന ചിത്രത്തിലൂടെ താര പദവിയും നേടി. അന്‍പതിലധികം വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ അദ്ദേഹം ഇരുനൂറോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടാതെ ഹിന്ദി, മലയാളം, തെലുങ്ക് , കന്നഡ ഭാഷകളിലും ചില ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. അദ്ദേഹത്തിന്‍റെ കാമുക കഥാപാത്രങ്ങളെ ഇന്നും ജനം ഓര്‍ക്കുന്നത് അനശ്വര ഗായകരായ എ എം രാജ, പി ബി ശ്രീനിവാസ് തുടങ്ങിയവര്‍ പാടിയ നിരവധി പ്രണയഗാനങ്ങളിലൂടെ ആണ്. എഴുപത്തി ഒന്നില്‍ അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു. കൂടാതെ കലൈമാമണി, എം ജി ആര്‍ ഗോള്‍ഡ്‌ മെടല്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

നിരവധി സ്ത്രീകളുമായി ബന്ധവും, വിവാഹങ്ങളും, വിവാഹ മോചനവും ഒക്കെയായി അദ്ദേഹത്തിന്‍റെ വ്യക്തിജീവിതം കലുഷിതമായിരുന്നു. നിയമപരമായി വിവാഹം കഴിച്ചത് അലമെലുവിനെ ആയിരുന്നു. അതിനു ശേഷം നടി പുഷ്പവല്ലി, സാവിത്രി എന്നിവരെ വിവാഹം കഴിക്കുകയും പിരിയുകയും ചെയ്തു. പ്രമുഖ ഹിന്ദി സിനിമാതാരം രേഖ അദ്ദേഹത്തിന്‍റെയും പുഷ്പവല്ലിയുടെയും മകളാണ്. എഴുപത്തി അഞ്ചാം വയസ്സില്‍ ജൂലിയാന എന്ന മുപ്പതോന്പതുകാരിയെയും അദ്ദേഹം വിവാഹം കഴിച്ചു. എന്നാല്‍ തന്റെ ആത്മകഥയില്‍ അദ്ദേഹം രേഖപ്പെടുത്തുന്നത് അലമെലുവിനോടായിരുന്നു മനസ്സുകൊണ്ട് ഏറെ അടുപ്പം എന്നാണ്‌.

കുമാരസംഭവം, സ്വാമി അയ്യപ്പന്‍ , ശ്രീ മുരുകന്‍ എന്നിവ ഉള്‍പ്പടെ നിരവധി സിനിമകളില്‍ ജമിനി ഗണേശന്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തി അഞ്ചു മാര്ച് ഇരുപത്തി രണ്ടിന് വൃക്ക തകരാര് മൂലം അദ്ദേഹം മദിരാശിയില്‍ വച്ച അന്തരിച്ചു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19531
19641
19691
19711
19722
19731
19741
19751
19772
19781
19791