View in English | Login »

Malayalam Movies and Songs

ജാനമ്മ ഡേവിഡ്‌

സ്വദേശംനന്തൻകോട്‌
പ്രവര്‍ത്തനമേഖലആലാപനം (10 സിനിമകളിലെ 16 പാട്ടുകള്‍)
ആദ്യ ചിത്രംനല്ലതങ്ക (1950)


അച്ഛന്‍ മാവേലിക്കര സ്വദേശിയും നായര്‍ സമുദായാംഗവുമായ വേലുപ്പിള്ളയായിരുന്നു. വേലുപ്പിള്ളയുടെ അച്ഛന്‍ നമ്പൂതിരി സമുദായക്കാരനും. വേലുപ്പിള്ള തിരുവനന്തപുരത്തെത്തി സാല്‍വേഷന്‍ ആര്‍മിയില്‍ ചേര്‍ന്ന്‌ കൃസ്‌ത്യാനിയാവുകയും സാമുവല്‍ എന്ന പേര്‌ സ്വീകരിക്കുകയും ചെയ്‌തിരുന്നു. എല്‍ എം പി പാസായ സാമുവല്‍ ജാനമ്മയുടെ അമ്മാവന്റെ സഹായത്തോടെ ഡോക്ടര്‍ ആയിത്തീര്‍ന്നു. അങ്ങനെ അമ്മാവന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ഡോര്‍ക്കസ്സുമായി വിവാഹത്തിന്‌ മുതിര്‍ന്നത്‌. പുലയ സമുദായക്കാരിയും ക്രിസ്‌ത്യാനിയുമായ ഡോര്‍ക്കസ്‌ ആദ്യമൊക്കെ എതിര്‍ത്തി രുന്നുവെങ്കിലും ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹബന്ധത്തിനു സമ്മതിക്കുകയായിരുന്നു.

ഡോര്‍ക്കസ്‌ - സാമുവല്‍ ദാമ്പത്യബന്ധത്തില്‍ 5 മക്കള്‍ പിറന്നു. 1915ല്‍ മൂത്ത മകള്‍ ജാനമ്മ സാമുവല്‍ ജനിച്ചു. പിന്നീട്‌ സുമതി സാമുവല്‍, പത്മിനി സാമുവല്‍, സരോജം സാമുവല്‍, ശ്രീധര്‍ സാമുവല്‍ എന്നിവര്‍ ജനിച്ചു. സരോജം സാമുവല്‍ ഡോക്ടറായിരുന്നു. ഇവരും പത്മിനിയും ജാനമ്മയും മരണമടഞ്ഞു. ഇനി അവശേഷിക്കുന്നത്‌ ശ്രീധറും സുമതി യുമാണ്‌. ഡബിള്‍ എം എ കാരിയും അവിവാഹിത യുമായ സുമതി സഹോദരന്‍ ശ്രീധറിനോടൊപ്പം കുടുംബവീടായ നന്തന്‍കോട്‌ താമസിക്കുന്നു. മൂത്ത സഹോദരി ജാനമ്മ ഡേവിഡ്‌ മദ്രാസ്‌ റേഡിയോ നിലയത്തില്‍ ജോലിയുണ്ടായിരു ന്നപ്പോള്‍ സുമതി തൃശ്ശിനാപ്പിള്ളി റേഡിയോ നിലയത്തിലും ജോലി ചെയ്‌തിരുന്നു. അവര്‍ക്ക്‌ ഇപ്പോള്‍ 83 വയസ്‌ പ്രായമുണ്ട്‌. അമേരിക്കയില്‍ 2 പ്രാവശ്യം സന്ദര്‍ശനം നടത്തിയിട്ടുണ്ട്‌ സുമതി.

ഡോ. സാമുവല്‍ നാഗര്‍കോവില്‍ പുത്തേരി ആശുപത്രിയില്‍ സേവനമനുഷ്‌ഠിക്കുമ്പോള്‍ അവിടെ വെച്ചാണ്‌ ജാനമ്മ ജനിച്ചത്‌. പിന്നീട്‌ അച്ഛനോടൊപ്പം പീരുമേട്ടിലും പൊന്‍മുടിയിലും മാറിത്താമസിച്ചു. അതുകഴിഞ്ഞ്‌ തിരുവനന്തപുരത്ത്‌ നന്തന്‍കോട്ട്‌ താമസമാക്കി. സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ ജാനമ്മക്ക്‌ പാട്ടില്‍ വലിയ കമ്പമുണ്ടായിരുന്നു. പാട്ടുപഠിക്കണ മെന്ന്‌ അച്ഛനോടാവശ്യപ്പെട്ടപ്പോള്‍ സമ്മതിച്ചുവെങ്കിലും അമ്മക്ക്‌ അതില്‍ താല്‍പര്യമുണ്ടായിരുന്നില്ല, പാട്ടു പഠിച്ചാല്‍ വിദ്യാഭ്യാസം തകരുമെന്ന്‌ അമ്മ ഭയപ്പെട്ടിരുന്നു.

സംഗീതം ഐഛികമായെടുത്ത്‌ ജാനമ്മ തിരുവനന്തപുരം വിമന്‍സ്‌ കോളേജില്‍ ഇന്റര്‍ മീഡിയേറ്റിന്‌ ചേര്‍ന്നു. സംഗീതലോകത്ത്‌ പ്രസിദ്ധനായ ടി ലക്ഷ്‌മണന്‍ പിള്ളയുടെ മകള്‍ ജാനമ്മയുടെ അധ്യാപികയായിരുന്നു. ഒരു ദിവസം അവര്‍ ജാനമ്മയെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. 76 കാരനായ ലക്ഷ്‌മണന്‍ പിള്ള അവിടെവെച്ച്‌ ജാനമ്മയോട്‌ ഒരു കീര്‍ത്തനം പാടാന്‍ ആവശ്യപ്പെട്ടു. ജാനമ്മ പാടിത്തീര്‍ന്നപ്പോള്‍ മതിപ്പു വന്ന ലക്ഷ്‌മണന്‍ പിള്ള ജാനമ്മയെ അഭിനന്ദിക്കുകയും ആശിര്‍വദിക്കുകയും ചെയ്‌തു. അതോടെ ജാനമ്മ അധ്യാപിക യുടെ വീട്ടില്‍ നിത്യ സന്ദര്‍ശകയായി മാറി. ലക്ഷ്‌മണന്‍ പിള്ള ജാനമ്മയുടെ ഗുരുവായും മാറി. ഒരുപാട്‌ കീര്‍ത്തനങ്ങള്‍ ലക്ഷ്‌മണന്‍ പിള്ള ജാനമ്മയെ പഠിപ്പിച്ചു. അതെല്ലാം ഒന്നിനൊന്നു മെച്ചമായി ജാനമ്മ ആലപിച്ചത്‌ ഗുരുവിനെ അത്ഭുത പരതന്ത്രനാക്കി. ഇതിനിടെ ജാനമ്മ നന്തന്‍കോട്‌ ബെയിന്‍സ്‌ കോമ്പൗണ്ടിലുള്ള ഹിന്ദ്രന്‍സ്‌ ഗാര്‍ഡന്‌സ്‌ സ്‌കൂളില്‍ കുറേക്കാലം അധ്യാപികയായി ജോലിയും നോക്കി.

സംഗീതജ്ഞനായ ലക്ഷ്‌മണന്‍ പിള്ളയുമായുള്ള അടുപ്പമാണ്‌ ജാനമ്മയുടെ ജീവിതത്തെ മാറ്റിമറിച്ചത്‌. ആയിടക്ക്‌ വി ജെ ടി ഹാളില്‍ ജാനമ്മയുടെ ഒരു സംഗീതക്കച്ചേരി നടന്നു. മുന്‍നിര യില്‍ തന്നെ അധ്യാപികയും ഗുരു ലക്ഷ്‌മണന്‍ പിള്ളയും ഇരുന്നിരുന്നു. കച്ചേരി അവസാനിച്ചപ്പോള്‍ ഒരാള്‍ വന്ന്‌ ലക്ഷ്‌മണന്‍ പിള്ളയോട്‌ പറഞ്ഞു, ശിഷ്യയെ ചിദംബരത്ത്‌ അയച്ച്‌ പഠിപ്പിക്കണമെന്ന്‌. നല്ല ശബ്ദവും ഭാവിയുമുള്ള കുട്ടിയുമാണ്‌ ജാനമ്മ. ദക്ഷിണേന്ത്യയില്‍ ആദ്യമായി തുടങ്ങിയ മ്യൂസിക്‌ സ്‌കൂളായിരുന്നു ചിദംബരത്തേത്‌. അവിടെ പ്രവേശനം ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ജാനമ്മയെ കൊണ്ട്‌ അപേക്ഷ അയപ്പിച്ചു. ലക്ഷ്‌മണന്‍ പിള്ളയുടെ ശുപാര്‍ശ കൂടിയായപ്പോള്‍ താണവര്‍ഗക്കാരിയായ ജാനമ്മക്ക്‌ ചിദംബരം മ്യൂസിക്‌ കോളേജില്‍ പ്രവേശനം ലഭിച്ചു. ഒടുവില്‍ ഇന്റെര്‍ മീഡിയേറ്റ്‌ പരീക്ഷ എഴുതാതെ വിമന്‍സ്‌ കോളേജില്‍ ഒരു വര്‍ഷത്തെ പഠനം അവസാനിപ്പിച്ച്‌ ജാനമ്മ ചിദംബരത്തു പോയി. അനിയത്തി സുമതിയും ജാനമ്മക്ക്‌ ഒപ്പം തമിഴ്‌നാട്ടിലെത്തി.

ചിദംബരം മ്യൂസിക്‌ സ്‌കൂളില്‍ പഠിച്ച്‌ ജാനമ്മ തന്റെ പ്രതിഭ കൊണ്ട്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1940 ല്‍ സംഗീതക്കോളേ ജിലെ മൂന്നുവര്‍ഷക്കാല പഠനം പൂര്‍ത്തിയാക്കി. അപ്പോള്‍ തമിഴ്‌ സംഗീതസഭ നടക്കുന്ന കാലമായിരുന്നു. ഇന്ത്യയൊട്ടു ക്കുള്ള സംഗീത പ്രതിഭകള്‍ സംഗീത സഭയില്‍ പങ്കെടുത്തു. വലിയ മത്സരമാണ്‌ അവിടെ നടന്നത്‌. പക്ഷെ തമിഴില്‍ പാടാന്‍ ആരുമില്ല മലയാളിയായ ജാനമ്മ ഡേവിഡ്‌ തമിഴില്‍ പാടാന്‍ തയ്യാറായി. 5 കീര്‍ത്തനങ്ങള്‍ തമിഴില്‍ പാടി. സംഗീതസഭ യാകെ കോരിത്തരിച്ചിരുന്നു പോയി എന്നാണ്‌ ഇതേപ്പറ്റി സുമതി പിന്നീട്‌ നന്തന്‍കോടുള്ള വസതിയില്‍ വെച്ച്‌ പറഞ്ഞത്‌. ഒടുവില്‍, സംഗീതത്തില്‍ ജാനമ്മക്കും കമ്പോസിംഗില്‍ ലക്ഷ്‌മണന്‍ പിള്ളക്കും സമ്മാനങ്ങള്‍ ലഭിച്ചു. ഒരര്‍ത്ഥത്തില്‍ ശിഷ്യയില്‍ കൂടിയാണ്‌ ഗുരുവിനെ സംഗീതലോകം അറിയുന്നത്‌ തന്നെ. ഇതോടെ തൃശ്ശിനാപ്പിള്ളി റേഡിയോ നിലയം കീര്‍ത്തനം പാടാന്‍ ജാനമ്മയെ ക്ഷണിച്ചു. അതുകഴിഞ്ഞ്‌ മാസത്തില്‍ ഓരോ കീര്‍ത്തനം പാടാന്‍ റേഡിയോ നിലയത്തില്‍ അവസരമുണ്ടായി. സംഗീതപഠനം കഴിഞ്ഞതോടെ ജാനമ്മക്ക്‌ അവ്വൈ ആശ്രമത്തില്‍ സംഗീതാധ്യാപികയായി നിയമനം ലഭിച്ചു.

1943 സെപ്‌തംബര്‍ 5 ന്‌ ദളിത്‌ ആയ ജാനമ്മയും സുറിയാനി ക്രിസ്‌ത്യാനിയായ ഡേവിഡ്‌ വി ജോര്‍ജും തമ്മില്‍ വിവാഹിതരായി. അയിത്താചാരം കൊടികുത്തിവാഴുന്ന ആ കാലത്ത്‌ പുലയ സമുദായ ക്കാരിയായ ജാനമ്മയും സുറിയാനി ക്രിസ്‌ത്യാനിയായ ഡേവിഡും തമ്മിലുള്ള വിവാഹം ഏറെ ഒച്ചപ്പാട്‌ സൃഷ്ടിച്ചിരുന്നു. വിവാഹത്തിന്‌ എല്ലാ ഒത്താശകളും ചെയ്‌തുകൊടുത്തത്‌ ഗാന്ധിയന്‍ രാമചന്ദ്രനായിരുന്നു. രാമചന്ദ്രനോടൊപ്പം ജയില്‍വാസമനുഷ്‌ഠിച്ചയാളാണ്‌ ഡേവ്‌ഡ്‌ വി ജോര്‍ജ്‌. പിന്നീട്‌ ജയില്‍ ഉദ്യോഗസ്ഥനായിത്തീര്‍ന്ന ഡേവിഡ്‌ സംഗീതത്തില്‍ ഏറെ താല്‍പ്പര്യമുള്ളയാളായിരുന്നു. 1944 ജനുവരി 1 ന്‌ ജാനമ്മ ഡേവിഡ്‌ മദ്രാസ്‌ ഓള്‍ ഇന്ത്യാ റേഡിയോ നിലയത്തില്‍ സ്‌റ്റാഫ്‌ ആര്‍ട്ടിസ്റ്റായി നിയമനം നേടി. അവിടെവെച്ചാണ്‌ പി ഭാസ്‌കരനുമായി പരിചയപ്പെട്ടത്‌. ആ പരിചയമാണ്‌ 1954 ല്‍ ടി കെ പരീക്കുട്ടി ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച, പ്രസിഡന്റിന്റെ വെള്ളിമെഡല്‍ നേടിയ 'നീലക്കുയില്‍' എന്ന ചിത്രത്തില്‍ ജാനമ്മ ഡേവിഡിനെ കൊണ്ട്‌ പാടിച്ചത്‌.പി ഭാസ്കരനോടൊപ്പം
എല്ലാരും ചൊല്ലണ്‌
എല്ലാരും ചോല്ലണ്‌
കല്ലാണ്‌ നെഞ്ചിലെന്ന്‌
കരിങ്കല്ലാണ്‌ നെഞ്ചിലെന്ന്‌....

പി ഭാസ്‌കരന്‍ രചിച്ച ഈ ഒറ്റ പാട്ടുകൊണ്ടുതന്നെ ജാനമ്മ ഡേവിഡ്‌ പ്രശസ്‌ത യായി.

കുയിലിനെ തേടി
കുയിലിനെ തേടി
പട്ടുകുപ്പായക്കാരാ...... എന്ന്‌ മറ്റൊരു പാട്ടുകൂടി ജാനമ്മ ഡേവിഡ്‌ നീലക്കുയിലില്‍ പാടിയിട്ടുണ്ട്‌. വര്‍ഷങ്ങള്‍ ഏറെ കടന്നിട്ടും ഇന്നും ഒളിമങ്ങാതെ നില്‍ക്കുന്നത്‌ 'എല്ലാരും ചൊല്ലണ്‌' എന്ന പാട്ടാണ്‌. പ്രസിദ്ധ സംവിധായകന്‍ പി രാമു കാര്യാട്ടാണ്‌ നീലക്കുയിലിന്റെ സംവിധായകന്‍. അരനൂറ്റാ ണ്ടിലേറെ കഴിഞ്ഞിട്ടും നീലക്കുയിലും എല്ലാരും ചൊല്ലണ്‌ എന്ന പാട്ടും മലയാളിയുടെ മനസ്സില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നു.

തിരുവിതാംകൂര്‍ മഹാരാജാവ്‌ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ അധികാരമേല്‍ക്കുന്നതിനു മുമ്പ്‌ ജാനമ്മ പഠിച്ച സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. അന്ന്‌ ചെറിയ കുട്ടിയായിരുന്ന അവര്‍ ടീച്ചര്‍ എഴുതിക്കൊടുത്ത രാജാവിനെ സ്‌തുതിച്ചു കൊണ്ടുള്ള ഒരു ഗാനം പാടുകയുണ്ടായി. ഇതായിരുന്നു ജാനമ്മ എന്ന ഗായികയുടെ തുടക്കം.

1950 ല്‍ കെ ആന്റ്‌ കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നല്ലതങ്ക എന്ന ചിത്രത്തില്‍ മിസ്‌ കുമാരിക്കുവേണ്ടി ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പിതാവ്‌ അഗസ്റ്റിന്‍ ജോസഫിനോടൊപ്പം പാടിക്കൊണ്ടായിരുന്നു ജാനമ്മ ഡേവിഡ്‌ ആദ്യമായി സിനിമയില്‍ പാടിയത്‌. കഥയിലെ വില്ലത്തിയായ മൂളിയലങ്കാരിയെ കുറിച്ച്‌ 'മൂളിയലങ്കാരീ....' എന്ന പാട്ടാണ്‌ ജാനമ്മ ഡേവിഡ്‌ ആദ്യം പാടിയത്‌. തുടര്‍ന്ന്‌ അമ്മ ( 1952 ) പ്രേമലേഖ ( 1952 ) കരുണ (1966 ) ജനോവ ( 1953 ) മിന്നുന്നതെല്ലാം പൊന്നല്ല ( 1957 ) എന്നീ ചിത്രങ്ങളില്‍ പാടിയ ജാനമ്മ ഡേവിഡ്‌ 30 വര്‍ഷത്തോളം സിനിമക്കു വേണ്ടി പാടിയില്ല. കാരണം ഒട്ടേറെ ഗായികമാര്‍ മലയാള സിനിമയില്‍ ചേക്കേറിയതായിരുന്നു. മലയാളമണ്ണിന്റെ ഗന്ധമില്ലാത്ത തെലുങ്കത്തികളുടെ തള്ളിക്കയറ്റത്തില്‍ മലയാളത്തിന്റെ ഗാനകോകിലമായ ജാനമ്മയെ സിനിമാലോകം അവഗണിക്കു കയായിരുന്നു. കുതികാല്‍ വെട്ടിന്റെയും സവര്‍ണ ചിന്തയുടേയും അതിപ്രസരത്തില്‍ മുങ്ങിയ മലയാള സിനിമ പ്രതിഭാധനയായ ജാനമ്മ ഡേവിഡിനെ മറന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. 30 വര്‍ഷങ്ങല്‍ക്കു ശേഷം ഒരിക്കല്‍ കൂടി 1988ല്‍ 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍' എന്ന ചിത്രത്തിനു വേണ്ടി ജാനമ്മ ഡേവിഡ്‌ മദിരാശിയിലെ എ വി എം ആര്‍ ആര്‍ റിക്കോര്‍ഡിംഗ്‌ സ്‌റ്റുഡിയോയില്‍ പാടി.

'തീനം വരുത്താനും
ഏനം കെടുത്താനും
ഊനം വരുത്താനും
ചെങ്കാളിയുണ്ടേ
തൂശിച്ചെടുത്താല്‍ കൊടുക്കും
കൊടുക്കും
കോപിച്ചുപോയാല്‍ കടുപ്പം
കടുപ്പം'

ഭര്‍ത്താവ്‌ ഡേവിഡ്‌ നിര്യാതനായി. രാജന്‍ ജോര്‍ജ്‌, മോഹന്‍ ജോര്‍ജ്‌ എന്നിവര്‍ മക്കളാണ്‌. ഇവര്‍ തമിഴ്‌ നാട്ടില്‍ ബിസിനസ്‌ കാര്യങ്ങളില്‍ മുഴുകി ജീവിക്കുന്നു. ഇളയ സഹോദരിയും സഹോദരനും നന്തന്‍കോട്ട്‌ ജീവിച്ചിരിപ്പുണ്ട്‌. ജെ സി ഡാനിയേല്‍ നിര്‍മ്മിച്ച ആദ്യ മലയാള സിനിമയായ വിഗതകുമാരന്‍ എന്ന ചിത്രത്തിലെ നായിക റോസിയും അതില്‍ ഹോട്ടല്‍ മാനേജരായി വേഷമിട്ട വിന്‍സന്‍സിംഗും ആദ്യഗായിക ജാനമ്മ ഡേവിഡും നന്തന്‍കോട്ടുകാരായിരുന്നു. അങ്ങിനെ നന്തന്‍കോട്‌ മലയാള സിനിമക്ക്‌ ഒരു നിമിത്തമായി. മലയാള സിനിമാ ഗാനങ്ങളില്‍ പ്രത്യേക ശൈലിയും ശബ്ദവും ഈണവും കാത്തുസൂക്ഷിച്ച ജാനമ്മ ഡേവിഡിന്റെ സ്‌മരണ എക്കാലവും കാത്തു സൂക്ഷിക്കാന്‍ മലയാള ചലച്ചിത്ര വേദിക്കും സംഘടനകള്‍ക്കും ബാധ്യതയുണ്ട്.

(26-4-2003 ല്‍ പി കെ റോസി സ്‌മാരക കലാവേദിയുടെ ആഭിമുഖ്യത്തില്‍ കേരള ഹിന്ദു മിഷന്‍ ഹാളില്‍ കുന്നുകുഴി എസ്‌ മണി നടത്തിയ ജാനമ്മ ഡേവിഡ്‌ അനുസ്‌മരണ പ്രഭാഷണത്തിൽ നിന്ന് )

1947 തുടക്കത്തിൽ ആകാശവാണിയിൽ ജോലിചെയ്യുമ്പോഴാണ് അവർ ആദ്യമായി സിനിമയ്ക്കുവേണ്ടി പാടുന്നത്. പ്രശസ്ത നടൻ നാഗയ്യയുടെ തെലുങ്കുചിത്രമായ ത്യാഗയ്യക്കു വേണ്ടിയായിരുന്നു അത്. പക്ഷേ ചിത്രം പുറത്തുവന്നപ്പോൾ ആ ഭാഗം കാണാനില്ല! ചിത്രത്തിന്റെ നീളക്കൂടുതൽ കാരണം ആ ഭാഗം നീക്കംചെയ്തിരുന്നു.

ആയിരപ്പറ എന്ന ചിത്രത്തിലെ അഞ്ഞാഴിത്തണ്ണിക്ക് എന്ന ഗാനത്തിലെ 'വരണൊണ്ട് വരണൊണ്ട് ലാടമ്മാര്' എന്ന വരികളാണ് അവർ അവസാനമായി ചലച്ചിത്രത്തിൽ പാടിയത്.

1995-ൽ കോടമ്പാക്കം റെയിൽവേസ്റ്റേഷനു സമീപമുള്ള ആശുപത്രിയിൽവച്ച് ജാനമ്മഡേവിഡ് അന്തരിച്ചു.തയ്യാറാക്കിയത് : ശ്രീദേവി പിള്ളസ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19504 -
19523 -
19542 -
19574 -
19882 -
19931 -