View in English | Login »

Malayalam Movies and Songs

കനകദുർഗ്ഗ

പ്രവര്‍ത്തനമേഖലഅഭിനയം (47)
ആദ്യ ചിത്രംനൃത്തശാല (1972)
ഭര്‍ത്താവ്ഹേമചന്ദ്രൻ
മക്കള്‍മാനസ


തെലുങ്കിന്റെ നാട്ടിൽ നിന്നു് മലയാളസിനിമയുടെ വെള്ളിത്തിരയിലേക്കു് കടന്നു വന്നു്,
നായികാനിരയിൽ എത്തുകയും പിന്നീടു് മലയാളത്തിന്റെ പുത്രവധു ആകുകയും ചെയ്ത ഒരു നടിയാണു് ശ്രീമതി കനകദുർഗ്ഗ. കലാകാരന്മാരുടെ കുടുംബത്തിൽ ആണു ജനിച്ചതു്. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളാ‍യിരുന്നു. പഠിത്തത്തിൽ വലിയ താല്പര്യമില്ലാഞ്ഞതിനാൽ തന്റെ പതിനാറാമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസത്തിനിടയിൽ തന്നെ അഭിനയത്തിലേക്കു കടന്നു. സംവിധായകൻ ആയിരുന്ന വല്യച്ഛൻ പ്രകാശ് റാവുവിന്റെയും നടിയായിരുന്ന വല്യമ്മ ജീവലക്ഷ്മിയുടെയും സുഹൃത്തായിരുന്നു പ്രശസ്ത സംവിധായകൻ ശ്രീ കെ. വിശ്വനാഥ്. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ തന്നെ ഒരു സിനിമയിൽ നടൻ ശോഭൻ ബാബുവിന്റെ കൂടെ ഒരു ചെറിയ റോളിൽ അഭിനയിച്ചാണു് സിനിമയിൽ ഹരിശ്രീ കുറിച്ചതു്.



നൃത്തവൈഭവത്തിന്റെയോ അഭിനയപാടവത്തിന്റെയോ പെരുമ ഒന്നും ഇല്ലാതിരുന്നിട്ടും നിശ്ചയദാർഢ്യത്തിന്റെ പിൻബലത്തിൽ മാത്രം അവർ സിനിമാനഗരിയായ ചെന്നൈയിൽ വന്നു. അവിടെ നാടകാഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെറിയ കാലം കൊണ്ടു് തമിഴ് നാടകരംഗത്തെ ഒരു കഴിവുറ്റ നടിയായി പേരെടുത്തു. ശ്രീ രാമു കാര്യാട്ട് ‘നെല്ലി’നു വേണ്ടി കുറുമാട്ടിയുടെ വേഷം ചെയ്യാൻ ഒരു പുതിയ നടിയെ തിരയുന്ന കാലമായിരുന്നു അതു്. കനകദുർഗ്ഗ അഭിനയിച്ച ഒരു നാടകം കണ്ട ശ്രീ കാര്യാട്ട് കനകദുർഗ്ഗയെ ആ റോളിലേക്കു് നിശ്ചയിച്ചു. നെല്ല് റിലീസ് ആകുന്നതിനു മുമ്പു തന്നെ ശ്രീ പി. എൻ. മേനോന്റെ ‘മഴക്കാറി’ലേക്കു ക്ഷണം കിട്ടി - മധുവിന്റെ നായിക ആയി. പിന്നീടു് മധു, സോമൻ, ജയൻ എന്നിവരുടെ നായികയായി ധാരാളം ചിത്രങ്ങൾ ലഭിച്ചു. ഹേമന്തരാത്രി, ഇതാ ഒരു മനുഷ്യൻ, മോഹിനിയാട്ടം, രാസലീല, ശിഖരങ്ങൾ, തീക്കനൽ, ഏതോ ഒരു സ്വപ്നം, ഉത്രാടരാത്രി തുടങ്ങിയവയാണു് കനകദുർഗ്ഗയുടെ മറ്റു പ്രശസ്തചിത്രങ്ങൾ.

ശ്രീ ബാലചന്ദ്രമേനോന്റെ ‘ഉത്രാടരാത്രി’യിൽ അഭിനയിക്കുമ്പോഴാണു് പ്രശസ്ത ഛായാഗ്രാഹകൻ ഹേമചന്ദ്രനുമായി സൌഹൃദമാകുന്നതു്. ആ സൌഹൃദം 1981ൽ വിവാഹത്തിൽ കലാശിച്ചു. വിവാഹത്തോടെ കനകദുർഗ്ഗ സിനിമാഭിനയം ഉപേക്ഷിച്ചു. ഇരുപതു വർഷം നീണ്ടു നിന്ന ആ വിവാഹജീവിതം അവസാനിക്കുന്നതു് 2001ൽ ശ്രീ ഹേമചന്ദ്രന്റെ മരണത്തോടുകൂടിയാണു്. അവർക്കു് ഒരു മകൾ - മാനസി. മാനസി അഞ്ചു മലയാളസിനിമകളിൽ അഭിനയിച്ചിട്ടുണ്ടു്. തമിഴ് നടൻ വിക്രാന്താണു് മാനസിയെ വിവാഹം കഴിച്ചിരിക്കുന്നതു്.

ഈ നല്ല അഭിനേത്രി ഒരു വലിയ ഇടവേളയ്ക്കു ശേഷം ശ്രീ ലോഹിതദാസിന്റെ ‘സൂത്രധാര’നിൽ അഭിനയിച്ചു. ഇപ്പോൾ സിനിമയുടെ തിരക്കുകളിൽ നിന്നകന്നു്, തന്നെ വിട്ടുപോയ ഭർത്താവിനെക്കുറിച്ചുള്ള മരിക്കാത്ത ഓർമ്മകളുമായി സന്തോഷവതിയായി ചെന്നൈയിൽ സ്ഥിരതാമസമാണു് ശ്രീമതി കനകദുർഗ്ഗ.




References:

Amrita TV - Innalathe Tharam



തയ്യാറാക്കിയത് : കല്ല്യാണി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19721
19731
19741
19752
19764
19774
19788
19796
19808
19816
19823
19831
19841
20011