View in English | Login »

Malayalam Movies and Songs

ലളിതശ്രീ

പ്രവര്‍ത്തനമേഖലഅഭിനയം (89)
ആദ്യ ചിത്രംനീതിപീഠം (1977)

ഡബ്ബിംഗ് - 1 കഥാപാത്രങ്ങള്‍



ഇത് കുടുംബം പുലര്‍ത്താനായി തിരുവനന്തപുരത്തുനിന്നും മദിരാശിക്ക് വണ്ടി കയറിയ സുഭദ്ര എന്ന പെണ്‍‌കുട്ടിയുടെ കഥയാണ്‍. അവള്‍ക്ക് അന്ന് കലയോട് വലിയ മമതയൊന്നുമുണ്ടായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലയാളമുള്‍പ്പടെ തെന്നിന്ത്യന്‍ സിനിമകളില്‍ നിഷേധിക്കാനാവാത്ത ഒരു സ്ഥാനം പിടിച്ചെടുത്ത ലളിതശ്രീ എന്ന നടിയായി അവര്‍ . നാനൂറ്ററുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. എല്ലാ ചിത്രങ്ങളിലും തന്റെ കഥാപാത്രങ്ങള്‍ക്ക് സ്വന്തം ശബ്ദം തന്നെ നല്‍കാന്‍ കഴിഞ്ഞ അപൂര്‍വ ഭാഗ്യവും കൂടി നേടിയവരാണവര്‍ . വര്‍ഷങ്ങള്‍ കടന്നുപോകെ അവര്‍ക്ക് സിനിമ ജീവിതമായി, അഭിനിവേശമായി.
സുഭദ്ര എന്ന പേരുകാരി മദിരാശിയില്‍ താമസിച്ചിരുന്ന വാടകവീടിന്റെ പേരായിരുന്നു ലളിതശ്രീ. ആദ്യമായി സിനിമയിലഭിനയിപ്പിക്കാനെത്തിയ പ്രൊഡക്ഷന്‍ മാനേജരാണ് ലളിതശ്രീ ഉണ്ടോ ഇവിടെ എന്നു ചോദിച്ചത്. അന്ന് ശ്രീ ചേര്‍ത്തുള്ള പേരുകള്‍ സിനിമയില്‍ ഒരു ഫാഷനും ആയിരുന്നു. അങ്ങനെയാണ് ആദ്യചിത്രത്തിലഭിനയിക്കുവാനായി സുഭദ്ര ലളിതശ്രീയായത്. ആകാരത്തില്‍ ‘ലളിത’ അല്ലെങ്കിലും പേരിലെങ്കിലും അതുണ്ടാവട്ടെ എന്ന് ലളിതശ്രീ സ്വയം കളിയാക്കി ചിരിക്കുന്നു.
‘ദേവി കരുമാരിയമ്മന്‍ ‘എന്ന ചിത്രമായിരുന്നു ലളിതശ്രീയുടെ ആദ്യ ചിത്രം. ‘ഉണര്‍ച്ചികള്‍ ‘ എന്ന അടുത്ത ചിത്രത്തില്‍ ഇന്നത്തെ മഹാനടന്‍ കമലിന്റെ നായികയായി ലളിതശ്രീ. അത് കമലിന്റെതന്നെ ആദ്യനായികയായിരുന്നു എന്ന് ലളിതശ്രീ പറയുന്നു. എന്തുകൊണ്ടോ ആ ചിത്രം പുറത്തുവന്നില്ല.
84- 87 വരെ അവരുടെ പീക് റ്റൈം ആയിരുന്നു. ഒരു വര്‍ഷം 35 സിനിമകള്‍ വരെ അവര്‍ ചെയ്തിരുന്നു. പിന്നീട് എല്ലാവരേയും പോലെ ജീവിതത്തിന്റെ അനിവാര്യതകളില്‍പ്പെട്ട് അവരും തിരശ്ശീലയില്‍ നിന്ന് നീക്കപ്പെട്ടു.
അവസാനം അവര്‍ മലയാളത്തില്‍ അഭിനയിച്ചത് ‘ബലറാം Vs താരാദാസ്‘ എന്ന ചിത്രത്തിലായിരുന്നു. ഇപ്പോള്‍ കഥാപാത്രങ്ങള്‍ ലഭിക്കാത്തതില്‍ ലളിതശ്രീയ്ക്ക് ആരോടും പരാതിയില്ല. ‘ആരും വിളിക്കാതെ എങ്ങനെ അഭിനയിക്കും?’ എന്ന് അവര്‍ ചോദിക്കുന്നു.

സിനിമയില്‍ ലളിതശ്രീയ്ക്ക് കടപ്പാട് ജയഭാരതിയോടാണ്‍. ജയഭാരതി കത്തിനിന്ന കാലത്ത് തനിക്കുവേണ്ടി ഒരുപാട് സിനിമകളില്‍ റെക്കമെന്റ് ചെയ്തിട്ടുണ്ടെന്ന് ലളിതശ്രീ പറയുന്നു. അടൂര്‍ഭാസി-ശ്രീലത ജോഡിപോലെ ബഹദൂര്‍ - ലളിതശ്രീ ജോഡി എന്തുകൊണ്ട് ആയിക്കൂടാ എന്ന് ജയഭാരതി ബഹദൂറിനോട് ചോദിക്കുകയും ചിലപടങ്ങളില്‍ അങ്ങനെ ബഹദൂറിന്റെ കൂടെ അഭിനയിക്കുകയും ചെയ്തു. കൂടാതെ ബഹദൂര്‍ പറഞ്ഞിട്ടും ലളിതശ്രീയ്ക്ക് ചില പടങ്ങളില്‍ അഭിനയിക്കാനായി.
എന്നും മാറിമറിയുന്ന സിനിമയുടെ ഫിലോസഫി ലളിതശ്രീയുടെ വാക്കുകളില്‍ ഇങ്ങനെ. ‘അന്ന് സിനിമയില്‍ വരാനായിരുന്ന് ബുദ്ധിമുട്ട്. വന്നാല്‍പ്പിന്നെ കുറെക്കാലം പിടിച്ചു നില്‍ക്കാന്‍ സാധിക്കുമായിരുന്നു. ഇന്ന് ഒരാള്‍ക്ക് വളരെയെളുപ്പം സിനിമയില്‍ വരാം. എന്നാല്‍ അധികകാലം പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല’.
അഭിനയരംഗത്തുനിന്ന് ഒഴിഞ്ഞപ്പോള്‍ ലളിതശ്രീ എന്തു ചെയ്യുകയായിരിക്കും? അവരെങ്ങനെ ജീവിക്കുന്നു? ലളിതശ്രീയ്ക്ക് ഉത്തരമുണ്ട്.
താരസംഘടനയുടെ കൈനീട്ടം അവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും,ജീവിതം പഠിപ്പിച്ചതില്‍ പ്രധാന പാഠം ആരുടെയും ഔദാര്യത്തിനായി കൈനീട്ടാതിരിക്കുക എന്നതായിരുന്നു. അഭിനയിക്കുമ്പോള്‍ തന്നെ താന്‍ വിദ്യാഭ്യാസം തുടര്‍ന്നിരുന്നു എന്ന് അവര്‍ പറയുന്നു. ആറുഭാഷകള്‍ അനായാ‍സമായി കൈകാര്യം ചെയ്യാനാവുന്നതുകൊണ്ട് സ്ക്രിപ്റ്റുകള്‍ വിവര്‍ത്തനം ചെയ്ത് അവര്‍ക്ക് ഉപജീവനം സാദ്ധ്യമാവുന്നു. അതുകൂടാതെ വളര്‍ത്തുമകളായ സുചിത്രയുടെ ബ്യൂട്ടി പാര്‍ലറില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് ആറുവരെ ഉടമയായും, തൊഴിലാളിയായും അവര്‍ ജോലിചെയ്യുന്നു. ‘എനിക്കും ജീവിക്കണ്ടേ?’ ലളിതശ്രീ ചോദിക്കുന്നു. സിനിമ കൈവിട്ടുകളഞ്ഞാല്‍ ജീവിതം കൈവിട്ടു കളയാനാവില്ലല്ലോ. അവരിലെ പോരാളി ഉണര്‍ന്നു തന്നെയിരിക്കുന്നു. ജീവിക്കാനായി. ആരുടെയും മുന്നില്‍ കൈനീട്ടാതിരിക്കാനായി.

ഒരുപാട് കണ്ണീരിന്റെ നനവുണ്ട് അവരുടെ ജീവിതത്തിന്‍. മറക്കാനാഗ്രഹിക്കുന്ന ഓരോ ഏടുകളും പലപ്പോഴും കണ്ണുനീര്‍ത്തുള്ളികളായി കവിഞ്ഞൊഴുകുന്നു. എങ്കിലും ഇരുണ്ട ഇന്നലെകളെ മറന്ന് അവര്‍ ഇന്നില്‍ ജീവിക്കുന്നു. നാളെയെന്തെന്നോര്‍ക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. ചെറുപ്പത്തില്‍ കുറേ സ്വപ്നങ്ങള്‍ കണ്ടിരുന്നു. അവയൊന്നും സത്യമാകണമെന്നില്ല എന്ന് ജീവിതം പഠിപ്പിച്ചു. അതുകൊണ്ട് സ്വപ്നങ്ങളെ ഇന്നവര്‍ അകറ്റി നിര്‍ത്തുന്നു.
പറയാത്ത ചില ഏടുകള്‍ കടന്നാല്‍ ഇന്ന് നമ്മള്‍ കാണുന്നത് ലളിതശ്രീ മദിരാശിയില്‍ വളര്‍ത്തുമകള്‍ സുചിത്രയുടെ കൂടെ ജീവിക്കുന്നതാണ്‍. കൂടെ സുചിത്രയുടെ പെറ്റമ്മയും മറ്റൊരു ബന്ധു പെണ്‍കുട്ടിയും. മുപ്പതിലേറെ വര്‍ഷങ്ങളായി ലളിതശ്രീയുടെ ആയയായിട്ടുള്ള ഒരു സ്ത്രീയും കൂടെയുണ്ട്. അവരുടെ ഉയര്‍ച്ച താഴ്ചകള്‍ക്കെല്ലാം സാക്ഷിയായിരുന്ന ആ ആയയെ അവര്‍ ഇന്ന് പെറ്റമ്മയായി കരുതുന്നു. അവശരായിക്കഴിഞ്ഞാല്‍ ആയമാരെയും വേലക്കാരെയും പടികടത്തുന്ന പലതാരങ്ങളുടെയും മുന്നില്‍ ഇന്ന് താരമല്ലാത്ത ഈ താരം ഉജ്വലപ്രഭയോടെ തിളങ്ങിനില്‍ക്കുന്നു.
ലളിതശ്രീയെന്ന സ്ത്രീയെ വെള്ളിത്തിരയില്‍ക്കാണുന്നതില്‍ നിന്നെല്ലാം ഒരുപാട് വ്യത്യസ്ഥമായ ഒരനുഭവമാണ് ഈ കാഴ്ചകള്‍ . ആരെങ്കിലും വിളിച്ചാല്‍ ഇന്നും കാമറയ്ക്കുമുന്നിലെത്താനുള്ള അടങ്ങാത്ത ആഗ്രഹവും അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നു. എങ്കിലും അവര്‍ പതറുന്നില്ല. പാളുന്നില്ല. അഭിമാനത്തോടെ ജീവിക്കുന്നു.
ഇന്നലത്തെ ഈ താരത്തിന് ഇന്ന് തിളക്കമേറെ തോന്നുന്നു.
[അമൃതാ ടെലിവിഷനിലെ ‘ഇന്നലത്തെ താരം’ എന്ന പരിപാടിയെ അധികരിച്ച് എഴുതിയത്. ]



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19774
19783
19791
19814
19825
19831
19849
198510
198616
19876
19885
19894
19906
19914
19922
19932
19941
19952
20001
20041
20061
20121