View in English | Login »

Malayalam Movies and Songs

എം പി മന്മഥൻ

പ്രവര്‍ത്തനമേഖലഅഭിനയം (1)
ആദ്യ ചിത്രംയാചകന്‍ (1951)


എം പി മന്മഥന്‍ , സര്‍വ്വോദയപ്രസ്ഥാനത്തിന്റെ അമരക്കാരനും, തികഞ്ഞ ഗാന്ധിയനും, പൊതുപ്രവര്‍ത്തകനും, നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നെടും തൂണുകളിലൊരാളുമായിരുന്ന എം പി മന്മഥന്‍ തന്റെ ജീവിതത്തിലെ തികച്ചും വ്യത്യസ്ഥമായ ഒരേടാണ് ആത്മകഥയായ ‘സ്മൃതിദര്‍പ്പണ’ ത്തിന്റെ പതിനേഴും പതിനെട്ടും അദ്ധ്യായങ്ങളില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുമ്പോഴും രാപകലില്ലാതെ എന്‍ എസ് എസിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും ആ ആദര്‍ശശാലിയുടെ കീശ കാലിയായിരുന്നു എന്നത് ഇന്നത്തെ പൊതുപ്രവര്‍ത്തകര്‍ക്ക് ചിലപ്പോള്‍ മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും. എന്‍ എസ് എസില്‍ നിന്നു കിട്ടുന്ന തുച്ഛമായ തുക കുടുംബച്ചിലവുകള്‍ക്കുപോലും മതിയാവാതെ കടവും കയറി നട്ടം തിരിഞ്ഞിരിക്കുന്ന സമയത്താണ് അഖിലേശ്വരയ്യര്‍ എന്ന സുഹൃത്ത് മന്മഥനെ ഒരു ചലച്ചിത്രത്തിലഭിനയിക്കാനായി ക്ഷണിക്കുന്നത്. നാടകവേദികളില്‍ ചില അഭിനയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് മന്മഥന്‍ . എന്നാല്‍ സിനിമ എന്ന കളത്തില്‍ കയറി കളിക്കാനുള്ള ആലോചനയോ തയ്യാറെടുപ്പോ തീരെ ഇല്ലായിരുന്നു. എങ്കിലും മുന്‍പേ പറഞ്ഞ സാമ്പത്തിക പരാധീനതകളും സുഹൃത്തിന്റെ നിര്‍ബന്ധവും അദ്ദേഹത്തെ 1951 ല്‍ റിലീസ് ചെയ്ത ‘യാചകന്‍ ‘ എന്ന മലയാളസിനിമയുടെ പ്രധാനകഥാപാത്രസ്ഥാനം സ്വീകരിക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു. കയ്യില്‍ കാശില്ലാതെ ‘ഇനിയെന്ത്?‘ എന്ന മട്ടിലിരുന്ന മന്മഥന്റെ മുന്‍പിലേക്ക് ചെന്ന അഖിലേശ്വരയ്യരെ ‘ആപത്ബാന്ധവ’ നായാണ് മന്മഥന്‍ ആത്മകഥയില്‍ വിശേഷിപ്പിക്കുന്നത്.

കാര്യം ഇങ്ങനെയൊക്കെയായിരുന്നെങ്കിലും മന്മഥന് താന്‍ അഭിനയിക്കുവാന്‍ പോകുന്ന കഥ എന്താണെന്നും അതില്‍ തനിക്കുള്ള ഭാഗം എന്താണെന്നും വിശദമായി അറിയേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ അഖിലേശ്വരയ്യരുടെ ആവശ്യത്തിനു മേല്‍ ചിന്തിക്കാനും തീരുമാനമെടുക്കാനും കുറച്ചു സമയം അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. പി എസ് നായരുടെ ‘പരദേശി’ എന്ന നോവല്‍ സിനിമയാക്കാനുള്ള അനുവാദം വാങ്ങിക്കഴിഞ്ഞെന്നും, തിരക്കഥ തയ്യാറാക്കുന്നത് മുതുകുളം എസ് രാഘവന്‍ പിള്ള ആണെന്നും അയ്യര്‍ അറിയിച്ചു. ‘പരദേശി’ എന്ന നോവല്‍ മന്മഥന്‍ വായിച്ചിരുന്നില്ല. സേലത്ത് രത്നാ സ്റ്റുഡിയോയിലാണ് ഷൂട്ടിങ്ങെന്നും, മിസ് കുമാരി,ആറന്മുള പൊന്നമ്മ, അമ്പലപ്പുഴ മീനാക്ഷി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ,എസ് പി പിള്ള, മുതുകുളം രാഘവന്‍ പിള്ള എന്നിവരാണ് സഹനടീനടന്മാരെന്നും അറിയിച്ചതനുസരിച്ച് മന്മഥന്‍ സേലം രത്നാ സ്റ്റുഡിയോയില്‍ എത്തുന്നു. ‘പരദേശി’ യുടെ കഥ അവിടെ വച്ചാണ് വായിക്കുന്നത്. കഥ വായിച്ചു കഴിഞ്ഞ് അതൊരു ‘കഥയില്ലാത്ത കഥ’ യായാണ് തനിക്ക് തോന്നിയതെന്ന് അദ്ദേഹം തുറന്നു പറയുന്നു.

മറ്റൊരു കഥ കണ്ടുപിടിച്ചുകൂടെ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മുതുകുളം ‘ചത്ത കുഞ്ഞിന്റെ ജാതകം എന്തിനാ നോക്കുന്നെ’ എന്ന മറുചോദ്യം ചോദിച്ചു. എങ്കിലും തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്ന് അദ്ദേഹം ഉറപ്പുകൊടുത്തു. മന്മഥനും കൂടെയിരുന്നാണ് യാചകന്റെ തിരക്കഥ തയ്യാറാക്കിയതെങ്കിലും, അടിസ്ഥാനപരമായി കഥാഗതിയില്‍ മാറ്റം വരുത്തുവാന്‍ സാധിക്കാഞ്ഞതുകൊണ്ട്, തന്റെ നിര്‍ദ്ദേശങ്ങള്‍ ‘വെളുക്കാന്‍ തേച്ചത് പാണ്ടായപോലെ’ ആയി എന്ന് അദ്ദേഹം പറയുന്നു.


തിരക്കഥാ രചന ഒരുവശത്ത് നടക്കുമ്പോള്‍ അഖിലേശ്വരയ്യര്‍ രത്നാ സ്റ്റുഡിയോയുടെ ഉടമസ്ഥനുമായി ചില സാമ്പത്തിക പ്രശ്നങ്ങളില്‍പ്പെട്ട് ഉഴലുകയായിരുന്നു. ഏതായാലും ചിത്രം തുടങ്ങാറാവുമ്പോഴേക്കും യാചകന്‍ എന്ന സിനിമയുടെ നിര്‍മ്മാണം അഖിലേശ്വരയ്യരും, കോട്ടയം ബാങ്കിലെ ബേബി,അനിയന്‍ (ശങ്കരന്‍ നായര്‍ ) ചേരുന്ന ഒരു സംയുക്ത നിര്‍മ്മാണ സംരഭമായി മാറിയിരുന്നു.

കഥയുടെ വൈകാരികപ്രശ്നങ്ങള്‍ വീണ്ടും മന്മഥനെ അലട്ടിക്കൊണ്ടിരുന്നു. ഒടുവില്‍ ഒരു ഉപായം ആലോചിച്ചു. തന്റെ ഉറ്റസുഹൃത്തായ പന്തളം കെ പി രാമന്‍ പിള്ളയെ സേലത്തു കൊണ്ടുവന്ന് കഥയുടെ പരിഷ്കരണവിഷയത്തില്‍ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ കരവിരുതു പരീക്ഷിക്കുക എന്നതായിരുന്നു അത്. പന്തളം കെ പി വരികയും ചില്ലറചില ഭേദഗതികള്‍ വരുത്തുകയും ചെയ്തെങ്കിലും താന്‍ ആഗ്രഹിച്ച പോലൊരു കഥാഗതിയോ മറ്റോ നേടിയെടുക്കാന്‍ കഴിയാതിരുന്നത് വീണ്ടും വിഷമത്തിനിടയാക്കി.

യാചകന്‍ എന്ന കഥയോട് എന്തായിരുന്നു മന്മഥന്റെ കാഴ്ചപ്പാട് എന്ന് നോക്കുക : ‘കഥാപാത്രങ്ങള്‍ക്ക് ഒരു നിറമില്ല.ചൈതന്യമറ്റ കഥാപാത്രങ്ങള്‍ക്ക് അതുണ്ടാക്കാന്‍ ഇടയ്ക്കുവച്ചു നടത്തുന്ന ശ്രമം ഗുണപ്പെടുകയില്ലല്ലോ. ‘യാചകന്‍ ‘ എന്ന പടത്തിന് സംഭവിച്ചതും അതായിരുന്നു.

കഥാനായകന് ചിലപ്പോള്‍ ഭിക്ഷക്കാരന്റെയും ചിലപ്പോള്‍ തൊഴിലാളിയുടേയും നിറങ്ങള്‍ മാറിമാറിവരും. നാടകവേദികളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.ചില കഥാപാത്രങ്ങളുടെ ഭാവം അഭിനയിച്ചു വിജയിപ്പിക്കാമെന്ന ആത്മവിശ്വാസവുമുണ്ട്. പക്ഷേ കഥാപാത്രത്തിന്റെ നിറം അഥവാ സ്വഭാവം എന്താണെന്നറിയാതെ അഭിനയിക്കാന്‍ പറ്റുമോ?’

സിനിമയില്‍ അഭിനയിക്കലിനെക്കാള്‍ അഭിനയത്തെക്കുറിച്ചുള്ള മന്മഥന്റെ കാഴ്ചപ്പാട് ഈ വരികളിലൂടെ വ്യക്തമാകുന്നുണ്ട്.

യാചകന്‍ എന്ന സിനിമ ബോക്സോഫീസിനെ മാത്രം ലക്ഷ്യമാക്കി നിര്‍മ്മിച്ച ഒന്നാണെന്ന് മന്മഥന്‍ തീര്‍ത്തുപറയുന്നു. കഥയെക്കുറിച്ചുള്ള വേവലാതിയൊന്നുമില്ലാതെ യാചകന്‍ തീയറ്ററുകളിലെത്തി.

യാചകന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആലപ്പുഴ സ്വദേശി ആര്‍ വേലപ്പന്‍ നായരായിരുന്നു. യഥാര്‍ഥത്തില്‍ അദ്ദേഹം ഒരു കാമറാമാന്‍ ആയിരുന്നു. മന്മഥന്റെ കൂടെ അഭിനയിച്ചിരുന്ന നടീനടന്മാരെല്ലാം സിനിമാരംഗത്ത് തഴക്കവും പഴക്കവും ഉള്ളവരായിരുന്നു. തുടക്കക്കാരനായ മന്മഥന് സിനിമാഭിനയത്തിന്റെ സാങ്കേതിക വശങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ വേലപ്പന്‍ നായര്‍ നടത്തിയ ശ്രമങ്ങള്‍ എന്തുകൊണ്ടോ ഫലം കണ്ടില്ല എന്ന് അദ്ദേഹം പറയുന്നു. ഒരു സംവിധായകനെന്ന നിലയില്‍ വേലപ്പന്‍ നായരും തുടക്കക്കാരനായതാവാം കാരണം.

യാചകനിലെ ഗാനരചന നടത്തിയത് അഭയദേവ് ആയിരുന്നു. അദ്ദേഹവും, നടന്മാരായ എസ് പി പിള്ളയും മുതുകുളവും മറ്റും തുടക്കക്കാരനായ തന്നോട് കാണിച്ച സ്നേഹത്തിനെക്കുറിച്ച് മന്മഥന്‍ ആത്മകഥയില്‍ എടുത്തുപറയുന്നുണ്ട്.>P>

സിനിമാഭിനയത്തിലെ ഒന്നു രണ്ട് മറക്കാനാവാത്ത സന്ദര്‍ഭങ്ങളും ഈ അവസരത്തില്‍ അദ്ദേഹം നമുക്കായി പങ്കുവയ്ക്കുന്നു.
ഒരു ധനിക കുടുംബത്തിലെ കുട്ടിയെ ഉത്സവസ്ഥലത്ത് കാണാതാവുന്നു, ഒരു ഭിക്ഷാടകസംഘം അതിനെ എടുത്തുവളര്‍ത്തുന്നു, ആ കുട്ടി പിന്നീട് ഭിക്ഷക്കാരുടെ നേതാവാകുന്നു, പിന്നീട് സ്വന്തം കഥ മനസ്സിലാക്കി തിരിച്ച് വീട്ടിലെത്തുന്നു. ഇതായിരുന്നു യാചകന്റെ കഥ. ആ നായകവേഷമായിരുന്നു മന്മഥന് അഭിനയിക്കാനുണ്ടായിരുന്നത്. ഭിക്ഷാടകസംഘമായി അഭിനയിക്കാന്‍ യഥാര്‍ഥ ഭിക്ഷാടകരെത്തന്നെ കൊണ്ടുവന്നതും, അവര്‍ , താന്‍ ശരിക്കും ഒരു ഭിക്ഷു തന്നെയാണെന്ന് തെറ്റിദ്ധരിച്ചതും എല്ലാം മന്മഥന്‍ ഓര്‍ക്കുന്നു.

സിനിമയില്‍ നായകവേഷത്തിനപ്പുറം മറ്റൊരു വേഷം കെട്ടാനും അദ്ദേഹത്തിനായത് തികച്ചും കൌതുകകരം തന്നെ. ഒരു സിനിമയില്‍ മാത്രം അഭിനയിക്കുക. അതില്‍ത്തന്നെ മറക്കാനാവാത്ത സംഭവങ്ങള്‍ ഉണ്ടാവുക! എന്തൊരല്‍ഭുതമാണത്! യാചകനില്‍ മഹാകവി ജി യുടെ കവിത (രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറം...) ചിത്രീകരിക്കുന്ന വേളയില്‍ , കുരിശില്‍ തറക്കപ്പെട്ട യേശുനാഥന്റെ വേഷമണിയാനും മന്മഥനു തന്നെയാണ് യോഗമുണ്ടായത്. ഗാനചിത്രീകരണവേളയില്‍ , പല കോണുകളില്‍ നിന്ന് കാമറയില്‍ പകര്‍ത്തപ്പെടാനായി , നിശ്ചേതനായി, നിശ്ചേഷ്ടനായി, ഒരു മഹല്‍ത്യാഗിയുടെ പ്രതിരൂപമായി കുരിശില്‍ക്കിടക്കാന്‍ കഴിഞ്ഞത് ഒരു മധുരപീഢാനുഭവം തന്നെയായിരുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

കണ്ണീരിന്റെ ഉപ്പോടെയാണ് തന്റെ ഏകസിനിമയെക്കുറിച്ചുള്ള കുറിപ്പ് അദ്ദേഹം അവസാനിപ്പിക്കുന്നത്. മഹാകവി ജിയുടെ ഇന്നു ഞാന്‍ നാളെ നീ എന്ന കവിതയും യാചകനില്‍ ഉപയോഗിച്ചിട്ടുണ്ട്. ആ കവിത ആലപിച്ചത് വൈക്കം രാജനാണ്. വളരെ മനോഹരമായി, അര്‍ത്ഥഗാംഭീര്യം പൂര്‍ണ്ണമായും വിളിച്ചോതുന്ന മട്ടിലാണ് രാജന്‍ ആ കവിത ആലപിച്ചത്. റെക്കോര്‍ഡിങ് കഴിഞ്ഞ് വന്ന രാജന് പനിക്കുന്നതുപോലെ തോന്നി. മരുന്നുകള്‍ വാങ്ങിക്കൊടുത്ത് നിര്‍ബന്ധമായി രാജനെ നാട്ടിലേക്ക് തിരിച്ചയച്ചു.അല്പദിവസങ്ങള്‍ക്കു ശേഷം രാജന്‍ മരിച്ചുപോയി എന്ന വാര്‍ത്തയാണ് സിനിമാക്യാമ്പില്‍ എത്തിയത്. ഇന്നു ഞാന്‍ നാളെ നീ എന്ന് ചൊല്ലി അറം പറ്റിയപോലെ പൊയ്പ്പോയ രാജന്‍ . എല്ലാവരേയും സങ്കടക്കടലില്‍ ആഴ്ത്തിയ ആ സംഭവത്തോടെ മന്മഥന്‍ തന്റെ ‘സിനിമാക്കഥ’ യ്ക്ക് വിരാമമിടുകയാണ്.

Reference
Smrithi Darppanam - MP Manmadhan (DC Books)



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19511