View in English | Login »

Malayalam Movies and Songs

മല്ലിക സുകുമാരൻ

പ്രവര്‍ത്തനമേഖലഅഭിനയം (91), ആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംകാര്‍ത്തിക (1968)
ഭര്‍ത്താവ്സുകുമാരന്‍
മക്കള്‍പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്‌


തനിക്കു നേരിടേണ്ടി വന്ന പ്രതികൂലസാഹചര്യങ്ങളുടെ മുൻ‌പിൽ തളർന്നു പോകാതെ നിശ്ചയദാർഢ്യവും ആത്മബലവും കൊണ്ടു് അതിനെയെല്ലാം അതിജീവിച്ച ഒരു കഴിവുറ്റ കലാകാരിയാണ് ശ്രീമതി മല്ലിക സുകുമാരൻ. നാലു ദശകങ്ങൾക്കു മുമ്പു തുടങ്ങിയ അഭിനയജീവിതം ഒരു നീണ്ട ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഈ അഭിനേത്രി ഇന്നു് സിനിമാ ടെലിവിഷന്‍ രംഗത്തെ ഒരു സജീവതയാണു്. മലയാള ഭാഷയോടും സാഹിത്യത്തോടും അഭേദ്യ ബന്ധമുള്ള ഒരു കുടുംബത്തില്‍ ജനിച്ചതുകൊണ്ടായിരിക്കണം മലയാളഭാഷ അനർഗ്ഗളമായി, അനായാസം കൈകാര്യം ചെയ്യുന്ന നടികളില്‍ മുൻ‌പന്തിയിലാണു് ശ്രീമതി മല്ലിക.

കലാസാഹിത്യലോകങ്ങൾക്കു് സാർവ്വഭൌമരെ സമ്മാനിച്ച പ്രസിദ്ധമായ ‘കൈനിക്കര’ കുടുംബത്തിലെ ഒരു കണ്ണിയാണു് ഈ അഭിനേത്രി. കേരള സർവ്വകലാശാല സീനിയര്‍ റിസര്‍ച്ച് ഓഫീസറായിരുന്ന ശ്രീ കൈനിക്കര മാധവന്‍ പിള്ളയുടെയും ശ്രീമതി തങ്കമ്മയുടെയും മകളായി തിരുവനന്തപുരത്താണു് മല്ലിക ജനിച്ചതു്. പ്രസിദ്ധ സാഹിത്യകാരന്മാരും നാടകകൃത്തുക്കളും അഭിനേതാക്കളുമായിരുന്ന ശ്രീ കൈനിക്കര പത്മനാഭ പിള്ളയുടെയും ശ്രീ കൈനിക്കര കുമാരപിള്ളയുടെയും ഇളയ സഹോദരനാണു് ശ്രീമതി മല്ലികയുടെ അച്ഛൻ. അങ്ങിനെ ഭാഷാപാണ്ഡിത്യവും കലകളും നിറഞ്ഞു നില്‍ക്കുന്ന ഒരു കുടുംബത്തില്‍ ജനിച്ചതുകൊണ്ടായിരിക്കണം, തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലും പിന്നീടു് തിരുവന്തപുരം വിമന്‍സ് കോളെജിലും പഠിക്കുന്ന കാലഘട്ടം മുതൽക്കേ കലാരംഗത്തും സാഹിത്യരംഗത്തും ഒരു മിന്നുന്ന താരമായിരുന്നു ശ്രീമതി മല്ലിക. ഒരു നല്ല ഗായികകൂടിയായിരുന്ന ശ്രീമതി മല്ലിക പഠിത്തത്തിലും ബഹുസമർത്ഥയായിരുന്നു. മെഡിസിൻ പഠിക്കാൻ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടിയെങ്കിലും മനസ്സുനിറയെ അഭിനയമോഹമായിരുന്നതിനാല്‍ അതു വേണ്ടെന്നു വെച്ചു.

1974ല്‍ ശ്രീ അരവിന്ദന്റെ ലോകോത്തര ചിത്രമായിരുന്ന “ഉത്തരായണ”ത്തിലൂടെയായിരുന്നു മല്ലികയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. കുടുംബസുഹൃത്തായിരുന്ന ശ്രീ പട്ടത്തുവിള കരുണാകരന്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു ഉത്തരായണം. അതിനുശേഷം ‘കാര്‍ത്തിക വിളക്കു്’, ‘കന്യാകുമാരി’, ‘ജയിക്കാനായ് ജനിച്ചവന്‍’, ‘ചട്ടമ്പിക്കല്യാണി’, ‘വയനാടന്‍ തമ്പാന്‍’, ‘ഉത്രാടരാത്രി’, ‘മോഹിനിയാട്ടം’, ‘ഏതോ ഒരു സ്വപ്നം’, തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ സ്വഭാവനടി എന്നുള്ള രീതിയിലും ഉപകഥാപാത്രങ്ങളുമൊക്കെയായി വ്യത്യസ്തങ്ങളായ വേഷങ്ങളില്‍ അഭിനയിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു. ശ്രീ ശ്രീകുമാരന്‍തമ്പി, ശങ്കരന്‍ നായര്‍, എ.ബി.രാജ്, എ.വിൻസെന്റ്, ശശികുമാര്‍, ബാലചന്ദ്രമേനോന്‍ തുടങ്ങിയ സംവിധായകരുടെ നിരവധി സിനിമകളില്‍ പലപല വേഷങ്ങള്‍ ചെയ്തു ഈ അഭിനേത്രി. കുടുംബസുഹൃത്തുക്കളായിരുന്ന ശ്രീ തിക്കുറിശ്ശി, അടൂര്‍ ഭാസി, ശ്രീകുമാരന്‍ തമ്പി തുടങ്ങി അന്നത്തെ മലയാള സിനിമയുമായി ബന്ധപ്പെട്ട പ്രഗൽഭരുടെ സഹായവും പ്രോത്സാഹനവും ആ കാലയളവില്‍ ലഭിച്ചിരുന്നു ശ്രീമതി മല്ലികയ്ക്കു്. ചില തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ടു്. 1976 ല്‍ ശ്രീ കെ. ജി. ജോർജ്ജിന്റെ “സ്വപ്നാടന”ത്തിലെ അഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡു ലഭിച്ചു.

നടന്‍ ശ്രീ ജഗതി ശ്രീകുമാറാണു് ശ്രീമതി മല്ലികയെ ആദ്യം വിവാഹം ചെയ്തിരുന്നതു്. പക്ഷെ വ്യക്തിപരമായ കാരണങ്ങളാല്‍ ഹ്രസ്വമായ ഒരു കാലയളവിനു ശേഷം അവര്‍ വഴിപിരിഞ്ഞു. പിന്നീടു പ്രസിദ്ധനടനായിരുന്ന ശ്രീ സുകുമാരനുമായുള്ള വിവാഹം നടന്നു. ‘ഏതോ ഒരു സ്വപ്നം’ അഭിനയിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു ഈ വിവാഹം. വിവാഹത്തെത്തുടർന്നു് ശ്രീമതി മല്ലിക സിനിമാത്തിരക്കുകളിൽ നിന്നും അഭിനയരംഗത്തുനിന്നു തന്നെയും പൂര്‍ണ്ണമായും വിട്ടു നിന്നു്, സ്നേഹനിധിയായ ഒരു ഭാര്യയുടേയും അമ്മയുടേയും വീട്ടമ്മയുടേയും റോളിലേക്കു മാറി.

1997 ല്‍ ശ്രീ സുകുമാരന്റെ ആകസ്മികമരണം ഈ കലാകാരിയെ വല്ലാതെ തളര്‍ത്തി. ഏകാന്തതയുടെ കാലയളവായിരുന്നു പിന്നീടു് കുറേ നാൾ. വീട്ടുകാരുടെയും സിനിമാരംഗത്തുണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെയും സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങി, തന്റെ ഏകാന്തതയ്ക്കു് ഒരു ശമനമാകുവാൻ കലാരംഗത്തെ സജീവതയ്ക്കു മാത്രമേ കഴിയൂ എന്നു തിരിച്ചറിഞ്ഞു്, അഭിനയ രംഗത്തേക്കുള്ള തന്റെ രണ്ടാം വരവിനു തയ്യാറായി ഈ നടി. ‘പെയ്തൊഴിയാതെ‘ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണു് അഭിനയം പുനരാരംഭിച്ചതു്. അതിനുശേഷം ധാരാളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും വിവിധതരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള അവസരങ്ങള്‍ ശ്രീമതി മല്ലികയെ തേടിയെത്തി.

മലയാള, തമിഴ് സിനിമാരംഗത്തെ യുവതാരങ്ങളില്‍ ശ്രദ്ധേയരായ ശ്രീ ഇന്ദ്രജിത്തും, പ്രിഥ്വിരാജും ഇവരുടെ പ്രിയപുത്രന്മാരാണു്. ഇന്ദ്രജിത്തിന്റെ ഭാര്യയാണ് സിനിമയിലും ടെലിവിഷന്‍ രംഗത്തും സജീവമായിട്ടുള്ള പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ലോകപ്രശസ്തനായ ഓങ്കോളൊജിസ്റ്റ് ഡോകടർ എം.വി.പിള്ള, ശ്രീമതി മല്ലികയുടെ ഏകസഹോദരനാണു്. വ്യത്യസ്തങ്ങളായ ഒട്ടനവധി കഥാപാത്രങ്ങളെ

തന്മയത്വത്തോടുകൂടി അവതരിപ്പിച്ചുകൊണ്ട് സിനിമയിലും, ടെലിവിഷന്‍പരമ്പരകളിലും സജീവമായി അരങ്ങത്തു് ഇപ്പോഴും തിളങ്ങി നില്‍ക്കുന്നു രണ്ടു പേരക്കുട്ടികളുടെ അമ്മമ്മയായ ഈ അനുഗൃഹീതകലാകാരി.

References:
Various sources


 



തയ്യാറാക്കിയത് : കല്ല്യാണി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
19681 - -
19743 - -
197510 - -
19768 - -
197719 - 1
197816 - -
19795 - -
19801 - -
19811 - -
19851 - -
20011 - -
20032 - -
20061 - -
20072 - -
20081 - -
20092 - -
20121 - -
20151 - -
20183 - -
20193 - -
20212 - -
20222 - -
20235 - -