ജോസ് പ്രകാശ്
ജനനം | 1925 ഏപ്രില്‍ 14 |
മരണം | 2012 മാര്‍ച്ച് 24 |
സ്വദേശം | ചങ്ങനാശ്ശേരി |
പ്രവര്‍ത്തനമേഖല | അഭിനയം (299), ആലാപനം (6 സിനിമകളിലെ 13 പാട്ടുകള്‍) |
ആദ്യ ചിത്രം | പ്രേമലേഖ (1952) |
അവസാന ചിത്രം | ട്രാഫിക്ക് (2011) |
മക്കള്‍ | രാജൻ ജോസ് പ്രകാശ് |
അച്ഛന് കെ ജെ ജോസഫും അമ്മ ഏലിയാമ്മയും എട്ടു മക്കളും അടങ്ങിയ കുടുംബത്തിലാണ് ജോസഫ് എന്ന ജോസ് പ്രകാശ് ജനിച്ചത്. ചങ്ങനാശ്ശേരിയില്‍ ആയിരുന്നു ജനനം. പിന്നീട് കോട്ടയത്തേക്ക് താമസം മാറി. അമ്മ പാടിയ ക്രിസ്തീയ ഗാനങ്ങള്‍ കേട്ടു വളര്‍ന്ന ജോസഫിന് പാട്ടിനോട് കൊച്ചു പ്രായത്തിലെ കമ്പം തോന്നിയതില്‍ അത്ഭുതപ്പെടാനില്ല. തന്റെ കുടുംബത്തിലെ മൂത്ത മകനായിരുന്നു. പഠിത്തത്തിന് പകരം പാട്ടിലായിരുനു താല്പര്യം മുഴുവനും. സ്കൂള്‍ വിദ്യാഭ്യാസം കോട്ടയം സേക്രെഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആയിരുന്നു. ഒരു സ്കൂള്‍ വാര്‍ഷികത്തിന് വിദ്യാര്‍ഥികള്‍ ചേര്‍ന്നു ഒരു നാടകം അവതരിപ്പിച്ചു. അതില്‍ ജോസഫിന് സ്ത്രീവേഷമായിരുന്നു. ആ നാടകത്തില്‍ ഒരു പാട്ട് ട്യൂണ്‍ ചെയ്യുകയും ചെയ്തു.
ഒരു ദിവസം വീട്ടില്‍ അറിയാതെ സിനിമ കാണാന്‍ പോയതിനു അച്ഛന്റെ ശിക്ഷ കിട്ടി. അന്ന് വീട് വിട്ടിറങ്ങി. കൂടെ രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു. മൂവരും ബ്രിട്ടിഷ് സേനയില്‍ ചേര്‍ന്നു. പഞ്ചാബിലെ ഫിറോസ്പൂരില്‍ ജോലിയായി. 1942 മുതല്‍ 1949 വരെ സേനയില്‍ ആയിരുന്നു.
1947 ല്‍ ഹിന്ദു-മുസ്ലീം സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നു നിരാഹാരസമരം ആരംഭിച്ച മഹാത്മാ ഗാന്ധിയുടെ ഉപവാസമഞ്ചത്തിനു കാവല്‍ നിന്നവരില്‍ ഒരാളാകാനുള്ള ഭാഗ്യം ജോസഫിന് ലഭിച്ചു. ആ കാലത്ത് നെഹ്റു ഉള്‍പ്പെടെയുള്ള പല ലോക നേതാക്കളെയും നേരില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്.
പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം കോട്ടയത്ത് അടുത്ത് ഒരു തേയിലക്കട തുടങ്ങി. ആ കടയുടെ ചുമതല ഇപ്പോള്‍ ജോസ് പ്രകാശിനെക്കാള്‍ 18 വയസ്സിനു ഇളയവനായ സഹോദരന് പ്രേം പ്രകാശിനാണ്. പ്രേം പ്രകാശ് പ്രസിദ്ധ നടനും നിര്‍മ്മാതാവുമാണ്.
അതിനു ശേഷം കലയിലുള്ള താല്പര്യം കൊണ്ടു കൂട്ടുകാരുമായി ചേര്‍ന്നു കോട്ടയം ആര്‍ട്സ് ക്ലബ്ബ് രൂപീകരിച്ചു. അങ്ങനെയിരിക്കെ "ശരിയോ തെറ്റോ" എന്ന ചിത്രത്തില്‍ ആദ്യമായി പാടാന്‍ അവസരം കിട്ടി. "താരമേ താണു വരൂ", "വാര്‍മഴവില്ലേ വാ", "കണ്ണീര് നീ ചൊരിയാതെ" എന്നീ പാട്ടുകള്‍ പാടി, രംഗത്ത് പ്രത്യക്ഷപ്പെട്ടു. പല താരങ്ങള്‍ക്കും അപരനാമങ്ങള്‍ നല്കിയ തിക്കുറിശ്ശിയാണ് ജോസഫിന് ജോസ് പ്രകാശ് എന്ന പേര് നിശ്ചയിച്ചത്. ആദ്യം "ശരിയോ തെറ്റോ" എന്ന ചിത്രത്തില്‍ പാടിയെങ്കിലും ആദ്യം ഗായകനായി തിരശ്ശീലയില്‍ എത്തിയ സിനിമ 1952 ലെ "വിശപ്പിന്റെ വിളി" ആണ്. പ്രേം നസീര്‍ ആയിരുന്നു രംഗത്ത്. പ്രേമലേഖ, ദേവസുന്ദരി തുടങ്ങി ചില ചിത്രങ്ങളില്‍ പാടി അഭിനയിച്ചെങ്കിലും പിന്നീട് അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
മലയാള സിനിമയില്‍ വില്ലനായി ആയിരുന്നു കൂടുതല്‍ പ്രശസ്തി നേടിയത്. ആദ്യമായി വില്ലനായത് കെ പി കൊട്ടാരക്കര നിര്‍മ്മിച്ച "ലവ് ഇന്‍ കേരള" എന്ന ചിത്രത്തില്‍ ആയിരുന്നു. അത് വിജയിച്ചതോടുകൂടി മലയാള സിനിമയിലെ സ്ഥിരം വില്ലനായി.
നാടക രംഗത്തും അദ്ദേഹം ഇക്കാലത്ത് സജീവമായിരുന്നു. 1954 ല്‍ ആദ്യ പ്രൊഫഷണല്‍ നാടകത്തില്‍ അഭിനയിച്ചു. അതിനു ശേഷം 1956 ല്‍ സ്വന്തമായി കോട്ടയത്ത് നാഷണല്‍ തീയെറ്റെഴ്സ് എന്ന നാടക ട്രൂപ്പ് തുടങ്ങി.
ഇരുനൂറോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ജോസ് പ്രകാശ്. കടുത്ത പ്രമേഹ രോഗി ആയിരുന്ന ജോസ് പ്രകാശ് 2003 ല്‍ ഒരു സ്റ്റുഡിയോവില്‍ വീണതിനെ തുടര്‍ന്നു വലതുകാലിനുണ്ടായ ക്ഷതം ഭേദമാകാഞ്ഞതിനാല് ആ കാല് മുറിച്ചു മാറ്റേണ്ടി വന്നു. അതിനു ശേഷം "എന്റെ വീട് അപ്പൂന്റെം" എന്ന സിനിമയിലും, 2006 ല്‍ "ഹൈവേ പോലീസ്", 2010 ല്‍ ട്രാഫിക് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
ഭാര്യ ചിന്നമ്മ നേരത്തെ അന്തരിച്ചു. മക്കള്‍ 4 പെണ്ണും 2 ആണും. കേരള സര്‍ക്കാര്‍ ജെ.സി. ഡാനിയേല്‍ പുരസ്ക്കാരം നല്കാന് തീരുമനിച്ചതിന്റെ തലേ ദിവസം, 2012 മാര്‍ച്ച് 24 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | അഭിനയം | ആലാപനം | |
---|---|---|---|
1952 | 3 | 3 | - |
1953 | 1 | 7 | - |
1954 | 2 | 2 | - |
1955 | 3 | - | - |
1956 | 1 | - | - |
1957 | 2 | - | - |
1958 | 1 | - | - |
1959 | 1 | - | - |
1961 | 1 | - | - |
1963 | 3 | - | - |
1964 | 2 | - | - |
1966 | 1 | - | - |
1968 | 3 | 1 | - |
1969 | 5 | - | - |
1970 | 7 | - | - |
1971 | 10 | - | - |
1972 | 10 | - | - |
1973 | 17 | - | - |
1974 | 9 | - | - |
1975 | 16 | - | - |
1976 | 14 | - | - |
1977 | 24 | - | - |
1978 | 24 | - | - |
1979 | 18 | - | - |
1980 | 14 | - | - |
1981 | 19 | - | - |
1982 | 16 | - | - |
1983 | 9 | - | - |
1984 | 12 | - | - |
1985 | 10 | - | - |
1986 | 5 | - | - |
1987 | 4 | - | - |
1988 | 3 | - | - |
1989 | 4 | - | - |
1990 | 7 | - | - |
1993 | 3 | - | - |
1994 | 1 | - | - |
1995 | 3 | - | - |
1996 | 1 | - | - |
1998 | 1 | - | - |
1999 | 1 | - | - |
2001 | 1 | - | - |
2002 | 2 | - | - |
2003 | 2 | - | - |
2006 | 1 | - | - |
2011 | 2 | - | - |