View in English | Login »

Malayalam Movies and Songs

നാഗേഷ്

യഥാര്‍ത്ഥ പേര്ഗുണ്ടുറാവു
ജനനം1933 സെപ്റ്റമ്പര്‍ 27
മരണം2009 ജനുവരി 31
പ്രവര്‍ത്തനമേഖലഅഭിനയം (15)


ചെറുപ്പത്തില്‍ തന്നെ ‘ഒരു പേരെടുത്തിട്ടെ തിരിച്ചുവരും’ എന്ന നിശ്ചയത്തോടെ വീടുവിട്ടിറങ്ങിയ നാഗേഷ്, മദ്രാസില്‍ ലിറിസിസ്റ്റ് വാലിയും, നടന്‍ ശ്രീകാന്തുമായി ഒരു ചെറിയ മുറിയില്‍ താമസിച്ചിരുന്നു. റെയില്‍വേയില്‍ ഒരു ജോലി ലഭിച്ചെങ്കിലും, ആ ജോലിയില്‍ അദ്ദേഹം സന്തോഷം കണ്ടെത്തിയില്ല. ഒരിക്കല്‍ അദ്ദേഹം സ്വന്തം കൂട്ടുകാര്‍ ‘കമ്പരാമായണം’ അഭിനയിച്ചത് കണ്ടപ്പോള്‍, തനിക്കു ഇതിനേക്കാള്‍ ഭംഗിയായി അഭിനയിക്കാന്‍ പറ്റും എന്ന ആത്മവിശ്വാസത്തോടെ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ സാംസ്കാരികപരിപാടിയില്‍ ഒരു വയറ്റുവേദനക്കാരന്റെ ഭാഗം അഭിനയിക്കാൻ തയ്യാറായി. അന്നത്തെ മുഖ്യാതിഥി ആയിരുന്നത് പ്രധാന നടന്‍ എം ജി ആര്‍ ആയിരുന്നു. അദ്ദേഹം നാഗേഷിനെ മുക്തകണ്ഠം പ്രശംസിച്ചു. അന്നുമുതല്‍ നാഗേഷ് ഒരുപാടു ചെറിയ റോളുകളില്‍ ഡ്രാമാപ്രോഗ്രാമുകളില്‍ അഭിനയിച്ചു.

ഡയറക്ടര്‍ ബാലാജിയാണു് നാഗേഷിനു സിനിമാലോകത്ത് ആദ്യത്തെ അവസരം കൊടുത്തത്. അഭിനയിച്ച ആയിരത്തില്‍പരം സിനിമകളില്‍ ഏറ്റവും പ്രശംസയാര്‍ജ്ജിക്കുന്നത് ‘തിരുവിളയാടല്‍’ എന്ന സിനിമയില്‍ അദ്ദേഹം ആത്മഗതമായി ചെയ്ത ഒരു രംഗം ആണ്. ശ്രീധര്‍, ബാലചന്ദര്‍, എന്നീ സംവിധായകര്‍ ശ്രീ നാഗേഷിന്റെ അഭിനയപാടവം പുറത്തു കൊണ്ടുവന്നിട്ടുണ്ട്. ‘കാതലിക്ക നേരമില്ലൈ’ എന്ന സിനിമയിൽ നാഗേഷ് ബാലയ്യയോടു ഒരു കഥ പറഞ്ഞ് കൊടുക്കുന്ന ഒരു ഭാഗം ഉണ്ട്. അതു കാണികള്‍ കരഘോഷം മുഴക്കി സ്വീകരിച്ചു. ‘സെര്‍വര്‍ സുന്ദരം’ എന്ന സിനിമയില്‍ അദ്ദേഹം ഒരു വെയിറ്റര്‍ ആയും നടനായും അഭിനയിച്ചു. ഈ സിനിമയ്ക്കു അദ്ദേഹത്തിന്റെ ജീവിതകഥയുമായി സാമ്യം ഉണ്ടെന്നും പറയപ്പെടുന്നു.

ശ്രീ. നാഗേഷ്, എം ജി ആറിന്റെ ഒരു അടുത്ത സുഹൃത്ത് ആയിരുന്നു. എം ജി ആറിന്റെ പലസിനിമകളിലും നാഗേഷിനു അവസരം കൊടുത്തിട്ടുണ്ട്. ‘വേട്ടക്കാരന്‍’, ‘ആയിരത്തില്‍ ഒരുവന്‍’, ‘അന്‍പേ വാ’, ‘എങ്ക വീട്ടു പിള്ളൈ’, ‘ഉലഗം ചുറ്റും വാലിപന്‍‘, ഈ സിനിമകള്‍ ഒക്കെ നാഗേഷിന്റെ അഭിനയപാടവം തെളിയിക്കുന്ന സിനിമകള്‍ ആണു്. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികകല്ല് ശിവാജിയോടും, പത്മിനിയോടും ഒത്ത് അഭിനയിച്ച ‘തില്ലാനാമോഹനാംബാള്‍‘ ആണു്. അദ്ദേഹം കമലഹാസനുമായിട്ടും നല്ല സൗഹൃദം പുലര്‍ത്തിയിരുന്നു. കമലിന്റെ അപൂര്‍വ്വ സഹോദരങ്ങള്‍ (1989) എന്ന സിനിമയില്‍ ഒരു വില്ലനായി നാഗേഷ് അഭിനയിച്ചിട്ടുണ്ട്. കമല്‍ അതില്‍ മൂന്നുറോള്‍ ചെയ്തു. കമലിന്റെ ‘മൈക്കല്‍-മദന-കാമരാജനില്‍‘ (1990), നാഗേഷ് തന്റെ കറകളഞ്ഞ അഭിനയപാടവം പ്രകടിപ്പിച്ചു. 1993-ല്‍ കമലിന്റെ ‘മഗളിയര്‍ മട്ടും’ എന്ന സിനിമയില്‍ നാഗേഷ് മരണപ്പെട്ട ഒരു വ്യക്തിയുടെ റോള്‍ ആണു ചെയ്തതു്.

നാഗേഷിന്റെ മകന്‍ ആനന്ദബാബു ഒരു നര്‍ത്തകനായി പ്രവര്‍ത്തനമേഖലയില്‍ തുടങ്ങിയെങ്കിലും വിജയിച്ചില്ല. കന്നഡക്കാരായ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച നാഗേഷ് ഒരു ക്രിസ്തീയവനിതയെ വിവാഹം കഴിച്ചെന്ന കാരണത്താല്‍ കുടുംബത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു. പഴയ കുസൃതിക്കാരന്‍ നാഗേഷിനെ അദ്ദേഹം ഇടക്കിടെ സിനിമകളില്‍ അവതരിപ്പിച്ചിരുന്നെങ്കിലും, ജീവിതത്തിന്റെ ഒട്ടുമുക്കാലിലും അദ്ദേഹം ഒരു ഏകാകിയെ പോലെയാണു ജീവിച്ചത്. ശ്രീ നാഗേഷ് ഏറ്റവും അവസാനം അഭിനയിച്ചത് കമലിന്റെ ‘ദശാവതാരത്തില്‍’ ഒരു മുസ്ലിം ആയിട്ടായിരുന്നു. ഈ നൂറ്റാണ്ടിലെ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീ.നാഗേഷ്. ആയിരത്തിലേറെ സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഒരു കൊമേഡിയന്‍ എന്ന പേരിലും, ഒരു സ്വഭാവനടന്‍ എന്ന പേരിലും ശോഭിച്ചു. ഏതു റോളും ശരിക്കു കൈകാര്യം ചെയ്യാനുള്ള ഒരു കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകത ആയിരുന്നു. അദ്ദേഹം അഭിനയിച്ച ‘എതിര്‍നീച്ചല്‍‘, ‘നീര്‍കുമിഴി’, ‘യാരുക്കാഗ അഴുതാന്‍’ മുതലായ സിനിമകള്‍ കാണികള്‍ക്ക് നിറമിഴികള്‍ സമ്മാനിച്ചിട്ടുണ്ട്. ശ്രീ നാഗേഷ് ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അപരാധി, ഓ ഫാബി, പ്രത്യക്ഷദൈവം (ഡബ്ബ്ഡ്), ശ്രീമാന്‍ ശ്രീമതി, തളിരുകള്‍, വളര്‍ത്തുമൃഗങ്ങള്‍ - ഇവ അതില്‍ ഉള്‍പ്പെടുത്താം. പണ്ടത്തെ മലയാളം സിനിമകളിൽ എസ്. പി. പിള്ള / അടൂർപങ്കജം, അടൂർഭാസി / ശ്രീലത ഈ ജോഡികളെ പോലെ, പണ്ടത്തെ തമിഴ് സിനിമകളിലെ ഒഴിച്ചു കൂടാന്‍ വയ്യാത്ത ഒരു ജോഡിയായിരുന്നു ശ്രീ. നാഗേഷ് / മനോരമ ജോഡി. ശ്രീ നാഗേഷ് പ്രസിദ്ധ ഹോളിവുഡ് ആക്ടർ ജെറിലൂയിസിനെ അനുകരിച്ചിരുന്നു എന്നും അദ്ദേഹം ‘ഇന്‍ഡ്യയുടെ ജെറിലൂയിസ്’ ആണെന്നും പറയപ്പെടുന്നു.

തമിഴ് സിനിമാലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല ഒരു നടന്‍ ആയിരുന്നു ശ്രീ നാഗേഷ് എന്നു നിസ്സംശയം പറയാവുന്നതാണു്.

കടപ്പാട്: entertainment.oneindia.in
വിക്കിപീഡിയ



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19671
19741
19772
19781
19813
19831
19911
19921
19931
19941
19971
20121