View in English | Login »

Malayalam Movies and Songs

കെ പി എ സി സുലോചന

മരണം2005 ഏപ്രില്‍ 17
പ്രവര്‍ത്തനമേഖലആലാപനം (5 സിനിമകളിലെ 15 പാട്ടുകള്‍), അഭിനയം (3)
ആദ്യ ചിത്രംകാലം മാറുന്നു (1955)


1938 ഒക്ടോബര്‍ നാലാം തീയതി മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ചു. തടിയൂര്‍ ഗോപാലകൃഷ്ണനാണ് സംഗീതത്തിലെ ഗുരു.
മുന്‍ഷി പരമുപിള്ള രചിച്ച ‘ആഹ്വാനം’ എന്ന നാടകത്തിലൂടെ അഭിനയവേദിയിലെത്തി. അന്‍പതുകളുടെ ആദ്യമായിരുന്നു അത്. തുടര്‍ന്ന് കെ പി എ സി യില്‍ ചേര്‍ന്നു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം സുലോചനയെ പ്രശസ്തിയിലേക്കുയര്‍ത്തി. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു മുഖ്യഘടകമായിരുന്നു ഈ നാടകം. തിരുക്കൊച്ചി ഗവണ്മെന്റ് ഈ നാടകം നിരോധിച്ചപ്പോള്‍ സുലോചന അറസ്റ്റിലാവുകയും ചെയ്തു.

കെ പി എ സിയുടെ ഏഴോളം നാടകങ്ങളില്‍ സുലോചന അതിഗംഭീരമായ അഭിനയം കാഴ്ചവച്ചു. അവയിലെല്ലാം പാടുകയും ചെയ്തു.’സര്‍വ്വേക്കല്ല്’, ‘മുടിയനായ പുത്രന്‍ ‘, ‘അശ്വമേഥം’, ‘പുതിയ ആകാശം പുതിയ ഭൂമി’ എന്നിവ അവയില്‍ ഉള്‍പ്പെടുന്നു.

1976 ല്‍ കെ പി എ സി വിട്ട സുലോചന 1983 ല്‍ ‘സംസ്കാര’ എന്ന സ്വന്തം ട്രൂപ് രൂപീകരിച്ചു. പത്തുനാടകങ്ങളില്‍ അഭിനയിച്ചു. ‘കാലം മാറുന്നു’ ‘അരപ്പവന്‍ ‘,കൃഷ്ണകുചേല’,മൂന്നു സിനിമകളിലും സുലോചന അഭിനയിച്ചിട്ടുണ്ട്. ‘കാലം മാറുന്നു’ (1955)എന്ന സിനിമയില്‍ സത്യന്റെ നായികയായിരുന്നു. ഇതിലെ ‘ആ മലര്‍പ്പൊയ്കയില്‍ ‘ എന്ന കെ എസ് ജോര്‍ജ്ജിനോടൊപ്പമുള്ള യുഗ്മഗാനം മലയാളസിനിമയിലെ ക്ലാസ്സിക് ഗാനങ്ങളിലൊന്നാണ്. ‘രണ്ടിടങ്ങഴി‘ എന്ന ചിത്രത്തില്‍ കമുകറയോടൊപ്പം പാടിയ ‘തുമ്പപ്പൂ പെയ്യണ പൂനിലാവേ’ എന്ന ഗാനം മലയാളത്തിന്റെ പോയകാല ഗ്രാമീണ നിഷ്കളങ്കതയുടെ ഉത്തമോദാഹരണമാണ്. ‘കാലം മാറുന്നു’, ‘അരപ്പവന്‍ ‘, രണ്ടിടങ്ങഴി’ എന്നീ ചിത്രങ്ങളിലായി 13 ഗാനങ്ങളാണ് സുലോചന ചലച്ചിത്രങ്ങള്‍ക്കു വേണ്ടി പാടിയത്.

സുലോചനയുടെ നാടകഗാനങ്ങള്‍ കേരളകലാസാംസ്കാരികതയുടെ ചിഹ്നങ്ങളായിത്തീര്‍ന്നു എന്നുതന്നെ പറയാം.

സുലോചനയുടെ നാടകഗാനങ്ങള്‍ :

തലയ്ക്കുമീതെ - അശ്വമേധം - കെ എസ് ജോര്‍ജ്ജിനൊപ്പം
കിലുകിലെ ചെപ്പുകിലുക്കും - മൂലധന
അമ്പിളിയമ്മാവാ - മുടിയനായ പുത്രന്‍
എന്തമ്മേ കൊച്ചുതുമ്പി - മുടിയനായ പുത്രന്‍
ചെപ്പുകിലുക്കണ ചങ്ങാതി - മുടിയനായ പുത്രന്‍
കരഞ്ഞു കരഞ്ഞു കണ്ണുനീര്‍ - ശരശയ്യ
പമ്പയുടെ തീരത്ത് - ശരശയ്യ
വള്ളിക്കുടിലിന്‍ - സര്‍വ്വേക്കല്ല് - കെ എസ് ജോര്‍ജ്ജിനൊപ്പം
വെള്ളാരം കുന്നിലെ - നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി
മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു
മാന്‍ കിടാവേ മാന്‍ കിടാവേ
തുടങ്ങിയവയാണ്
നാടകത്തില്‍ത്തന്നെയായിരുന്നു സുലോചനയുടെ താല്പര്യം മുഴുവന്‍ , സംഗീതനാടക അക്കാദമി ഫെലോഷിപ്പ് 1997, നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സര്‍ക്കാര്‍ പുരസ്കാരം 1999, പ്രേംജി അവാര്‍ഡ് 2004, തിക്കൊടിയന്‍ അവാര്‍ഡ് 2003 ,കേരള ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിയുടെ പുരസ്കാരം 2005 തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

നാടകരംഗത്തെ ആ വലിയ കലാകാരി 2005 ഏപ്രില്‍ 17ആം തീയതി, അറുപത്തിഏഴാമത്തെ വയസ്സില്‍ കായംകുളത്ത് അന്തരിച്ചു.

ഭര്‍ത്താവ് കലേശന്‍ , മക്കളില്ല.

കടപ്പാട് : http://www.hindu.com/2005/04/18/stories/2005041809540400.htmതയ്യാറാക്കിയത് : ശ്രീദേവി പിള്ളസ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംഅഭിനയം
19555 - 1
19584 - -
19591 - -
19615 - 2