View in English | Login »

Malayalam Movies and Songs

ഓമല്ലൂർ ചെല്ലമ്മ

ജനനം1927
മരണം2016 ജൂണ്‍ 19
സ്വദേശംഓമല്ലൂര്‍
പ്രവര്‍ത്തനമേഖലഅഭിനയം (2)
ആദ്യ ചിത്രംസ്ത്രീ (1950)
അവസാന ചിത്രംപ്രേമലേഖ (1952)


ആദ്യകാല സിനിമാനടിയും നാടകപ്രവര്‍ത്തകയുമായ ഓമല്ലൂര്‍ ചെല്ലമ്മ 1950ല്‍ പുറത്തിറങ്ങിയ സ്ത്രീ, 1952ല്‍ പുറത്തിറങ്ങിയ പ്രേമലേഖ എന്നീ ചിത്രങ്ങളില്‍ നായികയായി. നിരവധി നാടകങ്ങളിലും അക്കാലത്ത് ചെല്ലമ്മ അഭിനയിച്ചിരുന്നു.

മേപ്പള്ളി നാരായണന്‍ നായരുടെയും കുട്ടിയമ്മയുടെയും പുത്രിയായി ജനിച്ച ചെല്ലമ്മ കുട്ടിക്കാലം മുതല്‍ സംഗീതത്തിലും അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. നാടകരംഗത്ത് ചെല്ലമ്മ കൂടുതല്‍ സജീവമായതോടെ നിരവധി എതിര്‍പ്പുകളെ അക്കാലത്ത് നേരിടേണ്ടിവന്നു. പ്രശസ്ത നാടകപ്രവര്‍ത്തകരായിരുന്ന കോടകുളങ്ങര വാസുദേവപിള്ള, മുതുകുളം രാഘവന്‍പിള്ള, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, പൊടുക്കനയത്ത് വേലുപ്പിള്ള തുടങ്ങിയവരുടെ നാടകങ്ങളില്‍ മുഖ്യവേഷം ചെയ്തു.

സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതര്‍, അഗസ്റ്റിന്‍ ജോസഫ്, മാവേലിക്കര പൊന്നമ്മ, അക്ബര്‍ ശങ്കരപിള്ള തുടങ്ങിയവര്‍ സഹതാരങ്ങളായി. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ 'സ്ത്രീ' നാടകം ആര്‍.വേലപ്പന്‍ നായര്‍ സിനിമയാക്കുമ്പോള്‍ ഇരുപതുകാരിയായ ചെല്ലമ്മ തന്നെ നായികയായി. ആ വര്‍ഷം പുറത്തിറങ്ങിയ ആറു ചിത്രങ്ങളില്‍ സ്ത്രീ സൂപ്പര്‍ഹിറ്റായി. 1952ല്‍ എം.കെ.രമണി സംവിധാനം ചെയ്ത പ്രേമലേഖയായിരുന്നു രണ്ടാമത്തെ ചിത്രം. ചിറ്റൂര്‍ പി.മാധവന്‍കുട്ടിമേനോന്‍, ജോസ് പ്രകാശ് തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ സഹതാരങ്ങളായി. ഈ ചിത്രത്തിനു ശേഷവും ചെല്ലമ്മ നാടകത്തിലേക്കുതന്നെ മടങ്ങി. ഇരുപത്തിനാലാം വയസ്സില്‍ ഗോപിനാഥന്‍ നായരെ വിവാഹംകഴിച്ച്‌ കൊല്‍ക്കത്തക്ക് മടങ്ങിയതോടെ കലാജീവിതം അവസാനിപ്പിച്ചു.

ഏറെ നാള്‍ വാര്‍ദ്ധക്യസഹജമായ രോഗാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ഓമല്ലൂര്‍ സോപാനം വീട്ടില്‍ വെച്ച് അന്തരിച്ചു. സുരേഷ്‌കുമാര്‍, പരേതനായ സതീഷ്‌കുമാര്‍ എന്നിവരാണ് മക്കള്‍. സുശീല സുരേഷാണ് മരുമകള്‍.

കടപ്പാട്: മാതൃഭൂമി ദിനപ്പത്രം



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19501
19521