പല്ലവി ജോഷി
പ്രവര്‍ത്തനമേഖല | അഭിനയം (2) |
പല്ലവി ജോഷി ഇന്‍ഡ്യന്‍ സിനിമാ, ടെലിവിഷന്‍ രംഗത്തെ അഭിനേത്രിയും പരസ്യ മോഡലുമാണ്. ഒരു തവണ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ബാലതാരം അലങ്കാര്‍ ജോഷിയുടെ സഹോദരിയാണ് പല്ലവി ജോഷി.
നന്നെ ചെറുപ്പത്തില്‍ തന്നെ പല്ലവി മറാത്തി നാടകരംഗത്ത് അഭിനേത്രിയായിരുന്നു. ബദ്ലാ, ആദ്മി സഡക് കാ എന്നെ ചിത്രങ്ങളുള്‍പ്പടെ വിവിധ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ദാദാ എന്ന ചിത്രത്തില്‍ ഒരു കൊടും ഭീകരനായ അധോലോകനായകനെ മാനസാന്തരപ്പെടുത്തുന്ന അന്ധബാലികയായിട്ട് അഭിനയിച്ചു.
എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യത്തിലും അവര്‍ രുക്മവതി കീ ഹവേലി, സൂരജ് കാ സാത്വാം ഘോടാ, തൃശാഗ്നി, വാഞ്ഛിത്, റിഹായീ എന്നീ ആര്‍ട്ട് ചിത്രങ്ങളില്‍ അഭിനയിച്ചു. സൌദാഗര് , പാനാ, തെഹെല്ക, മുജ്രിം എന്നീ കച്ചവട ചിത്രങ്ങളില്‍ അവര്‍ നായികയുടെ സഹോദരി തുടങ്ങിയ സഹനടി വേഷങ്ങളില്‍ അഭിനയിച്ചു. 1988 ല്‍ അന്ധാ യുദ്ധ് എന്ന ചിത്രത്തിലെ അഭിനയത്തിന് പല്ലവിയ്ക്ക് മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയര്‍ നാമനിര്‍ദ്ദേശം ലഭിച്ചു. ഒരു വികലാംഗയായിട്ടായിരുന്നു ഇതില്‍ പല്ലവി അഭിനയിച്ചത്. 1992 ല്‍ വോ ഛോക്രീ എന്ന ചിത്രത്തിലെ അഭിനയത്തിന് അവര്‍ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് സ്പെഷല്‍ ജൂറി പുരസ്കാരം ലഭിച്ചു. രേണുക ഷഹാനെ സംവിധാനം ചെയ്ത റീത്ത എന്ന മറാത്തി ചിത്രത്തിലെ നായികായായിരുന്നു പല്ലവി.
പല്ലവി ജോഷി രണ്ടു മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചു. 1987 ല്‍ തീര്‍ഥം എന്ന ചിത്രത്തിലും, 1994 ല്‍ ഇലയും മുള്ളും എന്ന ചിത്രത്തിലും.
1995 ല്‍ ശ്യാം ബനഗലിന്റെ ദ മേകിങ് ഓഫ് മഹാത്മാ എന്ന ചിത്രത്തില്‍ അവര്‍ കസ്തൂര്‍ബാ ഗാന്ധി ആയി അഭിനയിച്ചു. ഇപ്പോള്‍ സീ മറാത്തി ചാനലില്‍ സരിഗമപാ എന്ന പരിപാടി അവതരിപ്പിക്കുന്നു.
മിസ്റ്റര്‍ യോഗി, ഭാരത് ഏക് ഖോജ്, ജുസ്ത്ജൂ, അല്പവിരാം, മൃഗനയനി, തലാശ്, ഇംതിഹാന്‍ എന്നീ സീരിയലുകളില്‍ പല്ലവി മികച്ച അഭിനയം കാഴ്ച വച്ചു. എങ്കിലും ദൂര്ദര്ശന് പ്രക്ഷേപണം ചെയ്ത ആരോഹണ്‍ എന്ന സീരിയലാണ് അവരെ ജനപ്രിയതാരമാക്കിയത്.
മറാത്തി സീരിയലുകളുടെ നിര്‍മ്മാതാവാണ് ഇപ്പോള്‍ പല്ലവി. അസംഭവ് അനുബന്ധ് തുടങ്ങി സീ മറാത്തി ചാനലില്‍ വിവിധ സീരിയലുകള്‍ പല്ലവി നിര്‍മ്മിച്ചു.
ഹിന്ദി സിനിമാനിര്‍മ്മാതാവ് വിവേക് അഗ്നിഹോത്രിയാണ് പല്ലവിയുടെ ഭര്‍ത്താവ്.
അവലംബം: വിക്കിപ്പീഡിയ
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | അഭിനയം |
---|---|
1987 | 1 |
1994 | 1 |