ശിവാജി ഗണേശന്‍
ജനനം | 1928 ഒക്റ്റോബര്‍ 01 |
മരണം | 2001 ജൂലായ് 21 |
പ്രവര്‍ത്തനമേഖല | അഭിനയം (5) |
ചിന്നയ്യാ മണ്‍റായറുടെയും, രാജാമണിയുടെയും പുത്രനായി ഗണേശന്‍ ജനിച്ചു. ഗണേശന്‍ ജനിച്ച ദിവസം തന്നെ അദ്ദേഹത്തിന്റെ പിതാവു് ബ്രിട്ടീഷുകാര്‍ക്കെതിരായി ശബ്ദമുയര്‍ത്തിയതിനായി അറസ്റ്റു ചെയ്യപ്പെട്ടു. "ശിവാജികണ്ട ഹിന്ദുരാജ്യം" എന്ന സ്റ്റേജ് പ്രോഗ്രാമില്‍ ഛത്രപതി ശിവജിയായി അഭിനയിച്ച ഗണേശനു "ശിവാജി ഗണേശന്‍" എന്ന പട്ടം ഇ വി രാമസ്വാമി അദ്ധ്യക്ഷപദം അലങ്കരിച്ച ഒരു പരിപാടിയില്‍ വെച്ചു ലഭിച്ചു. നടികര്‍ തിലകം എന്നും ശിവാജിഗണേശന്‍ അറിയപ്പെട്ടിരുന്നു.
തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ഗണേശന്‍, സിനിമാരംഗത്തേയ്ക്കു പ്രവേശിച്ചത് 1952-ൽ പരാശക്തി എന്ന സിനിമയിലൂടെയാണു്. പണ്ഡരീഭായി ആയിരുന്നു ആ ചിത്രത്തില്‍ ശിവാജിയുടെ കൂടെ അഭിനയിച്ചത്. ആ സിനിമയുടെ കഥ എഴുതിയത് പില്‍ക്കാലത്ത് തമിഴ്നാട്ടിലെ പ്രധാനമന്ത്രിയായിരുന്ന എം കരുണാനിധി ആയിരുന്നു. അതേ വര്‍ഷത്തില്‍ തന്നെ അദ്ദേഹം കമലയെ കല്യാണം കഴിച്ചു. ഈ ദമ്പതികള്‍ക്കു ശാന്തി, തേന്‍മൊഴി എന്നു രണ്ടു പെണ്മക്കളും, രാംകുമാര്‍, പ്രഭു എന്നു രണ്ടു ആണ്മക്കളും ഉണ്ടായി. പ്രഭു പിതാവിന്റെ കാലടികള്‍ പിന്തുടര്‍ന്നു ഒരു നടനായി. രാംകുമാര്‍ ഒരു ഫിലിം പ്രൊഡ്യൂസര്‍ ആയി.
തന്റെ 50 വർഷത്തിലെ അഭിനയജീവിതത്തിനിടയില്‍ ശിവാജി പല റോളുകളും ഏറ്റെടുത്ത് വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യസമരനേതാക്കളായ വഞ്ചിനാഥന്‍, തിരുപ്പൂര്‍ കുമരന്‍, ഭഗത്‌സിംഗ്, ഈ റോളുകളും, പുരാണകഥാപാത്രങ്ങളായ ശ്രീപരമേശ്വരൻ, ഭരതൻ, കർണ്ണൻ, നാരദൻ, അപ്പർ, ആഴവർ ഈവേഷങ്ങളും ശിവാജി അണിഞ്ഞിട്ടുണ്ട്. കുഷ്ടരോഗി യായും, ഡോക്ടറായും, ജഡ്ജിയായും, വക്കീലായും, റിക്ഷാക്കാരനായും അദ്ദേഹം വേഷം ഇട്ടിട്ടുണ്ട്. ‘നവരാത്രി’എന്ന സിനിമയിൽ ഒരു മനുഷ്യന്റെ ഒൻപതു വ്യത്യസ്ത മാനസികാവസ്ഥകൾ കാണിച്ചു അഭിനയിച്ചു. ഹിന്ദിനടനായ സഞ്ജീവ് കുമാർ 1974-ൽ ശിവാജിയുടെ ഈ റോൾ അനുകരിച്ച് ‘നയാദിൻ നയിരാത്’ എന്ന സിനിമയിൽ അഭിനയിച്ചു. രാജേന്ദ്രകുമാറിന്റെ കൂടെ 1970-ൽ തമിഴിലെ ‘ചിവന്തമൺ’ എന്നസിനിമയുടെ പുനരാവിഷ്കരണം ആയിരുന്ന ‘ധർത്തി’ എന്ന ഹിന്ദിസിനിമയിൽ ശിവാജി വേഷം ഇട്ടു. വീരപാണ്ഡ്യകട്ടബൊമ്മൻ എന്ന സിനിമയിലെ അഭിനയത്തിനു 1960-ൽ കെയ്റോയിൽ വെച്ചു നടന്ന ആഫ്രോഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽമികച്ചനടനായിഅദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പുറനാട്ടിൽവെച്ചു ഈ ബഹുമതിആദ്യമായി ലഭിച്ചത് ശിവാജിഗണേശ നായിരുന്നു. വീരപാണ്ഡ്യ കട്ടബൊമ്മനിലെ അദ്ദേഹത്തിന്റെ ചിലസംഭാഷണങ്ങൾ പേരുകേട്ടവയാണു്. ശിവാജി മലയാളത്തിൽ അഭിനയിച്ചിട്ടുള്ള സിനിമകൾ ഒരു യാത്രാമൊഴി, സ്കൂൾമാസ്റ്റർ, തച്ചോളിഅമ്പു ഇവയാണു്.
പില്‍ക്കാലത്ത് തമിഴ്നാടു പ്രധാനമന്ത്രിയായ എം ജി രാമചന്ദ്രന്റെകൂടെ ‘കൂണ്ടുക്കിളി’ എന്ന സിനിമയിൽ ശിവാജി അഭിനയിച്ചു. അദ്ദേഹം ഭാനുമതി, പണ്ഡരീഭായ്, സാവിത്രി, പത്മിനി, സരോജാദേവി, ദേവിക, കെ ആർ വിജയ, വാണിശ്രീ, ജയലളിത ഇവരുടെയൊക്കെ നായകനായി അഭിനയിച്ചിട്ടുണ്ട്. അപ്പോഴത്തെ പ്രമുഖനടന്മാരായ എം ജി രാമചന്ദ്രൻ, എം എൻ നമ്പ്യാർ, രജനീകാന്ത്, കമലഹാസന്‍, സത്യരാജ്, വിജയ് കാന്ത്, പ്രഭുഗണേശന്‍, മോഹന്‍ബാബു, വൈ ജി മഹേന്ദ്രന്‍, ശിവകുമാര്‍, ഭാഗ്യരാജ്, മോഹന്‍, കാർത്തിക്, മുത്തുരാമന്‍, അര്‍ജുന്‍, ശരത്ബാബു, വിജയ്, മോഹന്‍ലാല്‍, അബ്ബാസ്, എം ആര്‍ രാധ, ജയശങ്കര്‍ തുടങ്ങിയവരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്.
1950-കളിലും, 60-കളിലും അദ്ദേഹം ധാരാളം അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 1972-ൽ വസന്തമാളിക, 1979-ൽ ത്രിശൂലം ഈ സിനിമകൾ ശിവാജിയുടെ ‘ബ്ലോക്ക്ബസ്റ്റർ’ സിനിമകൾ ആയിരുന്നു. ഇതിനുശേഷം അദ്ദേഹം സപ്പോർട്ടിങ്ങ് റോളുകളിൽ അഭിനയിച്ചുതുടങ്ങി. എം ജി രാമചന്ദ്രൻ രാഷ്ട്രീയത്തിൽ വിജയം വരിച്ചതോടെ, ശിവാജിയും രാഷ്ട്രീയത്തിൽപ്രവർത്തിയ്ക്കുവാൻ തുടങ്ങി, പക്ഷെ അദ്ദേഹം അവിടെ വിജയംവരിച്ചില്ല. അപ്പോഴത്തെ ഇൻഡ്യൻ പ്രധാനമന്ത്രിയായി രുന്ന ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെ 1983-ൽ ശിവാജി രാജ്യസഭയിലെ ഒരു അംഗമായി. 1984-ൽ ഇന്ദിരാഗാന്ധിയുടെ മരണം ശിവാജിയുടെ രാഷ്ട്രീയ ജീവിതത്തിനു ഒരു അവസാനം കുറിച്ചു.
1990-കളിൽ അദ്ദേഹത്തിന്റെ സിനിമകൾ വീരപാണ്ഡ്യൻ, ജല്ലിക്കട്ട്, പുതിയവാനം, തേവർമകൻ, പശും പൊൻ, എൻആസൈരാസാവേ, വൺസ്മോർ ഇവയായിരുന്നു. മരിയ്ക്കുന്നതിനുമുൻപെ അവസാനമായി അഭിനയിച്ചത് പടൈയപ്പ എന്ന സിനിമയിലും. അവസാനമായി റിലീസുചെയ്ത പടം ‘പൂപറിക്ക വരുഗിറോം’ ആയിരുന്നു.
ശ്വാസകോശസംബന്ധമായ അസുഖങ്ങൾ കാരണം ജൂലൈ 21, 2001-ൽ അദ്ദേഹത്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അതിനു മുൻപു കുറേവർഷങ്ങളായി ഹൃദയസംബന്ധമായും പല അസുഖങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അപ്പോളോ ആശുപത്രിയിൽ വെച്ചു ജൂലൈ 21-നു തന്നെ തന്റെ 73 വയസ്സിൽ അദ്ദേഹം ഈ ലോകത്തോടു വിട പറഞ്ഞു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ‘പരാശക്തിമുതൽ പടൈയപ്പാ വരെ’ എന്നൊരു ഡോക്യുമെന്ററി തയ്യാറാക്കപ്പെട്ടിട്ടുണ്ട്.
ഈജിപ്ഷ്യൻ പ്രസിഡണ്ട് ജമാൽ അബ്ദുൾ നാസ്സർ ഇൻഡ്യ സന്ദർശിച്ചപ്പോൾ ശ്രീജവഹർലാൽ നെഹ്രുവിന്റെ അനുവാദത്തോടെ ശിവാജിയാണു ശ്രീ നാസ്സറെ ആതിഥേയനായി സ്വീകരിച്ചത്. മദ്രാസ്സിൽ വെച്ചു നടത്തിയ ഈ ചടങ്ങിൽ ഇൻഡ്യയിലെ പലമുഖ്യാതിഥികളും പങ്കെടുത്തു. 1962-ൽ അമേരിക്ക നടത്തിയ കൾച്ചറൽ എക്സ്ചേഞ്ചുപ്രോഗ്രാമിൽ ഇൻഡ്യൻ കൾച്ചറൽ അംബാസഡർ ആയി പങ്കെടുത്ത ആദ്യത്തെ നടൻ ശിവാജിയാണു്. ഒരുദിവസത്തെ ‘ഓണററി മേയർ ഓഫ് നയാഗ്രാഫാൾസ്’ എന്ന ടൈറ്റിലും, സിറ്റിയുടെ സുവർണ്ണതാക്കോലും കൊടുത്ത് ശിവാജിയെ അവിടെയുള്ളവർ ആദരിച്ചു. ഈ പട്ടം ലഭിച്ചിട്ടുള്ള മറ്റൊരു ഇൻഡ്യൻ നമ്മുടെ പ്രധാനമന്ത്രിആയിരുന്ന ശ്രീ ജവഹർലാൽ നെഹ്രു മാത്രമാണ്. 1976-ൽ മൊറീഷ്യസിൽ നിന്നും അവിടത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ രാമഗുലത്തിന്റെ ക്ഷണം അനുസരിച്ച് അവിടത്തെ സ്വാതന്ത്ര്യദിനത്തിൽ പങ്കെടുക്കുകയും, അവിടത്തെ അതിഥിയായി നാലുദിവസം താമസിയ്ക്കുകയും ചെയ്തു.
ജൂൺ 1995-ൽ ശിവാജി അമേരിക്കയിലെ ഒഹായോ സ്റ്റേറ്റിലെ കൊളംബസ് സിറ്റി സന്ദർശിയ്ക്കുകയും, അവിടത്തെമേയറായ ഗ്രെഗ് ലഷുട്കായുടെ ആതിഥ്യവും, അദ്ദേഹം നൽകിയ ‘ഓണററി സിറ്റിസൻ’ പദവും സ്വീകരിച്ചു. ‘കൊളംബസ് തമിഴ് സംഗം’ എന്ന സംഘടന അന്നാണു രൂപവൽക്കരിച്ചത്. ശിവാജിയെ ആ സംഘടനയുടെ ഓണററി പ്രസിഡന്റ് ആയി ആദരിക്കുകയും ചെയ്തു. അതേസമയത്തു തന്നെ മറ്റൊരു സിറ്റിയായ മൌണ്ട് വെർണൻ എന്ന സ്ഥലത്തെ മേയർ ശിവാജിയ്ക്കായി ഒരു പ്രത്യേക സ്വാഗതം നൽകി.
2006-ൽ ശിവാജിയുടെ പ്രതിമ ചെന്നൈയിലെ കാമരാജർശാലൈയിൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ കരുണാനിധി ഉൽഘാടനം ചെയ്യുകയുണ്ടായി. സൌത്ത് ഇൻഡ്യൻ ഫിലിം ആർട്ടിസ്റ്റ്സ് അസ്സോസിയേഷൻ ശിവാജിയുടെ ജന്മദിനമായ ഒക്ടോബർ 1 അഭിനേതാക്കളുടെ ദിവസമായി ആചരിയ്ക്കാമെന്നു നിശ്ചയിച്ചു.
ശിവാജിയുടെ ഏറ്റവും പ്രശസ്തമായ അവാർഡ് അദ്ദേഹത്തിനു 1995-ൽ ഇൻഡ്യയിലെ ഫ്രഞ്ചു അംബാസഡർ ആയിരുന്ന ഫിലിപ്പ് പെറ്റിറ്റിൽ നിന്നും ലഭിച്ച ഷെവലിയർപട്ടം ആയിരുന്നു. ഇതു നൽകിയതു ഫ്രാൻസിലെ നാഷണൽ ഓർഡർ ഓഫ് ദി ലീജിയൻ ഓഫ് ഓണർ എന്ന സംഘടനയാണു. ഫ്രാൻസിൽമാത്രമല്ല, ലോകത്തെമ്പാടുമുള്ള ഉള്ള മികച്ച കലാകാരന്മാരെ ബഹുമാനിയ്ക്കാനുള്ള ഒരു അവാർഡ് ആയിരുന്നു ഇത്. ജയലളിത ഉൾപ്പടെയുള്ള ഇൻഡ്യയിലെ പലസംസ്ഥാനങ്ങളിലെപ്രമുഖരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ജൂലൈ 15, 1997 ൽ ഇൻഡ്യൻ പ്രസിഡണ്ട് ശ്രീ ശങ്കർദയാൽശർമ്മയുടെകയ്യിൽ നിന്നും ദാദാസാഹബ് ഫാൽക്കെ അവാർഡ് ശിവാജിയ്ക്കു ലഭിച്ചു.
തയ്യാറാക്കിയത് : ലത നായര്‍
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | അഭിനയം |
---|---|
1964 | 1 |
1966 | 1 |
1978 | 1 |
1997 | 2 |