View in English | Login »

Malayalam Movies and Songs

സുധീര്‍

മരണം2004 സെപ്റ്റമ്പര്‍ 17
പ്രവര്‍ത്തനമേഖലഅഭിനയം (107)
ആദ്യ ചിത്രംനിഴലാട്ടം (1970)
അവസാന ചിത്രംമാറാത്ത നാട് (2004)


ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ മലയാള ചലചിത്ര രംഗത്ത് നിറഞ്ഞു നിന്ന അഭിനേതാവാണ്‌ സുധീര്‍. അബ്ദുള്‍ റഹിം എന്ന സുധീർ ചലച്ചിത്ര രംഗവുമായി ബന്ധപ്പെടുന്നത് ഇ.എൻ.ബാലകൃഷ്ണൻ എന്ന ഛായാഗ്രാഹകന്റെ സഹായി ആയിട്ടാണ്‌.അതിനു ശേഷം പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും ആയ എ.വിൻസന്റിന്റെ അസിസ്റ്റന്റ് ആയിട്ടും പ്രവർത്തിച്ചു.സുധീറിന്റെ അഭിനയ മോഹം തിരിച്ചറിഞ്ഞ വിൻസന്റ് എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ താന്‍ സംവിധാനം ചെയ്ത 'നിഴലാട്ടം' (1970) എന്ന ചിത്രത്തിൽ പ്രേംനസീർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനുജൻ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം സുധീറിനു നൽകി. അതിനു ശേഷം ശിവാജി ഗണേശൻ നായകനായ 'രാമൻ എത്തനൈ രാമനെടി'എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.പിന്നീടാണ്‌ പി.എൻ.മേനോൻ സംവിധാനം ചെയ്ത 'ചെമ്പരത്തി'(1972)എന്ന ചിത്രത്തിൽ അദ്ദേഹത്തിന്‌ പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെ കിട്ടുന്നത്.ഈ ചിത്രത്തോടെയാണ്‌ സുധീർ ഒരു അഭിനേതാവെന്ന നിലയിൽ ശ്രദ്ധേയനാവുന്നത്.


നായകനായും വില്ലനായും സഹനടനായുമൊക്കെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. സ്വപ്നം, അച്ചാണി, തീർത്ഥയാത്ര, കലിയുഗം, ഉർവശി ഭാരതി, ചായം, കല്യാണപ്പന്തൽ, ചന്ദനച്ചോല, തുലാവർഷം, വരദക്ഷിണ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ. അപൂർവം ചില ചിത്രങ്ങളിൽ അത്ര പ്രസക്തമല്ലാത്ത വേഷങ്ങളും ചെയ്തിട്ടുണ്ട്. പൂന്തേനരുവി,സ്വാമിഅയ്യപ്പൻ എന്നിവ ഉദാഹരണങ്ങൾ. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ചിൽ ബാബുനന്തങ്കോട് സംവിധാനം ചെയ്ത 'സത്യത്തിന്റെ നിഴലിൽ' (സത്യമേവ ജയതേ എന്ന് ആദ്യ പേര്‌)എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡും അദ്ദേഹം നേടിയെടുത്തു.

എണ്‍പതുകളുടെ തുടക്കത്തിൽ മലയാള ചലച്ചിത്ര രംഗത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചതോടെ സുധീറിനെപ്പോലെയുള്ളവർക്ക് അവസരങ്ങൾ കുറഞ്ഞു. പിന്നീട് അദ്ദേഹത്തിന്‌ പോലീസ് റോളുകളിലേക്കും മറ്റും ഒതുങ്ങേണ്ടതായി വന്നു. തുടർന്ന് ബിസിനസ്സ് രംഗത്തേക്ക് കടന്ന അദ്ദേഹം തൊണ്ണൂറുകളിൽ വീണ്ടും തിരിച്ചെത്തി. ഉപ്പുകണ്ടം ബ്രദേഴ്സ്, കടൽ എന്നിവ അക്കാലയളവിൽ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളാണ്‌. ലേസാ ലേസാ (സംവിധാനം:പ്രിയദർശൻ), ആയിരത്തില്‍ ഒരുവന്‍ എന്നീ ചിത്രങ്ങളിലും തുടര്‍ന്ന് അഭിനയിച്ചു. 'മാറാത്ത നാട്' (2004) ആണ്‌ അദ്ദേഹത്തിന്റെ അവസാന ചിത്രം.

2004 സപ്തംബർ 17ന്‌ കോഴിക്കോട്ട് വച്ചായിരുന്നു സുധീര്‍ ഹൃദയസ്തംഭനം മൂലം അന്തരിച്ചത്.

കടപ്പാട്: ടി.എസ്.പ്രതീഷ്, ചിത്രഭൂമി



തയ്യാറാക്കിയത് : സന്ദീപ് പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19703
19712
19722
197313
19749
197513
19769
19778
197811
19796
19805
19821
19831
19841
19855
19871
19883
19891
19903
19931
19941
19952
20024
20031
20041