View in English | Login »

Malayalam Movies and Songs

ടി ദാമോദരന്‍

ജനനം1935 ഒക്റ്റോബര്‍ 15
മരണം2012 മാര്‍ച്ച് 28
പ്രവര്‍ത്തനമേഖലസംഭാഷണം (49), തിരക്കഥ (44), കഥ (38), അഭിനയം (6)


തച്ചമ്പലത്ത് ചോയിക്കുട്ടി, ഉണ്ണിയമ്മ എന്നിവർക്ക് ജനിച്ച ടി.ദാമോദരൻ എൺപതുകളിൽ മലയാളസിനിമ അതിന്റെ ഉന്നതങ്ങളിലെത്തിയ കാലത്തെ ഹിറ്റ് തിരക്കഥാകൃത്തുക്കളിൽ ഒരാളായിരുന്നു.

കോഴിക്കോട് മീൻ‌ചന്ത,ചാലപ്പുറം ഗണപത് സ്കൂളുകളിലും,ഗുരുവായൂരപ്പൻ,ഫാറൂക്ക്,ഫിസിക്കൽ എജ്യൂക്കേഷൻ കോളെജുകളിലുമായി വിദ്യാഭ്യാസം.ഫുട്ബോൾപ്രേമിയായ ദാമോദരൻ ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം ചേർത്ത് ടീം ബ്രദേഴ്സ് എന്ന പേരിൽ ഒരു തലമുറയുടെ ആവേശമായ ഒരു ഫുട്ബോൾ ടീമുണ്ടാക്കിയിരുന്നു.ഒപ്പം മീഞ്ചന്തയിലെ കലാസാഗർ മ്യൂസിക് ക്ലബ്ബിനു വേണ്ടി നാടകങ്ങൾ രചിച്ചുകൊണ്ടും അഭിനയിച്ചുകൊണ്ടും അദ്ദേഹം കലാരംഗത്തും സജീവമായി.അവിഭക്ത കമ്മ്യൂണിസ്റ്റ് അനുഭാവികൾ നയിച്ച ഈ സമിതി ഓട്ടുകമ്പനികളിലും നൂൽക്കമ്പനികളിലുമൊക്കെ നാടകം അവതരിപ്പിച്ചു.പുരുഷന്മാർ സ്ത്രീവേഷം കെട്ടിയഭിനയിക്കുന്ന പതിവ് തെറ്റിച്ചുകൊണ്ട് മച്ചാട് വാസന്തിയെ നാടകരംഗത്തേക്ക് കൊണ്ടുവന്നതും,പിന്നീടെ ‘കുട്ട്യേടത്തി’വിലാസിനിയെ നാടകവേദിയിലെത്തിച്ചതും ദാമോദരനായിരുന്നു.

ബേപ്പൂർ ഹൈസ്ക്കൂളിൽ കായികാദ്ധ്യാപകനായി കയറിയപ്പോഴും കലാപ്രവർത്തനം തുടർന്നു.നാടകപ്രവർത്തകരായ കുതിരവട്ടം പപ്പു,ആർ.കെ.നായർ,കുഞ്ഞാവ എന്നിവരുമായിച്ചേർന്ന് ‘സ്ല്ലാപ്പ്സിറ്റിക്ക് കോമഡീ ട്രൂപ്പ്’ എന്ന സമിതി തുടങ്ങി.‘ചപ്ലാംകട്ട’ മുട്ടിക്കൊണ്ട് സമകാലികജീവിതത്തെ ആക്ഷേപഹാസ്യാത്മകമായി അവതരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം.നെല്ലിക്കോട് ഭാസ്ക്കരൻ,വാസുപ്രദീപ്,ദാമോദരൻ,കുഞ്ഞാവ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.കഥാപാത്രങ്ങളും അഭിനേതാക്കളും ഒന്നെങ്കിലും വിഷയങ്ങൾ മാറിമാറിവരുന്ന രീതിയായിരുന്നു അദ്ദേഹം ഈ ട്രൂപ്പിൽ സ്വീകരിച്ചത്
‘രാജാതീയേറ്റേഴ്സി‘ന് വേണ്ടിയാണ് അദ്ദേഹം ആദ്യം പ്രൊഫഷണൽ നാടകരംഗത്തെത്തിയത്. റോട്ടറിക്ലബ് പോലെയുള്ള സംഘടനകൾക്ക് വേണ്ടിയും നാടകങ്ങൾ രചിച്ച ദാമോദരൻ പിന്നീട് റേഡിയോനാടകരംഗത്തേക്കും കടന്നു.
എം.ടി,കെ.ടി,തിക്കോടിയൻ,ദാമോദരൻ എന്നീ നാലുപേർ ചേർന്നു രചിച്ച ‘വഴിയമ്പലം’മലയാളനാടകവേദിയിലെ അപൂർവ്വസംഭവമാ‍യിരുന്നു.അങ്ങിനെ മലബാറിലെ അമച്വർ-പ്രൊഫഷണൽ നാടകചചരിത്രത്തിൽ ദാമോദരൻ സ്വന്തമായൊരു ഇടം ഉറപ്പിച്ചിരുന്നു.

1965ൽ ഇറങ്ങിയ ‘ശ്യാമളച്ചേച്ചി‘യിൽ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം ആദ്യമായി സിനിമാലോകത്തിലെത്തിപ്പെടുന്നത്.പിന്നീട് എംടിയുടെ അടുത്ത സുഹൃത്തായിരുന്ന ദാമോദരൻ‘നഗരമേ നന്ദി’ ‘ഓളവും തീരവും’എന്ന സിനിമകളിലും മറ്റേതാനും സിനിമകളിലും അഭിനയിച്ചു
.ദാമോദരന്റെ നാടകങ്ങളായ ‘യുഗസന്ധ്യയും‘ ‘ഉടഞ്ഞ വിഗ്രഹങ്ങളും’ കണ്ട് അദ്ദേഹത്തിന്റെ മാന്ത്രിക
ശക്തിയുള്ള തൂലിക തിരിച്ചറിഞ്ഞ സംവിധായകൻ ഹരിഹരന്റെ ‘ലൌ മാര്യെജ്’ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ആദ്യ തിരക്കഥ.ആ കൂട്ടുകെട്ടിൽ പിന്നീട് ഒട്ടേറെ സിനിമകളുണ്ടായി.ഗൃഹലക്ഷ്മി പ്രൊഡക്ക്ഷൻസിനു വേണ്ടി ‘മനസാ വാചാ കർമ്മണാ’ എന്ന സിനിമയ്ക്ക് ഷെറീഫിനൊപ്പം രചിച്ച തിരക്കഥയുടെ സംവിധാനം ഐ.വി.ശശിയായിരുന്നു.
ആ സിനിമയുടെ വിജയം മലയാളസിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ജോടികളിലൊന്നിന്റെ പിറവിക്ക് കാരണമായിത്തീർന്നു.
കേരളസമൂഹത്തിലെ തിന്മകളെ അതിനിശിതമായി വിമർശിച്ചുകൊണ്ട് ഐ.വി.ശശി-ടി.ദാമോദരൻ കൂട്ടുകെട്ടിൽ നിന്നുണ്ടായ ‘അങ്ങാ‍ടി’ ‘ഈ നാട്’‘ഇനിയെങ്കിലും’ തുടങ്ങിയ താരനിബിഡമായ സിനിമകൾ മലയാളസിനിമയിലെ ഒരു പുത്തൻ ധാരയ്ക്ക് തന്നെ വഴിതുറക്കുകയായിരുന്നു.
പിന്നീട് സൂപ്പർസ്റ്റാറുകളാ‍ായി മാറിയ ജയൻ,മമ്മൂട്ടി,മോഹൻ ലാൽ എന്നിവർക്ക് വെള്ളിത്തിരയിലുണ്ടായ പരിവേഷം ആദ്യം ചാർത്തിക്കൊടുത്തത് ടി.ദാമോദരന്റെ വാക്ക്ചാതുര്യമിറ്റുന്ന പേനയായിരുന്നു.അതുകൊണ്ട് തന്നെ താരപ്രഭയിൽ അഭിരമിക്കുന്ന സിനിമകളിലേക്ക് കാണികളെ ആകൃഷ്ടരാക്കി,മലയാളത്തിൽ അനാരോഗ്യകരമായ ഒരു ശീലത്തിന് തുടക്കമിട്ടു എന്ന വിമർശനവും ദാമോദരന് നേരിടേണ്ടിവന്നിട്ടുണ്ട്.പിന്നീട് ഭരതൻ,പ്രിയദർശൻ,ഷാജി കൈലാസ്,വിജി തമ്പി,എന്നീ ഹിറ്റ് സംവിധായകർക്കൊപ്പവും ദാമോദരൻ പ്രവർത്തിച്ചു.മണിരത്നത്തിന്റെ ‘ഉണരൂ’എന്ന ഒരേയൊരു മലയാളസിനിമയുടെ തിരക്കഥയും ദാമോദരന്റേതായിരുന്നു. ഏറ്റവുമൊടുവിൽ 2006ൽ വി.എം.വിനുവിനു വേണ്ടി ‘യെസ് യുവറോണർ’ എന്ന സിനിമയുടേതായിരുന്നു അവസാനത്തെ തിരക്കഥ.

2012 മാർച്ച് 28ന് ദാമോദരൻ അന്തരിച്ചു.
ഭാര്യ പുഷ്പ.
മക്കൾ ദീദി(തിരക്കഥാകൃത്ത്),സിംന,രശ്മി



തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംതിരക്കഥകഥഅഭിനയം
1965 - - - 1
1967 - - - 1
1970 - - - 1
1974 - - - 1
19751 - - -
19761 - - -
1979111 -
1980433 -
1981222 -
1982554 -
1983554 -
1984211 -
1985111 -
1986332 -
1987444 -
1988444 -
1989 - - 1 -
1990111 -
1991333 -
1992111 -
199321 - -
199411 - -
199511 - -
1996222 -
1999221 -
2000111 -
2003 - - - 1
2006222 -
2009 - - - 1