View in English | Login »

Malayalam Movies and Songs

തൊടുപുഴ വാസന്തി

യഥാര്‍ത്ഥ പേര്പി വസന്തകുമാരി
ജനനം1952
മരണം2017 നവംബര്‍ 28
സ്വദേശംമണക്കാട്, തൊടുപുഴ
പ്രവര്‍ത്തനമേഖലഅഭിനയം (86)
ആദ്യ ചിത്രംധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ (1975)


ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് പി വാസന്തി എന്ന തൊടുപുഴ വാസന്തിയുടെ ജനനം. 450 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 16 ഓളം ടെലിവിഷന്‍ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്‌കാരവും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഒരു കാലഘട്ടത്തിന്റെ മുഖമുദ്രയായിരുന്ന ബാലേകളിലൂടെയാണ് വാസന്തി കലാലോകത്തെത്തുന്നത്. വാസന്തിയുടെ അച്ഛന്‍ നാടക നടനായിരുന്നു. അമ്മയോട് തന്റെ കൂടെ നാടകത്തില്‍ നടിക്കുന്നതിന് ആവശ്യപ്പെട്ടുവെങ്കിലും അമ്മ ഒഴിഞ്ഞുമാറി. അതിന്റെ വാശിക്ക് അച്ഛന്‍ പറഞ്ഞു. എന്റെ മകളെ ഞാന്‍ നടിയാക്കും. അങ്ങനെ വാസന്തിയുടെ ചേച്ചിയാണ് ആദ്യമായി അച്ഛന്റെ കൂടെ വേദിയിലെത്തുന്നത്. തുടര്‍ന്ന് വാസന്തിയും അച്ഛന്റെയൊപ്പം നടിയായി. നാടകമെന്നു പറഞ്ഞെങ്കിലും ബാലെയിലായിരുന്നു വാസന്തി പ്രധാനമായും അഭിനയിച്ചത്. ശിവതാണ്ഡവത്തില്‍ ശിവന്‍, ഗീതോപദേശത്തില്‍ അര്‍ജ്ജുനന്‍, ഏകലവ്യനില്‍ ഏകലവ്യന്‍ എന്നിവ തന്മയത്വത്തോടെ അവതരിപ്പിച്ചു ജനപ്രീതിനേടി. ജ്ഞാനസുന്ദരി ബാലേയിലെ വില്ലത്തി വേഷം കണ്ട് ജനം അടിക്കാനിറങ്ങിയ സംഭവം വാസന്തി ഇന്നും ഓര്‍ക്കുന്നു. നല്ലതങ്ക ബാലെയില്‍ മൂളിയലങ്കാരിയുടെ വേഷവും, ഒരുപാട് ജനശ്രദ്ധ പിടിച്ചുപറ്റി. ചേച്ചി നന്മയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍ അനിയത്തി വാസന്തി തിന്മയെ പ്രതിനിധീകരിച്ച് ജനങ്ങളുടെ ക്രോധത്തിന് പാത്രമായി.

അമ്മ തിരുവാതിര ആശാട്ടിയായിരുന്നു. തിരുവാതിരയും നൃത്തവും അമ്മയില്‍ നിന്ന് പഠിച്ചു. ശാരംഗപാണിയുടെ ട്രൂപ്പില്‍ ചേര്‍ന്നതാണ് വാസന്തിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്. അവിടെനിന്ന് ഉദയാ ചിത്രങ്ങളിലേക്കുള്ള പ്രവേശം എളുപ്പമായി. വാസന്തി ആദ്യമായി മലയാളസിനിമയിലെത്തുന്നത് ‘ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ’ എന്ന സിനിമയിലൂടെയാണ്, 1975 ല്‍. അതിലെ കൂട വേണോ കൂട എന്ന ഒരു നൃത്ത രംഗത്താണ് താന്‍ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് വാസന്തിയുടെ ഓര്‍മ്മകളില്‍ തെളിയുന്നു. (താന്‍ 1976 ലാണ്‍ സിനിമയില്‍ വന്നതെന്ന് വാസന്തി പറയുന്നുവെങ്കിലും ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ 1975 ല്‍ ഇറങ്ങിയതുകൊണ്ട് അതൊരു ചെറിയ ഓര്‍മ്മപ്പിശകാവാം.) പിന്നീട് അഭിനിവേശം. ഐ വി ശശിയുടെ ചിത്രമായിരുന്നു അത്. പക്ഷേ അവിടെ സിനിമാ സംഭാഷണങ്ങളിലുള്ള പരിചയക്കുറവ് അഭിനയത്തെ ബാധിച്ചു. ബാലെയിലെ സംഭാഷണങ്ങളുമായി ഒട്ടും പൊരുത്തപ്പെട്ടുപോകില്ലല്ലോ സിനിമാഡയലോഗുകള്‍. തുടര്‍ന്ന് വാസന്തി അടൂര്‍ ഭവാനിയുടെ നാടക ട്രൂപ്പില്‍ ചേര്‍ന്നു. ധാരാളം നാടകങ്ങളില്‍ അഭിനയിച്ചു. സംഭാഷണ രീതികള്‍ സ്വായത്തമാക്കി. പിന്നീടൊരവസരം കിട്ടുന്നത് തോപ്പില്‍ ഭാസിയുടെ ‘എന്റെ നീലാകാശ‘ത്തിലാണ്‍. ശങ്കരാടിയുടെ ഭാര്യയായി വളരെ പ്രായമുള്ള സ്ത്രീയായി മുഖത്ത് കരിയൊക്കെ തേച്ച്, റൌക്ക്കയൊക്കെ ഇട്ട് 75- 76 കളില്‍ ചെറുപ്പക്കാരിയായ വാസന്തി അഭിനയിച്ചു. അതൊരു അഭിനയ സാദ്ധ്യതയുള്ള കഥാപാത്രമായിരുന്നുവെങ്കിലും, പിന്നീട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ വാസന്തിക്ക് അധികം ലഭിച്ചില്ല. നാടകരംഗത്തേക്ക് തന്നെ തിരിഞ്ഞു. നാടകത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കെ ജി ജോര്‍ജ്ജിന്റെ യവനികയാണ് തനിക്ക് രണ്ടാം വരവിലെ ബ്രേക്ക് ആയതെന്ന് വാസന്തി പറയുന്നു. അതിലെ രാജമ്മ എന്ന കഥാപാത്രത്തിനു ശേഷം കൈനിറയെ പടങ്ങള്‍ വാസന്തിക്ക് കിട്ടി. സിനിമയില്‍ ‘തിരക്ക്’ എന്ന് പറയാവുന്നപോലെ കഥാപാത്രങ്ങളായി. പിന്നെ ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദര്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ റോളുകള്‍ അവതരിപ്പിക്കുവാന്‍ സാധിച്ചു. ആലോലത്തിലെ കഥാപാത്രം തനിക്ക് ഏറെ സംതൃപ്തിനല്‍കിയെന്ന് വാസന്തി പറയുന്നു. പദ്മരാജന്റെ ഒരു പടത്തില്‍ മാത്രമേ വാസന്തിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ‘നവംബറിന്റെ നഷ്ടം‘ ആണത്. ‘തൂവാനത്തുമ്പിക‘ളില്‍ അഭിനയിക്കാന്‍ വിളിച്ചെങ്കിലും പോകാന്‍ കഴിഞ്ഞില്ല. വാസന്തിയുടെ ശബ്ദം ബേസ് വോയ്സ് ആയതുകൊണ്ട് പുരുഷ ശബ്ദമായി റേഡിയോ നാടകങ്ങളില്‍ ചെയ്തിരുന്നു. നാടകാചാര്യനായ ഓ മാധവന്റെ ശബ്ദവുമായി തന്റെ ശബ്ദത്തിനുള്ള സാമ്യം പലരും തിരിച്ചറിഞ്ഞിരുന്നുവെന്നും വാസന്തി. സിനിമ നല്‍കിയ സൌഭാഗ്യങ്ങളില്‍ വാസന്തി ഒരുപാട് സന്തുഷ്ടയാണ്. കുടുംബത്തെപോറ്റാനും സഹോദരങ്ങള്‍ക്ക് സഹായമായി നില്‍ക്കാനും സിനിമാജീവിതം കൊണ്ടു കഴിഞ്ഞു. അന്നൊക്കെ സിനിമതന്നെ ഒരു കുടുംബാന്തരീക്ഷമായിരുന്നു. കണ്ണപ്പനുണ്ണിയിലെ ഷൂട്ടിങ്ങ് സമയത്തൊക്കെ പുഴക്കരയിലിരുന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുമായിരുന്ന ആ നല്ലകാലം ഇന്ന് സിനിമയില്‍ കാണുന്നില്ലെന്ന് വാസന്തി പറയുന്നു. വൃതം എന്ന സിനിമയിലെ അഭിനയത്തിന്റെ കാര്യം വാസന്തി പ്രത്യേകം ഓര്‍ക്കുന്നു. കമലഹാസനോടൊപ്പം അഭിനയിക്കുമ്പോള്‍ കമലഹാസന്‍ മുടിക്ക് കുത്തിപ്പിടിക്കുന്ന രംഗത്തില്‍ താന്‍ ശരിക്കും വീണുപോയി. കമല്‍ പിന്നീട് ഒരുപാട് തവണ വന്ന് ക്ഷമ പറഞ്ഞ് വേദനിച്ചോ എന്നൊക്കെ ചോദിച്ചു.

തുടർന്ന് ‘അമ്മത്തൊട്ടില്‍‘, ‘സ്കെച്‘ എന്ന ചിത്രങ്ങളില്‍ അഭിനയിച്ചു. പുതുതലമുറയിലെ കുട്ടികള്‍ തന്നോട് വളരെ സ്നേഹത്തോടെയാണ്‍ പെരുമാറിയതെന്ന് വാസന്തി. കൃസ്തുമസ്സിനിറങ്ങിയ ‘ദാവൂദിന്റെ സന്തതി‘ എന്ന ആല്‍ബത്തിലും അഭിനയിച്ചു. സ്കെച്ച് എന്ന ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ആ ആല്‍ബവും ചെയ്തത്. സിനിമയില്‍ നിന്ന് ഒഴിഞ്ഞിട്ടും തന്നെ ഇന്നും ആള്‍ക്കാര്‍ തിരിച്ചറിയുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് അവര്‍ പറയുന്നു. അതുതന്നെയാണ് ഒരു കലാകാരിയെന്ന നിലയിലുള്ള വിജയമെന്നും അവര്‍ വിശ്വസിക്കുന്നു. ‘വാസന്തിയല്ലേ?’ എന്ന് ചോദിച്ച് ആള്‍ക്കാര്‍ അടുത്തുവരാറുണ്ടെന്നത് ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണെന്നും. നാനൂറിലേറെ സിനിമകളില്‍ അഭിനയിച്ച വാസന്തി സിനിമാ ലോകം അവഗണിക്കുന്നുവെങ്കിലും വളരെ സന്തുഷ്ടയാണ്. സിനിമാരംഗത്തുണ്ടായിരുന്ന ആള്‍ തന്നെയാണ് വാസന്തിയുടെ ഭര്‍ത്താവ് ശ്രീ രജീന്ദ്രന്‍ നായര്‍. ഇവര്‍ക്ക് മക്കളില്ല. വാസന്തിയുടെ സഹോദരന്റെ മക്കളെ എടുത്തു വളര്‍ത്തുകയാണവര്‍. സിനിമാ സംഘടനയുടെ പെന്‍ഷന്‍ വാസന്തിക്ക് ലഭിക്കുന്നുണ്ട്. നാടകരംഗത്തെ സംഭാവനകള്‍ക്ക് സാക്ഷ്യപത്രം നല്‍കി കേരളസര്‍ക്കാര്‍ വാസന്തിയെ ബഹുമാനിച്ചിട്ടുണ്ട്.

പിതാവ് രാമകൃഷ്ണന്‍ നായര്‍ കാന്‍സര്‍ രോഗബാധിതനായതോടെ സിനിമയില്‍നിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വര്‍ഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭര്‍ത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റില്‍ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി.

സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവര്‍ഷം മുന്‍പ് അതു പൂട്ടി. ചോര്‍ന്നൊലിക്കുന്ന വീടും തീരാനോവുകൾക്കുമൊപ്പം അവസാന കാലം കഴിച്ചു കൂട്ടി. അപ്പോഴും അഭിനയം തുടരണമെന്നായിരുന്നു അവരുടെ ആഗ്രഹം.

തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അവരുടെ വലതു കാല്‍ പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് മുറിച്ചുമാറ്റിയിരുന്നു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19751
19771
19794
19801
19825
19834
19846
198511
198610
19878
19886
19895
19903
19913
19928
19932
19942
19952
19971
20101
20121
20161