വിധുബാല
ജനനം | 1954 മെയ് 24 |
പ്രവര്‍ത്തനമേഖല | അഭിനയം (92) |
ഡബ്ബിംഗ് - 1 കഥാപാത്രങ്ങള്‍
എഴുപതുകളുടെ മദ്ധ്യം മുതൽ എൺപതുകളുടെ മദ്ധ്യം വരെ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന ഒരു സൂപ്പർതാരം തന്നെ ആയിരുന്നു ശ്രീമതി വിധുബാല. അയലത്തെ പെണ്‍കുട്ടി എന്ന തോന്നൽ പ്രേക്ഷകമനസ്സുകളിൽ ഉണർത്തിയ, “ശംഖുപുഷ്പ”ത്തിലൂടെയും “ആരാധന”യിലൂടെയുമൊക്കെ പ്രേക്ഷകരുടെ ഉള്ളിൽ ദുഃഖം ഘനീഭവിപ്പിച്ച, സുന്ദരിയും വിദ്യാസമ്പന്നയുമായ അഭിനേത്രി. എഴുപതുകളിലെ മുൻനിരനായികമാരെപ്പോലും പിന്നിലാക്കി ഒന്നാമതെത്തിയെങ്കിലും പ്രശസ്തിയുടെ ഉന്നതിയിൽ വെച്ചു് വിവാഹത്തോടെ സിനിമാലോകത്തോടു വിട പറഞ്ഞു് ഗാര്‍ഹികജീവിതത്തിലേക്കു തിരിച്ചുപോയ നടി.
പ്രശസ്ത ഐന്ദ്രജാലികന്‍ പ്രൊഫസര്‍ ഭാഗ്യനാഥിന്‍റെയും ശ്രീമതി സുലോചനയുടെയും മകളായി 1954 മെയ് 24 നാണു് വിധുബാല ജനിച്ചതു്. മനഃശാസ്ത്രത്തിൽ ബിരുദധാരിണിയാണു്. പ്രശസ്ത ഛായാഗ്രാഹകൻ ശ്രീ മധു അമ്പാട്ട് ഏകസഹോദരൻ. പഴയകാല മലയാള കവി കുണ്ടൂര്‍ നാരായണമേനോനും അമ്പാട്ട് ശിവരാമമേനോനും മുത്തച്ഛന്മാരാണു്. നല്ലൊരു നര്‍ത്തകിയായ വിധുബാല മൂന്നു വയസ്സു മുതല്‍ നൃത്തത്തിലും അച്ഛന്റെ മാജിക് ഷോകളിലുമൊക്കെ സജീവമായി പങ്കെടുത്തിരുന്നു. തുടര്‍ന്ന് ധാരാളം ചിത്രങ്ങളില്‍ ബാലനടിയായി.
1964 ല്‍ നെട്ടോണി സംവിധാനം ചെയ്ത 'സ്കൂള്‍ മാസ്റ്റര്‍' എന്ന ചിത്രത്തില്‍ അംബികയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു വിധുബാല സിനിമയിലെത്തിയതു് - എട്ടാമത്തെ വയസ്സിൽ. അതിനുശേഷം 'ജീവിക്കാന്‍ അനുവദിക്കുക' എന്ന സിനിമയില്‍ പ്രേംനസീറിന്റെ അനിയത്തിയായും 'പാവപ്പെട്ടവള്‍' എന്ന സിനിമയില്‍ സത്യന്‍മാഷിന്റെ അനിയത്തിയായുമൊക്കെ അഭിനയിച്ചു. അതിനിടയ്ക്കു് ‘ചാംസ്’ കുങ്കുമം പോലെ ചില ഉൽപ്പന്നങ്ങളുടെ മോഡലായി പ്രവർത്തിച്ചു. വിദ്യാഭ്യാസവും മുന്നോട്ടു നീങ്ങി. മനഃശാസ്ത്രം ബി. എ പഠനവും മോഡലിങ്ങും സഹോദരവേഷങ്ങളും ഒക്കെ വിട്ടു് 1973-74 ആയപ്പോഴേക്കും സിനിമാനായികാപദവിയിലെത്തി. 1973 ൽ ശ്രീ ശിവാജി ഗണേശന്റെ 'പൊണതങ്കമനസ്സ്' (ഇതിന്റെ മലയാളം റീമേക്കായിരുന്നു ആയിരുന്നു ‘ഭൂമിദേവി പുഷ്പിണിയായി’) എന്ന തമിഴ്പടത്തില്‍ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെ പ്രശസ്തിയിൽ എത്തിയ വിധുവിനെ തേടി 'കോളേജ്‌ഗേളി'ലെ നായികാപദം എത്തി. ശ്രീ ഹരിഹരന്റെ സംവിധാനത്തിലുള്ള 'കോളേജ് ഗേൾ’ വൻ ഹിറ്റായതിനെത്തുടർന്നു് 'പ്രവാഹം' എത്തി. അതോടെ ഒരു സൂപ്പർ നായികയായി മാറിയ വിധുബാല തുടർന്നു് ഉമ്മാച്ചു, ധീരസമീരേ യമുനാതീരേ, അഭിനന്ദനം, സര്‍പ്പം, പിച്ചിപ്പൂ, ഞാവല്‍പ്പഴങ്ങള്‍, വാകച്ചാര്‍ത്ത്, ആരാധന, അകലെ ആകാശം, ശംഖുപുഷ്പം, അഷ്ടമംഗല്യം തുടങ്ങി നൂറിലേറെ ചിത്രങ്ങളില്‍ നായികയായി. ഉമ്മാച്ചുവിലെ ചീനമുളക് ചിന്നമ്മു, ശംഖുപുഷ്പത്തിലെ ഡോ. ദേവി, അശ്വത്ഥാമാവിലെ ഉണ്യേമ തുടങ്ങി ധാരാളം മറക്കാനാവാത്ത വേഷങ്ങൾ വിധുബാലയുടേതായിട്ടുണ്ടു്.
'സര്‍പ്പ'ത്തിന്‍റെ ഷൂട്ടിംഗ് സമയത്താണു് അതിന്റെ നിര്‍മ്മാതാവ് കോഴിക്കോട്ടെ പൂതേരി തറവാട്ടിലെ ശ്രീ മുരളികുമാറുമായി പ്രണയത്തിലാവുന്നതും താമസിയാതെ വിവാഹിതയാകുന്നതും. 1983 ഫെബ്രുവരി 2നു് നടന്ന വിവാഹത്തോടെ തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ സിനിമാജീവിതത്തിനു് വിരാമമിട്ടു ഈ അനുഗൃഹീതനടി.ശ്രീ ജയന്‍റെ നായികയായി അഭിനയിച്ച 'അഭിനയ' മാണ് അവസാനം റിലീസായ ചിത്രം.
കോഴിക്കോട് 'വൃന്ദാവനി'ല്‍ ഭര്‍ത്താവ് മുരളിയും മകന്‍ അര്‍ജുനുമൊപ്പം സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന വിധുബാല കലാപ്രവർത്തനങ്ങളുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നു. സഹോദരൻ മധു അമ്പാട്ടുമായി ചേര്‍ന്ന് ചില പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചു. അതിലൊന്ന് ശ്രീ ലാല്‍ഗുഡി ജയരാമനെ കുറിച്ചുള്ള ഡോക്യുമെന്‍ററിയായിരുന്നു. ക്യാമറയ്ക്കു പിന്നിൽ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലും ശബ്ദം നൽകലിലും സഹകരിക്കാറുണ്ടായിരുന്നു. ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം ക്യാമറയ്ക്കു മുന്നിൽ വന്ന ഈ കരുത്തുറ്റ അഭിനേത്രി ഇപ്പോള്‍ ടെലിവിഷൻ രംഗത്തു് സാമൂഹ്യപ്രതിബദ്ധതയുള്ള ചില പരിപാടികളുടെ അവതാരകയായി സജീവമാണു്.
References:
വീക്കിപ്പീഡിയ
മാതൃഭൂമി
വെബ് ദുനിയ
M.S.I.
The Hindu
തയ്യാറാക്കിയത് : കല്ല്യാണി
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | അഭിനയം |
---|---|
1964 | 1 |
1967 | 2 |
1969 | 1 |
1971 | 1 |
1972 | 1 |
1973 | 1 |
1974 | 3 |
1975 | 10 |
1976 | 11 |
1977 | 24 |
1978 | 18 |
1979 | 16 |
1980 | 2 |
1981 | 1 |