View in English | Login »

Malayalam Movies and Songs

മുന്‍ഷി പരമുപിള്ള

മരണം1962 ജൂണ്‍ 16
പ്രവര്‍ത്തനമേഖലസംഭാഷണം (3), തിരക്കഥ (2), കഥ (1)


'കേരള ബര്‍ണാഡ് ഷാ' എന്ന് വിളിക്കപ്പെട്ടിരുന്ന പ്രതിഭാധനന്‍ ആയിരുന്നു മുന്‍ഷി പരമുപിള്ള. നാടകകൃത്ത്, പത്ര പ്രവര്‍ത്തകന്‍ , ഹാസ്യകാരന്‍ , തിരക്കഥാകൃത്ത് , നടന്‍ , സംഘാടകന്‍ , അദ്ധ്യാപകന്‍ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മുന്‍ഷി പരമുപിള്ള.

മലയാള നാടകരംഗത്ത്‌ 1940 മുതല്‍ അറുപതു വരെ വെന്നിക്കൊടി പാറിക്കുവാന്‍ മുന്‍ഷി പരമു പിള്ളയ്ക്ക് കഴിഞ്ഞു. സമൂഹത്തില്‍ അക്കാലത്ത് നില നിന്നിരുന്ന ഉച്ച നീചത്വങ്ങളും അനാചാരങ്ങളും അദ്ദേഹത്തിന്‍റെ ആക്ഷേപ ഹാസ്യ തൂലികയ്ക്ക് മഷിയായി. അവ നാടക സംഭാഷണങ്ങളിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി.

അടൂര്‍ പെരിങ്ങനാട് അമ്മകണ്ട കരയില്‍ കോപ്പാരേത്തു വീട്ടില്‍ കൊച്ചുകുഞ്ഞു പിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി കൊല്ലവര്‍ഷം 1069 (AD1894) മിഥുന മാസത്തിലെ ചതയം നാളില്‍ അദ്ദേഹം ജനിച്ചു. യഥാര്‍ത്ഥ പേര് കെ ആര്‍ പരമേശ്വരന്‍ പിള്ള. പെരിങ്ങനാട്ടെയും വടക്കടത്തു കാവിലെയും പള്ളിക്കൂടങ്ങളില്‍ പഠിച്ചു. സാക്ഷാല്‍ ഇ വി കൃഷ്ണപിള്ള അദ്ദേഹത്തിന്‍റെ അയല്‍വാസിയും ആത്മ മിത്രവുമായിരുന്നു. ഇരുവരും ഒന്നിച്ചായിരുന്നു പഠനവും കൌമാര യൌവന കാലങ്ങളും. ഏഴാം ക്ലാസ് ജയിച്ചു കഴിഞ്ഞപ്പോള്‍ പരമു പിള്ളയ്ക്ക് ജോലി കിട്ടി. ഏഴു രൂപ ആയിരുന്നു ശമ്പളം. ജോലിയില്‍ അതൃപ്തനായിരുന്ന അദ്ദേഹം തന്റെ കലാരംഗത്തെ അഭിരുചികളും കഴിവുകളും പ്രകടിപ്പിക്കുവാന്‍ വെമ്പി.
അങ്ങനെ അദ്ദേഹം പെരിങ്ങനാട്ടു പള്ളിപ്പാട് ഗോവിന്ദന്‍ ആശാന്‍ നടത്തിയിരുന്ന നാടകക്കളരിയില്‍ എത്തിച്ചേര്‍ന്നു. തനിക്കു നാടകാഭിനയത്തില്‍ അതീവ താല്പര്യം ഉണ്ടെന്നു ആശാനെ അറിയിച്ചു. അങ്ങനെ കെ സി കേശവ പിള്ളയുടെ 'സദാരാമ' നാടകത്തില്‍ അഭിനയിച്ചു പ്രശംസ നേടി.
ഇടക്കാലത്ത് കലാ ഭ്രമം കയറി അധ്യാപക വൃത്തി ഉപേക്ഷിച്ചെങ്കിലും, വീണ്ടും ജോലിക്ക് കയറി. ജോലിയില്‍ ഇരുന്നാണ് അദ്ദേഹം പിന്നീട് തന്റെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയതും, സാഹിത്യ വൃത്തി തുടര്‍ന്നതും. അദ്ദേഹത്തിന്റെ നാടകങ്ങള്‍ പ്രശസ്ത നാടകക്കമ്പനികള്‍ നൂറുകണക്കിന് വേദികളില്‍ അവതരിപ്പിക്കുകയും, നാടക കൃത്ത് , ഹാസ്യകാരന്‍ എന്നീ നിലകളില്‍ അദ്ദേഹം വിഖ്യാതനാവുകയും ചെയ്തു.
അക്കാലത്തെ സാധാരണ നാടകങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ നാടക പ്രമേയവും അവതരണവും. സുപ്രഭ, ആറടിമണ്ണ്, തിരിച്ചടി, കള്ളന്‍ ഞാനാ എന്നിങ്ങനെ ഒട്ടനവധി നാടകങ്ങള്‍ അന്ന് കലാസ്നേഹികളുടെ ആദരം പിടിച്ചു പറ്റിയിരുന്നു.
മലയാള സിനിമയുടെ ആദ്യകാല കഥാകൃത്ത് കൂടിയായിരുന്നു മുന്‍ഷി. പ്രസന്ന എന്ന ചിത്രം പക്ഷിരാജ സ്ടുഡിയോസ് മലയാളത്തിലും തമിഴിലും നിര്‍മ്മിച്ചപ്പോള്‍ മുന്‍ഷി ആയിരുന്നു മലയാളം തിരക്കഥ എഴുതിയത്. അത് കൂടാതെ വനമാല, സന്ദേഹി, കാഞ്ചന, കാലം മാറുന്നു, തസ്കര വീരന്‍ എന്നീ സിനിമകള്‍ക്കും കഥ, തിരക്കഥ, സംഭാഷണം, എന്നിവയൊക്കെ അദ്ദേഹമായിരുന്നു എഴുതിയത്.
തമിഴിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്‌ സിനിമകളില്‍ ഒന്നായ 'മണമകള്‍ ' ക്ക് കഥ എഴുതിയത് മുന്‍ഷി പരമു പിള്ള ആയിരുന്നു. സംഭാഷണം കെ കരുണാനിധിയും.
എഴുത്തില്‍ അദ്ദേഹത്തിന്‍റെ ഗുരു സി വി കുഞ്ഞുരാമന്‍ ആയിരുന്നു. സി വിയുടെ നവജീവനില്‍ ആണ് മുന്‍ഷി എഴുതിത്തുടങ്ങിയത്.
പ്രസന്നകേരളം, നവസരസന്‍ , ജ്വാല എന്നീ മാസികകളുടെ പത്രാധിപരായിരുന്നു മുന്‍ഷി. സരസന്‍ മാസികയിലൂടെ മുന്‍ഷി നടത്തിയ സാമൂഹ്യ വിമര്‍ശനം അന്നത്തെ ഭരണാധികാരികളുടെ ഉറക്കം കെടുത്തി. ഉത്തരവാദ ഭരണ കാലത്ത് സര്‍ സി പിയെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം എഴുതിയതിനു മാസിക പലതവണ നിരോധിക്കപ്പെട്ടു. ഓരോ തവണയും അദ്ദേഹം പുതിയ പേരുകളില്‍ മാസിക ഇറക്കി.
ഇ വി കൃഷ്ണപിള്ളയുടെ ആത്മകഥയായ ജീവിത സ്മരണകളില്‍ തന്റെ ആത്മ മിത്രമായ പരമുവിനെക്കുറിച്ചും തങ്ങളുടെ ബാല്യ കൌമാര കാലങ്ങളെക്കുറിച്ചും ഹൃദയ സ്പര്‍ശിയായി ഇ വി എഴുതിയിരിക്കുന്നു.
സാഹിത്യത്തിലെ ഈ മുടിചൂടാ മന്നന്റെ കുടുംബ ജീവിതം പ്രക്ഷുബ്ധമായിരുന്നു. അദ്ദേഹം മൂന്നു വിവാഹങ്ങള്‍ കഴിച്ചു. ആദ്യ ഭാര്യയിലെ മകന്‍ ജി എസ് ഉണ്ണിത്താന്‍ സാഹിത്യകാരന്‍ ആയിരുന്നു. അദ്ദേഹം കുറച്ചു നാള്‍ മുന്‍പ് അന്തരിച്ചു.
രണ്ടാമത്തെ ഭാര്യ രത്നമയീദേവി. മൂന്നു മക്കള്‍ ആയിരുന്നു അവര്‍ക്ക്. ശാരദാ മണി ദേവി, ജ്യോതീന്ദ്ര നാഥ ദീക്ഷിത്. നരേന്ദ്ര നാഥ ദീക്ഷിത്. എന്നിവര്‍ , ജെ എന്‍ ദീക്ഷിത് എന്ന ജ്യോതീന്ദ്ര നാഥ ദീക്ഷിത് ഇന്ത്യന്‍ നയതന്ത്ര വിദഗ്ദ്ധന്‍ ആയിരുന്നു. രത്നമയീദേവിയുമായി മുന്‍ഷി അകന്നു കഴിഞ്ഞപ്പോള്‍ അവര്‍ സീതാ ചരൺ ദീക്ഷിത് എന്ന സഹപ്രവര്‍ത്തകനെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ സര്‍ നെയിം ആണ് മുന്‍ഷിയുടെ മക്കള്‍ക്കും നല്‍കിയത്.
അവസാന കാലത്ത് അദ്ദേഹം മുറപ്പെണ്ണായ ലക്ഷ്മിക്കുട്ടി അമ്മയെ വിവാഹം കഴിച്ചു.
മലയാള സിനിമയുമായി മുന്‍ഷിക്ക് ആഴത്തിലുള്ള ബന്ധം ഉണ്ടായിരുന്നു. കൊട്ടാരക്കര ശ്രീധരന്‍ നായരെ സിനിമയില്‍ കൊണ്ട് വന്നത് മുന്‍ഷി ആണ്. എം ജി ആറിന്റെ സെക്രട്ടറി ആയിരുന്ന പീലിക്കോട് അപ്പുക്കുട്ടന്‍ നായര്‍ എന്ന പീലിക്കോടന്‍ മുന്‍ഷിയുടെ അടുത്ത സുഹൃത്ത് ആയിരുന്നു. പ്രശസ്ത തമിഴ് നടന്‍ എന്‍ എസ് കൃഷ്ണനെ സ്വന്തം മകനെ പോലെയായിരുന്നു അദ്ദേഹം കരുതിയിരുന്നത്.
മുന്‍ഷിയുടെ സാഹിത്യ രചനകള്‍ ഒന്നും ഇപ്പോള്‍ ലഭ്യമല്ല. പ്രസിദ്ധീകരിച്ചതില്‍ ഏറെ പ്രസിദ്ധീകരിക്കാതെ നഷ്ടപ്പെട്ടു പോയിരിക്കുന്നു. പഴയ പത്ര മാസികകളില്‍ ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ ഒന്നിച്ചു കൂട്ടിയെടുത്താല്‍ മലയാള സാഹിത്യത്തിനു തന്നെ അതൊരു മുതല്‍ക്കൂട്ടായിരിക്കും. ശ്രീ എസ് സലിം കുമാര്‍ മുന്‍ കൈ എടുത്തു മുന്‍ഷി പരമു പിള്ള സ്മൃതി കേന്ദ്രം എന്ന സ്ഥാപനത്തില്‍ ഇതിനു വേണ്ട ശ്രമങ്ങള്‍ നടക്കുന്നു. പലതും ഇതിനകം അവര്‍ ശേഖരിച്ചു കഴിഞ്ഞു. സലിം കുമാറിന്റെ “മുന്‍ഷി പരമു പിള്ള വ്യക്തിയും ജീവിതവും“ എന്ന പുസ്തകത്തില്‍ അദ്ദേഹത്തെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ എല്ലാം ചേര്‍ത്തിരിക്കുന്നു.

1962 ജൂണ്‍ 16 നു മുന്‍ഷി പരമു പിള്ള പന്തളം മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചു.തയ്യാറാക്കിയത് : ശ്രീദേവി പിള്ളസ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംതിരക്കഥകഥ
1950111
19511 - -
195211 -