View in English | Login »

Malayalam Movies and Songs

കോഴിക്കോട് അബ്ദുള്‍ ഖാദര്‍

യഥാര്‍ത്ഥ പേര്ലെസ് ലി ആൻഡ്രൂസ്
ജനനം1916 ഫിബ്രവരി 19
മരണം1977 ഫിബ്രവരി 13
സ്വദേശംകോഴിക്കോട്
പ്രവര്‍ത്തനമേഖലആലാപനം (7 സിനിമകളിലെ 17 പാട്ടുകള്‍)
ആദ്യ ചിത്രംനവലോകം (1951)
മക്കള്‍മാസ്റ്റര്‍ സത്യജിത്


മാംഗ്ലൂര്‍ക്കാരനായ ജസ്റ്റിന്‍ ആണ്ട്രൂസിന്റെയും കൂര്‍ഗ്ഗ് കാരിയായ മാനിനിയുടെയും മക്കളില്‍ ഒരുവനായി കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ജനിച്ചു. വീട്ടുകാരിട്ട പേര് ലെസ്ലി ആണ്ട്രൂസ് എന്നായിരുന്നു. ലെസ്ലിയുടെ പിതാവ് ജസ്റ്റിന്‍ നന്നായി വയലിന്‍ വായിക്കുമായിരുന്നു. ചെറുപ്പത്തില്‍ മൂത്ത സഹോദരി ബിയാട്രിസിനോടും കുടുംബത്തോടുമൊപ്പം ബര്‍മ്മയിലേക്ക് യാത്രയായി. കുറെനാള്‍ അവിടെ ജീവിച്ചു. നാട്ടില്‍ തിരികെ എത്തിയ ശേഷം അദ്ദേഹം കുറെനാള്‍ ബോംബയില്‍ സിനിമ/സംഗീത രംഗത്ത് ഭാഗ്യം പരീക്ഷിച്ചു. നിരാശയായിരുന്നു ഫലം.

ഈ സമയത്താണ് പിന്നീട് അദ്ദേഹത്തിന്‍റെ ഭാര്യയായ ആച്ചുമ്മയെ പരിചയപ്പെട്ടത്‌. ആ പരിചയം പ്രേമമായി വളര്‍ന്നു. അദ്ദേഹം ലസ്ലി എന്ന പേര് ഉപേക്ഷിച്ചു അബ്ദുല്‍ ഖാദര്‍ എന്ന പേര് സ്വീകരിച്ചു ഇസ്ലാം മതത്തില്‍ ചേര്‍ന്നു ആച്ചുമ്മയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ അദ്ദേഹത്തിനു അഞ്ചു മക്കള്‍ ജനിച്ചു. അതിലൊരാളായ നജ്മല്‍ ബാബു ഒരു നല്ല ഗായകനാണ്. നാടക-ചലച്ചിത്ര നടി ശാന്താ ദേവിയില്‍ അദ്ദേഹത്തിനു സത്യജിത് എന്നൊരു മകനും ജനിച്ചു. സത്യജിത്ത് അസുരവിത്ത്‌, കുട്ട്യേടത്തി തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നജ്മലും സത്ത്യജിത്തും സുഹുത്തുക്കളായിരുന്നു. ഒരുമിച്ചു പല വേദികളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

നാല്‍പ്പതുകള്‍ മുതല്‍ അറുപതുകളുടെ ആദ്യവര്‍ഷങ്ങള്‍ വരെ കോഴിക്കോടും പരിസരങ്ങളിലും ബാബുരാജ് എന്ന ബാബുക്കയുടെയും അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ക്കയുടെയും സുവര്‍ണ്ണ കാലം ആയിരുന്നു. സംഗീത ക്ലബ്ബുകളിലും, വിവാഹങ്ങളിലും, സന്ധ്യ നേരത്തെ മെഹ്ഫിലുകളിലും അവിഭാജ്യ ഘടകമായിരുന്നു അവരുടെ സംഗീതം. പക്ഷെ അറുപതുകളുടെ അവസാനത്തോടെ ജനത്തിന്റെ അഭിരുചികള്‍ മാറിയപ്പോള്‍ അവരുടെ സംഗീതത്തിന് സ്വീകാര്യത കുറഞ്ഞു.

1951 -ല് പുറത്തിറങ്ങിയ നവലോകം എന്ന സിനിമയിലാണ് അദ്ദേഹം ആദ്യം പിന്നണി പാടിയത്. അതിനു ശേഷം തിരമാല, മിന്നാമിനുങ്ങ്‌, പുള്ളിമാന്‍ എന്നീ ചിത്രങ്ങളില്‍ പാടാന്‍ അവസരം ലഭിച്ചു. എന്നാല്‍ നീലക്കുയിലിലെ "എങ്ങനെ നീ മറക്കും കുയിലേ" എന്ന നിത്യഹരിത ഗാനമാണ് മലയാളിയുടെ ഹൃദയത്തില്‍ അദ്ദേഹത്തിനു എന്നെന്നേയ്ക്കുമായി സ്ഥാനം നേടിക്കൊടുത്തത്.

കോഴിക്കോട് ആകാശവാണിയില്‍ക്കൂടി ലളിതഗാനങ്ങള്‍ക്ക് പ്രചാരം നേടിക്കൊടുത്തതില് ‍പ്രശസ്ത ഗായിക ശാന്ത പി നായരോടൊപ്പം അദ്ദേഹത്തിനു നല്ല ഒരു പങ്കുണ്ട്.

വരുമാനം കുറഞ്ഞതോടെ വിഷമത്തിലായ ഖാദറിന്റെ കുടുംബം വളരെയധികം കഷ്ടതകള്‍ അനുഭവിച്ചു. പല ദുരന്തങ്ങളും ആ കുടുംബത്തിലുണ്ടായി. വിധി ദുരന്തങ്ങളിലൂടെ നിരന്തരം വേട്ടയാടിയ ഈ കുടുംബത്തിലെ മറ്റൊരു അദ്ധ്യായം സത്യജിത്തിന്റെ ആത്മഹത്യയോടെ അവസാനിച്ചു.



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19515 -
19522 -
19535 -
19541 -
19573 -
19661 -