View in English | Login »

Malayalam Movies and Songs

പോഞ്ഞിക്കര റാഫി

സ്വദേശംപോഞ്ഞിക്കര, മുളവുകാട് ദ്വീപ്‌, കൊച്ചി
പ്രവര്‍ത്തനമേഖലതിരക്കഥ (2), സംഭാഷണം (1), കഥ (1)


പോഞ്ഞിക്കര നെടുപത്തേഴത്ത് ജോസഫിന്റെയും അന്നമ്മയുടെയും പത്തു മക്കളില്‍ ഏഴാമനായിട്ടാണ് 1924 ലെ ഓശാനാ നാളില്‍ റാഫി ജനിച്ചത്. റാഫേല്‍ എന്ന പേരാണ് പിന്നീട് റാഫി ആയി മാറ്റിയത്
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍ സ്വാതന്ത്ര്യസമരത്തിലേയ്ക്ക് എടുത്തു ചാടിയതിനാല്‍ ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചില്ല. പതിനേഴാം വയസില്‍ കൊച്ചിന്‍ ഹാര്‍ബര്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലി സമ്പാദിച്ച റാഫിയെ അടുത്ത വര്‍ഷം തന്നെ അവിടെ ട്രേഡ് യൂണിയന്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ പിരിച്ചുവിട്ടു. പനമ്പിള്ളി ഗോവിന്ദമേനോന്‍ ആയിരുന്നു അന്ന് ട്രേഡ് യൂണിയന്‍ പ്രസിഡന്റ്. 1943 ല്‍ 'ജാപ് വിരോധ സംഘ'ത്തിലൂടെ റാഫി കമ്മ്യൂണിസ്റ്റ് അനുഭാവിയായി മാറി. ട്രേഡ് യൂണിയനിലൂടെ പാര്‍ട്ടിയിലും അവിടെനിന്നു സാഹിത്യത്തിലും പ്രവേശിക്കുകയും സാഹിത്യലോകത്ത് ഒരു നവീന ചക്രവാളം വെട്ടിപ്പിടിക്കുകയും ചെയ്തു. ആദര്‍ശസമ്പന്നനായ ഒരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു അദ്ദേഹം.

പതിനഞ്ചാമത്തെ വയസ്സില്‍ എഴുതിയ 'ആന്റണിയുടെ വാഗ്ദാനം' ആണ് ആദ്യത്തെ കഥ. സത്യനാദം പത്രത്തിലാണ് റാഫേല്‍ നെടുവത്തേഴത്തു , പോഞ്ഞിക്കര എന്ന പേരില്‍ ഈ കഥ അച്ചടിച്ചത്.

സഹോദരന്‍ അയ്യപ്പന്‍ റാഫിയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്‍റെ 'സഹോദരന്‍' എന്ന പ്രസിദ്ധീകരണത്തില്‍ നിരവധി കഥകളും കവിതകളും എഴുതിയിട്ടുണ്ട്. വൈക്കം മുഹമ്മദ്‌ ബഷീര്‍ ആയിരുന്നു മറ്റൊരു ആത്മ സുഹൃത്ത്. തകഴി ശിവശങ്കരപ്പിള്ള , എം പി പോള്‍ , കേശവദേവ്‌.. സി ജെ തോമസ്‌ എന്നിവരുടെയെല്ലാം അടുത്ത സുഹൃത്ത് ആയിരുന്നു റാഫി.

1963 ല്‍ വിവാഹിതനാകുമ്പോള്‍ റാഫി എന്‍ ബി എസിന്റെ മാനേജരായിരുന്നു. അന്തരിച്ച പ്രസിദ്ധ സാഹിത്യകാരിയും ചവിട്ടുനാടകത്തിന്റെ ആധികാരിക വക്താവുമായിരുന്ന സബീന റാഫിയാണ് സഹധര്‍മ്മിണി. ഈ ദമ്പതികള്‍ക്ക് മക്കളില്ല. 1961 മുതല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തില്‍ ജോലിയുണ്ടായിരുന്ന റാഫി 1966 മുതല്‍ 1974 വരെ സാഹിത്യപരിഷത്തിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

ദീപം ഡെയ്‌ലി, സുപ്രഭ വീക്കിലി, ഉദയം വീക്കിലി, ഡമോക്രാറ്റ് വീക്കിലി, ദീനബന്ധു ഡെയ്‌ലി എന്നിവയുടെ പത്രാധിപരായി കുറെ നാള്‍ അദ്ദേഹം ജോലി നോക്കി. സി എം സ്റ്റീഫന്‍ എം ഡിയായിരുന്ന 'സോഷ്യസിസ്റ്റ് ലേബറി'ന്റെ പത്രാധിപരായിട്ടാണ് 1978 ല്‍ പിരിഞ്ഞത്. 11 ചെറുകഥാസമാഹാരങ്ങള്‍, 8 നോവലുകള്‍, 2 നാടകങ്ങള്‍, രണ്ട് ഉപന്യാസങ്ങള്‍, സ്വര്‍ഗദൂതന്‍ എന്നിവയാണ് പ്രധാന രചനകള്‍.. അദ്ദേഹവും ഭാര്യയും ചേര്‍ന്ന് നീണ്ട പത്തു വര്‍ഷത്തെ പ്രയത്‌നം കൊണ്ടു രചിച്ച കൃതിയാണ് 'കലിയുഗം'. ഹിപ്പികളില്‍ തുടങ്ങി ഇന്നുവരെയുള്ള മനുഷ്യസ്വഭാവത്തിന്റെ ഗവേഷണപഠനമായ അതിന് 1971 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1958 ല്‍ മലയാളത്തിലെ ആദ്യത്തെ ബോധധാര നോവലായ 'സ്വര്‍ഗദൂതന്‍' പുറത്തിറങ്ങി. കേരള യൂണിവേഴ്‌സിറ്റി ഈ നോവല്‍ ബി കോമിന് പാഠപുസ്തകമായി അംഗീകരിച്ചു. അഞ്ചര വയസുള്ള കുട്ടിയുടെ ഒരു വര്‍ഷത്തെ ജീവിതമാണ് അതിലെ പ്രതിപാദ്യവിഷയം. ഇന്ത്യന്‍ സംസ്‌കാരവും ശുക്രനീതിയുമാണ് ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഗ്രന്ഥം.

കൂടപ്പിറപ്പ്, മിന്നാമിനുങ്ങ് എന്നീ സിനിമകള്‍ക്ക് തിരക്കഥയെഴുതിയതും വയലാര്‍ രാമവര്‍മയെ ആദ്യമായി സിനിമയില്‍ എത്തിച്ചതും പോഞ്ഞിക്കര റാഫി ആണ്. സിനിമാരംഗം തനിക്കു പറ്റിയതല്ലെന്ന് ബോധ്യമായതോടെ പൂര്‍ണമായും ആ രംഗത്തോട് വിടപറയുകയാണുണ്ടായത്.
2010 ജൂലൈയില്‍ അദ്ദേഹം അന്തരിച്ചു.

(റവ. ജോര്‍ജ് മാത്യു പുതുപ്പള്ളിയുമായുള്ള അഭിമുഖത്തില്‍ നിന്നും )



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംതിരക്കഥസംഭാഷണംകഥ
195611 -
19571 - 1