View in English | Login »

Malayalam Movies and Songs

എന്‍ എന്‍ പിഷാരടി

ജനനം1926
മരണം2008 ഓഗസ്റ്റ് 30
സ്വദേശംമേത്തല, പെരുമ്പാവൂര്‍
പ്രവര്‍ത്തനമേഖലസംവിധാനം (6), ഗാനരചന (1 സിനിമകളിലെ 6 പാട്ടുകള്‍), സംഭാഷണം (4), തിരക്കഥ (3), കഥ (2), നിര്‍മ്മാണം (1)
ആദ്യ ചിത്രംസന്ദേഹി (1954)


മുക്കോട്ടില്‍ കുഞ്ഞി പിഷാരസ്യാരുടേയും കല്ലില്‍ നാരായണ പിഷാരടിയുടേയും മകനായി പുരാതന ജന്മികുടുംബമായ കല്ലില്‍ വീട്ടില്‍ ജനിച്ചു. പറവൂരില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ബംഗാളിലെ സെഹ്രാം‌പൂരില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. വളരെയധികം വായിക്കുമായിരുന്ന അദ്ദേഹത്തിന് സാഹിത്യത്തിന്റെ വിവിധകാലദേശഭേദങ്ങള്‍ ഹൃദിസ്ഥമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ചെറുകഥ കോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രസന്ന കേരളം എന്ന വാരികയില്‍ അച്ചടിച്ചു വന്നു. ഹൈസ്കൂളില്‍ പഠിക്കുന്ന കാലമായിരുന്നു അത്. അന്നുമുതല്‍ സ്ഥിരമായി വിവിധ വാരികകളിലും മാസികകളിലും അദ്ദേഹത്തിന്റെ കഥകള്‍ പ്രസിദ്ധീകരിച്ചുവന്നു.

കൌമുദിയുടെ അന്തരിച്ച പത്രാധിപര്‍ കെ ബാലകൃഷ്ണനാണ് പിഷാരടിയെ നോവല്‍ എഴുതുവാന്‍ പ്രോത്സാഹിപ്പിച്ചത്. ആദ്യനോവല്‍ 'കുറേ സ്വപ്നങ്ങള്‍, കുറേ വാനമ്പാടികള്‍' കൗമുദി വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. പിന്നീടിങ്ങോട്ട് അന്നത്തെ പ്രശസ്ത വാരികകളായ ജനയുഗം, നവയുഗം, കേരളശബ്ദം, ചിത്രാപൌര്‍ണ്ണമി, എക്സ്പ്രസ് വാരിക, മാതൃഭൂമി വാരിക എന്നിവയില്‍ തുടരെത്തുടരെ അദ്ദേഹത്തിന്റെ നോവലുകള്‍ പ്രസിദ്ധീകൃതമായി. ഇക്കാലയളവില്‍ അദ്ദേഹം പതിനേഴു നോവലുകള്‍ രചിച്ചു. ഇതില്‍ എട്ടെണ്ണം പ്രസിദ്ധീകരിച്ചു. ഇതില്‍ 'വെള്ളം' എന്ന നോവല്‍ ചലച്ചിത്രമായിട്ടുണ്ട്.

എഴുത്ത് ഇടയ്ക്കൊന്നു നിര്‍ത്തിവച്ച് അദ്ദേഹം സിനിമയില്‍ തന്റെ പ്രതിഭ പരീക്ഷിക്കാന്‍ തീരുമാനിച്ചു. തന്റെ കഥകള്‍ പറയുവാനുള്ള ഒരു പുതിയ അരങ്ങായിരുന്നു അദ്ദേഹത്തിന് സിനിമ. നാല്പതോളം നാടകങ്ങള്‍ അദ്ദേഹം ആകാശവാണി തൃശ്ശൂര്‍ നിലയത്തിനായി എഴുതിയിട്ടുണ്ട്. വിരുന്നുശാല, വെള്ളം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ നോവലുകള്‍.

മുപ്പതോളം വര്‍ഷം അദ്ദേഹം മലയാള സിനിമാ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. മദിരാശിയിലെ ന്യൂട്ടണ്‍ സ്റ്റുഡിയോയില്‍ അദ്ദേഹം തമിഴ് പടങ്ങളുടെ സഹസംവിധായകനായി. പിന്നീട് നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലേക്കും വളര്‍ന്നു. ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നിണമണിഞ്ഞ കാല്‍പ്പാടുകള്‍. പാറപ്പുറത്തിന്റെ ഈ നോവല്‍ ഇന്‍ഡോ ചൈന യുദ്ധകാലഘട്ടത്തിന്റെ കഥപറയുന്നു. ഇത് സിനിമയായപ്പോള്‍ പ്രാദേശിക ചിത്രത്തിനുള്ള പ്രസിഡന്റിന്റെ വെള്ളിപ്പതക്കം ഉള്‍പ്പടെ നാല് അവാര്‍ഡുകള്‍ നേടി. അമ്മു, റാഗിംഗ്, മുള്‍ക്കിരീടം, മുത്ത്, കണിക്കൊന്ന എന്നീ ചിത്രങ്ങളും പിന്നീട് അദ്ദേഹം സംവിധാനം ചെയ്തു. രണ്ടു ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഐതിഹ്യമാലയിലെ നാലു കഥകള്‍ തിരക്കഥയെഴുതി സംവിധാനംചെയ്തു. അവ ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്തിരുന്നു. കുടജാദ്രി എന്ന ഹൃസ്വചിത്രവും അദ്ദേഹത്തിന്റേതായുണ്ട്.

ഒരുകാലത്ത് നിന്നുപോയ തന്റെ എഴുത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ആണ്ടാള്‍ പുരം പോകും വഴി' എന്ന നോവലിലൂടെ അദ്ദേഹം പുനരാരംഭിച്ചിരുന്നു. ഇത് ആലുവയില്‍ ശ്രീബുക്സ് പിന്നീട് ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു. അവിവാഹിതനായിരുന്നു ശ്രീ എന്‍ എന്‍ പിഷാരടി. അദ്ദേഹം പെരുമ്പാവൂരിനടുത്ത കാഞ്ഞൂരിലെ രാധാനിവാസില്‍ താമസമായിരുന്നു.

അവലംബം :വിക്കിപ്പീഡിയ



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംവിധാനംഗാനരചനസംഭാഷണംതിരക്കഥകഥനിര്‍മ്മാണം
1954 - 611 - - -
1959 - - 1 - - - -
19631 - - - - - -
19651 - - - - - -
19671 - - - 1 - 1
19731 - 11 - - -
19761 - 11 - - -
19801 - - - - - -
1985 - - - - 1 - -