View in English | Login »

Malayalam Movies and Songs

സാങ്കേതിക പദങ്ങള്‍

ഈ വെബ്‌സൈറ്റില്‍ ഉപയോഗിക്കപ്പെടുന്ന ചില പദങ്ങളുടെ സന്ദര്‍ഭം താഴെ പറയുന്ന പ്രകാരം ആണ്:


സിനിമ / ചിത്രം / ചലച്ചിത്രം

ഒരു വീഡിയോ സൃഷ്ടി സിനിമ എന്ന പേരില്‍ അറിയപ്പെടുന്നത് താഴെ പറയുന്ന ഏതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെടുമ്പോഴാണ്:


• പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വീഡിയോ. (ഇവയെ "റിലീസ് ചെയ്ത ചിത്രങ്ങള്‍" എന്ന് സൂചിപ്പിക്കുന്നു)

• പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുവാനായി നിര്‍മ്മിച്ചതും, എന്നാല്‍ പ്രദര്‍ശിപ്പിക്കപ്പെടാതെ പോയതും ആയ വീഡിയോ. (ഇവയെ "റിലീസ് ചെയ്യാത്ത ചിത്രങ്ങള്‍" എന്ന് സൂചിപ്പിക്കുന്നു)

• ഒരു ചലച്ചിത്രം ആയി സെന്‍സര്‍ ചെയ്യപ്പെടാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട വീഡിയോ.

• ഒരു ചലച്ചിത്രത്തിലെ എന്ന് രേഖപ്പെടുത്തി പാട്ടുകള്‍ പുറത്തിറങ്ങുകയും, തുടര്‍ന്ന് വീഡിയോ നിര്‍മ്മാണം നടക്കാതിരിക്കുകയും ചെയ്ത ചിത്രങ്ങള്‍.

• 120 മിനുട്ടിനും 180 മിനുട്ടിനും ഇടയില്‍ ദൈര്‍ഘ്യമുള്ളതും ആദ്യമായി ടിവി ചാനലില്‍ ഒറ്റത്തവണയായി പ്രദര്‍ശിപ്പിക്കപ്പെട്ടതും ആയ വീഡിയോ.

• മറ്റ് ഭാഷയില്‍ ഉള്ള സിനിമകള്‍, നിര്‍മ്മാതാക്കളോ പകര്‍പ്പവകാശികളോ അവരുടെ പ്രതിനിധികളോ, മലയാളത്തില്‍ ഡബ് ചെയ്ത് തീയറ്ററുകളിലോ, ടെലിവിഷന്‍ ചാനലുകളിലോ, ഇന്‍റ്റര്‍നെറ്റിലോ പുറത്തിറക്കിയതോ പുറത്തിറക്കാന്‍ ഉദ്ദേശിച്ചതോ ആയ ചിത്രങ്ങള്‍. (ഇവയെ "ഡബ്ബിങ്ങ് ചിത്രങ്ങള്‍" എന്ന് സൂചിപ്പിക്കുന്നു)



സിനിമാ ഗാനങ്ങള്‍

ഒരു സംഗീതത്തെ സിനിമാ ഗാനം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാകുമ്പോഴാണ്:

• ചലച്ചിത്ര നിര്‍മ്മാതാക്കളോ പകര്‍പ്പവകാശികളോ അവരുടെ പ്രതിനിധികളോ പൊതുജനങ്ങള്‍ക്കായി ആ ഗാനം ആ ചിത്രത്തിന്റെ ഔദ്യോഗിക ഗ്രാമഫോണ്‍ റിക്കോര്‍ഡിലോ, എല്‍പി ഡിസ്ക്കിലോ, ഓഡിയോ കാസറ്റിലോ, സിഡിയിലോ ഡിവിഡിയിലോ മറ്റ് മാദ്ധ്യമങ്ങളിലൂടെയോ പുറത്തിറക്കിയിട്ടുണ്ടെങ്കില്‍.

• ഡബ്ബിങ്ങ് വേളയില്‍ അല്ലാതെ റിക്കോര്‍ഡിങ്ങ് സ്റ്റുഡിയോവില്‍ വെച്ച് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയോ അല്ലാതെയോ റിക്കോര്‍ഡ് ചെയ്യപ്പെട്ട പാട്ടുകള്‍.

• മറ്റൊരു ചലച്ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗാനം, ഈ ചിത്രത്തിന് വേണ്ടി വീണ്ടും പാടിയോ, വീണ്ടും സംഗീതം നല്‍കിയോ പുനരാവിഷ്കരിച്ചത് .

• മറ്റൊരു ചലച്ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗാനം, ഈ ചിത്രത്തില്‍ ടൈറ്റിലില്‍ രേഖപ്പെടുത്തിയോ, നന്ദി പ്രകാശിപ്പിച്ചോ ഉള്‍പ്പെടുത്തിയവ.

• മറ്റൊരു ചലച്ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗാനം, ഈ ചിത്രത്തില്‍ പൂര്‍ണ്ണമായോ പകുതിയില്‍ അധികമോ (ഡബ്ബിങ്ങ് വേളയില്‍ അഭിനേതാവോ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റോ പാടിയിട്ടല്ലാതെ) ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍.

• മറ്റൊരു ചലച്ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗാനം, ഈ ചിത്രത്തില്‍ റീമിക്സ് ആയി ഉള്‍പ്പെടുത്തിയാല്‍.

• മറ്റൊരു ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതോ അല്ലാത്തതോ ആയ ഒരു പഴയ ഗാനം ചിത്രത്തില്‍ പശ്ചാത്തലത്തില്‍ റേഡിയോവിലൂടെയോ ടെലിവിഷനിലൂടെയോ കേള്‍ക്കുന്ന തരത്തില്‍ ഉള്‍പ്പെടുത്തിയവ ഈ ചിത്രത്തിലെ ഗാനം ആയി കണക്കാക്കുന്നതല്ല.


അതായത്, സിനിമയിലെ ഒരു അഭിനേതാവ് വെറുതേ ഇരിക്കുമ്പോഴോ, നടക്കുമ്പോഴോ അലക്ഷ്യമായി പാടുന്ന മൂളിപ്പാട്ടുകളോ ഗാനശകലങ്ങളോ, അവ ഡബ്ബിങ്ങ് വേളയില്‍ ശബ്ദം നല്‍കപ്പെട്ടതാണെങ്കില്‍ അവയെ പാട്ട് ആയി ഉള്‍പ്പെടുത്തുന്നതല്ല. അത് പോലെ തന്നെ ഒരു ചായക്കടയില്‍ വെച്ച റേഡിയോവിലൂടെയോ ടിവിയിലൂടെയോ കേള്‍ക്കുന്ന പാട്ടും ഈ ചിത്രത്തിലേതായി ഉള്‍പ്പെടുന്നതല്ല.



അഭിനേതാവ്

ഒരു ചിത്രത്തില്‍ നേരിട്ട്, ജീവനോടെയോ അല്ലാതെയോ ആയി പ്രത്യക്ഷപ്പെടുന്ന ആരും ഒരു ചിത്രത്തിന്റെ അഭിനേതാവായി ഉള്‍പ്പെടുത്തുന്നു. കഥാപാത്രത്തിന് പേര് ഉണ്ടെങ്കിലോ, സംഭാഷണം ഉണ്ടെങ്കിലോമാത്രം അഭിനേതാവായി ഉള്‍പ്പെടുത്തുന്ന പൊതു നിയമത്തിന് വിരുദ്ധം ആണ് ഇത്. എന്നാല്‍ ഫോട്ടോ മാത്രം കാണിക്കുന്ന ആളുകളെ ഈ ചിത്രത്തിന്റെ അഭിനേതാവായി ഉള്‍പ്പെടുത്തുന്നതല്ല.