View in English | Login »

Malayalam Movies and Songs

ടി കെ ഗോവിന്ദറാവു

പ്രവര്‍ത്തനമേഖലആലാപനം (1 സിനിമകളിലെ 6 പാട്ടുകള്‍)
ആദ്യ ചിത്രംനിര്‍മ്മല (1948)


തമിഴ്നാട്ടിൽ പ്രസിദ്ധനായ സംഗീതകലാനിധി ടി.കെ.ജി എന്നറിയപ്പെടുന്ന ടി.കെ. ഗോവിന്ദറാവുവിന്റെ പേര് പരിചയമുള്ള മലയാളികൾ, ഒരു പക്ഷെ,അധികമുണ്ടാകണമെന്നില്ല. എങ്കിൽ‌പ്പോലും,തിരുച്ചിറപ്പള്ളിയിലെ ഒരു ചെറിയ പട്ടണമായ മുസിരിയിലെ തനതായ സംഗീതശൈലിയിൽ വിദഗ്ധനായ അദ്ദേഹത്തിന്റെ സ്വദേശം നമ്മുടെ സ്വന്തം തൃപ്പുണിത്തുറയാണെന്ന് നമുക്ക് അഭിമാനിക്കാം.

മലയാളസിനിമയിലെ പ്രഥമ പിന്നണിഗായകൻ എന്ന അപൂർവ്വ ബഹുമതിക്ക് ഭാഗ്യം ലഭിച്ച തൃപ്പൂണിത്തുറ ടി.കെ.ഗോവിന്ദന്,ഗോവിന്ദറാവു എന്ന പേര് ഭവിച്ചതിനെപ്പറ്റി അദ്ദേഹം പറയുന്നത്- ‘എന്നെ ഗോവിന്ദ ഗോവിന്ദ എന്നു വിളിക്കുന്നത് ഒരു സുഖം തോന്നാറില്ല,എന്തെങ്കിലും ഇല്ലാതാകുമ്പോൾ ‘ഗോവിന്ദ’ എന്നു നമ്മൾ പറയാറുണ്ടല്ലൊ. അതുകൊണ്ട് ഞാൻ പേരിന്റെ കൂടെ റാവു എന്ന്കൂടി ചേർത്ത് കുറെക്കൂടി അന്തസ്സ് വരുത്തി.’
ബാല്യം,സംഗീതജീവിതം
ഉടുപ്പിയിൽ നിന്നും കേരളത്തിലെത്തി സ്ഥിരതാമസമാക്കിയ ശീവള്ളിബ്രാഹ്മണകുലത്തിൽ,1929 ഏപ്രിൽ 21ന് ആയിരുന്നു ഗോവിന്ദറാ‍വുവിന്റെ ജനനം.എട്ട് കുട്ടികളിൽ ഒരാളായി വളർന്ന ഗോവിന്ദന്റെ ബാല്യം ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു.തൃപ്പൂണിത്തുറ മഹാരാജാ സംസ്കൃതകോളെജിൽ നിന്ന് ‘കാവ്യഭൂഷണം’പാസായെങ്കിലും ‘സംഗീതഭ്രാന്ത്’ പിടികൂടിയ ഗോവിന്ദൻ തെരഞ്ഞെടുത്ത വഴി മറ്റൊന്നായിരുന്നു.പത്താമത്തെ വയസ്സിൽ,തിരുവന്തപുരത്തെ ചിത്തിര സംഗീതോത്സവത്തിൽ പങ്കെടുത്ത് ഒന്നാംസമ്മാനം നേടി. അന്നവിടുത്തെ ജഡ്ജിമാരിൽ ഒരാളായ, ട്രാവങ്കൂർ ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷനിലെ,പ്രൊഫ.ആർ.ശ്രീനിവാസൻ റേഡിയോയിൽ പാടാൻ അവസരമൊരുക്കിക്കൊടുത്തു.പിന്നീട് കുടുംബത്തിന്റെ സമ്മതത്തോടെ,സംഗീതലോകത്തേക്ക് വഴിമാറി സഞ്ചരിക്കാൻ അദ്ദേഹത്തെ സഹായിച്ചത് ഈ സംഭവമായിരുന്നുവത്രെ.ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ബന്ധുവായ ഗോവിന്ദറാവു,ചെമ്പൈയുടെ ഒരു പ്രധാനശിഷ്യൻ കൂടിയായ രാമകൃഷ്ണൻമാണിഭാഗവതരുടെ കീഴിൽ സംഗീതം അഭ്യസിക്കുകയും ചെയ്തിട്ടുണ്ട്.


എങ്കിലും ഗുരുവായ മുസിരി സുബ്രഹ്മണ്യഅയ്യരാണ് തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണഭൂതനെദ്ദേഹം കരുതുന്നു.


A.I.R. (NDH) ൽ ചീഫ് പ്രൊഡ്യുസറായിരിക്കെ,ദക്ഷിണേന്ത്യൻ ശാസ്ത്രീയസംഗീതം ആലപിക്കാനായി ഒരിപാട് വിദ്വാന്മാരെ ക്ഷണിച്ചുകൊണ്ടുപോയത് വഴി വടക്കേയിന്ത്യയിൽ ആ സംഗീതശാഖയെപ്പറ്റി ഒരവബോധമുണ്ടാക്കിയത് ഗോവിന്ദറാവു ആയിരുന്നു.


വിവിധഭാഷകളിൽ പാടാനുള്ള അപൂർവ്വമായ ഒരു കഴിവ് ലഭിച്ചിട്ടുള്ള അദ്ദേഹത്തെ തേടി സംഗീത ചൂഢാമണി,പത്മവിഭൂഷൺ തുടങ്ങിയ ബഹുമതികളും എത്തിയിട്ടുണ്ട്. ഭാവം തുളുമ്പി നിൽക്കുന്ന ആലാപനശൈലി പിന്തുടരുന്ന ഗോവിന്ദറാവു,സംഗീതത്തിൽ നാടകീയത കലർത്തുന്നതിനോട് ഒട്ടും യോജിക്കുന്നില്ല. കർണ്ണാടകസംഗീത കൃതികൾ നൊട്ടേഷൻ സഹിതം ദേവനാഗരിയിലും റോമൻലിപിയിലും രേഖപ്പെടുത്തിയിട്ടുള്ള നാലിലധികം ഗ്രന്ഥങ്ങളദ്ദേഹം രചിച്ചിരിക്കുന്നു,ആ കർമ്മം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.


നിർമ്മല


മലയാളത്തിലെ നാലാമത്തെ ചിത്രമായി 1948ൽ ഇറങ്ങിയ ‘നിർമ്മല’യിൽ പാടിക്കൊണ്ടാണ് അദ്ദേഹം ചരിത്രത്തിൽ ഇടം നേടിയത്.


അഭിനേതാക്കൾ തന്നെ പാടി അഭിനയിച്ചിരുന്ന ആ കാലത്ത്,ഈ സിനിമയിലെ നായകൻ ജോസഫ് ചെറിയാൻ പാടാറില്ല എന്നതുകൊണ്ട്, സിനിമയുടെ നിർമ്മാതാവായ പി.ജെ.ചെറിയാനാണ്-ജോസഫ് ചെറിയാന്റെ പിതാവ്-ഗോവിന്ദറാവുവിനെ പിന്നണിയിൽ പാടാനായി ക്ഷണിക്കുന്നത്.


പിന്നണിപാടുക മാത്രമല്ല അദ്ദേഹം ‘നിർമ്മല’യ്ക്ക് വേണ്ടി ചെയ്തത്.


സിനിമയുടെ സംഗീത സംവിധായകരിൽ ഒരാളായ ഇ.എൽ.വാര്യരുടെ തൃശൂരുള്ള വീട്ടിൽച്ചെന്ന് അദ്ദേഹത്തിനൊപ്പമിരുന്ന്,പാട്ടുകളുടെ സ്വരസ്ഥാനം ചിട്ടപ്പെടുത്തുന്ന നിർണ്ണായകമായ ചുമതലയും അദ്ദേഹം ഏറ്റെടുത്ത് ചെയ്തു


സേലത്ത് മോഡേൺ തീയേറ്ററിൽ പാട്ടുകളുടെ റിക്കോഡിങ്ങ് സമയത്ത്,ചിത്രത്തിലെ മറ്റൊരു ഗായികയായ പി.ലീലയും എത്തിയിരുന്നു. ലീലയുടെ അഛൻ,പിന്നണിഗാനരംഗത്തെ കൂടുതൽ ശോഭനമായ ഭാവിക്കായി ഗോവിന്ദറാവുവിനെ മദ്രാസിലേക്ക് ക്ഷണിച്ചതനുസരിച്ച് അദ്ദേഹം പിന്നീട് അങ്ങോട്ട് പോകുകയായിരുന്നു. ‘നിർമ്മല’യിലെ എല്ലാ ഗാനങ്ങളുടെയും പശ്ചാതലസംഗീതം ഒരു നോട്ട്ബുക്കിൽ കുറിച്ചുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.


References
ഗാനലോകവീഥികളിൽ-ബി.വിജയകുമാർ
T.K.Govinda Rao-He made the Musiri Bani his own-Lakshmi Sreeram
www.archives.chennaionline.com



തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19486 -