View in English | Login »

Malayalam Movies and Songs

വൈക്കം വാസുദേവന്‍ നായര്‍

ജനനം1911 ജൂണ്‍ 30
മരണം1985 ഫിബ്രവരി 11
സ്വദേശംവൈക്കം
പ്രവര്‍ത്തനമേഖലആലാപനം (1 സിനിമകളിലെ 2 പാട്ടുകള്‍), അഭിനയം (1), നിര്‍മ്മാണം (1)
ആദ്യ ചിത്രംകേരളകേസരി (1951)
ഭാര്യതങ്കം വാസുദേവന്‍ നായര്‍


വൈക്കം മറാണ്ണൂര്‍ വീട്ടില്‍ കുട്ടന്‍ പിള്ളയുടെയും മാധവിയമ്മയുടെയും മകനായി ജനിച്ചു. സംഗീതജ്ഞയായിരുന്ന അമ്മയില്‍ നിന്ന് വളരെ ചെറുപ്പത്തില്‍ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. പിന്നീട് സംഗീതപഠനത്തിനായി തഞ്ചാവൂരിലെത്തി. പ്രശസ്ത സംഗീതജ്ഞന്‍ മാന്നാര്‍ ഗുഡിരാജ ഗോപാലപിള്ളയായിരുന്നു ഗുരു. അണ്ണാമലൈ മ്യൂസിക് കോളേജില്‍ ചേര്‍ന്ന് ശാസ്ത്രീയ സംഗീതത്തിന്റെ വിപുലമായ പടവുകള്‍ ചവിട്ടിക്കയറി.

1929 ല്‍ വൈക്കം മഹാദേവക്ഷേത്രത്തിലെ വൈക്കത്തഷ്ടമി നാളില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് പതിനൊന്നാം ദിവസത്തെ അഷ്ടമിനാളില്‍ സംഗീതക്കച്ചേരി നടത്തിപ്പോന്നു. മൈക്കില്ലാതിരുന്ന കാലത്ത് മധുരവും ഗംഭീരവുമായ ശബ്ദസൗകുമാര്യം കൊണ്ട് കേരളത്തിലുടനീളം സംഗീതക്കച്ചേരികള്‍ നടത്തി. കേരളത്തിനു വെളിയിലും പാടിയിരുന്നു. 'പക്കാല' കീര്‍ത്തനം എത്ര തവണ പാടിയാലും മതിയാവില്ലായിരുന്നു. ആറന്മുള സിസ്റ്റേഴ്സ് എന്നറിയപ്പെട്ടിരുന്ന ആറന്മുള മാലേത്ത് വീട്ടിലെ പെണ്‍കുട്ടികളെ സംഗീതം പഠിപ്പിക്കാന്‍ അവസരം കിട്ടി. ഇവരില്‍ മൂത്ത സഹോദരിയാണ് പ്രശസ്ത നടി ആറന്മുള പൊന്നമ്മ. ഇളയ സഹോദരിയെയാണ് വൈക്കം വാസുദേവന്‍നായര്‍ വിവാഹം ചെയ്തത്.

ഓച്ചിറവേലുക്കുട്ടിയും സെബാസ്റ്റിയന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരും 'കരുണ' എന്ന നാടകം കളിക്കുമ്പോള്‍ രണ്ടായി പിണങ്ങി വേര്‍പിരിഞ്ഞു. ഒടുവില്‍ കരുണയിലെ ഉപഗുപ്തന്റെ വേഷം അഭിനയിക്കുവാന്‍ വേലുക്കുട്ടി നിര്‍ബന്ധിച്ചപ്പോള്‍ കരുണയില്‍ ഉപഗുപ്തനായി അരങ്ങിലെത്തി കാണികളുടെ കയ്യടി നേടി. പിന്നീട് ശാകുന്തളത്തിലെ ദുഷ്യന്തന്‍. ഭാവസാന്ദ്രമായ അഭിനയശൈലികൊണ്ടും ശരീരസൗകുമാര്യം കൊണ്ടും മലയാള നാടകവേദിയിലെ നിത്യഹരിത നടനായി തിളങ്ങി.

സ്ത്രീകള്‍ നാടകം കാണുന്നതുംഅഭിനയിക്കുന്നതും സമൂഹം വിലക്കിയിരുന്ന കാലത്താണ് വൈക്കം വാസുദേവന്‍നായരും ഭാര്യ തങ്കവും ധൈര്യത്തോടെ നാടകവേദിയിലെത്തിയത്. എന്‍.പി. ചെല്ലപ്പന്‍ നായരുടെ 'പ്രേമവൈചിത്ര ്യം' അഥവാ ശശിധരന്‍ ബി.എ എന്ന നാടകം നിരവധി സ്റ്റേജുകളിലെത്തിയത് യാഥാസ്ഥിതികരുടെ എതിര്‍പ്പുകള്‍ക്കിടയിലായിരുന്നു. 'പ്രേമവൈചിത്യ'ത്തിനുശേഷം രാജഭക്തി, ഹോട്ടല്‍ക്കാരി, ദിവ്യഗീത എന്നീ നാടകങ്ങളിലും രണ്ടുപേരും നിറഞ്ഞാടി. ചരിത്രത്തില്‍ ഇടം നേടിയ മുതുകുളം രാഘവന്‍ പിള്ളയുടെ 'യാചകി'യിലൂടെയാണ് ഈ നാടക ദമ്പതികള്‍ പ്രശസ്തിയിലേക്കുയര്‍ന്നത്. 'യാചകി' ക്ക് കാണികള്‍ നല്‍കിയ പണം കൊണ്ട് വൈക്കം ദമ്പതികള്‍ ബംഗ്ലാവും കാറും വാങ്ങി. ഗ്രാമഫോണ്‍ കമ്പനികള്‍ ഈ നാടകത്തിലെ പാട്ടുവിറ്റ് പതിനായിരങ്ങള്‍ സമ്പാദിച്ചു.

കേരളത്തിനകത്ത് വൈക്കം ദമ്പതികളുടെ നാടകം പല പ്രാവശ്യം നിരവധി ഗ്രാമങ്ങളില്‍ കളിച്ചു. ഹൈ പിച്ചില്‍ താളത്തിനും ഈണത്തിനും പോറലേല്‍ക്കാതെ അവര്‍ പാടിയിരുന്നു. സംഗീതക്കച്ചേരികളില്‍ സ്വരവും രാഗവും ചിട്ടപ്പെടുത്തി ശബ്ദശുദ്ധിയോടെ ശാസ്ത്രീയ സംഗീതത്തില്‍ 'വേദനായകാ ലോകനാഥാ.... ശ്രീ മഹാദേവ..' എന്ന സ്വന്തം കീര്‍ത്തനം ഏറെ പ്രസിദ്ധമായിരുന്നു.

വൈക്കം വാസുദേവന്‍ നായരുടെ സംഗീതക്കച്ചേരിയെക്കുറിച്ച് പഴയ തലമുറയിലെ സംഗീതാസ്വാദകര്‍ ഇങ്ങനെ പറഞ്ഞിരുന്നു. ''വൈക്കം വാസുദേവന്‍ നായരുടെ കച്ചേരി കണ്ടു കേള്‍ക്കണം.'' അദ്ദേഹത്തെ തേടി നിരവധി പുരസ്‌ക്കാരങ്ങള്‍ എത്തി, 1973 ല്‍ സംഗീതനാടക അക്കാഡമി അവാര്‍ഡ്കിട്ടി. ഇന്ത്യാ ഗവണ്‍മെന്റിന്റെ സുഗമ സംഗീത പരീക്ഷാബോര്‍ഡ് അംഗമായിരുന്നു. ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു.

വൈക്കം ദമ്പതികള്‍ നായികാനായകന്മാരായി. 'കേരളകേസരി' എന്നൊരു ചിത്രമെടുത്തത് വലിയ നഷ്ടത്തില്‍ കലാശിച്ചു. ഒടുവില്‍ നാടകത്തിലൂടെ നേടിയ സമ്പത്തു ബംഗ്ലാവും കാറും വിറ്റ് കടം വീട്ടേണ്ടി വന്നു. വീണ്ടും സംഗീതക്കച്ചേരികള്‍ നടത്തി അസ്വാദകരെ ആനന്ദ ലഹരിയില്‍ ആറാടിച്ചു.

വൈക്കം വാസുദേവന്‍ നായര്‍ സംഗീതജ്ഞനും നടനും മാത്രമായിരുന്നില്ല, പ്രസിദ്ധമായ വൈക്കം മഹാദേവക്ഷേത്രത്തിലെ 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വടക്കുപുറത്തുപാട്ട്, രാജരാജേശ്വരി ചിറപ്പ് എന്നീ ആഘോഷങ്ങള്‍ക്ക്‌നേതൃത്വം നല്‍കിയിരുന്നു. സംഗീതത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയതും എടുത്തു പറയണം. ഇംഗ്ലീഷ് സാഹിത്യകാരന്മാരായ ഷേക്‌സ്പിയര്‍, ഷെല്ലി, കീറ്റ്സ്, ലോംഗ്ഫെല്ലോ എന്നിവരുടെ വരികളും ടാഗോര്‍, സ്വാമി ശിവാനന്ദജി തുടങ്ങിയ പ്രതിഭകളുടെ ഇംഗ്ലീഷ് ഗാനങ്ങളും കര്‍ണാടക സംഗീതശൈലിയില്‍ ചിട്ടപ്പെടുത്തി പാടി. രാഷ്ടപതി ഡോ.എസ്. രാധാകൃഷ്ണന്റെ അഭിനന്ദനവും സ്വന്തമാക്കിയിരുന്നു.

സുബ്രഹ്മണ്യന്‍ അമ്പാടിയുടെ "നാട് മറന്നു പോയ നായകന്‍" എന്ന ലേഖനത്തിൽനിന്ന്



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംഅഭിനയംനിര്‍മ്മാണം
1951211 -